Quantcast

ജനസംഖ്യാ കണക്കുകളും ന്യൂനപക്ഷ വിരുദ്ധ സത്യാനന്തര വാദങ്ങളും

ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ വിവിധ മതസമൂഹങ്ങളുടെ ജനസംഖ്യാനുപാതങ്ങൾ അവയിൽത്തന്നെ രാഷ്ട്രീയമായ ആശങ്കയ്ക്ക് കാരണമാകേണ്ടതില്ല. ജനാധിപത്യ പൗരത്വത്തിന്റെ അടിസ്ഥാനം സമത്വവും അവകാശങ്ങളും ഭരണഘടനാപരമായ ഉറപ്പുകളുമാണ്; ഏതെങ്കിലും മതവിഭാഗത്തിന്റെ സംഖ്യാപരമായ ആധിപത്യമല്ല

MediaOne Logo

ടി.ടി ശ്രീകുമാർ

  • Updated:

    2026-11-20 14:00:01

Published:

20 Nov 2026 6:01 PM IST

ജനസംഖ്യാ കണക്കുകളും ന്യൂനപക്ഷ വിരുദ്ധ സത്യാനന്തര വാദങ്ങളും
X

ഹിന്ദു ഭൂരിപക്ഷത്തിനിടയിൽ ജനസംഖ്യാപരമായ ആശങ്കകൾ സൃഷ്ടിക്കുന്നത് ഹിന്ദുത്വ പ്രത്യയശാസ്ത്രകാരന്മാർ ദീർഘകാലമായി പിന്തുടരുന്ന ഒരു രാഷ്ട്രീയതന്ത്രമാണ്. ജനസംഖ്യയുടെ മതപരമായ ഘടനയിലുണ്ടാകുന്ന മാറ്റങ്ങളെ നിലനിൽപ്പിനുതന്നെയുള്ള ഭീഷണിയായി അവതരിപ്പിക്കുന്നതിലൂടെ അരക്ഷിതബോധം വളർത്താനും സാമുദായിക വിഭജനങ്ങൾ ആഴത്തിലാക്കാനും ഭൂരിപക്ഷവാദ രാഷ്ട്രീയസ്വത്വങ്ങളെ ഏകീകരിക്കാനുമാണ് അവർ ശ്രമിക്കുന്നത്. എന്നാൽ, ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ വിവിധ മതസമൂഹങ്ങളുടെ ജനസംഖ്യാനുപാതങ്ങൾ അവയിൽത്തന്നെ രാഷ്ട്രീയമായ ആശങ്കയ്ക്ക് കാരണമാകേണ്ടതില്ല. ജനാധിപത്യ പൗരത്വത്തിന്റെ അടിസ്ഥാനം സമത്വവും അവകാശങ്ങളും ഭരണഘടനാപരമായ ഉറപ്പുകളുമാണ്; ഏതെങ്കിലും മതവിഭാഗത്തിന്റെ സംഖ്യാപരമായ ആധിപത്യമല്ല.

അതുകൊണ്ടുതന്നെ, ജനസംഖ്യാപരമായ ഭീതികൾ സൃഷ്ടിക്കുന്നതിനായി പ്രചരിപ്പിക്കപ്പെടുന്ന സത്യാനന്തര ആഖ്യാനങ്ങളെയും സ്ഥിതിവിവരക്കണക്കുകളുടെ വളച്ചൊടിക്കലുകളെയും ബോധപൂർവമായ വ്യാജപ്രചാരണങ്ങളെയും ചോദ്യംചെയ്യുകയും ഖണ്ഡിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരം പ്രചാരണങ്ങളുടെ വ്യാജസ്വഭാവത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നത് പ്രധാനപ്പെട്ട ബൗദ്ധികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തമാണ്. എന്നാൽ, അത്രതന്നെ പ്രധാനമാണ് മതസമൂഹങ്ങൾ തമ്മിലുള്ള ജനസംഖ്യാപരമായ മത്സരമെന്ന സങ്കൽപ്പത്തെത്തന്നെ നിരാകരിക്കുകയും മതനിരപേക്ഷത, സമത്വം, ബഹുസ്വരത, ജനാധിപത്യപരമായ സഹവർത്തിത്വം എന്നീ ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന തത്ത്വാധിഷ്ഠിതമായ ഒരു രാഷ്ട്രീയനിലപാട് സ്വീകരിക്കുക എന്നതും.

വ്യാജ ആഖ്യാനങ്ങളെ ഖണ്ഡിക്കുന്നതും അവയെ ഉൽപ്പാദിപ്പിക്കുന്ന ഭൂരിപക്ഷവാദ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിക്കുന്നതും പരസ്പരവിരുദ്ധമായ രാഷ്ട്രീയദൗത്യങ്ങളല്ല; മറിച്ച്, പരസ്പരപൂരകങ്ങളായ രാഷ്ട്രീയദൗത്യങ്ങളാണ്. 2070 വരെയുള്ള ഇന്ത്യയുടെ ജനസംഖ്യയെക്കുറിച്ചുള്ള പ്യൂ റിസർച്ച് സെന്ററിന്റെ (Pew Research Center) പ്രവചനങ്ങൾ, ഹിന്ദു ഭൂരിപക്ഷവാദ പ്രത്യയശാസ്ത്രം ആസൂത്രിതമായി വളർത്തിയെടുക്കുന്ന ജനസംഖ്യാപരമായ ഭീതിയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ്. 2070-ൽ പോലും ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം 76 ശതമാനം ഹിന്ദുക്കളായിരിക്കുമെന്നും, മുസ്ലിങ്ങൾ ഏകദേശം 20 ശതമാനമായിരിക്കുമെന്നുമാണ് പ്രവചനം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനസംഖ്യാപരമായ മാറ്റങ്ങളുടെ അരനൂറ്റാണ്ടുകൂടി പിന്നിടുമ്പോഴും മുസ്ലിങ്ങളുടെ എണ്ണത്തിന്റെ ഏകദേശം നാലിരട്ടിയായിരിക്കും ഹിന്ദുക്കളുടെ എണ്ണം. ഇന്ത്യയിൽ മുസ്ലിങ്ങൾ ജനസംഖ്യാപരമായ ആധിപത്യം സ്ഥാപിക്കാൻ പോകുന്നു എന്ന പ്രചാരണം കേവലം അതിശയോക്തിപരമാണെന്നു മാത്രമല്ല, ലഭ്യമായ ജനസംഖ്യാപരമായ തെളിവുകൾ അതിനെ അടിസ്ഥാനപരമായിത്തന്നെ ഖണ്ഡിക്കുകയും ചെയ്യുന്നു.

ഹിന്ദുക്കളുടെ ജനസംഖ്യ കേവലസംഖ്യയിൽ തുടർന്നും വർധിക്കുമെന്നു തന്നെയാണ് ഈ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. 2020-ലെ ഏകദേശം 111 കോടിയിൽനിന്ന് 2070-ൽ അത് 129 കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇതേ കാലയളവിൽ മുസ്ലിം ജനസംഖ്യ 21.3 കോടിയിൽനിന്ന് 33.4 കോടിയായി വർധിക്കുമെന്നാണ് പ്രവചനം. ശതമാനക്കണക്കിൽ മുസ്ലിം ജനസംഖ്യയുടെ വളർച്ചാനിരക്ക് കൂടുതലാണെങ്കിലും, കേവലസംഖ്യയിലെ വർധന ഹിന്ദു ജനസംഖ്യയിലാണ് കൂടുതലായിരിക്കുന്നത്. ജനസംഖ്യയുടെ കേവലമായ വർധന, ശതമാനാടിസ്ഥാനത്തിലുള്ള വളർച്ച, മൊത്തം ജനസംഖ്യയിൽ ഒരു വിഭാഗത്തിനുള്ള വിഹിതത്തിലെ മാറ്റം എന്നിവ തമ്മിലുള്ള വ്യത്യാസം ഇവിടെ നിർണായകമാണ്. ഹിന്ദു ഭൂരിപക്ഷവാദ പ്രചാരണം ഈ വ്യത്യാസങ്ങളെ പതിവായി മറച്ചുവെക്കുകയും ജനസംഖ്യാനുപാതത്തിലുണ്ടാകുന്ന പരിമിതമായ മാറ്റത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ നിലനിൽപ്പിനുതന്നെയുള്ള ഭീഷണിയായി അവതരിപ്പിക്കുകയും ചെയ്യുന്നു.

പ്രത്യേക പ്രാധാന്യമുള്ള മറ്റൊരു വസ്തുത വിവിധ മതവിഭാഗങ്ങൾക്കിടയിലെ പ്രത്യുൽപാദനനിരക്കുകൾ ക്രമേണ കുറയുന്നു എന്നതാണ്. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ പ്രത്യുൽപാദനനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇരുവിഭാഗങ്ങളുടെയും പ്രത്യുൽപാദനനിരക്കുകൾ തമ്മിലുള്ള അന്തരവും കുറഞ്ഞുവരികയാണ്. 2025–2030 കാലയളവിൽ ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 2.3 കുട്ടികളും ഒരു ഹിന്ദു സ്ത്രീക്ക് ശരാശരി 1.8 കുട്ടികളും ഉണ്ടാകുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ദീർഘകാല ഏകീകരണപ്രവണത തുടർന്നാൽ, 2070 ആകുമ്പോഴേക്കും ഈ ചെറിയ വ്യത്യാസംതന്നെ ഇല്ലാതാവാനാണ് സാധ്യത കാണുന്നത്. വിദ്യാഭ്യാസം, നഗരവൽക്കരണം, സാമ്പത്തിക സാഹചര്യങ്ങൾ, സ്ത്രീശാക്തീകരണം, പ്രത്യുൽപാദനാരോഗ്യ സേവനങ്ങളുടെ ലഭ്യത തുടങ്ങിയ ഘടകങ്ങളാണ് ഈ ജനസംഖ്യാപരമായ പരിവർത്തനത്തെ സ്വാധീനിക്കുന്നത്; അല്ലാതെ സാങ്കൽപ്പികമായ ഏതെങ്കിലും മതഗൂഢാലോചനയല്ല.

ഈ കണ്ടെത്തലുകളുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യാഘാതം രാഷ്ട്രീയമാണ്. 2070-ൽ പോലും ഹിന്ദുക്കൾ ഇന്ത്യയിൽ അതിശക്തമായ ഭൂരിപക്ഷമായി തുടരുമെന്നാണ് പ്രവചനമെങ്കിൽ, ഏതു ജനസംഖ്യാപരമായ മഹാദുരന്തത്തിൽനിന്ന് രാജ്യത്തെ സംരക്ഷിക്കുകയാണെന്നാണ് ഹിന്ദു ഭൂരിപക്ഷവാദ സംഘടനകൾ അവകാശപ്പെടുന്നത്? ഇതിനുള്ള ഉത്തരം ജനസംഖ്യാശാസ്ത്രത്തിലല്ല, ഭീതിയുടെ രാഷ്ട്രീയത്തിലാണ് കണ്ടെത്തേണ്ടത്.

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഹിന്ദു ഭൂരിപക്ഷത്തെക്കുറിച്ചുള്ള സാങ്കൽപ്പിക ഭീഷണി അരക്ഷിതബോധം സൃഷ്ടിക്കാനും സാമുദായിക സ്വത്വങ്ങളെ ഏകീകരിക്കാനും വിവേചനത്തെ ന്യായീകരിക്കാനും തൊഴിലില്ലായ്മ, അസമത്വം, ദാരിദ്ര്യം, ഭരണപരാജയങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഉപയോഗിക്കപ്പെടുന്നത്. അമ്പതുവർഷത്തിനിടയിൽ മൊത്തം ജനസംഖ്യയിലെ ഹിന്ദു വിഹിതത്തിൽ നാല് ശതമാന പോയിന്റിൽ താഴെ മാത്രം സംഭവിക്കുമെന്ന് പ്രവചിക്കപ്പെടുന്ന മാറ്റത്തെ ഒരു നാഗരികതയുടെ തന്നെ ഉന്മൂലനത്തെക്കുറിച്ചുള്ള ആഖ്യാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ജനസംഖ്യയിലെ വിവിധ മതവിഭാഗങ്ങളുടെ അനുപാതം മാറ്റമില്ലാതെ തുടരുമെന്നോ 2070 ആകുമ്പോഴേക്കും ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പ്രത്യുൽപാദനനിരക്കുകൾ പൂർണമായും തുല്യമാകുമെന്നോ പ്യൂവിന്റെ കണ്ടെത്തലുകൾ അർത്ഥമാക്കുന്നില്ല. എന്നാൽ, ഇരുവിഭാഗങ്ങളുടെയും പ്രത്യുൽപാദനനിരക്കുകൾ തമ്മിലുള്ള അന്തരം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അതേസമയം ഹിന്ദുക്കൾ നിർണായകമായ സംഖ്യാപരമായ ഭൂരിപക്ഷമായി തുടരുമെന്നും അവ വ്യക്തമാക്കുന്നു.

ഇതിൽനിന്ന് ഉരുത്തിരിയുന്ന രാഷ്ട്രീയനിഗമനം അസന്ദിഗ്ധമാണ്: ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷത്തിന് ജനസംഖ്യാപരമായ ഒരു ഭീഷണിയും നേരിടേണ്ടിവരുന്നില്ല. മറിച്ച്, കെട്ടിച്ചമച്ച ഒരു ജനസംഖ്യാപരമായ ഭീഷണിയെ ഉപയോഗിച്ച് ഭരണഘടനാപരമായ ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ അനുവദിക്കുന്നതാണ് ഇന്ത്യ നേരിടുന്ന യഥാർത്ഥ അപകടം. അപ്രത്യക്ഷമാകുന്നതിന്റെ അടുത്തെങ്ങുമെത്തിയിട്ടില്ലാത്ത ഒരു ഭൂരിപക്ഷത്തെ സംരക്ഷിക്കുകയല്ല യഥാർത്ഥ വെല്ലുവിളി. ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ഭീതി സൃഷ്ടിക്കുന്നതിലൂടെ രാഷ്ട്രീയമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിൽനിന്ന് സമത്വം, മതനിരപേക്ഷ പൗരത്വം, ജനാധിപത്യപരമായ സഹവർത്തിത്വം എന്നീ തത്ത്വങ്ങളെ സംരക്ഷിക്കുക എന്നതാണ്.

ജനസംഖ്യാപരമായ ഈ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വളർത്തിയെടുക്കുന്ന ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയവും അതിന്റെ അടിസ്ഥാനരാഹിത്യവും കൂടുതൽ വ്യക്തമാകുന്നു. മുസ്ലിങ്ങൾ ജനസംഖ്യാപരമായി ഹിന്ദുക്കളെ മറികടക്കുമെന്നും അതിലൂടെ രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വഭാവം അട്ടിമറിക്കപ്പെടുമെന്നുമുള്ള പ്രചാരണം വസ്തുതകളുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നതല്ല. എന്നിട്ടും മുസ്ലിം ജനസംഖ്യയിലെ വർധനയെ ആസൂത്രിതമായ ഒരു രാഷ്ട്രീയ പദ്ധതിയായും മുസ്ലിം പൗരരെ രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയായും ചിത്രീകരിക്കുന്ന പ്രചാരണങ്ങൾ തുടരുന്നു. ഇവിടെ ഇസ്ലാമോഫോബിയ കേവലം ഒരു മതവിഭാഗത്തോടുള്ള മുൻവിധിയോ വിദ്വേഷമോ മാത്രമല്ല; ഭൂരിപക്ഷസമൂഹത്തിൽ സ്ഥിരമായ അരക്ഷിതബോധം സൃഷ്ടിക്കുകയും അതിനെ രാഷ്ട്രീയമായ ഏകീകരണത്തിനും അധികാരസംരക്ഷണത്തിനും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്ര ഉപകരണമാണ്.

ജനസംഖ്യാപരമായ യാഥാർത്ഥ്യങ്ങൾ ഈ ഭീതിയെ നിരാകരിക്കുമ്പോഴും അതിന്റെ രാഷ്ട്രീയപ്രയോജനം നിലനിൽക്കുന്നു എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ഇസ്ലാമോഫോബിയയെ യഥാർത്ഥ ജനസംഖ്യാപരമായ ഭീഷണിയോടുള്ള പ്രതികരണമായല്ല, മറിച്ച് അത്തരമൊരു ഭീഷണിയുടെ സാങ്കൽപ്പിക നിർമാണത്തിലൂടെ ഭൂരിപക്ഷാധിപത്യത്തെ സാധൂകരിക്കുന്ന രാഷ്ട്രീയതന്ത്രമായാണ് മനസ്സിലാക്കേണ്ടത്. ന്യൂനപക്ഷങ്ങളുടെ എണ്ണം വർധിക്കുന്നതല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രതിസന്ധി; ആ വർധനയെ ഭീഷണിയായി അവതരിപ്പിച്ച് തുല്യപൗരത്വത്തെയും മതനിരപേക്ഷതയെയും ഭരണഘടനാപരമായ അവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന രാഷ്ട്രീയമാണ് യഥാർത്ഥ പ്രതിസന്ധി.

TAGS :

Next Story