Quantcast

വെള്ളാപ്പള്ളി, ഇടതുപക്ഷം, ഇസ്‍ലാമോഫോബിയ

വെള്ളാപ്പള്ളിക്കെതിരേയുള്ള പ്രസ്താവനയിലെ മാര്‍ദ്ദവം സിപിഎമ്മിലെ ഒരു ചെറു ന്യൂനപക്ഷത്തെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. അതുപോലും സൈദ്ധാന്തിക തലത്തിലാണ്. അവരെ എങ്ങനെ ഒതുക്കിനിര്‍ത്താമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. സിപിഎമ്മിന്റെ ഇസ്ലാമോഫോബിയയെ മറികടക്കാനുള്ള ആര്‍ജ്ജവമൊന്നും സിപിഎമ്മിന്റെ ആഭ്യന്തര വിമര്‍ശകര്‍ക്കില്ലെന്നുവേണം കരുതാന്‍.

MediaOne Logo
വെള്ളാപ്പള്ളി, ഇടതുപക്ഷം, ഇസ്‍ലാമോഫോബിയ
X

വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വംശീയപരാമര്‍ശങ്ങള്‍ക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. വിവിധ സംഘടനാ-പാര്‍ട്ടി നേതാക്കള്‍ വെള്ളാപ്പള്ളിക്കെതിരേ പ്രതിഷേധിച്ചു. അതില്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ പ്രസ്താവന വേറിട്ടുനില്‍ക്കുന്നതായിരുന്നു. പ്രസ്താവനയിലെ പ്രധാന പോയിന്റുകള്‍ ഇതാണ്: കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുയര്‍ത്തി മുന്നോട്ടുപോവുകയാണ്. മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂനപക്ഷ അവകാശങ്ങളെ സിപിഎം കാണുന്നത്. സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയെന്നത് കോര്‍പ്പറേറ്റ് താല്പര്യമാണ്. എല്ലാതരം വര്‍ഗീയതകളേയും ചെറുക്കണം. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളും ആര്‍ക്കും അവതരിപ്പിക്കാം എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുത്.

വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമുദായത്തിന്റെ ശരിയായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും എന്നാല്‍ അതിന്റെ ഭാഷ ഇങ്ങനെയല്ല വേണ്ടതെന്ന ഉപദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ പേര് പ്രസ്താനവയില്‍ സൂചിപ്പിച്ചിട്ടില്ല. വിവിധ വര്‍ഗീയതകള്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന നിരീക്ഷണങ്ങളും പ്രസ്താവന ഉയര്‍ത്തുന്നു. വെള്ളാപ്പള്ളിയുടെ പേരെടുത്തുപറയാതെയുള്ള ഈ പ്രസ്താവനക്കെതിരേ കടുത്ത വിമര്‍ശനം പൊതുസമൂഹത്തില്‍നിന്നുമാത്രമല്ല, പാര്‍ട്ടി പക്ഷപാതികളില്‍നിന്നും ഉണ്ടായി. കെ.ടി കുഞ്ഞിക്കണ്ണനെപ്പോലുള്ളവര്‍ പാര്‍ട്ടിയെ പേരെടുത്തു പറയാതെ ഗുരുദര്‍ശനം ഓര്‍മിപ്പിച്ചു. അശോകന്‍ ചരുവിലിനെപ്പോലുള്ളവര്‍ ചില കഥകള്‍ ഓര്‍ത്തെടുത്തെഴുതി. വെള്ളാപ്പള്ളിയുടെ പേരെടുത്തു പറയാത്തതിനെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബിനെപ്പോലുള്ളവരും ഉണ്ടായിരുന്നു. അതൊക്കെ നല്ല കാര്യങ്ങളാണ്.

എന്തുകൊണ്ടായിരിക്കും തങ്ങളുടെ പ്രസ്താവനയില്‍ സിപിഎം വെള്ളാപ്പള്ളിയെ പേരെടുത്തു വിമര്‍ശിക്കാതിരുന്നതെന്ന് ആലോചിക്കുന്നത് ഈ ഘട്ടത്തില്‍ പ്രധാനമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ യുക്തിയുടെയും കേരളത്തില്‍ ശക്തിപ്രാപിക്കുന്ന ഇസ്ലാമോഫോബിയയുടെയും പശ്ചാത്തലത്തില്‍ വേണം ഇത് പരിശോധിക്കേണ്ടത്. ഒപ്പം അവര്‍ണക്കിടയില്‍, പ്രത്യേകിച്ച് ഈഴവര്‍ക്കിടയില്‍ വേരോടുന്ന ഹിന്ദുത്വവല്‍ക്കരണത്തിന്റെ യുക്തികളെയും പരിശോധനാവിധേയമാക്കണം.

കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളെയും സിപിഎം നേരിട്ടത് ഇസ്ലാമോഫോബിക് യുക്തികള്‍ ഉപയോഗിച്ചുകൊണ്ടാണെന്ന് നമുക്കറിയാം. പൊതുതിരഞ്ഞെടുപ്പ് മാത്രമല്ല, രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജികളില്‍ പ്രധാനം ഇസ്ലാമോഫോബിക് പ്രചാരണങ്ങളായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ മുന്‍നിര്‍ത്തിയായിരുന്നു അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുസലിം ഉള്ളടക്കമുള്ള മിക്കവാറും പാര്‍ട്ടികള്‍ നിലവില്‍ സിപിഎമ്മിനെ കയ്യൊഴിഞ്ഞുകഴിഞ്ഞു. പലരും എതിര്‍പക്ഷത്ത് ചേക്കേറിക്കഴിഞ്ഞിട്ടുമുണ്ട്. ഏതാനും ചില സംഘടനകള്‍ മാത്രമാണ് സിപിഎമ്മിന്റെ പക്ഷത്ത് അവശേഷിക്കുന്നത്. മുസ്ലിംകളിലെ ഭൂരിഭാഗം സംഘടനകളുടെയും പിന്തുണ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നു മാത്രമല്ല, തങ്ങളെ പിന്തുണച്ചിരുന്ന അവര്‍ണ വിഭാഗങ്ങളിലെ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നുവെന്നുകൂടി കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സിപിഎം മനസ്സിലാക്കിയിട്ടുണ്ട്.

അങ്ങനെ നോക്കുമ്പോള്‍ സിപിഎമ്മിന്റെ മുന്നില്‍ രണ്ട് സാധ്യകളാണ് ഉണ്ടായിരുന്നത്. മുസ്ലിം ജനസമൂഹത്തിന്റെ വോട്ടുകള്‍ ലഭിക്കാന്‍ ലീഗിനെപ്പോലുള്ള പാര്‍ട്ടികളുമായി മല്‍സരിക്കണോ അതോ ഹിന്ദു വോട്ടുകള്‍ നേടിയെടുക്കാന്‍ സംഘപരിവാറുമായി മല്‍സരിക്കണോ? രാജ്യത്ത് നിലനില്‍ക്കുന്ന ഇസ്ലാമോഫോബിക് അന്തരീക്ഷത്തില്‍ സംഘപരിവാറുമായി മല്‍സരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇസ്ലാമോഫോബിയയില്‍ മുഖമൊളിപ്പിക്കുന്നത്.

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍നിന്ന് ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. സവര്‍ണ വോട്ടുകള്‍ ഭൂരിഭാഗവും ബിജെപിയുടെ പെട്ടിയിലാണ് വീണിട്ടുള്ളത്. ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ അതിന്റെ വ്യാപ്തി കൂടാനെ ഇടയുള്ളൂ. പിന്നെയുള്ളത് പിന്നാക്ക- ദലിത് വോട്ടുകളാണ്. ഇതില്‍ ദലിത് വോട്ടുകളില്‍ കാര്യമായ വിള്ളലുകളുണ്ടാക്കാന്‍ ഇന്നും സംഘപരിവാറിന് കഴിഞ്ഞിട്ടില്ലെന്നാണ് പല കണക്കുകളും വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല, ദലിത് ബുദ്ധിജീവികള്‍ മാത്രമല്ല, സമുദായ നേതൃത്വങ്ങളും ഇന്നും ഹിന്ദുത്വത്തിന്റെ കടുത്ത വിമര്‍ശകരാണ്-ഉദാഹരണം കെപിഎംഎസ്സും പുന്നല ശ്രീകുമാറും.ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെയും അതിനോടുള്ള സിപിഎമ്മിന്റെ പ്രതികരണത്തേയും കാണേണ്ടത്. ഘടനാപരമായി ബ്രാഹ്‌മണിസത്തിനു പുറത്താണ് പിന്നാക്കക്കാരുടെ സ്ഥാനമെന്നത് ശരിയായിരിക്കുമ്പോള്‍ത്തന്നെ ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയം പിന്നാക്കക്കാരില്‍ സജീവമാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ കളഞ്ഞുകുളിച്ചുപോലും ഇസ്ലാമോഫോബിക് രാഷ്ട്രീയം ഉർത്തുന്നതില്‍ അവര്‍ ബദ്ധശ്രദ്ധരുമാണ്.

സിപിഎമ്മിന്റെ പ്രസ്താവന പ്രധാനപ്പെട്ട ഒരു കള്ളം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. വെള്ളാപ്പള്ളി ഈഴവ ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങളാണ് തന്റെ പ്രസംഗത്തില്‍ അവതരിപ്പിച്ചതെന്നാണ് ആ കള്ളം. അതിന്റെ ഭാഷയോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും പ്രസ്താവന പറയുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു കള്ളമാണ്. തീര്‍ച്ചയായും വെള്ളാപ്പള്ളിയില്‍ ചില സങ്കീര്‍ണതകള്‍ എല്ലാ കാലത്തുമുണ്ടായിരുന്നുവെന്നും സുകുമാരന്‍നായര്‍ വിമര്‍ശിക്കപ്പെടാത്തിടത്ത് വെള്ളാപ്പള്ളി വിമര്‍ശിക്കപ്പെടാറുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ കണ്ടുകൊണ്ടുതന്നെയാണ് ഇത് പറയുന്നത്. കുറേകാലമായി വെള്ളാപ്പള്ളി സമുദായതാല്‍പ്പര്യത്തില്‍നിന്ന് ബഹുദൂരം അകലെയാണ്. സവര്‍ണ സംവരണം പോലുള്ള അനീതികള്‍ എസ്എന്‍ഡിപി നേരിട്ടെതിര്‍ത്താല്‍ തീര്‍ക്കാവുന്നതേയുണ്ടായിരുന്നുള്ളു എന്ന് ആര്‍ക്കുമറിയാം. എന്നാല്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കുന്ന എസ്എന്‍ഡിപിക്ക് അതിനുള്ള കെല്‍പ്പില്ല. അതിലെ അണികള്‍ വെള്ളാപ്പള്ളിയെ മറികടക്കാനുള്ള ആര്‍ജ്ജവം ഇതുവരെ പ്രകടിപ്പിച്ചിട്ടുമില്ല. അതിനര്‍ത്ഥം എസ്എന്‍ഡിപിയെ തള്ളണമെന്നല്ല, ശക്തമായ ആശയസംഘര്‍ഷങ്ങള്‍ എസ്എന്‍ഡിപിയില്‍ ഇനിയും ഉയര്‍ന്നുവരേണ്ടിയിരിക്കുന്നുവെന്നാണ്.

ഇന്ന് വെള്ളാപ്പള്ളി സമുദായ താല്‍പ്പര്യത്തിന്റെ മറപിടിച്ച് ഉന്നയിക്കുന്നവ വംശീയമായ വെറുപ്പുമാത്രമാണ്. തെറ്റായ ശത്രുക്കളെയാണ് വെള്ളാപ്പളളി അവതരിപ്പിക്കുന്നത്. അല്ലെങ്കില്‍ മുസ്ലിംകളാണോ ഈഴവ സമുദായത്തിന്റെ സാധ്യതകളെ ഇരുട്ടിലാക്കിയത്?

ഈഴവരുടെ അധോഗതിക്കു പിന്നില്‍ ഇടതു-വലതു വ്യത്യാസമില്ലാതെ പയറ്റുന്ന സവര്‍ണപക്ഷ രാഷ്ട്രീയവും ഹിന്ദുത്വപ്രത്യയശാസ്ത്രവുമാണെന്ന കാര്യമാണ് വെള്ളാപ്പള്ളി മറച്ചുവയ്ക്കുന്നത്. അതായത് യഥാര്‍ത്ഥ പ്രശ്‌നത്തെ ഇസ്ലാമോഫോബിക് മുഖംമൂടിയോടെ അവതരിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഈഴവ താല്‍പ്പര്യമെന്ന മട്ടില്‍ വെള്ളാപ്പള്ളി വിറ്റഴിക്കുന്നത് ഇസ്ലാമോഫോബിയയാണ്. ഇത് അറിഞ്ഞില്ലെന്ന് നടിക്കുകയാണ് സിപിഎമ്മിന്റെ പ്രസ്താവന ചെയ്യുന്നത്.

നേരിട്ടുള്ള വിമര്‍ശനം ഒഴിവാക്കാന്‍ മാത്രം വെള്ളാപ്പള്ളി ഈഴവ സമുദായത്തില്‍ ശക്തനാണോ? യുക്തിപരമായി ആലോചിച്ചാല്‍ അല്ല എന്നതാണ് സത്യം. എന്നിട്ടും വെള്ളാപ്പള്ളി വിമര്‍ശനത്തിന് സിപിഎം മടിക്കുന്നതെന്തിന്? വെള്ളാപ്പള്ളി യഥാര്‍ത്ഥത്തില്‍ മുസ്ലിംവിരുദ്ധ വംശീയതയുടെ കേരളത്തിലെ പ്രധാന മുഖമാണ്. കേരളത്തില്‍ ഇന്ന് പലരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതാണ് വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളാപ്പള്ളി പറയുന്നത് ശരിണെന്ന് വിശ്വസിക്കുന്നവര്‍ സിപിഎമ്മില്‍പ്പോലുമുണ്ട്. ദശാബ്ദങ്ങളായി ബിജെപിയും ആര്‍എസ്എസ്സും പറഞ്ഞുകൊണ്ടിരിക്കുന്ന യുക്തികളാണ് വെള്ളാപ്പള്ളിയും പറയുന്നത്. വെള്ളാപ്പള്ളിയെ തള്ളുകയെന്നാല്‍ ഈ യുക്തിയെ തള്ളുകയെന്നാണ്. അത് സിപിഎമ്മിന് സാധ്യമല്ല. ഈ പ്രസ്താവനയില്‍പ്പോലും സിപിഎം ആ കയ്യടക്കം കാണിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയെ തള്ളിയാല്‍ ഇസ്ലാമോഫോബിയയെ ഇന്ധനമാക്കി വളരുന്ന ബിജെപിക്ക് അവസരം കൊടുക്കലായിരിക്കും ഫലമെന്ന് സിപിഎം കരുതുന്നു. അതിനവര്‍ തയ്യാറല്ല.

വെള്ളാപ്പള്ളിക്കെതിരേയുള്ള പ്രസ്താവനയിലെ മാര്‍ദ്ദവം സിപിഎമ്മിലെ ഒരു ചെറു ന്യൂനപക്ഷത്തെ അലോസരപ്പെടുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. അതുപോലും സൈദ്ധാന്തിക തലത്തിലാണ്. അവരെ എങ്ങനെ ഒതുക്കിനിര്‍ത്താമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. സിപിഎമ്മിന്റെ ഇസ്ലാമോഫോബിയയെ മറികടക്കാനുള്ള ആര്‍ജ്ജവമൊന്നും സിപിഎമ്മിന്റെ ആഭ്യന്തര വിമര്‍ശകര്‍ക്കില്ലെന്നുവേണം കരുതാന്‍.

TAGS :

Next Story