സ്വതന്ത്ര തിരുവിതാംകൂറും വെള്ളാപ്പള്ളിയുടെ എസ്എൻഡിപിയും
‘ഇന്ത്യൻ ദേശീയതയെ മുറിപ്പെടുത്തിയ പാർട്ടിയെന്ന് ലീഗിനെ കുറ്റപ്പെടുത്തുന്നവർ, സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് ഇന്ത്യൻ യൂണിയനോട് എസ്എൻഡിപിക്കും വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ കൂട്ടുകാരായ ഹിന്ദുത്വര്‍ക്കും അവസരവാദികളായ അവരുടെ നേതാക്കള്‍ക്കും എന്ത് നിലപാടാണ് ഉണ്ടായിരുന്നതെന്നത് കൂടി പരിശോധിക്കുമ്പോഴാണ് ഇത്തരം വിതണ്ഡാവാദങ്ങളുടെ ഉള്ളിലിരിപ്പ് പുറത്തുവരിക - ബാബുരാജ് ഭഗവതി എഴുതുന്നു

- Published:
19 May 2026 11:06 AM IST

വെള്ളാപ്പള്ളി നടേശൻ
'മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല' എന്ന ശീര്‍ഷകത്തില്‍ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ 'യോഗനാദ'ത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. മെയ് 17 ന് കേരളകൗമുദി ദിനപത്രം അത് എഡിറ്റ് പേജില്‍ അച്ചടിച്ചു. അധികാരക്കസേരകള്‍ ഉറപ്പായതോടെ മുസ്‍ലിം ലീഗില്‍നിന്ന് അപകടകരമായ ചില സൂചനകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്: എസ്എന്‍ഡിപിയെയും എന്‍എസ്എസിനെയും ലീഗ് ആക്രമിക്കുന്നു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെ വര്‍ഗീയവാദിയെന്നു വിളിച്ചു. തെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണ് ഇവരുടെ ശ്രമം. ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാര്‍ കലാപത്തിന്റെ നാട്ടിലാണ് മുസ് ലിം ലീഗ് വളര്‍ന്ന് പന്തലിച്ചത്. മലബാര്‍- മാറാട് കലാപങ്ങള്‍ കേരളം മറന്നിട്ടില്ല. മറക്കാനും സാധിക്കില്ല. ആ കലാപത്തിന്റെ പിന്നിലെ കൈകള്‍ ആരുടേതാണെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യയെ മതപരമായി വിഭജിക്കാന്‍ മുന്നില്‍ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്‌ലിം ലീഗ്. അതില്‍ കൂടുതല്‍ ഡെക്കറേഷനൊന്നും ലീഗിന് വേണ്ട- എന്നൊക്കെ പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത് (യോഗനാദം 2026 മേയ് 16 ലക്കം എഡിറ്റോറിയല്‍).
ഇന്ത്യയെ മതപരമായി വിഭജിക്കാന്‍ മുന്നില്‍ നിന്ന അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്‌ലിം ലീഗ്- എന്ന വെള്ളാപ്പള്ളി നടേശന്‍ അവസാനം പറഞ്ഞ വാദമാണ് ഈ കുറിപ്പ് പരിശോധിക്കുന്നത്. എങ്കിലും വെള്ളാപ്പള്ളി പറഞ്ഞതിലെ ശരിതെറ്റുകളിലല്ല, നമുക്ക് താത്പര്യം. നിരവധി പേര്‍ അത് പല രീതിയില്‍ വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ഇപ്പോള്‍ നടക്കുന്നത് അതിന്റെ തനിയാവര്‍ത്തനം മാത്രമാണ്. ചരിത്രത്തില്‍ ഇതേ ആരോപണം നേരിട്ട സംഘടനയുടെ നേതാവാണ് വെള്ളാപ്പള്ളിയെന്നും അതിന്റെ ചരിത്രസാഹചര്യമെന്തായിരുന്നുവെന്നതിലുമാണ് നമുക്ക് താല്‍പര്യം. ചരിത്രം ചൂണ്ടിക്കാട്ടി എസ്എന്‍ഡിപിയെ കുറ്റപ്പെടുത്താന്‍ നാം ഉദ്ദേശിക്കുന്നില്ല. മറിച്ച് വെള്ളാപ്പള്ളിയുടെ ചരിത്രജ്ഞാനത്തിന്റെ പരിമിതി ചൂണ്ടിക്കാട്ടുക മാത്രമാണ് ലക്ഷ്യം. അതുവഴി ചരിത്രം മറക്കരുതെന്ന് ഓര്‍മപ്പെടുത്തലും നമ്മുടെ ലക്ഷ്യമാണ്. ഒരുവേള അതുമാത്രമാണ് നമ്മുടെ ഉദ്ദേശ്യം.
രാജ്യത്തെ വിഭജിച്ച സംഘടനയാണ് ലീഗ് എന്നാണ് വെള്ളാപ്പള്ളി ആരോപിക്കുന്നത്. അതിന്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്‌ലിം ലീഗിനെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിനുശേഷം സംഘപരിവാറും രാജ്യത്തെ ദേശീയവാദികളും വ്യവസ്ഥാപിതമായി വികസിപ്പിച്ചുകൊണ്ടുവന്ന ഒരു ആരോപണമാണ് ഇത്. ഇന്ത്യന്‍ ഇസ്ലാ മോഫോബിയയുടെ ഒരു പൊതുരീതിയാണ് ഇത്. ഈ ആരോപണമാണ് വെള്ളാപ്പള്ളിയും ഈ കുറിപ്പിലൂടെ ഉയര്‍ത്തുന്നത്.
എന്നാല്‍ ഇന്ത്യന്‍ ദേശീയതയെ മുറിപ്പെടുത്തിയ പാര്‍ട്ടിയെന്ന് ലീഗിനെ കുറ്റപ്പെടുത്തുന്ന വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എസ്എന്‍ഡിപിക്ക് ഇന്ത്യന്‍ യൂണിയനോടുള്ള സമീപനമെന്തായിരുന്നുവെന്നും അതിനോട് വെള്ളാപ്പള്ളി നടേശന്റെ ഇപ്പോഴത്തെ കൂട്ടുകാരായ ഹിന്ദുത്വര്‍ക്കും അവസരവാദികളായ അവരുടെ നേതാക്കള്‍ക്കും എന്തു നിലപാടാണ് ഉണ്ടായിരുന്നതെന്നും പരിശോധിക്കുമ്പോഴാണ് ഇത്തരം വിതണ്ഡാവാദങ്ങളുടെ ഉള്ളിലിരിപ്പ് പുറത്തുവരിക. അത് മനസ്സിലാക്കണമെങ്കില്‍ സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള എസ്എന്‍ഡിപിയുടെയും തിരുവിതാംകൂറിന്റെയും ചരിത്രം പരിശോധിക്കണം.
സ്വതന്ത്ര തിരുവിതാംകൂര്‍: കോണ്‍ഗ്രസ്സുകാരും ഹിന്ദുത്വരും
ബ്രിട്ടീഷ് ഗവണ്‍മെന്റ് 1946 മാര്‍ച്ചില്‍തന്നെ ഒരു കാബിനറ്റ് മിഷനെ ഇന്ത്യയിലേക്കയച്ചു. മേയ് 5ന് സിംലയില്‍ യോഗം ചേര്‍ന്നു. പല ഘട്ടത്തിലുള്ള ചര്‍ച്ചകള്‍ക്കുശേഷം അധികാരക്കൈമാറ്റം അനിവാര്യമാണെന്ന് കൊളോണിയല്‍ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. 1947 ജൂണില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി കോമണ്‍സ് സഭയില്‍ ഇന്ത്യന്‍ വിഭജനം അനുവാര്യമാണെന്ന് പ്രഖ്യാപിച്ചു. ജൂണ്‍ 4ന് അതുസംബന്ധിച്ച പത്രസമ്മേളനം നടത്തി. 1947 ആഗസ്റ്റ് 15ാം തിയ്യതി അധികാരക്കൈമാറ്റം നടക്കുമെന്ന് വൈസ്രോയിയും പത്രസമ്മേളനം വിളിച്ച് മാധ്യമങ്ങളെ അറിയിച്ചു. അത് ഏത് രീതിയില്‍ വേണമെന്ന് തീരുമാനിക്കേണ്ടത് ഇന്ത്യക്കാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അസ്തമിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. കാര്യങ്ങള്‍ അധികാരക്കൈമാറ്റത്തിലേക്ക് നീങ്ങുകയാണെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ മനസ്സിലാക്കി. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സിപിയും അത് തിരിച്ചറിഞ്ഞു. ഇന്ത്യ സ്വതന്ത്രമാകുന്നതോടെ ബ്രിട്ടീഷ് ഇന്ത്യയും നാട്ടുരാജ്യങ്ങളും സ്വതന്ത്രമാകും. അതോടെ നാട്ടുരാജ്യങ്ങളുമായി ബ്രിട്ടീഷുകാര്‍ ഒപ്പുവച്ചിരുന്ന ഉടമ്പടികള്‍ അസാധുവാകും. ആ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ 'അമേരിക്കന്‍ മോഡല്‍' ഭരണസമ്പ്രദായം സ്വീകരിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ തനിച്ച് നില്‍ക്കുമെന്ന് സര്‍ സിപി പ്രഖ്യാപിച്ചു. അതിനാവശ്യമായ ചില ഭരണപരിഷ്‌കാര നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. ഇന്ത്യന്‍ നേതാക്കള്‍ക്ക് ഇതിനോട് സമ്മിശ്രപ്രതികരണമായിരുന്നു. കോണ്‍ഗ്രസ് എതിര്‍ത്തു. എന്നാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോജിപ്പായിരുന്നു. അവര്‍ തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിച്ചു. ഹൈന്ദവ നേതാക്കളായിരുന്നു ഇതിനോട് യോജിപ്പുപ്രകടിപ്പിച്ച മറ്റൊരു കൂട്ടര്‍. സിപിയുടെ നിര്‍ദേശത്തോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. പുന്നപ്ര-വയലാറില്‍ വെടിമുഴങ്ങിയത് ഈ സാഹചര്യത്തിലാണ്.
സര്‍ സിപിയെ അനുകൂലിച്ച ദേശീയതലത്തിലെ മൂന്ന് നേതാക്കളുടെ പേരുകള്‍ മാത്രം ഇവിടെ പരാമര്‍ശിക്കട്ടെ. അതിലൊരാള്‍ ബാലസാഹെബ് ഗംഗാധര്‍ ഖേര്‍ ആണ്. മറ്റൊരാള്‍ കെ.എം മുന്‍ഷി. ഖേര്‍ കോണ്‍ഗ്രസ്സുകാരനായിരുന്നു. ബോംബെ പ്രവിശ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു (1937). മുന്‍ഷി നിയമനിര്‍മാണ സഭയില്‍ അംഗവും കേന്ദ്രമന്ത്രിയുമായി. പില്‍ക്കാലത്ത് ജനസംഘം നേതാവായി.
സിപിയുടെ നിലപാടിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച മറ്റൊരാള്‍ ഹിന്ദുത്വ ആശയധാരയുടെ വക്താവായ സവര്‍ക്കറാണ്. അതെ ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായ 'വീര്‍' സവര്‍ക്കര്‍ തന്നെ. ഇന്ത്യയെ പ്രതിരോധിക്കാനുള്ള ആയുധമായാണ് സവര്‍ക്കര്‍ സ്വതന്ത്രതിരുവിതാംകൂര്‍ വാദത്തെ കണ്ടത്. 1947 ജൂണ്‍ 19ാം തിയ്യതി സിപിക്കയച്ച കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി: ഹൈദരാബാദ് നിസാമും മറ്റ് മുസ്ലിം ഭരണാധികാരികളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു മുസ്ലിം സംസ്ഥാനങ്ങളും അങ്ങനെ ചെയ്യാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന ഹിന്ദു രാജ്യങ്ങള്‍ക്കും അതേ അവകാശങ്ങളുണ്ട്... ഹിന്ദു സംസ്ഥാനമായ തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള മഹാരാജാവിന്റെ തീരുമാനത്തെ പിന്തുണക്കുന്നു.' ഇക്കാലത്ത് സര്‍ സിപിയുടെ അപദാനങ്ങള്‍ രാജ്യത്താകമാനം മുഴങ്ങിക്കേട്ടുവെന്നാണ് ചില എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബ്രിട്ടീഷുകാര്‍ ഒഴിഞ്ഞുപോയശേഷം രൂപീകരിക്കുന്ന ഒരു ഡൊമിനിയനിലും ചേരേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചതായി 1947 ജൂണ്‍ 11ാം തിയ്യതി തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ് നോട്ടിലൂടെ വ്യക്തമാക്കി. തിരുവിതാംകൂറിന് ഒരു സ്വതന്ത്രരാഷ്ട്രപദവിയാണ് രാജാവും ദിവാനും വിഭാവനം ചെയ്തത്. അതേസമയം കേന്ദ്രസര്‍ക്കാരുമായി സൗഹാര്‍ദ്ദവും വാഗ്ദാനം ചെയ്തു. 1947 ജൂണില്‍ നടന്ന ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധിജി എല്ലാ നാട്ടുരാജക്കന്മാരോടും ഇന്ത്യയില്‍ ചേരണമെന്ന് അഭ്യര്‍ത്ഥിച്ചു. തിരുവിതാംകൂറിന്റെ 'സ്വതന്ത്രതിരുവിതാംകര്‍ വാദ'ത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
1947 ജൂലൈ 20, 22 തിയതികളില്‍ സിപി, വൈസ്രോയിയെയും അദ്ദേഹത്തിന്റെ ഉപദേശകന്‍ വി.പി മേനോനെയും ഡല്‍ഹിയില്‍ പല വട്ടം സന്ദര്‍ശിച്ചു. ജൂലൈ 25ന് വൈസ്രോയി നാട്ടുരാജ്യങ്ങളുടെ ഒരു സമ്മേളനം വിളിച്ചുചേര്‍ത്തു. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരവിഷയത്തില്‍ ഇടപെടില്ലെന്ന കരാറിന്‍പടി ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വൈസ്രോയി നിര്‍ദേശിച്ചു. താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തു. സിപിയും മറ്റ് നാട്ടുരാജ്യങ്ങളും ഈ നിര്‍ദേശത്തോട് യോജിച്ചു. സംയോജനപ്രമാണത്തിന്റെ പകര്‍പ്പുമായാണ് സര്‍ സിപി അത്തവണ ഡല്‍ഹിയില്‍നിന്ന് മടങ്ങിയെത്തിയത്. രാജാവിനെ കണ്ട് ഒപ്പിടുവിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അതിനുമുമ്പ് സിപിക്ക് നേരെ ആക്രമണം നടന്നു. ദിവാന്‍പദം ഉപേക്ഷിച്ച് സിപി നാടുവിട്ടു.
എസ്എന്‍ഡിപിയും എന്‍എസ്എസും
അമേരിക്കന്‍ മോഡല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി 1946 ജനുവരി 16ാം തിയ്യതി പുറപ്പെടുവിച്ച പ്രസ് കമ്മ്യൂണിക്കെയില്‍ നടപ്പാക്കാന്‍ പോകുന്ന ഭരണപരിഷ്‌കാരത്തെക്കറിച്ച സൂചനയുണ്ടായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശവും സമുദായങ്ങള്‍ക്ക് സംവരണത്തോടുകൂടിയ നിയമസഭയുമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പുതിയ ഭരണപരിഷ്‌കാരത്തില്‍ ദിവാന് സവിശേഷമായ അധികാരം വിഭാവനം ചെയ്തിരുന്നു. പരിഷ്‌കാരങ്ങള്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് തള്ളിക്കളഞ്ഞുവെങ്കിലും എസ്എന്‍ഡിപി യോഗം വിയോജിപ്പുകളോടെ അംഗീകരിച്ചു. പരിഷ്‌കാരങ്ങളിലെ ചില അംശങ്ങള്‍ ഈഴവര്‍ക്ക് ഗുണംചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍: ''ഗ്രേറ്റ് ബ്രിട്ടനില്‍ നടപ്പില്‍ ഇരിക്കുന്നതും ബ്രിട്ടീഷിന്ത്യയിലും ചില നാട്ടുരാജ്യങ്ങളിലും ക്രമേണ വികസിച്ചുവരുന്നതുമായ, നിയമസഭാ വോട്ടുമൂലം മാറ്റപ്പെടാവുന്ന മന്ത്രിസഭയോടുകൂടിയ ഉത്തരവാദഭരണസമ്പ്രദായമല്ല, ഇപ്പോഴത്തെ പ്രഖ്യാപനത്തില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും ഗവണ്‍മെന്റിന്റെയും പൊതുജനങ്ങളുടെയും ആത്മാര്‍ത്ഥമായ പരസ്പരവിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനംമൂലം നിര്‍ദ്ദി്ഷ്ടമായ പദ്ധതിയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഭരണപരിഷ്‌കാരപരമായി കാര്യമായ പുരോഗമനം ഉണ്ടാക്കാവുന്നതാണെന്ന് ഈ ബോര്‍ഡ് കരുതുന്നു''-വെന്നായിരുന്നു ഇതുസംബന്ധിച്ച തീരുമാനം.
സര്‍ സിപി 'അമേരിക്കന്‍ മോഡല്‍' പ്രഖ്യാപിച്ചതോടെ അതുവരെയും സര്‍ സിപിയുടെ കൈയാളായി നിന്ന് എസ്എന്‍ഡിപിയെയും ഈഴവരെയും മുസ് ലിംകളെയും ക്രൈസ്തവരെയും സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിനെയും പല്ലും നഖവും ഉപേക്ഷിച്ച് എതിര്‍ത്തിരുന്ന എന്‍എസ്എസ് തങ്ങള്‍ രാഷ്ട്രീയത്തില്‍നിന്ന് വിടുതല്‍ തേടുന്നതായി പ്രഖ്യാപിച്ചു. എല്ലാ നായന്മാരോടും സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ചേരാന്‍ മന്നത്ത് പത്മനാഭന്‍ ആവശ്യപ്പെട്ടു. ദേശീയതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉപദേശം. അഞ്ച് പേരുടെ എതിര്‍പ്പോടെ ഈ പ്രമേയം പാസായി. ഏറെ താമസിയാതെ എന്‍എസ്എസ്സുകാര്‍ ദേശീയവാദികളായി മാറി. സര്‍ സിപിയുടെ മറുപക്ഷം ചേര്‍ന്നു.
എന്നാല്‍ എക്കാലത്തും സ്റ്റേറ്റ് കോണ്‍ഗ്രസിനെ കയ്യയച്ചു സഹായിച്ചിരുന്ന ഈഴവ സമുദായത്തിന്റെ സമുദായ സംഘടനയായ എസ്എന്‍ഡിപി രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. തങ്ങള്‍ ഇനിയും രാഷ്ട്രീയത്തില്‍ ഇടപെടുമെന്ന് അവര്‍ ഉറപ്പിച്ചുപറഞ്ഞു. സര്‍ സിപിയുടെ അമേരിക്കന്‍ മോഡലിനെതിരേ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ പുന്നപ്ര-വയലാര്‍ ആക്രമണത്തെയും അവര്‍ തള്ളി. ദുരിതമനുഭവിക്കുന്നവരിലും കൊല്ലപ്പെടുന്നവരിലും അധികം പേരും തങ്ങളുടെ സമുദായക്കാരാണെന്നും അത് തങ്ങള്‍ക്ക് വരുത്തിവയ്്ക്കുന്ന ദുരിതം വലുതായിരിക്കുമെന്നായിരുന്നു യോഗത്തിന്റെയും അതിന്റെ ജനറല്‍ സെക്രട്ടറി ആര്‍ ശങ്കറുടെയും നില. രാഷ്ട്രീയമായി തള്ളിയെങ്കിലും യോഗം പുന്നപ്ര-വയലാറില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നവരെ സഹായിക്കാതിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനും സിപിഐ നേതാവുമായ എം കെ കുമാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1947 ഏപ്രില്‍ 8ാം തിയ്യതി തിരുവിതാംകൂര്‍ മഹാരാജാവ് ഭരണഘടനാവിളംബരം പുറപ്പെടുവിച്ചു. അതോടെ അമേരിക്കന്‍ മോഡല്‍ നടപ്പാക്കാനുള്ള തീരുമാനം പ്രായോഗികമായി നിലവില്‍വന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസ്സും എസ്എന്‍ഡിപിയും ഇതിനെതിരായിരുന്നെങ്കിലും എസ്എന്‍ഡിപി യോഗം ഇക്കാര്യത്തില്‍ ചില ഭേദഗതികളോടെ സര്‍ക്കാരിന്റെയും സര്‍ സിപിയുടെയും നിലപാടിനൊപ്പമായിരുന്നു. ശങ്കര്‍ പത്രാധിപരായിരിക്കുന്ന വിവേകോദയത്തിന്റെ മെയ് -ജൂണ്‍ ലക്കത്തില്‍ ഇതുസംബന്ധിച്ച ഒരു കുറിപ്പ് ജനറല്‍ സെക്രട്ടറി ശങ്കര്‍ പ്രസിദ്ധപ്പെടുത്തി. 'അമേരിക്കന്‍ മോഡല്‍' പരിഷ്‌കാരങ്ങള്‍ പൂര്‍ണമായും തള്ളാതെ ഭേദഗതികളോടെ ചില നിര്‍ദേങ്ങള്‍ വയ്ക്കുകയായിരുന്നു അതുവഴി എസ്എന്‍ഡിപി ചെയ്തത്. പുതിയ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള ഫ്രാഞ്ചൈസ്- ഡിലിമിറ്റേഷന്‍ കമ്മിറ്റിയില്‍ സഹകരിക്കാന്‍ യോഗം തീരുമാനിച്ചു. അതില്‍ സഹകരിക്കുകയെന്നാല്‍ 'അമേരിക്കന്‍ മോഡലി'നെ അംഗീകരിക്കുകയെന്നാണ് അര്‍ത്ഥമെന്നതുകൊണ്ട് സ്‌റ്റേറ്റ് കോണ്‍ഗ്രസ് എതിര്‍ത്തു. ഈഴവരില്‍ പിളര്‍പ്പുണ്ടാക്കാനാണ് സ്റ്റേറ്റ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
സര്‍ സിപിയുടെ വരുതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്എന്‍ഡിപിയോഗമെന്നായിരുന്നു ഇതിനോടുള്ള പൊതുവിമര്‍ശനം. സര്‍ സിപി ചെയ്യുന്ന എന്തിനെയും എതിര്‍ക്കുകയെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് യോഗം സെക്രട്ടറി ശങ്കര്‍ എഴുതി. ജൂലൈ ഏഴാം തിയ്യതി ഇതുസംബന്ധിച്ച പ്രമേയം യോഗം പാസ്സാക്കി. ഇന്ത്യന്‍ യൂണിയനില്‍ ചേരുന്നതിന് തിരുവിതാംകൂറിനെ സമ്മര്‍ദ്ദത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും കോണ്‍ഗ്രസ്സിന്റെയും നടപടിക്കെതിരേയുള്ള പ്രതികരണം കൂടിയായിരുന്നു അത്:
അധീശാധികാരം പൂര്‍ണമായി അവസാനിക്കുന്നതോടുകൂടി നാട്ടുരാജ്യങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്യ പദവിയെ പ്രാപിക്കുമെന്ന് ബ്രിട്ടീഷ് ക്യാബിനറ്റ് മിഷന്റെയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെയും പ്രഖ്യാപനങ്ങളിലും, ഇപ്പോള്‍ പാര്‍ലമെന്റിന്റെ ആലോചനയിലിരിക്കുന്ന ഇന്ത്യാ ബില്ലിലും വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സിനു വേണ്ടി ദിവാന്‍ജി ചെയ്തിട്ടുള്ള പ്രഖ്യാപനംമൂലം സ്വാഭാവികമായി ഈ സ്വാതന്ത്യപ്രാപ്തതിയെ ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു എന്നു മാത്രമേ ഉളളൂ. ഇന്ത്യന്‍ യൂണിയനും തിരുവിതാംകൂറും തമ്മില്‍ ഉണ്ടായിരിക്കേണ്ട ബന്ധം എന്താണെന്ന് നിശ്ചയിക്കേണ്ടത് മഹാരാജാവ് തിരുമനസ്സുകൊണ്ടും തിരുവിതാംകൂറിലെ ജനങ്ങളുമാണ്. വിദേശകാര്യം, രാജ്യ സംരക്ഷണം, ഗതാഗതം മുതലായ പൊതുവില്‍ താല്പര്യമുള്ള വിഷയങ്ങളില്‍ ഏറ്റവും അടുത്ത സഹകരണവും ബന്ധവും പുലര്‍ത്തുന്നതിന് തിരുവിതാംകൂര്‍ സന്നദ്ധമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, ഈ രാജ്യം നിരുപാധികമായി ഇന്ത്യന്‍ യൂണിയനില്‍ ചേരേണ്ടതാണെന്നും അപ്രകാരം ചെയ്യാതെ ഇരുന്നാല്‍ സാമ്പത്തികവും മറ്റുമായ സമ്മര്‍ദം പ്രയോഗിച്ച് ഈ രാജ്യത്തെ കീഴടക്കുന്നതാണെന്നും ഭീഷണി മുഴക്കുന്നത് ശരിയല്ല. ഇത്തരം ഭീഷണികള്‍ക്കു കീഴടങ്ങുന്നത് ഈ രാജ്യത്തിന്റെ അഭിമാനത്തിനും ജനങ്ങളുടെ താല്പര്യത്തിനുതന്നെയും ഹാനികരമാണ്. ഏതെല്ലാം വ്യവസ്ഥകളിലും ഏത് ഉപാധികള്‍ക്കു വിധേയമായുമാണ് തിരുവിതാംകൂര്‍ ബന്ധം സ്ഥാപിക്കേണ്ടതെന്ന് ഏറ്റവും അവധാനതയോടു കൂടി ആലോചിച്ചു തീരുമാനിക്കേണ്ടതാണ്.
ഏതാനും ചില നാട്ടുരാജ്യങ്ങളൊഴിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചപ്പോള്‍ അതിനോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നു എസ്എന്‍ഡിപിയും അതുമായി ബന്ധപ്പെട്ട ഈഴവ സമൂഹവും ചെയ്തത്. അതേസമയം, സര്‍ സിപിയുടെ നിലപാടുകളോട് പൂര്‍ണമായി യോജിക്കുകയും ചെയ്തില്ല. ഈ വിഷയത്തില്‍ ജനങ്ങളുടെ അഭിലാഷം എന്താണെന്ന് സുനിശ്ചിതമായി അറിയേണ്ടത് ഒരു ഹിതപരിശോധനയിലൂടെയാണെന്നായിരുന്നു എസ്എന്‍ഡിപിയുടെ നിലപാട്. അതുകൊണ്ട് ഇന്ത്യന്‍ യൂണിയനില്‍ ചേരണമോയെന്ന് തീരുമാനിക്കാന്‍ ജനഹിത പരിശോധന നടത്താന്‍ യോഗം സര്‍ക്കാരിനോട് ആഹ്വാനം ചെയ്തു.
എന്നാല്‍ ഇന്ത്യന്‍ ദേശീയതയെന്ന വിശുദ്ധപശുവിനെക്കുറിച്ച് ഘോരഘോരം പ്രബന്ധങ്ങളെഴുതുകയും പ്രസംഗിക്കുകയും അതിന്റെ പേരില്‍ മുസ് ലിംകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന വെള്ളാപ്പളളിയും സംഘപരിവാരങ്ങളും തിരുവിതാംകൂറിന്റെ കാര്യത്തില്‍ ഇതേ 'ഭാരതമാതാവി'നെതിരായിരുന്നുവെന്ന് ചരിത്രം പഠിക്കുന്നവര്‍ക്കറിയാം.
തീര്‍ച്ചയായും ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. എസ്എന്‍ഡിപി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നത് തികച്ചും വ്യത്യസ്തമായ പ്രശ്‌നമാണ്. ഈ കുറിപ്പ് പങ്കുവച്ച ഈ ലേഖകന്‍ അതുകൊണ്ടുതന്നെ ഇക്കാരണത്താല്‍ എസ്എന്‍ഡിപിയെ തള്ളിപ്പറയാനും തയ്യാറല്ല. മറിച്ച് അത് ഉയര്‍ത്തിപ്പിടിക്കുന്നു. സവര്‍ണ ദേശീയതയുടെയും കീഴാള സാമുദായികതയുടെയും രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഇത്തരം അന്വേഷണങ്ങള്‍ നടത്തേണ്ടത്. സവര്‍ണദേശീയതയുടെ വിമര്‍ശകരായ കീഴാള ബുദ്ധിജീവികളില്‍നിന്ന് കാലം ആവശ്യപ്പെടുന്നത് അതാണ്. അങ്ങനെ മാത്രമേ സംഘപരിവാരങ്ങളെ കുഴിച്ചുമൂടാനാവൂ.
(കടപ്പാട്: ആര്‍ ശങ്കര്‍-ജീവചരിത്രം, എം കെ കുമാരന്‍, കേരള സാംസ്‌കാരികവകുപ്പ്, കേരള സര്‍ക്കാര്‍, 1987മനോരമ, പാര്‍ട്ടീഷ്യന്‍ ഹൊറര്‍ സ്റ്റോറി ഫോര്‍ കേരള ഗവര്‍ണര്‍ അര്‍ലേക്കര്‍: സവര്‍ക്കര്‍ ബാക്ക്ഡ് സര്‍ സിപി ഇന്‍ഡിപെന്‍ഡന്റ് ട്രാവന്‍കൂര്‍, അയ്യപ്പന്‍ ആര്‍)
Adjust Story Font
16
