Quantcast

'വെള്ളമെടുക്കാൻ പുറത്തിറങ്ങിയപ്പോൾ ഒരു പട്ടാളക്കാരൻ എനിക്കുനേരെ തോക്കുചൂണ്ടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്'; സുഡാനിൽ കുടുങ്ങിയ മലയാളി പറയുന്നു

'എല്ലാവരും പലയിടങ്ങളിലേക്കും പോവുകയാണ്. എനിക്ക് പോകാൻ മറ്റൊരിടവും ഇല്ല..'

MediaOne Logo

ഫസ്ന പനമ്പുഴ

  • Updated:

    2023-04-20 14:17:27.0

Published:

20 April 2023 4:15 AM GMT

Malayali ,Malayali stuck in Sudan  Malayalee vlogger Maheen about the sudan conflict,
X

മാഹീൻ

ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയാണ് തിരുവനന്തപുരം സ്വദേശി മാഹീൻ. ലോക സഞ്ചാരത്തിന്റെ ഭാഗമായി സുഡാനിലെത്തിയ മാഹീൻ നിലവിൽ തലസ്ഥാനമായ ഖാർത്തൂമിലാണ് ഉള്ളത്. പലയിടത്തും ഭക്ഷണമോ വെള്ളമോ ഇല്ലെന്നും എംബസിയുടെ നിർദേശപ്രകാരം റൂമിൽ തന്നെ തുടരുകയാണെന്നും മാഹീൻ പറയുന്നു.

'വെള്ളത്തിനായി മാത്രം കിലോമീറ്ററുകളോളമാണ് സഞ്ചരിക്കേണ്ടി വരുന്നത്. എല്ലാവരും നഗരത്തിൽ നിന്നും മാറി പല ഭാഗങ്ങളിലേക്കും രക്ഷപ്പെടുകയാണ്. ഒരു വിദേശി ആയതിനാൽ എനിക്ക് മറ്റുള്ള ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്നില്ല'

താമസ സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് എംബസി നൽകിയ നിർദേശം. ബാൽക്കെണിയിൽ നിൽക്കുന്നത് പോലും അപകടകരമാണെന്നും നിലവിൽ ഇവിടെ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങാൻ സാധിച്ചിട്ടില്ലെന്നും മാഹീൻ പറയുന്നു.

'വിമാനത്താവളങ്ങളടക്കം തകർന്നിരിക്കുകയാണ്. ഏഴു കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വെള്ളമെടുക്കാനും ഫോൺ റീച്ചാർജ് ചെയ്യാനുമായി പോയത്. ഫോണിൽ എത്ര നേരം ചാർജ് നിലനിൽക്കും എന്നു പോലും അറിയില്ല. പലയിടത്തും വെള്ളമോ കറണ്ടോ ഇല്ല. വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിലവിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ എംബസി ആരംഭിച്ചിട്ടില്ല. ഒരു ഗൂഗ്ൾ ഫോം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. എല്ലാവും മുറിക്കുള്ളിൽ തന്നെ നിലനിൽക്കണമെന്നാണ് നിർദേശം'

പുറത്തേക്ക് ഇറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ലെന്നും എങ്ങും വെടിയൊച്ചകൾ മാത്രമാണെന്നും മാഹീൻ പറയുന്നു.

'വെള്ളമെടുക്കാനായി പുറത്തിറങ്ങിയപ്പോൾ ഒരു പട്ടാളക്കാരൻ എനിക്കു നേരെ തോക്ക് ചൂണ്ടി. പിന്നെ അവിടെ നിന്നും ഓടി ഒരാളുടെ സഹായത്താലാണ് തിരിച്ച് റൂമിലെത്തിയത്. എനിക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. എല്ലാവരും പലയിടങ്ങളിലേക്കും പോവുകയാണ്. എനിക്ക് പോകാൻ മറ്റൊരിടവും ഇല്ല'

ഏകദേശം മുന്നൂറോളം മലയാളികൾ സുഡാന്റെ പലഭാഗങ്ങളിലായി ജോലിചെയ്യുന്നുണ്ട്. പലരും വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. പലരേയും വാട്‌സാപ്പിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. എയർപോർട്ടിന്റെ അടുത്തും ബംഗറുകളിലുമെല്ലാമായി കഴിയുന്നവർ വളരെയധികം ഭീതിയിലാണ്. അവർ ഒട്ടും സുരക്ഷിതരല്ല. ഒരു മലയാളി കൊല്ലപ്പെട്ട് 42 മണിക്കൂറിന് ശേഷം മാത്രമാണ് മൃതശരീരം അവിടെനിന്ന് നീക്കം ചെയ്യാൻ സാധിച്ചത്'- മാഹീൻ മീഡിയവൺ ഓൺലൈനോട് പ്രതികരിച്ചു.

മലയാളി വ്‌ളോഗറായ മാഹീൻ തന്‌റെ ലോകയാത്രയുടെ ഭാഗമായാണ് സുഡാനിൽ എത്തിയത്. കഴിഞ്ഞ ഒരുമാസമായി മാഹീൻ സുഡാനിലുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് തലസ്ഥാനമായ ഖാർത്തൂമിൽ എത്തിച്ചേരുന്നത്. വിമാനത്താവളങ്ങളടക്കം കത്തിച്ചാമ്പലായെന്നും ഭക്ഷണവും വെള്ളവുമെല്ലാം തീർന്നു തുടങ്ങിയെന്നും മാഹീൻ പറഞ്ഞു. നിലവിൽ സുഡാനിൽ ഒട്ടും സുരക്ഷിതമല്ലെന്നും എംബസിയുടെ ഭാഗത്ത് നിന്നും രക്ഷാ പ്രവർത്തന നടപടികൾ ഉടൻ ആരംഭിക്കണമെന്നും മാഹീൻ പറയുന്നു.

അതേസമയം, സുഡാനിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായി ഇന്ത്യൻ വ്യോമ സേനാ വിമാനങ്ങൾ ജിദ്ദയിലെത്തിത്തുടങ്ങി. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആദ്യ വിമാനം സൗദിയിലിറങ്ങയത്. സുഡാനിലെ സ്ഥിതിഗതികൾ അനുസരിച്ച് രാവിലെ മുതൽ തന്നെ സുഡാനിലേക്ക് വിമാനങ്ങൾ പുറപ്പെടും. സുഡാനിൽ നിന്ന് തിരിച്ചെത്തുന്ന യാത്രക്കാരെ ജിദ്ദയിൽ നിന്നും മറ്റൊരു വിമാനം വഴി നാട്ടിലേക്കെത്തിക്കാനാണ് നീക്കം. യാത്രക്കാരെ ജിദ്ദയിൽ നിന്നും നാട്ടിലേക്കയക്കാൻ വൈകിയാൽ ജിദ്ദയിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സൗദി അറേബ്യ, യുഎഇ ഭരണകൂടവുമായി സംസാരിച്ചതിനെ തുടർന്നാണ് നടപടി. കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും സുഡാനിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്ര നീക്കത്തിന്റെ വേഗത കൂട്ടി. ഏറ്റുമുട്ടലിൽ ഇതുവരെ 270 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.

TAGS :

Next Story