Quantcast

ശശി തരൂരിൻ്റെ നയ തന്ത്രം

അടിത്തട്ടിലുള്ള മുതൽ മേൽത്തട്ടു വരെയുള്ള കോൺഗ്രസുകാരന്റെ വിയർപ്പിന്റെയും സമയത്തിന്റെയും വിലയാണ് ഇന്നും തരൂർ ഇരിക്കുന്ന എംപി കസേര. അതായത് എത്ര ഉന്നതനായാലും പാർട്ടി നൽകിയ സീറ്റിൽ പാർട്ടി പ്രവർത്തകർ പ്രവർത്തിച്ച് കൊടുത്ത പദവി. ഇടക്ക് പല ഭീഷണികളിലും അടി പതറും എന്ന് തോന്നിയപ്പോൾ, അവസാന രണ്ട് തെരഞ്ഞെടുപ്പുകളിൽ മത്സരം ഇഞ്ചോടിഞ്ച് ആയപ്പോൾ സാമൂഹ്യ സംഘങ്ങളുടെ ക്യാമ്പയിനിന്റെ കൂടി പിൻബലത്തിലാണ് ഫാഷിസത്തെ തറപ്പറ്റിക്കാനായത്. അതായത് ശശി തരൂരിന്റെ പാർലമെന്റിലെ സീറ്റ് ബിജെപി സംഘ്പരിവാറിനെതിരായ കൂട്ടായ്മയുടെ കൂടി പണിയെടുപ്പിൻ്റെ ഫലമാണ്.

MediaOne Logo

യു. ഷൈജു

  • Updated:

    2025-05-21 16:04:17.0

Published:

21 May 2025 7:41 PM IST

Shashi Tharoor
X

നയതന്ത്ര രാഷ്ട്രീയക്കാരൻ എന്ന് വിശേഷിപ്പിക്കാവുന്ന ശശി തരൂർ എഴുതിയ The paradoxical prime minister Narendra Modi and his India (പ്രധാനമന്ത്രി വൈരുധ്യങ്ങളുടെ നായകൻ നരേന്ദ്ര മോഡിയുടെ ഇന്ത്യ) എന്ന അഞ്ച് ഭാഗങ്ങളായി 50 അധ്യായങ്ങളുള്ള ഒരു പുസ്തകമുണ്ട്. അതിൽ അഞ്ചാം ഭാഗത്ത് 40-ാം അധ്യായമാണ് 'മോദിയുടെ ഗൃഹപാഠം ചെയ്യാത്ത വിദേശ നയം'. ഇതിൽ ആദ്യ നാല് വർഷം പിന്നിട്ട ഇന്ത്യ സർക്കാരിന്റെ വിദേശനയത്തെ തരൂർ കണക്കറ്റ് പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. അതിൽ ഒരു ഭാഗത്ത് ശശി തരൂർ ഇങ്ങനെ പറയുന്നുണ്ട്.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് കാഴ്ചക്കാരായി പാകിസ്താൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പ്രമുഖ വ്യക്തികൾ, പ്രഥമ പൗരന്മാർ ഉൾപ്പെടെ എത്തിയിരുന്നു. നമ്മുടെ അന്തർദേശീയ ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുന്നതിന് ഉദ്ഘാടനമായി ആ ചടങ്ങിനെ എല്ലാവരും പ്രശംസിച്ചു. ഒരു കൊച്ചു കുഞ്ഞിന്റെ കളിപ്പാട്ടത്തി(YOYO )നെക്കാൾ കൂടുതൽ തവണ പാക്കിസ്താനും ഇന്ത്യയും തമ്മിലുള്ള ബന്ധം പൊങ്ങിയും താണും മുന്നോട്ടു പോയിരുന്നു പരസ്പരം സമാധാനം പുലർത്താനുള്ള യുപിഎ ഗവൺമെന്റിന്റെ ശ്രമങ്ങളെ വളരെ തന്ത്രപൂർവം പരാജയപ്പെടുത്തിയ പ്രധാന വ്യക്തി, അവരുടെ പ്രചാരണ പ്രസംഗങ്ങൾ കൊണ്ടാണോ ആ രാജ്യത്തെ ഭൂതാവേശം ബാധിച്ചതെന്നപോലെ നാം അകറ്റി നിർത്തിയത്. ഒരിക്കൽ അവിടെ നിന്നു വന്ന അതിഥിക്ക് ചിക്കൻ ബിരിയാണി വിളമ്പി എന്ന് കോൺഗ്രസിനെ അധിക്ഷേപിച്ച അതേ വ്യക്തി നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ ഇസ്ലാമാബാദിൽ പോയി അവിടുത്തെ തന്റെ പ്രതിരൂപത്തിന് ശാലകളും സാരികളും ഒക്കെ കൈമാറുന്നു. അമ്മമാർക്ക് പരസ്പരം വികാര തീവ്രതയോടെ കത്തുകൾ അയക്കുന്നു.



2014 ൽ ഭരണം ഏറ്റെടുത്ത സമയത്ത് നവാസ് ശരീഫിനെ ഡൽഹിയിലേക്ക് ക്ഷണിച്ചപ്പോൾ മോദി കരുതിയത് ചരിത്രത്തിന്റെ ഒരുനാൾ അവിടെ മുറിഞ്ഞുകഴിഞ്ഞെന്നും പരസ്പരം സൗഹൃദത്തിനായി കാലഘട്ടം തുറന്നു എന്നുമാണ്. പക്ഷേ രണ്ടു മാസങ്ങൾ കഴിഞ്ഞില്ല അതിനകം അതിലോലമായ അതിർത്തി പ്രദേശങ്ങളിൽ പരസ്പരം വെടിവെപ്പ് തുടങ്ങി രണ്ടു രാജ്യങ്ങളിലെയും വിദേശ സെക്രട്ടറിമാർ തമ്മിലുള്ള ചർച്ച അവസാനിപ്പിച്ചത് കശ്മീരി വിഘടനവാദി നേതാക്കളുമായി പാക്കിസ്താൻ കൂടിക്കാഴ്ച നിശ്ചയിച്ചപ്പോഴാണ്. ഇതുതന്നെയാണ് നമ്മുടെ സന്ദർശകർ എപ്പോഴും ചെയ്യുന്നത് മുൻഗവൺമെന്റുകൾ ശക്തമായ ഔദ്യോഗിക നിഷ്പക്ഷതയോടെ പ്രതികരിച്ചിരുന്നതും അതേവർഷം നവംബറിൽ നേപ്പാളിൽ വച്ച് നടന്ന സാർക്ക് ഉന്നതല സമ്മേളനത്തിൽ പാകിസ്താൻ പ്രധാനമന്ത്രി കടന്നു വരുമ്പോൾ അദ്ദേഹത്തെ ഒഴിവാക്കി നരേന്ദ്ര മോദി ലഘുലേഖയിൽ സൂക്ഷ്മമായി കണ്ണും നട്ടിരുന്നു. പിന്നീടാണ് അറിയുന്നത് രണ്ട് നേതാക്കളും നേരത്തെ ഒരു ഇന്ത്യൻ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ച് സ്വകാര്യമായി കണ്ടിരുന്നു എന്ന്....

വിദേശ നയതന്ത്രങ്ങളുടെ എല്ലാ വശങ്ങളും നിരവധി വർഷങ്ങൾ നേരിൽ കണ്ട, ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച് തന്റെ ബന്ധങ്ങളെ ലോക വ്യാപകമാക്കിയ തരൂർ പ്രധാനമന്ത്രിയുടെയും അദേഹത്തിന്റെ സർക്കാരിന്റെ വിദേശ നയങ്ങളെയും വിമർശിക്കാൻ യോഗ്യനാണ്. ആരും ആക്കാര്യത്തിൽ സംശയം പ്രകടിപ്പിക്കില്ല. ആ തരൂർ ആണ് ഇന്ന് വിദേശകാര്യ നയത്തിൽ അത്ര ദഹിക്കാത്ത കാര്യം പറയുന്നത്. എനിക്ക് എന്റെ വിലയുണ്ടെന്നാണ് അദ്ദേഹം പറയുന്ന പ്രധാനകാര്യം. അതുകൊണ്ടാണല്ലോ തരൂർ ഒരു കാര്യം പറയുമ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പാകിസ്താനുമായുള്ള പ്രശ്നങ്ങളും ഇന്ത്യ എടുത്ത സൈനിക നടപടികളും ലോക രാജ്യങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ പോകുന്ന ദൗത്യ സംഘത്തിൽ ഉൾപെടാനും ഉൾപ്പെട്ട ശേഷവും നടത്തുന്ന നയമില്ലാത്ത തന്ത്രങ്ങളും പരിശോധിക്കപ്പെടേണ്ടി വരുന്നത്.



ഇന്ത്യ ഇങ്ങനെ ഒരു സംഘത്തെ ആദ്യമല്ലല്ലോ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 1994 നരസിംഹ റാവു സർക്കാർ. കശ്മീർ പ്രശ്നത്തെ വലിയ തോതിൽ ഉയർത്തുകയും അമേരിക്കൻ പിന്തുണ തേടുകയും ചെയ്തു. പാകിസ്താൻ മൂന്നാം രാജ്യത്തിന്റെ ഇടപെടൽ തേടുകയും അതിനായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന് മുന്നിൽ എത്തി. ചില ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണ കൂടി ലഭിക്കും എന്ന് കണ്ടാണ് പാകിസ്താൻ ഇത് ചെയ്തത്. ഇതോടെ റാവു സർക്കാർ സർവക്ഷി സംഘത്തെ അയക്കാൻ തീരുമാനിച്ചു. ഒരു ജനാധിപത്യ സർക്കാർ എന്ന നിലക്ക് അന്ന് പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയിയെ ആയിരുന്നു സംഘത്തെ നയിക്കാൻ പ്രധാനമന്ത്രി റാവു ക്ഷണിച്ച് വിദേശ രാജ്യങ്ങളിലേക്ക് വിട്ടത്. സ്വന്തം സർക്കാറിലെ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് വാജ്പേയിയുടെ സംഘത്തിലെ അംഗം മാത്രമായിരുന്നു. അറബ് രാജ്യങ്ങളിലെ അമ്പാസഡർമാരെ ഇങ്ങോട്ട് വിളിച്ച് ഈ സംഘത്തിൽ ഉൾപ്പെടുത്തി. ഈ സംഘം ജനീവയിൽ എത്തി ഇന്ത്യയുടെ വാദങ്ങൾ ഉയർത്തി. ഇതോടെ ഇസ്‌ലാമിക രാജ്യങ്ങൾ അടക്കം ഇന്ത്യയുടെ പക്ഷത്തേക്ക് മാറുകയായിരുന്നു. ഇറാൻ, ലിബിയ എന്നിവക്ക് പുറമെ ചൈന പോലും ഇന്ത്യക്ക് ഒപ്പം ചേർന്നു. അങ്ങനെ നയതന്ത്രപരമായ ആ നീക്കം ഫലം കണ്ടു. പാകിസ്താൻ ഇന്ത്യക്ക് എതിരെ കൊണ്ടുവന്ന പ്രമേയം വായിക്കാൻ പോലുമാവാതെ മടക്കി. നയതന്ത്ര വിശദീകരണത്തിനായി നിയോഗിക്കപ്പെട്ട രാജ്യത്തെ ആദ്യ സർവകക്ഷി സംഘമായിരുന്നു അത്.

2008ൽ മുംബൈ ആക്രമണത്തെ തുടർന്ന് ആക്രമണതിന് പിന്നിൽ പാകിസ്താനാണെന്ന വാദവുമായി മൻമോഹൻ സിങ് സർക്കാർ ഒരു സർവകക്ഷി സംഘത്തെ അയച്ചു. അന്ന് ആ സംഘത്തിന്റെ പ്രവർത്തനംകൊണ്ട് പാകിസ്താൻ ഗ്രേ പട്ടികയിൽപ്പെട്ടു. ഇങ്ങനെ ജനാധിപത്യ സ്വഭാവത്തിൽ നടത്തുന്ന നടത്തേണ്ടുന്ന ഒന്നാണ് നയതന്ത്ര കാര്യങ്ങൾ.

ഇവിടെ സർക്കാർ രാഷ്ട്രീയം കളിക്കുമ്പോൾ അതിൽ വീണുപോകുന്നത് നയതന്ത്ര രാഷട്രീയക്കാരനാകുമ്പോൾ അതിന് വീര്യം കൂടും. കാരണം കക്ഷിരാഷ്ട്രീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് നടക്കുന്ന ഒന്നല്ല നയതന്ത്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ. രാജ്യത്ത് ഈ നയതന്ത്ര പ്രശ്നം സർക്കാർ നേതൃത്വം കൊടുക്കുന്ന നയതന്ത്ര പ്രശ്നമായി മാറി. അക്കരപച്ച കൊതിച്ച് മറുകരയിൽ ഇടഞ്ഞ് നിൽക്കുന്നവനെ ചാക്കിലാക്കുന്ന കേവല രാഷ്ട്രീയ തർക്കത്തിനുള്ള ഉപാധിയാക്കി വിദേശകാര്യത്തെ പോലും ഉപയോഗിക്കുന്നത്തിൽപരം താഴ്ന്ന കാര്യം വേറെയുണ്ടോ. സർക്കാർ നടത്തുന്ന ഇത്തരം വിലകുറഞ്ഞ സർക്കസിലെ ജോക്കറാകുന്ന കുതന്ത്രമായി മാത്രമേ തരൂർ തന്ത്രത്തെ കാണാനാകൂ. തരൂരിനെ ഇങ്ങനെ പരിഗണിച്ചത് രാഷ്ട്രീയനേതാവായി മാറി അത് വഴി കോൺഗ്രസ്‌ എന്ന പാർട്ടി ഒരുക്കി നൽകിയ വഴിയിൽ പാർലമെന്റിൽ എത്തിയത് കൊണ്ടാണ്. അതിൽ ശശിതരൂരിന്റെ നയതന്ത്ര വൈദഗ്ധ്യത്തെ അധിക യാഗ്യതയായി കണ്ടാൽ ആരും ഒന്നും സംശയിക്കില്ലല്ലോ എന്നതാണ് സർക്കാർ തന്ത്രത്തിന് പിന്നിൽ. തരൂർ അപ്പോൾ ചെയ്തതോ നേരത്തെ എറിഞ്ഞ കമ്പെടുത്ത് വീണ്ടുമെറിഞ്ഞ് സർക്കാരിന്റെ നല്ല പിള്ളയായി മാറി.

2009ൽ കോൺഗ്രസ്‌ അംഗത്വം നേടി തിരുവനന്തപുരത്തിറങ്ങി അവിടെ നിന്ന് പാർലമെന്റിൽ എത്തി തുടർച്ചയായി നാല് തവണ. രണ്ട് തവണ കേന്ദ്ര സഹമന്ത്രി. ഒരു തവണ രാജി. അങ്ങനെ ഒരാൾ ഡൽഹി കേരളം കറങ്ങാൻ പെട്ടെന്ന് കഴിയില്ലല്ലോ. അടിത്തട്ടിലുള്ള മുതൽ മേൽത്തട്ടു വരെയുള്ള കോൺഗ്രസുകാരന്റെ വിയർപ്പിന്റെയും സമയത്തിന്റെയും വിലയാണ് ഇന്നും തരൂർ ഇരിക്കുന്ന എംപി കസേര. അതായത് എത്ര ഉന്നതനായാലും പാർട്ടി നൽകിയ സീറ്റിൽ പാർട്ടി പ്രവർത്തകർ പ്രവർത്തിച്ച് കൊടുത്ത പദവി. ഇടക്ക് പല ഭീഷണികളിലും അടി പതറും എന്ന് തോന്നിയപ്പോൾ, അവസാന രണ്ട് തെരഞ്ഞെടുപ്പുകളിൽ മത്സരം ഇഞ്ചോടിഞ്ച് ആയപ്പോൾ സാമൂഹ്യ സംഘങ്ങളുടെ ക്യാമ്പയിനിന്റെ കൂടി പിൻബലത്തിലാണ് ഫാഷിസത്തെ തറപ്പറ്റിക്കാനായത്. അതായത് ശശി തരൂരിന്റെ പാർലമെന്റിലെ സീറ്റ് ബിജെപി സംഘ്പരിവാറിനെതിരായ കൂട്ടായ്മയുടെ കൂടി പണിയെടുപ്പിൻ്റെ ഫലമാണ്. ഇത് അറിയാത്തയാളല്ല തരൂർ. പ്രതിപക്ഷ ബഞ്ചിലിരിക്കുമ്പോൾ ഭരണപക്ഷ വിദ്വേഷ സംഘത്തിനെതിരായി നിലയുറപ്പിക്കാൻ താൻ പലതുകൊണ്ടും ബാധ്യസ്ഥനാണെന്ന് തരൂരിനറിയാം.



അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി കോൺഗ്രസ്‌ പാർട്ടിക്കുള്ളിൽ ഉണ്ടാക്കുന്ന കലഹവും മനസിലാക്കാം. കേരളത്തിൽ പാർട്ടിക്കുള്ളിൽ സ്ഥാനം ലഭിക്കാൻ നടത്തിയ കലഹവും കേന്ദ്ര പ്രവർത്തക സമിതിയിൽ ഇല്ലാതിരുന്നിട്ടും ഗ്രൂപ്പ് 23 ൻ്റെ ഭാഗമാകുകയും പിന്നീട് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്ത് പ്രവർത്തക സമിതിയിൽ ബെർത്ത് സ്വന്തമാക്കുയും ചെയ്ത തരൂർ നയതന്ത്രം അദ്ദേഹത്തെ നയതന്ത്ര രാഷ്ട്രീയക്കാരനായി മാറുകയായിരുന്നു. ഈ ആഭ്യന്തര കലഹങ്ങൾക്കപ്പുറം അറിയാവുന്ന പണികളിൽ കാണിക്കുന്ന അധികപ്പറ്റ് പണിയാണ് ഇപ്പോൾ പയറ്റുന്നത് എന്ന് പറയാം. രാജ്യത്തിൻ്റെ അഭിമാന സംരക്ഷണം എന്ന നയതന്ത്ര ഇടപെടൽ സമയത്ത് 16 വർഷം കൊണ്ട് നയതന്ത്രത്തെ ഒഴിവാക്കി കേവല രാഷ്ട്രീയക്കാരൻ്റെ നിലവാരത്തിലേക്ക് മാറി. ഇന്ദിരാ ഗാന്ധിക്കാലത്തെയടക്കം കോൺഗ്രസ്‌ കാല സർക്കാറുകളുടെ വീര്യം പറഞ്ഞു അഭിമാനമുയർത്തുന്ന രാഷ്ട്രീയത്തെ തള്ളി തന്റെ വെറും ലക്ഷ്യത്തിലേക്ക് മാത്രം കണ്ണ് നട്ട് വമ്പ് പറയുന്ന തരൂരിന്റെ തന്ത്രം കുതന്ത്രമായി മാറുകയാണ്.

രാജ്യം പ്രതിസന്ധി നേരിടുന്ന കാലത്ത് രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കാൻ രാജ്യത്ത് സർക്കാറിന് ബാധ്യതയുണ്ട്. അതിനാണ് സർക്കാർ സർവകക്ഷിസംഘത്തെ നിയോഗിച്ചയക്കുന്നത്. അതിലും രാഷ്ട്രീയ താത്പര്യം നോക്കി പ്രതിപക്ഷത്തേക്ക് കഴുകൻ കണ്ണെറിയുമ്പോൾ ഞങ്ങളും ഒറ്റക്കെട്ടാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ കക്ഷികൾക്കും ബാധ്യതയുണ്ട്. അപ്പോൾ സ്വകാര്യതാത്പര്യത്തിന് വേണ്ടി ഇരിക്കാൻ ഇടം തന്ന പാർട്ടിയെ വെട്ടിലാക്കാനുള്ള നയതന്ത്ര ബുദ്ധി അത്ര നല്ലതല്ല. രാജ്യത്തിൻ്റെ ഭാഗമായ രാഷ്ടീയകക്ഷിയുടെ പ്രതിനിധിയായ ശശി തരൂർ കക്ഷി രാഷ്ട്രീയത്തിൻ്റെ കൂടി ഭാഗമാണ്. തൻ്റെ പാർട്ടിയുടെ ഉന്നതാധികാര സമിതിയംഗം കൂടിയാകുമ്പോൾ ആ ബാധ്യത അതിന് അനുസരിച്ച് നിർവഹിക്കാനാകണം. അധികാരക്കസേരയുടെ അരിക് പറ്റാൻ തരൂർ എന്ന നയതന്ത്ര വിദഗ്ധൻ ആ നിലക്ക് മാറുമ്പോഴാണ് അദ്ദേഹം തന്നെ പറഞ്ഞ അദ്ദേഹത്തിന് ലഭിക്കു മാത്രമല്ല നയതന്ത്ര സംഘത്തെ നയിച്ച് രാജ്യത്തിനായ് അയൽനാടുകളിൽ നയം പായുന്നത് പോലെ, രാജ്യത്തിനകത്ത് നിന്ന് സർക്കാർ നടത്തിയ നയതന്ത്ര സമീപനങ്ങളെ കുറിച്ച് ചോദ്യങ്ങളെറിയാനും കഴിയുന്നവർ കുറയുന്ന കാലത്ത് അത്തരം ആഭ്യന്തര ചോദ്യങ്ങളുമായി തരൂരിനെയും ആളുകൾ പ്രതീക്ഷിക്കും.

TAGS :

Next Story