Quantcast

ഹിറ്റ് മേക്കർ സംവിധായകന്റെ അറിയപ്പെടാത്ത മുഖം

'ഉറച്ച ദൈവീക ബോധം, മനസ്സിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു സിദ്ദിഖ്'

MediaOne Logo

എ.വി ഫർദിസ്

  • Updated:

    2023-08-08 17:12:01.0

Published:

8 Aug 2023 5:08 PM GMT

Unknown face of hit maker director Siddique
X

നേകം കാലമായി പല സിനിമാക്കാരോടുമുള്ള ബന്ധം തുടങ്ങിയിട്ടെങ്കിലും, ഇവരിൽ നിന്നെല്ലാം പലപ്പോഴും വ്യത്യസ്തനാണ് സിദ്ദിഖ്ക്ക എന്ന സിദ്ദിഖ്. മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവർ സിനിമാ സംവിധാനത്തിൽ പോലും സജീവമാകുമ്പോൾ, ചുറ്റുപാടും ഹേ, നിങ്ങൾക്കിതൊക്കെ പറ്റുമോ? എന്ന് ആശ്ചര്യത്തോടെ നോക്കുന്ന ഒരു കാലത്താണ് സിദ്ദിഖ്ക്കയും സിനിമാ ലോകത്തെത്തുന്നത്. എന്നാൽ അന്ന് മുതലേ ഉറച്ച ദൈവീക ബോധം, മനസ്സിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു സിദ്ദിഖ്. മൂന്നു നാല് പതിറ്റാണ്ട് ഈ രംഗത്ത് നിറഞ്ഞുനിന്നിട്ടും അത് ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഒരു പത്രപ്രവർത്തകൻ എന്ന നിലക്ക് രണ്ട് പതിറ്റാണ്ട് മുൻപാണ് ഇദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നതെങ്കിലും പിന്നീടത് ഒരു ജ്യേഷ്ഠ, സഹോദര തുല്യമായ ബന്ധത്തിലേക്കെത്തുകയായിരുന്നു. മുൻപ് സ്ഥിരമായി ഫോണിൽ വിളിക്കാറുണ്ടായിരുന്നെങ്കിലും പിന്നീടത് കുറച്ചു കാലം രണ്ട് പെരുന്നാൾ ദിനങ്ങളിലെ ഈദ് മുബാറക്കിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു. അതിനുമൊരു കാരണമുണ്ടായിരുന്നു. ഈദ് ആശംസകൾ കാലക്രമേണ എഫ്.ബിയിലേക്കും വാട്ട്‌സ് ആപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേക്കുമെല്ലാം വഴി മാറിയപ്പോൾ സ്വഭാവികമായും എനിക്ക് വാട്ട്‌സ് ആപ്പ് അക്കൗണ്ടന്നുമില്ലട്ടോയെന്ന് വളരെ പതിഞ്ഞ സ്വരത്തിൽ, വിനയത്തോടെ പറയുമായിരുന്ന സിദ്ദിഖ്ക്കാനെ മാത്രമായി പെരുന്നാളിന്റെയന്ന് ഫോണിൽ വിളിച്ചാൽ ചിലപ്പോൾ കിട്ടും. ചിലപ്പോൾ കിട്ടില്ല. അങ്ങനെ പെരുന്നാൾ ദിനത്തിലെ രാത്രി 12 മണിക്കുവരെ ആശംസകളറിയിച്ച് വിളിക്കേണ്ടി വന്നിട്ടുണ്ട് !.

നാടോടുമ്പോൾ നടുവെ ഓടണമെന്ന് വിശ്വസിക്കുന്നവരുടെ സംസ്ഥാന സമ്മേളനമായ സിനിമാ രംഗത്ത് തന്നെ മാറ്റമില്ലാത്ത സ്വന്തം നിലപാടുമായി ജീവിതകാലം മുഴുവനും ഇങ്ങനെ നിലനിന്നുവെന്നതും അദ്ദേഹത്തെ അടുത്തറിയുവാൻ സാധിച്ചപ്പോൾ മനസ്സിലായ ആ വ്യക്തിത്വത്തിന്റെ മറ്റൊരു സവിശേഷത കൂടിയാണെന്ന് ഇപ്പോൾ തിരിച്ചറിയുകയാണ്.

ചെറുപ്പത്തിലേ വിശ്വാസിയായിരുന്നെങ്കിലും സിനിമയിലെത്തുന്നതിന് മുൻപ് പുല്ലേപ്പടി ദാറുൽ ഉലൂം സ്‌കൂളിലെ ക്ലാർക്കായിരുന്ന സമയത്തെ പുല്ലേപ്പടി മസ്ജിദിലെ സലാഹുദ്ദീൻ മദനിയുടെ വെള്ളിയാഴ്ച ഖുത്വുബകൾ തനിക്ക് ഇസ്‌ലാമികമായ കാര്യങ്ങളിൽ നൽകിയ ബോധത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിന്നാദ്യമായി നൂറു കോടി ക്ലബ്ബിലെത്തിയ ഹിന്ദി സിനിമ സംവിധാനം ചെയ്ത സംവിധായകനായിരുന്നു ഇദ്ദേഹം. അതുപോലെ സിദ്ദിഖ്ക്കയുടെ ചില സിനിമകൾ ഒരാഴ്ചകൊണ്ട് തന്നെ തീയേറ്ററിൽ നിന്നു പറന്നു പോയിട്ടുമുണ്ട് പക്ഷേ ഇതിനെക്കുറിച്ചും ഇതു പോലുള്ള സന്ദർഭങ്ങളെക്കുറിച്ചുമെല്ലാം ചോദിക്കുമ്പോൾ, ഫർദീസേ, ഞാനെപ്പോഴും പ്രാർഥിക്കാറുള്ളത്. ഒന്ന് മാത്രമാണ്. എന്നെ പരീക്ഷിക്കുമ്പോൾ എനിക്ക് താങ്ങാൻ കഴിയുന്ന പരീക്ഷണങ്ങൾ മാത്രം കൊണ്ടെന്നെ പരീക്ഷിക്കണേ റബ്ബേയെന്നതായിരുന്നു !. പരീക്ഷണ ഘട്ടങ്ങളിലും തന്റെ സ്രഷ്ടാവിനെ സ്തുതിക്കുന്ന ഉള്ളിൽ അചഞ്ചലമായ ദൈവീകബോധമുള്ള വിശ്വാസികളെക്കുറിച്ച് പറയുന്ന ഇസ്‌ലാമികാധ്യാപനങ്ങളെക്കുറിച്ചാണ് പലപ്പോഴും ഈ വാക്കുകൾ എന്നെ ഓർമിപ്പിക്കാറുണ്ടായിരുന്നത്.

ദാനം ചെയ്യുമ്പോൾ ഇരു കൈയ്യറിയരുതെന്നാണ് ഇസ്‌ലാമികപ്രമാണം. പബ്ലിസിറ്റിയില്ലാതെ, ബഹളങ്ങളുണ്ടാക്കാതെ, ആരോരുമറിയാതെ സിദ്ദിഖ്ക്ക ചെയ്യുന്ന പല സൽകർമങ്ങളുടെ ഇടനിലക്കാരനാകാൻ പലപ്പോഴും സാധിച്ചപ്പോൾ ഇത് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ റിലീഫിന്റെ പേരിൽ സിനിമാക്കാരല്ലേ, ധാരാളം കാശുണ്ടാകുമല്ലോ എന്ന നിലക്ക് തട്ടിപ്പ് നടത്താൻ വരുന്നവരെയൊക്കെ തിരിച്ചറിഞ്ഞ് ഇവരെ അകറ്റി നിർത്താനും ഇദ്ദേഹത്തിനറിയാം. വയനാട് ജില്ലയിലെ ഒരു മഹല്ലിൽ സമൂഹവിവാഹത്തിന് പണം കൊടുക്കാൻ എന്നെയായിരുന്നു ഏൽപിച്ചിരുന്നത്.

പക്ഷേ ഒറ്റ കണ്ടീഷനെ ഉള്ളൂ. അതിന്റെ നിജസ്ഥിതി അന്വേഷിച്ച് മാത്രമെ പണം കൈമാറാവൂ. പക്ഷേ ഞാനാന്വേഷിച്ചപ്പോൾ അത് പണം തട്ടാനുള്ള ഒരടവായിരുന്നു. ഏതോ നിലക്ക് പരിചയമുള്ള ആൾ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത് ഇക്കാര്യത്തിനായി വന്നതും. വിവരമറിഞ്ഞപ്പോൾ ഒന്നും കൊടുക്കേണ്ടയെന്ന് പറഞ്ഞു. കോഴിക്കോട്ടും മലബാറിലെയുമെല്ലാം ഇത്തരം പല റിലീഫ് വിഷയങ്ങളിലും അദ്ദേഹത്തിനു വേണ്ടി

ഇടപെടാനും അന്വേഷിക്കാനും പിന്നീട് സാധിച്ചപ്പോൾ അദ്ദേഹം സ്വന്തം നിലക്ക് ചെയ്യുന്ന സേവനങ്ങൾ എല്ലാം നാളെ പരലോകത്ത് തനിക്ക് താങ്ങാകുന്ന ദൈവീക പ്രീതി മാത്രം ഉദ്ദേശിച്ചുള്ളതു തന്നെയായിരുന്നുവെന്ന് നിസ്സംശയം പറയാം.

റമദാൻ കാലത്തെ ഷൂട്ടിംഗ് പലപ്പോഴും മുസ്‌ലിം താരങ്ങൾക്കും സംവിധായകർക്കുമെല്ലാം മുന്നിൽ പലപ്പോഴും ഒരു വില്ലനായി മാറാറുണ്ടായിരുന്നു. നോമ്പ് സമയത്തെ ഷൂട്ടിംഗ് ചില നിർബന്ധിത സാഹചര്യങ്ങളിലൊഴികെ മറ്റു മാസങ്ങളിലേക്ക് മാറ്റിയാണ് വിശ്വാസിയായ സിദ്ദിഖ്ക്ക നോമ്പ് നഷ്ടപ്പെടാതിരിക്കാൻ വഴി കണ്ടെത്തിയത്. ഏറ്റവുമവസാനം മാമുക്കോയ മരിച്ചതിനു ശേഷം ഒരു ദിവസം കോഴിക്കോട് വരുന്നുണ്ട്. ഒഴിവുണ്ടെങ്കിൽ നീയും വാ വീട്ടിപ്പോണം എന്നു പറഞ്ഞപ്പോൾ അരക്കിണറിലെ മാമുക്കോയയുടെ വീട്ടിൽ ഞാനും എത്തി. കുറേ നേരം മക്കളടക്കമുള്ളവരോട് സംസാരിച്ചു. അവിടത്തെ ഓഫീസ് റൂമിലെ, ഷെൽഫിൽ നിറച്ചും പുസ്തകങ്ങളായിരുന്നു. ഇതിൽ പുറമെ കാണുന്ന രീതിയിൽ ഇസ്ലാമിക വിശ്വാസ ദർശനങ്ങൾ, ഇസ്‌ലാമിക കർമാനുഷ്ഠാനങ്ങൾ തുടങ്ങി പത്തഞ്ഞൂറ് പേജുള്ള അനേകം ബൃഹത്തായ ഇസ്‌ലാമിക ഗ്രന്ഥങ്ങൾ ഡിസ്സ് പ്ലേ

ചെയ്തു വെച്ചിരുന്നു. ഇറങ്ങാൻ നേരം, എന്നെ അടുത്തേക്ക് വിളിച്ചു, ആ പുസ്തകങ്ങളെ ചൂണ്ടിപ്പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോഴും മറവിക്ക് വിട്ടുകൊടുക്കാതെ, എന്റെ ഉള്ളിലെ സിദ്ദിഖ്ക്കയെ എന്നും - ജ്വലിപ്പിച്ചു നിർത്തുന്നത്. അതിങ്ങനെയായിരുന്നു :-

'നമ്മളധികം മനസ്സിലാക്കാത്ത മറ്റൊരു മാമുക്കോയ കൂടി ഉണ്ടായിരുന്നു എന്നതാണ് ഈ പുസ്തകങ്ങൾ ! ഇപ്പോൾ സിദ്ദിഖ്ക്കയെക്കുറിച്ചും ഓർമിക്കുമ്പോൾ, മനസ്സിൽ ദൈവീക ഭയം ഏറെ സൂക്ഷിച്ചിരുന്ന പൊതു സമൂഹം അറിയാത്ത , ഹിറ്റ് മേക്കർ സിനിമാ സംവിധായകനപ്പുറമുള്ള ഒരു സിദ്ദിഖ് ഉണ്ടായിരുന്നുവെന്നതാണ്!.

Unknown face of hit maker director Siddique

TAGS :

Next Story