Quantcast

വെനിസ്വേല തീരത്തെ യുഎസ് പടക്കപ്പലുകൾ; ലാറ്റിനമേരിക്കയിൽ സംഭവിക്കുന്നതെന്ത്?

വെനിസ്വേലയിൽ നിന്ന് പുറപ്പെട്ട ബോട്ട് യുഎസ് ആക്രമിക്കുകയും 11 പേരെ വധിക്കുകയും ചെയ്തതിൽ വെനിസ്വേല ഭരണകൂടത്തിന് കടുത്ത അതൃപ്തിയുണ്ട്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2025-09-07 12:28:13.0

Published:

7 Sept 2025 5:53 PM IST

US War ships in Caribbean sea, What happening in South America
X

ലാറ്റിനമേരിക്കയിലെ ഇടത് ഭരണാധികാരികളും യുഎസും തമ്മിലുള്ള ശീതസമരങ്ങളും ഏറ്റുമുട്ടലുകളും ദീർഘകാലമായി നിലനിൽക്കുന്നതാണ്. അതിൽ തന്നെ വെനിസ്വേല എന്നും യുഎസ് ഭരണാധികാരികളുടെ കണ്ണിലെ കരടാണ്. നേരത്തെ ഭരിച്ച ഹ്യൂഗോ ഷാവേസും നിലവിലെ ഭരണാധികാരിയായ നിക്കോളാസ് മദൂറോയും ശക്തമായ യുഎസ് വിരുദ്ധ നിലപാട് ഉയർത്തിപ്പിടിക്കുന്നവരും യുഎസുമായി ഒരു വീട്ടുവീഴ്ചക്കും തയ്യാറാവാതെ പോരാടുന്നവരുമാണ്.

സമീപകാലത്ത് വെനിസ്വേലക്ക് സമീപം യുഎസ് സൈനിക സാന്നിധ്യം തുടർച്ചയായി വർധിപ്പിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്. ലാറ്റിനമേരിക്കൻ ലഹരിമാഫിയാ സംഘങ്ങളുടെ ഭീഷണി നേരിടാനാണ് തങ്ങളുടെ നീക്കമെന്നാണ് യുഎസ് വാദം. ട്രെൻഡി അരാഗ്വ ഗ്യാങ്ങിന്റെ നിയന്ത്രണത്തിലുള്ള ഒരു മയക്കുമരുന്ന് ബോട്ട് യുഎസ് ആക്രമിച്ച് തകർക്കുകയും ചെയ്തിരുന്നു ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള അധിനിവേശത്തിന് യുഎസ് സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര നിരീക്ഷകരും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും നിലവിൽ വെനിസ്വേലയിൽ എതെങ്കിലും തരത്തിലുള്ള കടന്നുകയറ്റത്തിനോ ആക്രമണത്തിനോ യുഎസ് തയ്യാറാവില്ല എന്ന് തന്നെയാണ് വിലയിരുത്തുന്നത്.

വെനിസ്വേലയിൽ നിന്ന് പുറപ്പെട്ട ബോട്ട് യുഎസ് ആക്രമിക്കുകയും 11 പേരെ വധിക്കുകയും ചെയ്തതിൽ വെനിസ്വേല ഭരണകൂടത്തിന് കടുത്ത അതൃപ്തിയുണ്ട്. ആക്രമണത്തെ യുഎസ് പ്രസിഡന്റ് ട്രംപ് പ്രശംസിക്കുകയും വെനിസ്വേല വളരെ മോശമായി പെരുമാറുന്ന രാജ്യമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

യുഎസ് സൈനികവിന്യാസം വെനിസ്വേലയിലെ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട് എന്താണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ ഭരണം അവസാനിക്കാൻ പോകുന്നതിന്റെ സൂചനകളാണ് കാണുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നത്. അതിനിടെ രാജ്യം പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി ആളുകളോട് സിവിലിയൻ മിലീഷ്യയിൽ ചേരാൻ ഭരണകൂടം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

10 എഫ്-35 ഫൈറ്റർ ജെറ്റുകൾ യുഎസ് പ്യൂർട്ടോ റിക്കോയിൽ വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മിസൈൽ പ്രതിരോധ സംവിധാനമുള്ള യുദ്ധക്കപ്പലുകളായ യുഎസ്എസ് ഗ്രാവെലി, യുഎസ്എസ് ജാസൺ ഡൻഹാം എന്നിവ നേരത്തെ തന്നെ കരീബിയൻ കടലിലുണ്ട്. ലാറ്റിനമേരിക്കക്ക് പുറത്ത് പസഫിക് സമുദ്രത്തിൽ യുഎസ്എസ് സാംപ്‌സൺ, യുഎസ്എസ് ലെയ്ക് എറീ എന്നിവയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. 4000ൽ കുടുതൽ നാവികരും മറൈൻ സൈനികരുമുള്ള മൂന്ന് ആംഫിബിയൻ കപ്പലുകളും കരീബിയൻ തീരത്തുണ്ട്.

ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ടാണ് വൻ സൈനിക വിന്യാസം നടത്തിയത് എന്ന ഉറച്ച നിലപാടിലാണ് യുഎസ് വൃത്തങ്ങൾ. മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാനുള്ള വെനിസ്വേലൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി യുഎസ് കപ്പലുകൾ തെക്കേ അമേരിക്കൻ കടലിലേക്ക് പോകുന്നുണ്ടെന്ന് യുഎസ് നാവിക ഓപ്പറേഷൻസ് മേധാവി അഡ്മിറൽ ഡാരിൽ കൗഡിൽ ആഗസ്റ്റ് 28ന് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതേസമയം സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കമാൻഡർമാർക്ക് നാവികസേനയെ നൽകുക എന്നതാണ് തന്റെ ജോലിയെന്നും അവർ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പ്രസിഡന്റും പ്രതിരോധ സെക്രട്ടറിയുമാണെന്നും കൗഡിൽ പറഞ്ഞു.

വെനിസ്വേലൻ ലഹരിമാഫിയ സംഘങ്ങൾ യുഎസിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടത്തുന്നത് യുഎസ് നഗരങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് വെനിസ്വേലൻ തീരത്ത് സൈനിക വിന്യാസം ശക്തമാക്കാൻ തുടങ്ങിയത്. വെനിസ്വേലയിലെ ട്രെൻഡി അരാഗ്വ, എൽസാൽവദോറിലെ എംഎസ്-13, മെക്‌സിക്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് സംഘങ്ങൾ എന്നിവയെ വിദേശ തീവ്രവാദി സംഘടനകളായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സംഘങ്ങൾ മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, സ്വാധീനം വർധിപ്പിക്കാനുള്ള അക്രമങ്ങൾ തുടങ്ങിയവ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി.

മയക്കുമരുന്ന് മാഫിയയെ ആണ് ലക്ഷ്യമിടുന്നത് എന്നാണ് വിശദീകരണമെങ്കിലും വെനിസ്വേലയിലെ മദൂറോ വിരുദ്ധർക്ക് ആത്മവിശ്വാസം പകരാൻ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്ന് വിലയിരുത്തുന്നുവരുമുണ്ട്. 90 ശതമാനം വരുന്ന വെനിസ്വേലക്കാരും യുഎസ് ഭീഷണി തള്ളിക്കളയും എന്നായിരുന്നു യുഎസ് സൈനിക വിന്യാസത്തെക്കുറിച്ച് ഒരു ടെലിവിഷൻ അഭിമുഖത്തിൽ മദൂറോ പറഞ്ഞത്. വെനിസ്വേലൻ ജനതക്ക് സ്വന്തം നിയമമുണ്ടെന്നും തങ്ങളുടെ മണ്ണിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്നും മദൂറോ വ്യക്തമാക്കിയിരുന്നു.

ലഹരിമരുന്ന് ബോട്ട് ആക്രമിക്കപ്പെട്ടതിന് പിന്നാലെ വെനിസ്വേലയുടെ യുദ്ധ വിമാനങ്ങൾ യുഎസ് യുദ്ധക്കപ്പലിന് സമീപമെത്തിയിരുന്നു. എഫ്-16 യുദ്ധവിമാനങ്ങളാണ് യുഎസ് കപ്പലുകൾക്ക് മുന്നിൽ ശക്തിപ്രകടനം നടത്തിയത്. സെപ്റ്റംബർ നാലിനായിരുന്നു ഇത്. ജാസൻ ഡനമെന്ന യുദ്ധക്കപ്പൽ ലക്ഷ്യമിട്ടാണ് വെനിസ്വേലൻ വിമാനങ്ങളെത്തിയത്. മദൂറോ അയച്ച വിമാനങ്ങൾ തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് സമീപമെത്തിയെന്നും ലഹരിമരുന്ന് ഭീകരവാദത്തിന് എതിരായ പോരാട്ടത്തിന് തുരങ്കംവെക്കാനാണ് അവരുടെ ശ്രമമെന്നും പെന്റഗൺ ആരോപിച്ചിരുന്നു.

TAGS :

Next Story