യുപിയില്‍ ഗൃഹനാഥന്‍ ഭാര്യയേയും രണ്ട് പെണ്‍മക്കളേയും ചുറ്റിക കൊണ്ട് തലക്കടിച്ചുകൊന്നു
ഗുരുതരമായി പരിക്കേറ്റ മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ ഗൃഹനാഥന്‍ ഭാര്യയേയും രണ്ടു പെണ്‍മക്കേളേയും ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു. സെയ്ദ് മെന്‍റല്‍ എന്ന 60 കാരനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളുടെ ഭാര്യ സഫീല (50) മക്കളായ റജില (20) ഷബാന (15) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുല്‍ത്താന എന്ന 15 കാരിയായ മറ്റൊരു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുലന്ദ്ഷെഹര്‍ ജില്ലയിലെ മജ്റ അംബേദ്കര്‍ നഗറിലെ ശിഖാര്‍പുര്‍ദേഹത്ത് ഗ്രാമത്തിലാണ് സംഭവം. കൃത്യത്തിനു ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.
ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയ ശേഷം രക്ഷിക്കണമെന്ന് അലറി വിളിച്ചപ്പോഴാണ് അയല്‍വാസികള്‍ പോലും വിവരമറിഞ്ഞത്. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഓരേ മുറിയില്‍ വെച്ച് തന്നെയായിരുന്നു എല്ലാവരെ ഇയാള്‍ ആക്രമിച്ചത്. തളംക്കെട്ടി കിടക്കുന്ന രക്തത്തില്‍ കുളിച്ചാണ് എല്ലാ മൃതദേഹങ്ങളും കാണപ്പെട്ടത്. മരണമുറപ്പിക്കുന്നതു വരെ എല്ലാവരുടേയും തലക്ക് ഇയാള്‍ ആഞ്ഞടിച്ചിരുന്നുവെന്നും പൊലീസ് പറയുന്നത്.
സെയ്ദിന് മാനസികാസ്വസ്ഥ്യമുണ്ടെന്നും അതിനാലാണ് ഇയാളുടെ പേരിനൊപ്പം ഗ്രമാവാസികള്‍ മെന്‍റല്‍ എന്ന് ചേര്‍ത്തതെന്നും പൊലീസ് പറഞ്ഞു. പെണ്‍മക്കള്‍ക്കു പുറമെ ഇവര്‍ക്ക് വിവാഹിതരായ രണ്ട് ആണ്‍മക്കള്‍ കൂടിയുണ്ട്. വീട്ടില്‍ സ്ഥിരമായി സെയിദ് കലഹമുണ്ടാക്കുന്നതിനാല്‍ വീടിന്‍റെ മറ്റൊരു ഭാഗത്ത് മാറിയാണ് ഇവര്‍ താമസിക്കുന്നത്.
സെയിദിന് ഭാര്യയിലുണ്ടായിരുന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആശുപത്രിയിലുള്ള പെണ്‍കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയാല്‍ സംഭവത്തിന്‍റെ നിജസ്ഥിതി അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16

