Quantcast

'കന'മില്ലാത്ത ഗംഭീരം

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ സുവര്‍ണകാലത്തെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളുടെ ഭാഗമായിരുന്നിരിക്കാം. ഐപിഎല്ലില്‍ തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുമുണ്ടാകാം. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ പരിശീലകക്കുപ്പായത്തില്‍ അദ്ദേഹം ഇതിനോടകം പരാജയമായിരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തെ ഏല്‍പിച്ച ടെസ്റ്റ് ടീമിനെ തിരികെ വാങ്ങിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. കാരണം, അയാളുടെ മന്ത്രങ്ങള്‍ കേള്‍ക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ ഇനിയും ക്ഷമ കാണിച്ചെന്നു വരില്ല. ഫലം കാണിക്കണം, അല്ലെങ്കില്‍ മാറിനില്‍ക്കണം. അത്ര തന്നെ.

MediaOne Logo
കനമില്ലാത്ത ഗംഭീരം
X

ലോകക്രിക്കറ്റിലെ പ്രധാനപ്പെട്ട മൂന്ന് ഫോര്‍മാറ്റുകളിലും തലയെടുപ്പോടെ കളംനിറഞ്ഞാടിയിരുന്ന ടീം. ക്രിക്കറ്റിലെ രാജാക്കന്മാരെന്ന് എക്കാലവും വാഴ്ത്തപ്പെട്ടിരുന്ന ആസ്ട്രേലിയയെ വീഴ്ത്തി കുട്ടിക്ക്രിക്കറ്റിന്റെ വിശ്വകിരീടം ചൂടിയ ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഗൗതം ഗംഭീറിന്റെ കൈകളിലേക്ക് ഊര്‍ന്നിറങ്ങിയത്. ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം ലോകമാമാങ്കങ്ങളില്‍ ടീമിനെ നെറുകയിലെത്തിച്ച ടീമംഗം എന്ന നിലയില്‍ ഗംഭീറിന്റെ കടന്നുവരവിനെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.

ആക്രമണോത്സുകമായ ബാറ്റിങ്, മത്സരബുദ്ധിയോടെയുള്ള പ്രകടനം, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ടുതവണ ചാമ്പ്യന്മാരാക്കിയ തന്ത്രശാലി എന്നിങ്ങനെ നിരവധി സവിശേഷതകളോടെ ടീമിന്റെ പങ്കായമുയര്‍ത്തിയ ഗംഭീര്‍ പരിശീലകവേഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ശൈലിയെ പുതുക്കിപ്പണിയുമെന്നായിരുന്നു എല്ലാവരും കരുതിയത്. ആസ്ട്രേലിയയും ഇംഗ്ലണ്ടും ക്രിക്കറ്റ് പിച്ചുകളില്‍ സര്‍വ്വസംഹാരിയായ നിലകൊള്ളുമ്പോള്‍ ഗംഭീറിനെ പോലൊരാള്‍ പരിശീലകക്കുപ്പായത്തില്‍ ടീമിലെത്തണമെന്ന് നിരന്തരം വിളിച്ചുപറഞ്ഞ സോഷ്യല്‍മീഡിയ സെലക്ടര്‍മാരും വിമര്‍ശകരും ഇതൊരു പോസിറ്റീവായ മാറ്റത്തിനുള്ള ഹേതുവാകുമെന്ന് കണക്കിന് പുകഴ്ത്താനും മറന്നില്ല.

എന്നാല്‍, പരിശീലകക്കുപ്പായം അണിഞ്ഞ് ഗംഭീര്‍ പണി തുടങ്ങിയതോടെ ചിത്രം മറ്റൊന്നായി മാറുകയായിരുന്നു. ആസ്ട്രേലിയയില്‍ 3-1 പരമ്പര തോല്‍വി, സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനോട് 0-3ന്റെ നാണംകെട്ട വൈറ്റ്വാഷ്, ഏറ്റവുമൊടുവിലിതാ സൗത്ത് ആഫ്രിക്കയോടും സ്വന്തം മണ്ണില്‍ പരമ്പര അടിയറവ് വെച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഇത്രയധികം നാണക്കേടുണ്ടാക്കിയ മറ്റൊരു കാലഘട്ടമുണ്ടോയെന്നറിയാന്‍ ആരെങ്കിലും ചരിത്രത്തിലേക്കൂളിയിടുകയാണെങ്കില്‍ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ല.



എന്താണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ടീമിന് സംഭവിച്ചത്? ലോകക്രിക്കറ്റില്‍ തല ഉയര്‍ത്തിയിരുന്ന രാജാക്കന്മാര്‍ക്ക് എവിടെയാണ് അടവുകള്‍ പിഴച്ചത്? കളിക്കാരന്‍ എന്ന നിലയില്‍ ടീമിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലെല്ലാം അവിഭാജ്യഘടകമായിരുന്ന ഗംഭീറിയന്‍ തന്ത്രങ്ങള്‍ എവിടെയാണ് പാളിത്തുടങ്ങിയത്?

കൂപ്പുകുത്തലിന്റെ ഒന്നാം ഇന്നിങ്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ പരാജയത്തിന്റെ കൈപ്പുനീര് കുടിപ്പിച്ചതില്‍ എക്കാലവും മുന്‍പന്തിയിലുണ്ടായിരിക്കും പോയവര്‍ഷം ന്യൂസിലാന്‍ഡ് ടീമിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഗംഭീറിന്റെ വെടിമരുന്നുകള്‍ക്ക് പ്രതീക്ഷിത പ്രഹരശേഷിയില്ലെന്ന് ക്രിക്കറ്റ് ഭിഷഗ്വരന്മാര്‍ അന്നുതന്നെ മനസ്സിലാക്കി.

ബംഗ്ലൂരുവിലെ ആദ്യ ടെസ്റ്റില്‍ 356 റണ്‍സ് ലീഡ് നേടിയിട്ടും മത്സരം ഇന്ത്യ കൈവിടുകയായിരുന്നു. പുണെയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 113 റണ്‍സിന് തോല്‍വി. മുംബൈയില്‍ 25 റണ്‍സിന് ടീം വീണ്ടും സന്ദര്‍ശകര്‍ക്ക് മുന്നില്‍ തലകുനിച്ചു.

നിരുത്തരവാദിത്തത്തോടെ ബാറ്റേന്തിയ മുതിര്‍ന്ന താരങ്ങള്‍ ഈ തുടര്‍പരാജയങ്ങളില്‍ നല്‍കിയ സംഭാവനകള്‍ ചില്ലറയല്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങള്‍ പൂര്‍ണമായും കളിമറന്നതോടെ ടീം ഒന്ന് തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ കളി കൈവിട്ടു. നിര്‍ണായക ഘട്ടങ്ങളില്‍ ഇന്ത്യന്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വില്യം ഓറൂക്ക്, അജാസ് പട്ടേല്‍ തുടങ്ങിയവര്‍ കളിപ്പാട്ടമാക്കിയതോടെ പരാജയം സമ്പൂര്‍ണം.

ആസ്‌ട്രേലിയയിലും അമ്പേ പരാജയമായ ടീമിന് ഒരു മത്സരമെങ്കിലും ജയിക്കാനായത് ജസ്പ്രീത് ബുംറയുടെ അസാധ്യപ്രകടനത്തിന്റെ ചിറകിലേറിയത് കൊണ്ടുമാത്രം. പെര്‍ത്തിലെ ആദ്യമത്സരത്തിന് ശേഷം മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലും ടീം തകര്‍ന്നടിഞ്ഞു.



ഏറ്റവുമൊടുവിലായി സ്വന്തം നാട്ടില്‍വെച്ച് നടന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരീസില്‍ ദക്ഷിണാഫ്രിക്കയോടും ടീം ദയനീയമായി അടിയറവ് പറഞ്ഞതിന് പിന്നാലെ വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ എന്തായിരുന്നു യഥാര്‍ഥത്തില്‍ ഗംഭീറിന്റെ സമവാക്യങ്ങള്‍? സമീപകാലത്തെ ദുരന്തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ആരാണ് ഏറ്റെടുക്കാന്‍ പോകുന്നത്?

സങ്കീര്‍ണമായ സമവാക്യങ്ങളാണോ വില്ലന്‍?

ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് കൊണ്ടുവന്ന ആക്രമണോത്സുകമായ ബാറ്റിങ് തന്നെയായിരുന്നു ഗൗതം ഗംഭീറിന്റെയും തന്ത്രം. അഥവാ, ഭയമില്ലാതെ കളിക്കുക. ഗംഭീറിന്റെ പരിഷ്‌കരിച്ച തന്ത്രങ്ങളില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് അവസരമില്ലായിരുന്നു. കൂടുതലും യുവാക്കള്‍ക്കായിരുന്നു അവസരം. ടെസ്റ്റിലെ പരമ്പരാഗതമായ പ്രതിരോധത്തിന്റെ ശൈലി എടുത്തുകളയുക. തല്‍സ്ഥാനത്ത് ഒന്നിനും മടിയില്ലാത്ത, എന്തിനും പോന്ന യുവതാരങ്ങള്‍ ഗംഭീറിയന്‍ കണക്കുപുസ്തകങ്ങളില്‍ പ്രധാനികളാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ശമി, അശ്വിന്‍ പോലെയുള്ളവര്‍ക്ക് അവസരം കുറഞ്ഞതും ശുഭ്മാന്‍ ഗില്ല്, ഹര്‍ഷിത് റാണ അടക്കമുള്ളവര്‍ സ്ഥിരസാന്നിധ്യമായി മാറിയതും.

എന്നാല്‍, ആസ്‌ട്രേലിയയും ഇംഗ്ലണ്ടുമടക്കം ലോകക്രിക്കറ്റിനെ സ്വകാര്യകുത്തകയാക്കിവെച്ച ടീമുകളുമായി കിടപിടക്കാന്‍ ഈ തന്ത്രങ്ങള്‍ പര്യാപ്തമായിരുന്നോ? പരിശീലകക്കുപ്പായത്തില്‍ അധികം പരിചയസമ്പത്തില്ലാത്ത ഒരാള്‍ക്ക് പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ ടീമിനെ ഇത്രയും കാലമൊക്കെ വിട്ടുനല്‍കേണ്ടതുണ്ടായിരുന്നോ?

കുട്ടിക്ക്രിക്കറ്റ് അല്ല ടെസ്റ്റ്

എങ്ങനെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിപ്പെട്ടതെന്ന് ചിന്തിച്ചാല്‍ അയാളുടെ യോഗ്യതയറിയാവുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസിലാക്കാനാകും. പരിശീലകസ്ഥാനത്തേക്ക് ലോകപ്രശസ്തരായ നിരവധി പ്രതിഭകള്‍ അപേക്ഷ നല്‍കിയിട്ടും എന്തുകൊണ്ടാണ് ആ സ്ഥാനം ഗംഭീറിലേക്കെത്തിയതെന്ന് ചിന്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയമറിയാവുന്ന ഏതൊരാള്‍ക്കും ആശയക്കുഴമുണ്ടാകാനിടയില്ല. സമാധാനസ്നേഹികളെ തലവേദനയിലേക്ക് തള്ളിവിടുന്ന അദ്ദേഹത്തെ രാഷ്ട്രീയത്തെ നമുക്ക് മാറ്റിവെക്കാം.

ഗംഭീറിന്റെ പരീക്ഷണങ്ങള്‍ ഐപിഎല്ലില്‍ ഒരുപക്ഷേ ഫലിച്ചേക്കാം. ആക്രമണോത്സുകമായ ബാറ്റിങ് ശൈലിയും നിര്‍ഭയമായ മനോഭാവവും കുട്ടിക്ക്രിക്കറ്റില്‍ ടീമിന് മുതല്‍ക്കൂട്ടാവാനുള്ള സാധ്യതയേറെയാണ്.

എന്നാല്‍, അതിനേക്കാളുപരി ടെസ്റ്റ് ക്രിക്കറ്റില്‍ സാങ്കേതികതയും ക്ഷമയും ഒഴിച്ചുകൂടാനാവത്തതാണ്. ഗംഭീറിന്റെ തന്ത്രപ്രകാരം യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ പുതുതലമുറയ്ക്ക് കൂടുതല്‍ അവസരം നല്‍കിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയുമായി പൊരുത്തപ്പെടാനും മത്സരത്തിനിടയിലെ സമ്മര്‍ദം ഉള്‍ക്കൊള്ളാനാകാതെ പോയതും ടീമിന് തിരിച്ചടിയാവുകയായിരുന്നു. പല്ല് കൊഴിഞ്ഞ സിംഹങ്ങള്‍ക്ക് പകരം ഊര്‍ജസ്വലരായ ചെറുപ്രായക്കാരെ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമായി രോഹിത്ത് ശര്‍മ, വിരാട് കോഹ്ലിയടക്കമുള്ള മുതിര്‍ന്ന താരങ്ങളെ വിമര്‍ശിച്ച് ഒതുക്കാനുള്ള ശ്രമങ്ങള്‍ കൂടിയായതോടെ ടീമിന്റെ നട്ടെല്ല് തന്നെ തകര്‍ന്നുതരിപ്പണമാവുകയും ചെയ്തു.

ബാറ്റ്‌സ്മാന്‍മാരില്‍ ആവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ ടീമില്‍ ആളില്ലാതായി. സ്പിന്‍ ബോളുകളെ അനായാസം നേരിടുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണുതുടങ്ങിയതും ഗംഭീര്‍ പരിശീലകനായതിന് ശേഷം. ന്യൂസിലാന്‍ഡിലെ പുതുമുഖങ്ങളായ സ്പിന്നര്‍മാര്‍ പോലും നിഷ്പ്രയാസം ടീമിനെ കശക്കിയെറിയുകയായിരുന്നു. അതോടൊപ്പം, ബാറ്റിനും വിക്കറ്റിനുമിടയില്‍ ഷോര്‍ട്ട് ബോളുകളില്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച് കോഹ്ലി നിരന്തരം കൂടാരം കയറിയതും ടെസ്റ്റ് ടീമിന്റെ അധപതനത്തിലേക്ക് വേഗം കൂട്ടി.

ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ബാറ്റിങ് കോച്ചെന്ന് പറയാന്‍ ടീമിന് ആരുമില്ലായിരുന്നു. ബാറ്റര്‍മാരില്‍ സ്ഥിരത വെല്ലുവിളിയുയര്‍ത്തിയതോടെ സിറ്റിങ് കോച്ചായി അബ്ദുല്‍ സമദിനെ ടീമിലേക്കെത്തിച്ചു. ബാറ്റര്‍മാരുടെ ശാരീരികക്ഷമതയും സാങ്കേതികമികവും പരിശോധിക്കുന്നതിനായി ഇതുവരെ ബാറ്റിങ് ക്യാമ്പ് പോലും നടത്തിയില്ല. ടെക്നിക്കല്‍ പിഴവുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുന്നതിന് പകരം മാനസികകരുത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആശയമുദിക്കുന്നത് ഗംഭീറിന്റെ പരിശീലനത്തിന് കീഴിലാണ്.

കോച്ചെന്ന നിലയിലെ പാകപ്പിഴകളാണ് ഇതുവരെയും പറഞ്ഞിരുന്നതെങ്കില്‍ ടീം സെലക്ഷന്‍ പ്രക്രികയകളും തകിടം മറിയുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.

ടീമിന്റെ ആള്‍റൗണ്ട് മികവ് കാണിക്കുന്നതിനായി വാഷിങ്ടണ്‍ സുന്ദറിനെ മൂന്നാം സ്പിന്നറായി കളിപ്പിക്കാനുള്ള തീരുമാനത്തോടെ പരിചയസമ്പന്നരായ അശ്വിന്‍- ജഡേജ ജോഡിയ്ക്ക് പകരക്കാരുടെ ബെഞ്ചിലേക്ക് വഴി തെളിച്ചു. ന്യൂസിലാന്‍ഡിനെതിനെതിരായ പരമ്പരയില്‍ ആതിഥേയരെന്ന ആനുകൂല്യം മുതലെടുക്കുന്നതിന് പകരം മൂന്ന് പേസര്‍മാരെ കളിപ്പിച്ച് സ്പിന്‍ ആക്രമണം ദുര്‍ബലമാക്കി. ഇതൊന്നും കൂടാതെ, ജഡേജ, ബുംറ അടക്കമുള്ള പരിചയസമ്പന്നരായ താരങ്ങളുണ്ടായിട്ടും രോഹിത്തിന്റെ അഭാവത്തില്‍ നായകപദവി ഗംഭീര്‍ ഏല്‍പ്പിക്കുന്നത് പുതുമുഖമായ ശുഭ്മാന്‍ ഗില്ലിനെ.

നിര്‍ഭാഗ്യത്തിന്റെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുന്നില്ലേ?

രാഷ്ട്രീയവും ഓണ്‍ലൈന്‍ വിമര്‍ശകരും പിച്ചൊരുക്കിയ മൈതാനത്ത് ഗംഭീറിന്റെ ബോള്‍ഡ് ഡെസിഷനുകളായിരുന്നു ഇവയെല്ലാമെന്നാണ് മിക്കയാളുകളുടെയും നിരീക്ഷണം. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള ചവിട്ടുപടിയില്‍ വര്‍ത്തമാനത്തില്‍ പിടഞ്ഞുവീണ നീലപ്പടയെ അല്ലാതെ ഗംഭീറിന്റെ കീഴില്‍ ആര്‍ക്കെങ്കിലും കാണാനാകുന്നുണ്ടോ? ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ ടീം മറക്കാനാഗ്രഹിക്കുന്ന സീസണുകള്‍ നിര്‍ഭാഗ്യത്തിന്റെ പിച്ചില്‍ കുത്തിത്തിരിയുമ്പോഴും ഗംഭീര്‍ പറയുന്നത് ഇതൊരു പ്രക്രിയയാണ്. സമയം വേണമെന്നാണ്.

എന്നാല്‍, വിജയതീരത്തോടടുക്കാന്‍ നീലപ്പടയ്ക്ക് ഇനിയുമെത്ര കാലം വേണ്ടിവരുമെന്നാണ് അദ്ദേഹം കരുതുന്നത്? ഇതിനോടകം തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പ്രതീക്ഷകളൊക്കെയും അസ്തമിച്ചിരിക്കുകയാണ്.

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ സുവര്‍ണകാലത്തെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളുടെ ഭാഗമായിരുന്നിരിക്കാം. ഐപിഎല്ലില്‍ തന്റെ ടീമിനെ കിരീടത്തിലേക്ക് നയിച്ചിട്ടുമുണ്ടാകാം. പക്ഷേ, ടെസ്റ്റ് ക്രിക്കറ്റില്‍ പരിശീലകക്കുപ്പായത്തില്‍ അദ്ദേഹം ഇതിനോടകം പരാജയമായിരിക്കുന്നുവെന്ന് പറയാതിരിക്കാനാവില്ല. ഏറെ പ്രതീക്ഷയോടെ അദ്ദേഹത്തെ ഏല്‍പിച്ച ടെസ്റ്റ് ടീമിനെ തിരികെ വാങ്ങിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. കാരണം, അയാളുടെ മന്ത്രങ്ങള്‍ കേള്‍ക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ ഇനിയും ക്ഷമ കാണിച്ചെന്നു വരില്ല. ഫലം കാണിക്കണം, അല്ലെങ്കില്‍ മാറിനില്‍ക്കണം. അത്ര തന്നെ.

TAGS :

Next Story