Quantcast

അടിയന്തരാവസ്ഥ: ഒരു ഗോത്രത്തിന്റെ പറയപ്പെടാത്ത കഥ

1975-ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് 50 വർഷം പിന്നിടുമ്പോഴും, അന്ന് നടപ്പിലാക്കിയ വന്ധ്യംകരണത്തിന്റെ തീരാത്ത ദുരിതങ്ങളിന്നും അനുഭവിക്കുന്ന ചോലനായ്ക്കർ ഗോത്രത്തിന്റെ ജീവിതമാണ് 'തന്തപ്പേര്' എന്ന ചിത്രത്തിൽ ആവിഷ്കരിക്കുന്നത്

MediaOne Logo

കെ.സാലിഹ

  • Published:

    10 Jan 2026 9:04 AM IST

അടിയന്തരാവസ്ഥ: ഒരു ഗോത്രത്തിന്റെ പറയപ്പെടാത്ത കഥ
X

''ഞങ്ങൾക്കിപ്പോൾ സ്വന്തമായൊരു ജീപ്പുണ്ട്. ഇത്രയും കാലം നിങ്ങൾ ഞങ്ങളെ പറ്റിച്ചു. ഇനി അത് വേണ്ട'' ചോലനായ്ക്കരുടെ ഈ വാക്കുകളിലാണ് 'തന്തപ്പേര്' അവസാനിക്കുന്നത്. അഭിമാനത്തേക്കാളുപരി ഓരോ പ്രേക്ഷകനിലും ഉള്ളിലൊരു നീറ്റൽ സമ്മാനിക്കുന്ന ചിത്രമാണ് 'തന്തപ്പേര് '. 30 ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ 'ജനപ്രിയ ചിത്ര'ത്തിനുള്ള പുരസ്‌കാരം ലഭിച്ചതോടെ, സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി കൂടുകയാണ് .

1975-ൽ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്ക് അൻപത് വർഷം പിന്നിടുമ്പോഴും, അന്ന് നടപ്പിലാക്കിയ വന്ധ്യംകരണത്തിന്റെ തീരാത്ത ദുരിതങ്ങളിന്നും അനുഭവിക്കുന്ന ചോലനായ്ക്കർ ഗോത്രത്തിന്റെ ജീവിതമാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ചിത്രത്തിലൂടെ മറയില്ലാതെ അവതരിപ്പിക്കുന്നത്. ഗുഹാവാസികളായ സമൂഹത്തിന്റെ ദൈനംദിന ജീവിതവും കാടിന്റെ സ്വന്തം നിയമങ്ങളും രീതികളും സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്.



കാട്ടിലെ ആണുങ്ങൾ ഒരു ഇണയ്ക്കായി മത്സരിക്കേണ്ട സാഹചര്യമുള്ള സമൂഹത്തിലാണ്, ചോലനായ്ക്കർ മൂപ്പന്റെ മകനായ നരി മൊഞ്ചൻ, ബെല്ലയുമായി പ്രണയത്തിലാകുന്നത്. എന്നാൽ സ്നേഹം സംശയമായി മാറുമ്പോൾ ബെല്ലയും പൊറുതി മുട്ടുന്നു.നരിയുടെ സംശയദൃഷ്ടി അവളെ പതിയെ അവനിൽ നിന്ന് അകറ്റുന്നു. ഇതിനിടയിൽ ബെല്ല, പൂമല എന്ന യുവാവിനോട് അടുപ്പം കണ്ടെത്തുന്നു. കാടിന്റെ നിയമപ്രകാരം, ബെല്ലയും പൂമലയും 14 ദിവസത്തേക്ക് കാട്ടിനുള്ളിലേക്ക് പോകണം . ഈ കാലയളവിനുള്ളിൽ നരിക്ക് അവരെ കണ്ടെത്താനാകാതിരുന്നാൽ, അവർക്ക് വിവാഹം കഴിക്കാം അതാണ് കാടിന്റെ നിയമം. എന്നാൽ ആദ്യ ദിവസം തന്നെ നരി അവരെ കണ്ടെത്തുന്നു.

ഇതിനിടെ, താൻ മൂപ്പന്റെ മകനല്ല എന്ന സത്യം നരി തിരിച്ചറിയുന്നു. സ്വന്തം സ്വത്വത്തെ തേടി അവൻ നടത്തുന്ന യാത്ര, അടിയന്തരാവസ്ഥക്കാലത്ത് ചോലനായ്ക്കർ ഗോത്രത്തിലെ പുരുഷന്മാർ നേരിട്ട ക്രൂരതകളിലേക്കാണ് എത്തുന്നത്. ഗോത്രത്തിലെ ആണുങ്ങളെ ആശുപത്രിയിലേക്കെത്തിച്ചു വന്ധ്യംകരണം നടത്തുന്നതും തന്മൂലം അംഗസംഖ്യ ഗണ്യമായി കുറയുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഇന്ന് ഇരുന്നൂരിൽ കുറവാണ് ചോലനായ്ക്കാരുടെ അംഗസംഖ്യ.



സിനിമയുടെ അവസാനം, ചോലനായ്ക്കർ ജീപ്പ് ഓടിക്കാൻ പഠിക്കുകയും ചൂഷണങ്ങളിൽ നിന്ന് മോചിതരാകുകയും ചെയ്തെങ്കിലും, വന്ധ്യംകരണത്തിന്റെ ഫലമായി ഉന്മൂലന ഭീഷണിയിലായ ഒരു സമൂഹത്തെയാണ് നാം കാണുന്നത്.

‘അച്ഛന്റെ പേര്’ എന്നർത്ഥം വരുന്ന 'തന്തപ്പേര് ' കുടുംബ മഹിമയിലും വംശാഭിമാനത്തിലും അധിഷ്ഠിതമായ ഗോത്ര സമൂഹത്തെ സൂചിപ്പിക്കുന്നു. ഇതിന്റെ ഇംഗ്ലീഷ് ശീർഷകമായ 'ലൈഫ് ഓഫ് എ ഫാലസ്' പുരുഷത്വത്തെ പുരുഷ ശരീരത്തോടും അതിന്റെ ലൈംഗിക പങ്കിനെക്കുറിച്ചുള്ള സാമൂഹിക ധാരണകളെയും സൂചിപ്പിക്കുന്നു.

തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ ആവളയും, ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള വിനോദ് ചെല്ലനും ചേർന്നാണ്. ചോലനായ്ക്കരുടെ തനത് ഭാഷയിൽ നിർമ്മിച്ച ആദ്യ ചിത്രമെന്നതിനപ്പുറം,ഗോത്രാംഗങ്ങളെ തന്നെയാണ് അഭിനയിപ്പിച്ചിരിക്കുന്നതെന്നതും ചിത്രത്തിന്റെ വലിയ പ്രത്യേകതയാണ്. നരി, ബെല്ല, പൂമല എന്നീ കഥാപാത്രങ്ങളായി നിലമ്പൂർ കാടുകളിലെ ചോലനായ്ക്കർ തന്നെ വേഷമിടുന്നു. ആശുപത്രി ഇടനിലക്കാരനായി എത്തിയ ജിയോ ബേബി യുടെ പ്രകടനവും ശ്രദ്ധേയമാണ്.

117 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം പൂർത്തിയാക്കാൻ ആറു വർഷത്തിലധികം സമയമെടുത്തു. കാടിന്റെ സ്വാഭാവികതയും സൗന്ദര്യവും ഒട്ടും കുറയാതെ ക്യാമറയിൽ പകർത്തിയ മുഹമ്മദ് എ യുടെ ദൃശ്യഭാഷ അഭിനന്ദനാർഹമാണ്. ജാനകി ഈശ്വറിന്റെയും റിതു വൈശാഖിന്റെയും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് സ്വഭാവികമായ ഒഴുക്ക് സമ്മാനിച്ചിട്ടുണ്ട് .

നരി, ബെല്ല, പൂമല എന്നിവരുടെ ദൈനംദിന ജീവിതത്തിൽ നിന്ന് തുടങ്ങി, കാടിന്റെ നിയമങ്ങളും സാമൂഹിക ഘടനകളും വരെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ചോലനായ്ക്കർ ഗോത്രത്തിന്റെ ഒരു കറുത്ത അധ്യായം തുറന്നുകാട്ടുന്നതിൽ ‘തന്തപ്പേര്’ വലിയ പങ്കുവഹിക്കുന്നുണ്ട്.

TAGS :

Next Story