Quantcast

പ്രവാസി മലയാളികളെ നെഞ്ചോടുചേർത്ത് മമ്മൂട്ടി; പുത്തൻ പദ്ധതികളുമായി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വാഗ്ദാനം ചെയ്യുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-19 16:44:26.0

Published:

19 May 2023 4:43 PM GMT

Mammootty-family connect-Care and Share International Foundation
X

ദുബൈ: യു.എ.ഇയിലെ പ്രവാസി മലയാളികളെ നെഞ്ചോടുചേർത്ത് മലയാളത്തിന്റെ മഹാനടൻ. യു.എ.ഇയിലെ പ്രവാസി മലയാളികൾക്ക് സെക്കൻഡ് ഒപ്പീനിയൻ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയുമായാണ് നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ രംഗത്തുവന്നിരിക്കുന്നത്. കേരളത്തിലെ മുൻനിര ഹോസ്പിറ്റലുകൾ പങ്കാളികളാകുന്ന പദ്ധതി ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമാകും. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആലുവ രാജഗിരി ആശുപത്രിയിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി ഒരുക്കിയിരിക്കുന്നത്.

പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ നടൻ മമ്മൂട്ടി തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. പ്രവാസിയുടെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് അതിവിദഗ്ധ ഡോക്ടർമാർ സമയബന്ധിതമായി മറുപടി നൽകുന്നതോടൊപ്പം, പ്രവാസികളുടെ ഒറ്റപ്പെട്ടുപോയ നാട്ടിലെ മാതാപിതാക്കൾക്ക് ആശുപത്രിയിൽ എത്തുമ്പോൾ മക്കൾ പരിചരിക്കും പോലെ കൂടെനിന്ന് സഹായിക്കുന്ന പ്രൊഫഷണൽ വോളന്റിയർ ടീമിനെയും ഫാമിലി കണക്ട് പദ്ധതിയുടെ ഭാഗമായി ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഫാമിലി കണക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സുൻജയ് സുധീർ നിർവ്വഹിച്ചു. പ്രവാസി മലയാളികൾക്ക് ലഭിക്കാവുന്ന വലിയ സമ്മാനമെന്നായിരുന്നു പദ്ധതിയെ ഇന്ത്യൻ സ്ഥാനപതി വിശേഷിപ്പിച്ചത്. പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച മമ്മൂട്ടിയെയും അണിയറപ്രവർത്തകരെയും മുക്തകണ്ഠം പ്രശംസിക്കാനും സ്ഥാനപതി മറന്നില്ല. അന്തർദേശീയ ചികിത്സാ നിലവാരത്തിനുളള JCI അംഗീകാരമുള്ളതുകൊണ്ടാണ് പദ്ധതിക്ക് രാജഗിരി ആശുപത്രി തിരഞ്ഞെടുത്തതെന്ന് കെയർ ആൻഡ് ഷെയർ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു.

നാട്ടിൽ ചെല്ലാതെ തന്നെ മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ യു.എ.ഇയിൽ ഇരുന്നുകൊണ്ട് ഏകോപിപ്പിക്കാൻ കഴിയുമെന്നതിനാൽ പദ്ധതി പ്രവാസി മലയാളികൾക്ക് ആശ്വാസമാകുമെന്ന് രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ റോബർട്ട് കുര്യാക്കോസ്, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ യു.എ.ഇ ഘടകം സെക്രട്ടറി ഫിറോസ് ഷാ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ സൗജന്യമായി തേടാം. ഇതോടൊപ്പം ഔട്ട് പേഷ്യന്റ്‌സിന് അതിവേഗത്തിലുള്ള അപ്പോയിൻമെന്റ് സൗകര്യവും, അഡ്മിഷൻ മുതൽ ഓരോ ഘട്ടത്തിലും വ്യക്തിഗതമായി സ്റ്റാഫിന്റെ പിന്തുണയും ലഭിക്കും. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രാദേശിക ഘടകത്തിനാണ് പദ്ധതിയുടെ യുഎ.ഇ യിലെ ഏകോപന ചുമതല. പദ്ധതിയിൽ പങ്കാളികളാകാൻ യു.എ.ഇ പ്രവാസികൾക്കും പ്രവാസി മലയാളി സംഘടനകൾക്കും അവസരമുണ്ട്.

കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കാളിയാവുന്നതിനും 54 289 3001(യു.എ.ഇ)/+918590965542(കേരളം) എന്നീ നമ്പറുകളിൽ നേരിട്ടോ വാട്‌സ്ആപ് മുഖാന്തരമോ ബന്ധപ്പെടാവുന്നതാണ്. കഴിഞ്ഞ വർഷം ആസ്ട്രേലിയയിൽ അവതരിപ്പിച്ച് വലിയ സ്വീകാര്യത ലഭിച്ച 'ഫാമിലി കണക്ട്' പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും സംഘാടകർക്ക് പദ്ധതിയുണ്ട്.

TAGS :

Next Story