നിയമസഭാ പ്രാതിനിധ്യം: പരിഹാരമില്ലാതെ പിന്നാക്കക്കാരുടെ ആനുപാതിക പങ്കാളിത്തം
നിയമനിര്‍മാണ സഭയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പിന്നാക്ക സംഘടനകള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. എന്നാല്‍ പ്രാതിനിധ്യത്തിലെ ഈ മിനിമം ആവശ്യം തൃപ്തികരമായ നിലയില്‍ ഒരുകാലത്തും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഈ പ്രവണതയില്‍ നിന്ന് വ്യത്യസ്തമല്ല.

നിയമനിര്‍മാണ സഭയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം വേണമെന്ന ആവശ്യം ദീര്‍ഘകാലമായി പിന്നാക്ക സംഘടനകള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. എന്നാല്‍ പ്രാതിനിധ്യത്തിലെ ഈ മിനിമം ആവശ്യം തൃപ്തികരമായ നിലയില്‍ ഒരുകാലത്തും കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഈ പ്രവണതയില്‍ നിന്ന് വ്യത്യസ്തമല്ല.
കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും അവരുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതിയായ സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ശ്രമിച്ചിരുന്നു. ബിജെപി പട്ടികയില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. 2021ല്‍ മൂന്ന് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ബിജെപി പട്ടികയില്‍ ഉണ്ടായിരുന്നു. ക്രൈസ്തവ സമുദായത്തില്‍ നിന്ന് 20 പേരെയാണ് എന്‍ഡിഎ മത്സരിപ്പിച്ചത്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ എംഎല്‍എ പി.സി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജ്, ബിജെപി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി, സഖ്യകക്ഷിയായ 20-20 സ്ഥാനാര്‍ഥിയായി മത്സരിച്ച ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് ഒരാളെ പോലും പ്രധാന മുന്നണികള്‍ ജനറല്‍ സീറ്റില്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയില്ല.
വിജയിച്ച എംഎല്‍എമാർ
| ഹിന്ദു | മുസ്‌ലിം | ക്രിസ്ത്യൻ | ആകെ | |
| യുഡിഎഫ് | 42 | 30 | 30 | 102 |
എല്‍ഡിഎഫ് | 27 | 05 | 03 | 35 |
| എൻഡിഎ | 03 | 0 | 0 | 03 |
എന്നാല്‍ വിജയിച്ച സ്ഥാനാര്‍ഥികളുടെ പ്രാതിനിധ്യ സ്വഭാവം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആനുപാതികമായ വിഹിതം ഉറപ്പാക്കുന്നില്ല. അതേസമയം മുന്നാക്ക വിഭാഗങ്ങളുടെ ചിത്രം വ്യത്യസ്തമാണ്. പല മുന്നാക്ക സമുദായങ്ങള്‍ക്കും ജനസംഖ്യാനുപാതിക വിഹിതത്തേക്കള്‍ കൂടുതല്‍ പ്രാതിനിധ്യം നിയമസഭയില്‍ ലഭിച്ചിട്ടുണ്ട്.
മത്സരിച്ച സ്ഥാനാർഥികൾ
ഹിന്ദു | മുസ്‌ലിം | ക്രിസ്ത്യൻ | |
യുഡിഎഫ് | 69 | 38 | 33 |
എല്‍ഡിഎഫ് | 87 | 29 | 24 |
എൻഡിഎ | 120 | 0 | 20 |
മൂന്ന് മുന്നണികളില്‍ നിന്നായി 77 പേരാണ് ക്രൈസ്തവ സമുദായത്തില്‍ നിന്ന് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. ഇതില്‍ 33 പേര്‍ വിജയിച്ചു. സീറോ മലബാര്‍ സഭയുടെ (റോമന്‍ കത്തോലിക്ക) വ്യത്യസ്ത അതിരൂപതകളില്‍ നിന്നുള്ള എംഎല്‍എമാരാണ് കൂടുതലെങ്കിലും മിക്കവാറും എല്ലാ ക്രൈസ്തവ സഭകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒന്‍പത് ജില്ലകളില്‍ നിന്നാണ് ക്രിസ്ത്യന്‍ എംഎല്‍എമാര്‍ വിജയിച്ചത്. 30 പേര്‍ യുഡിഎഫ് പ്രതിനിധികളായും മൂന്നുപേര്‍ എല്‍ഡിഎഫ് പ്രതിനിധികളായും സഭയിലെത്തും. ജനസംഖ്യാനുപാതികമായി 22 പേര്‍ വേണ്ടിടത്ത് 33 പേരാണ് വിജയിച്ചിരിക്കുന്നത്. ഇതില്‍ മുന്നാക്ക ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്ന് 26ഉം പിന്നാക്ക ക്രിസ്ത്യന്‍ സമുയങ്ങളില്‍ നിന്ന് ഏഴും സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
രണ്ടു മുന്നണികളില്‍ നിന്നുമായി 67 പേരാണ് ഇത്തവണ മുസ്‌ലിം സമുദായത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ 35 പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. 30 പേര്‍ യുഡിഎഫില്‍ നിന്നും അഞ്ചുപേര്‍ എല്‍ഡിഎഫില്‍ നിന്നും. എന്നാല്‍ വിചിത്രമായ കാര്യം, കേരളത്തില നാല് ജില്ലകളില്‍നിന്ന് മുസ്‌ലിം വിഭാഗത്തില്‍പെട്ടവര്‍ എംഎല്‍എമാരായി ഉണ്ടായില്ല എന്നതാണ് - കോട്ടയം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകള്‍. ബാക്കി 10 ജില്ലകളില്‍ നിന്നാണ് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജനസംഖ്യാനുപാതികമായി സഭയിലെത്തേണ്ടത് 42 പേരാണെങ്കിലും നിലവില്‍ വിജയിച്ചത് 35 പേര്‍ മാത്രം. ഏഴ് പേരുടെ കുറവ്.
| UDF | LDF | Total | ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം | നിലവിലെ വ്യത്യാസം | ജനസംഖ്യ % | |
മുസ്‌ലിം | 30 | 05 | 35 | 42 | -7 | 30.20% |
ഹിന്ദു വിഭാഗത്തില്‍ നിന്ന് 72 പേര്‍ വിജയിച്ചു. വിവിധ ജാതി വിഭാഗങ്ങളില്‍ നിന്ന് എംഎല്‍എമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ധീവര, വിശ്വകര്‍മ്മ പോലെ പ്രാതിനിധ്യം ലഭിക്കാത്ത വിഭാഗങ്ങളുമുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം കിട്ടിയിട്ടില്ല എന്ന പരാതിയുണ്ട്. ഹിന്ദുമത വിഭാഗത്തില്‍ നിന്ന് വിജയിച്ചവരുടെ ജാതി തിരിച്ച കണക്ക് ഇപ്രകാരമാണ്. മുന്നാക്ക ഹിന്ദു - 31. ഈഴവ - 21. മറ്റു പിന്നാക്ക ഹിന്ദു- 4.
ജനംസംഖ്യാനുപാതികമായി അര്‍ഹമായതിനേക്കാള്‍ 11 പേരുടെ അധിക പ്രാതിനിധ്യം മുന്നാക്ക ഹിന്ദു വിഭാഗത്തിന് ലഭിച്ചു. എന്നാല്‍ ഈഴവ വിഭാഗത്തിന് അര്‍ഹമായ എണ്ണത്തേക്കാള്‍ 10 പേരുടെ കുറവുണ്ട്. മറ്റ് പിന്നാക്ക ഹിന്ദു വിഭാഗത്തിനാകട്ടെ ഏഴ് പേരുടെ കുറവും. മുന്നാക്ക ഹിന്ദു വിഭാഗത്തിലുണ്ടായ വര്‍ധന പിന്നാക്ക ഹിന്ദു ജാതി വിഭാഗങ്ങള്‍ക്ക് തിരിച്ചടിയായെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. സോളിഡാരിറ്റി റിസര്‍ച്ച് വിങ്ങ് പ്രാദേശിക സര്‍വ്വേയിലൂടെ കണ്ടെത്തിയതാണ് ഈ വിവരങ്ങള്‍.
പോരായ്മകള്‍ വേണ്ടത്രയുണ്ടെങ്കിലും വ്യത്യസ്ത മത-ജാതി വിഭാഗങ്ങളെ പരമാവധി ഉള്‍ക്കൊള്ളുന്നതാകണം കേരള നിയമസഭ എന്നാണ് നിലവിലെ ചിത്രം. എന്നാല്‍ സൂക്ഷ്മ വിവരങ്ങള്‍ പരിശോധിച്ചാല്‍ പിന്നാക്കക്കാര്‍ക്ക് വലിയ നഷ്ടമുണ്ടാകുന്നതായി കാണാം. തീരെ ചെറിയ ജാതി, മത വിഭാഗങ്ങള്‍ക്ക് ഒട്ടും പ്രാതിനിധ്യം ലഭിക്കാതെ പോകുന്നുവെന്ന പരിമിതി ഇനിയും മറികടക്കാനുമായിട്ടില്ല. ബിജെപി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ വംശീയതയെയും ധ്രുവീകരണ രാഷ്ട്രീയത്തെയും ചെറുക്കാന്‍ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളുകയും എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്ന ഭരണ സംവിധാനങ്ങളും അധികാര ഘടനയും രൂപപ്പെട്ടുവരേണ്ടതുണ്ട്. ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകാ സ്ഥാനമെന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും പ്രാതിനിധ്യ രാഷ്ട്രീയത്തെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ മുന്നണി സംവിധാനങ്ങള്‍ക്കോ ഭരണ സ്ഥാപനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ സമീപനത്തില്‍ കാതലായ മാറ്റം അനിവാര്യമായ രാഷ്ട്രീയ സന്ദര്‍ഭങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്.
(സോളിഡാരിറ്റി റിസര്‍ച്ച് വിങ് കണ്‍വീനറാണ് ലേഖകന്‍. ജനസംഖ്യ, മതം, ജാതി വിവരങ്ങള്‍ക്ക് ആധാരം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരളപഠനം.)
Adjust Story Font
16

