Quantcast

ഈ 320 ഏക്കറിൽ തായ്ലൻഡ് മുഴുവൻ കാണാം...

ബാങ്കോക്കിന്റെ തിരക്കുകളിൽ നിന്ന് മാറി, തായ്‌ലൻഡിന്റെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യയും ഒരൊറ്റ സ്ഥലത്ത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പുരാതന സിയാം. തായ്‌ലൻഡ് മുഴുവൻ ചുറ്റിക്കറങ്ങാതെ തന്നെ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഇവിടെ കണ്ടറിയാം

MediaOne Logo

ഷാനിൽ മൈത്രീസ്

  • Updated:

    2025-12-16 14:15:41.0

Published:

16 Dec 2025 5:43 PM IST

ഈ 320 ഏക്കറിൽ തായ്ലൻഡ് മുഴുവൻ കാണാം...
X

ബാങ്കോക്കിന്റെ തിരക്കുകളിൽ നിന്ന് മാറി, തായ്‌ലൻഡിന്റെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യയും ഒരൊറ്റ സ്ഥലത്ത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പുരാതന സിയാം (Ancient Siam). ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയങ്ങളിൽ ഒന്നാണിത്. 'മുവാങ് ബോറാൻ' (Muang Boran) എന്നാണ് തായ് ഭാഷയിൽ ഇതിന്റെ പേര്.

തായ്‌ലൻഡ് ഭൂപടത്തിന്റെ അതേ ആകൃതിയിലാണ് 320-ലധികം ഏക്കറിൽ പരന്നുകിടക്കുന്ന ഈ പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തായ്‌ലൻഡിലെ വിവിധ പ്രദേശങ്ങളിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ എന്നിവയുടെ കൃത്യമായ പകർപ്പുകൾ ഇവിടെ പുനർ നിർമിച്ചിരിക്കുന്നു. ചിലത് യഥാർഥ വലിപ്പത്തിലും, മറ്റു ചിലത് അൽപ്പം ചെറുതാക്കിയുമാണ് നിർമിച്ചിരിക്കുന്നത്. ചുരുക്കത്തിൽ, തായ്‌ലൻഡ് മുഴുവൻ ചുറ്റിക്കറങ്ങാതെ തന്നെ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഇവിടെ കണ്ടറിയാം.

തായ് കോടീശ്വരനും ബിസിനസുകാരനുമായിരുന്ന ലേക്ക് വിരിയഫാൻ (Lek Viriyaphan) ആണ് പുരാതന സിയാമിന്റെ ശിൽപി. പട്ടായയിലെ പ്രശസ്തമായ 'സാങ്ച്വറി ഓഫ് ട്രൂത്ത്' (Sanctuary of Truth) ബാങ്കോക്കിലെ 'എരവൻ മ്യൂസിയം' (Erawan Museum) എന്നിവയും ഇദ്ദേഹത്തിന്റെ സൃഷ്ടികളാണ്. തായ്‌ലൻഡിന്റെ തനതായ കലയും സംസ്‌കാരവും വരുംതലമുറയ്ക്കായി സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ 1963-ലാണ് അദ്ദേഹം ഇതിന്റെ പണി തുടങ്ങിയത്. 1972ൽ മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുത്തു.

നൂറിലധികം നിർമിതികൾ ഇവിടെയുണ്ട്. പാർക്കിനെ വടക്ക്, തെക്ക്, മധ്യം, വടക്കുകിഴക്ക് എന്നിങ്ങനെ വിവിധ മേഖലകളായി തിരിച്ചിട്ടുണ്ട്. സാൻഫെറ്റ് പ്രസാത് കൊട്ടാരം (Sanphet Prasat Palace), സുമേരു പർവ്വതം , (Sumeru Mountain), പവലിയൻ ഓഫ് ദി എൻലൈറ്റൻഡ് (Pavilion of the Enlightened), ഫ്‌ലോട്ടിംഗ് മാർക്കറ്റ് (Floating Market), ദുസിത് മഹാ പ്രസാത് ഹാൾ (Dusit Maha Prasat Hall), എന്നിവയാണ് അതിൽ പ്രധാനമായ ചിലത്.

വളരെ വിസ്തൃതമായ സ്ഥലമായതിനാൽ നടന്നു കാണുക പ്രയാസമാണ്. സന്ദർശകർക്ക് സൈക്കിളുകൾ സൗജന്യമായി ഉപയോഗിക്കാം. കൂടാതെ, ഗോൾഫ് കാർട്ടുകൾ (Golf carts) വാടകയ്ക്ക് എടുക്കാനും അവസരമുണ്ട്. സ്വന്തമായി കാറിലെത്തുന്നവർക്ക് കാറുമായി തന്നെ അകത്തേക്ക് പ്രവേശിക്കാനും പ്രത്യേക ടിക്കറ്റുകളുണ്ട്. കുറഞ്ഞത് മൂന്നു മുതൽ നാല് മണിക്കൂർ എങ്കിലും മാറ്റിവെച്ചാൽ മാത്രമേ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കണ്ടു തീർക്കാൻ സാധിക്കു.

വൈകുന്നേരങ്ങളിൽ സൂര്യാസ്തമയ സമയത്ത് ഇവിടം കൂടുതൽ മനോഹരമാകും. ഫോട്ടോഗ്രാഫർമാരുടെ പറുദീസയാണിവിടം. പരമ്പരാഗത തായ് വസ്ത്രങ്ങൾ വാടകയ്‌ക്കെടുത്ത് ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബാങ്കോക്കിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ പുരാതന സിയാമിലെത്താം.

അല്ലെങ്കിൽ BTS സ്‌കൈ ട്രെയിനിൽ കയറി കേഹാ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്ന് ടാക്‌സിയിലോ ലോക്കൽ വാനിലോ ഇവിടേക്ക് എത്താം.തായ്‌ലൻഡിന്റെ ചരിത്രം, വാസ്തുവിദ്യ, മതം, കല എന്നിവയെല്ലാം ഒത്തുചേരുന്ന ഒരു അത്ഭുത ലോകമാണ് ഏൻഷ്യന്റ് സിയാം. ബാങ്കോക്ക് സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വിസ്മയ ലോകം തന്നെയാണ് ഇവിടം.

Watch Video

TAGS :

Next Story