500 കോടിയുടെ ഗ്രീൻ കോർ പദ്ധതിയുമായി കള്ളിയത്ത്; സ്റ്റീൽ മാപ്പിൽ ഇടം നേടാൻ പാലക്കാട്
ഇതുവഴി വർഷത്തിൽ ഏകദേശം 1.18 മില്യൺ യൂണിറ്റ് വൈദ്യുതി കൂടി ലാഭിക്കും.

പാലക്കാട് ജില്ലയിൽ 500 കോടി രൂപ ചെലവിൽ പരിസ്ഥിതി സൗഹാർദ ഗ്രീൻ കോർ (Green Core) പദ്ധതിക്ക് തുടക്കമിടാൻ കള്ളിയത്ത് ഗ്രൂപ്പ്. ഇതുവഴി കേരളത്തിനെ സുസ്ഥിര സ്റ്റീൽ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമായി മാറ്റുകയാണ്, ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റീൽ കോൺഗ്ലോമറേറ്റും പരിസ്ഥിതി ഉത്തരവാദിത്വ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന കള്ളിയത്ത് ലക്ഷ്യം വെക്കുന്നത്.
മറ്റു സ്റ്റീൽ നിർമാണ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഊർജം, ഫോസിൽ ഇന്ധനം, ജലം എന്നിവയുടെ ഉപയോഗവും കാർബൺ പുറന്തള്ളലും ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതിക വിദ്യകളാണ് കള്ളിയത്ത് ഗ്രീൻ കോർ പദ്ധതിയിൽ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് കുറഞ്ഞ കാർബൺ ഉത്പാദനവും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും വ്യവസായ വികസനത്തിലേക്കുള്ള വലിയ മാറ്റത്തിലേക്ക് നയിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ആവശ്യമായ ഉയർന്ന നിലവാരത്തിലുള്ള റീൻഫോഴ്സ്മെന്റ് സ്റ്റീലായിരിക്കും ഗ്രീൻ കോർ പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്നത്.
കള്ളിയത്ത് ഗ്രീൻ കോർ പദ്ധതിയുടെ പ്രധാന പ്രത്യേകതയാണ് ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം പൂർണമായി ഒഴിവാക്കുന്ന ഡയറക്ട് ഹോട്ട് ചാർജിങ് ആൻഡ് റോളിങ് സാങ്കേതിക വിദ്യ.
ഈ പ്രക്രിയയിൽ മാത്രം ഓരോ ടൺ സ്റ്റീലിനും 30–50 യൂണിറ്റ് വരെ ഊർജ ഉപയോഗം കുറയ്ക്കാൻ സാധിക്കും. ഇതുവഴി വർഷത്തിൽ കുറഞ്ഞത് 3.54 മില്യൺ യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. നിലവിലെ ഏറ്റവും ഊർജകാര്യക്ഷമമായ മെൽറ്റിങ് സാങ്കേതികവിദ്യകളിൽ ഒന്നായ വോൾട്ടേജ്-ഫെഡ് ഇൻഡക്ഷൻ ഫർണെയ്സ് രീതിയാണ് ഉപയോഗിക്കുന്നത്.
പരമ്പരാഗത ഇൻഡക്ഷൻ ഫർണേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ
ഓരോ ടൺ സ്റ്റീലിനും 10–15 യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാൻ ഈ സാങ്കേതിക വിദ്യ സഹായിക്കും. ഇതുവഴി വർഷത്തിൽ ഏകദേശം 1.18 മില്യൺ യൂണിറ്റ് വൈദ്യുതി കൂടി ലാഭിക്കും.
ഫോസിൽ ഇന്ധനം ഉപയോഗിക്കാത്തതിനാൽ മുഴുവൻ ജീവിതചക്ര കാർബൺ പുറന്തള്ളലും ഇല്ലാതാക്കാൻ സാധിക്കും. പ്ലാന്റിൽ ഡ്രൈ കൂളിങ് സിസ്റ്റംസ് ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത തണുപ്പിക്കൽ രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രോസസ് വാട്ടർ ഉപയോഗം ഏകദേശം 99% വരെ കുറയ്ക്കാൻ കഴിയുന്നത് കൊണ്ട് ജലസംരക്ഷണവും സാധ്യമാകുന്നു.
മഴവെള്ളസംഭരണ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 14,100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫാക്ടറി മേൽക്കൂരകളിൽ നിന്ന് മഴവെള്ളം ശേഖരിച്ച്
ശക്തമായ ഗട്ടർ സംവിധാനങ്ങളിലൂടെ സംഭരിച്ച് വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കും.
ഭൂഗർഭ ജല സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി സൈറ്റിന്റെ തെക്ക്-പടിഞ്ഞാറൻ അതിർത്തിയിലായി സബ്-സർഫെയ്സ് ഡൈയ്ക്ക് (Sub-Surface Dyke) നിർമിക്കും. 100 മീറ്റർ നീളവും 8 മീറ്റർ ആഴവുമുള്ള ഈ ഘടന ഭൂഗർഭ ജലത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് പ്രദേശത്തെ ജലസ്രോതസ്സ് പുനർനിറയ്ക്കാൻ സഹായിക്കും.
ഇതിലൂടെ പരമ്പരാഗത സ്റ്റീൽ നിർണാണ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ വർഷത്തിൽ 1.87 ലക്ഷം കിലോലിറ്റർ വെള്ളം ലാഭിക്കാൻ സഹായിക്കുമെന്ന് കള്ളിയത്ത് പറയുന്നു.
പരിസ്ഥിതി ഗുണഫലങ്ങൾക്കുപുറമെ ഗ്രീൻ കോർ പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ സംഭാവന നൽകും. പദ്ധതിയിലൂടെ ആയിരത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും പ്രാദേശിക സപ്ലൈ ചെയിനുകളും അനുബന്ധ വ്യവസായങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് കള്ളിയത്ത് വൃത്തങ്ങൾ പറയുന്നു.
പുനരുപയോഗിച്ച സ്റ്റീൽ (റീസൈക്കിൾഡ്) പരമാവധി ഉപയോഗിക്കുകയും, പുതുതായി ഖനനം ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ ആശ്രയം കുറയ്ക്കുകയും ശുദ്ധമായ വൈദ്യുത പ്രക്രിയകൾ ഉപയോഗിച്ച് സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുകയും ചെയ്യുന്നു.
ഗ്രീൻ കോർ നിക്ഷേപത്തിലൂടെ കള്ളിയത്ത് പാലക്കാടിനെ കേരളത്തിന്റെ ഭാവിയിലെ ഹരിത വ്യവസായ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്ന കേന്ദ്രമായി മാറ്റാൻ സഹായിക്കും. കൂടാതെ ഉത്തരവാദിത്തമുള്ള സാമ്പത്തിക വളർച്ചയോടുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയും ശക്തിപ്പെടുത്തും.
Adjust Story Font
16

