നാടിന്റെ വെളിച്ചമായ സൂര്യഭാരതി
റീട്ടെയിൽ, ലൈഫ്സ്റ്റൈൽ, ആരോഗ്യസംരക്ഷണം, മീഡിയ, വിനോദം തുടങ്ങി നിരവധി മേഖലകളിൽ വിജയഗാഥകൾ രചിക്കുകയാണ് ഗ്രൂപ്പ്

ഒരു ചെറിയ സംരംഭത്തിൽ നിന്ന് തുടങ്ങി 25ൽ അധികം വ്യത്യസ്ത ബിസിനസ് മേഖലകളിലേക്ക് വളർന്ന കഠിനാധ്വാനം, ജനങ്ങൾക്ക് മുഖ്യ പരിഗണന നൽകുന്ന ഗ്രൂപ്പ്, തൃശ്ശൂരിലെ കോളങ്ങാട്ടുകര എന്ന ഗ്രാമത്തിൽ നിന്ന് തുടക്കം കുറിച്ച സൂര്യഭാരതി ഗ്രൂപ്പ് ഇന്ന് മലയാളത്തിന്റെ തന്നെ അഭിമാനമായി വളർന്നിരിക്കുകയാണ്. സുസ്ഥിര വളർച്ച ആപ്തവാക്യവുമായി ജീവനക്കാരുടെയും സംഘടനകളുടെയും ഒരുമയിലും വളർത്തിയെടുത്തതാണ് സൂര്യഭാരതി ഗ്രൂപ്പ് നേതൃത്വം നൽകുന്ന വിവിധ ബിസിനസുകൾ. റീട്ടെയിൽ, ലൈഫ്സ്റ്റൈൽ, ആരോഗ്യസംരക്ഷണം, മീഡിയ, വിനോദം തുടങ്ങി നിരവധി മേഖലകളിൽ വിജയഗാഥകൾ രചിക്കുകയാണ് ഗ്രൂപ്പ്. സൂര്യഭാരതിയുടെ കഥ കെപി മനോജ് കുമാർ എന്ന വ്യക്തിയുടെ കഥ കൂടിയാണ്. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട്, ഒരു നാടിന്റെയാകെ പ്രതീക്ഷയായി മാറാൻ മനോജ് കുമാറിനും സൂര്യഭാരതിക്കും സാധിച്ചു.
അത്ര എളുപ്പമല്ലാത്ത തുടക്കം
പ്രീമിയം ജ്വല്ലറികൾ മുതൽ പലവ്യഞ്ജനങ്ങൾ വരെ, ലോകോത്തര നിലവാരമുള്ള ആരോഗ്യസംരക്ഷണം മുതൽ വിനോദം വരെ, സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമെത്തുന്ന സംരംഭങ്ങളാണ് സൂര്യഭാരതിയുടെ പ്രത്യേകത. വ്യക്തമായ വിഷനും സ്ട്രാറ്റജിയുമാണ് ഒന്നുമില്ലായ്മയിൽ നിന്നും ഇത്രയധികം വളരാൻ മനോജ് കുമാറിന് കരുത്തായത്. ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ കുട്ടിക്കാലത്ത് നിന്ന് കേരളത്തിനകത്തും പുറത്തും പടർന്ന ഒരു സ്ഥാപനം കെട്ടിപടുക്കുക എളുപ്പമായിരുന്നില്ല. ഇല്ലാത്തതിനെച്ചൊല്ലി പരിഭവിക്കുന്നതിനേക്കാൾ, ഉള്ളതുകൊണ്ട് എങ്ങനെ മുന്നേറാം എന്നായിരുന്നു മനോജ് കുമാർ ചിന്തിച്ചിരുന്നത്.
പ്രതിസന്ധികളിൽ നിന്നും ആർജ്ജിച്ച കരുത്ത് മറ്റുള്ളവർക്ക് വെളിച്ചമായി നൽകാനായിരുന്നു മനോജ് കുമാറിന്റെ തീരുമാനം. സ്വയം വളരുന്നതിനൊപ്പം ചുറ്റുമുള്ള സമൂഹത്തിനെ കൂടി വളർത്തിയെടുക്കാനും മറന്നില്ല.
ആ ചിന്തയിൽ നിന്നാണ് 1994ൽ കോളങ്ങാട്ടുകരയിൽ സൂര്യഭാരതി ഗ്രാമസമിതി സ്ഥാപിക്കുന്നത്. ചൂലിശ്ശേരി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തുകൊണ്ട് തുടങ്ങിയ സമിതി, പിന്നീട് ആ നാടിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു.
കോളങ്ങാട്ടുകരയുടെ കൈ പിടിച്ച്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാൻ
വിദ്യാഭാരതി ട്യൂഷൻ സെന്റർ, അടിയന്തര ചികിത്സയ്ക്കായി തൃശ്ശൂരിനെയോ വടക്കാഞ്ചേരിയെയോ ആശ്രയിക്കേണ്ടി വന്നിരുന്ന നാട്ടുകാർക്കായി 'സൗപർണിക' എന്ന പേരിൽ പൂർണ്ണമായും സൗജന്യമായ ഓട്ടോറിക്ഷാ സേവനം, ഗ്രാമത്തിൽ സാംസ്കാരിക ഉണർവേകാൻ സൗപർണിക റെക്കോർഡിങ് സ്ഥാപനം, ദാരിദ്ര്യം കാരണം ആരുടെയും പഠനം മുടങ്ങാതിരിക്കാൻ സൂര്യഭാരതി സ്കോളർഷിപ്പ് ഇങ്ങനെ നിരവധി പ്രവർത്തനങ്ങളിലൂടെ ഒരു നാടിനെ തന്നോടൊപ്പം വളർത്തുകയാണ് മനോജ് കുമാർ. പഠനം മുടങ്ങുന്ന അവസ്ഥയിലായ അനേകം കുട്ടികൾക്ക് പുസ്തകവും ഫീസും യൂണിഫോമും നൽകി അദ്ദേഹം ചേർത്തുപിടിച്ചു. അധ്യാപകനായും, ബസ് കമ്പനി മാനേജരായും, മാധ്യമപ്രവർത്തകനായും, സഹകരണ മേഖലയിലുമെല്ലാം ഒരേ ആത്മാർഥതയോടെ പണിയെടുത്തു. നേടുന്നതെല്ലാം സമൂഹത്തിന് തിരികെ നൽകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
മുന്നേറ്റത്തിന്റെ നാൾവഴികൾ
ബിസിനസുകളിലും ഇത്തരമൊരു ശൈലിയാണ് മനോജ് കുമാർ പിന്തുടരുന്നത്. സ്ഥാപനങ്ങളിലെ ഓരോ ജോലിക്കാരനെയും വ്യക്തിപരമായും പ്രൊഫഷണൽ രീതിയിലും വളർത്തിയെടുക്കാനും മുന്നിൽ തന്നെയുണ്ട് അദ്ദേഹം. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ന്യായമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സുതാര്യവും വിശ്വസനീയവുമായ സേവനം നൽകാനും സൂര്യഭാരതി പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സഹകരണം, സാമൂഹിക സേവനം തുടങ്ങി എല്ലാ മേഖലകളിലും സൂര്യഭാരതി ഇന്ന് പതിനായിരങ്ങൾക്ക് തണലേകുന്നു.
2027ഓടെ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യാന്തര തലത്തിലും തങ്ങളുടെ സാന്നിധ്യം വിപുലമാക്കുകയാണ് സൂര്യഭാരതിയുടെ അടുത്ത ലക്ഷ്യം. 10,000 പേർക്ക് നേരിട്ട് തൊഴിൽ നൽകാനും സൂര്യഭാരതി ശ്രമിക്കുന്നുണ്ട്. ധാർമികമൂല്യമുള്ള ബിസിനസിന് പുതിയൊരു മാനദണ്ഡമുണ്ടാക്കുകയാണ് സൂര്യഭാരതിയും മനോജ് കുമാറും.
Adjust Story Font
16

