Quantcast

വെനിസ്വലെയും അമേരിക്കൻ സാമ്രാജ്യത്വ മോഹങ്ങളും

എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതിനുശേഷം ഡിസംബർ 16-ന് ട്രംപ് വെനസ്വേലയിലേക്ക് പ്രവേശിക്കുന്നതോ പുറപ്പെടുന്നതോ ആയ മുഴുവൻ ഉപരോധിത എണ്ണ ടാങ്കറുകൾക്കും നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടതോടെ സ്ഥിതി കൂടുതൽ വഷളായി. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയുൽപ്പാദിപ്പിക്കുകയും കയറ്റിയയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലുള്ള വെനിസ്വലെയുടെ സാമ്പത്തിക അടിത്തറ തകർക്കുക എന്നതാണ് ട്രംപ് ഇതിലൂടെ ലക്ഷ്യമിട്ടത്

MediaOne Logo

ഷംസീർ എ.പി

  • Published:

    3 Jan 2026 9:37 PM IST

വെനിസ്വലെയും അമേരിക്കൻ സാമ്രാജ്യത്വ മോഹങ്ങളും
X

2025 ഓഗസ്റ്റിൽ കരീബിയനിലും കിഴക്കൻ പസഫിക്കിലും അമേരിക്കൻ സൈന്യം കടൽമാർഗം ബോട്ടുകളിൽ വലിയ തോതിലുള്ള ആക്രമണ പരമ്പര നടത്തി. ഇതേ തുടർന്ന് അമേരിക്കയും വെനസ്വേലയും തമ്മിൽ നേരത്തെയുണ്ടായിരുന്ന സംഘർഷം കൂടുതൽ ശക്തിയാർജ്ജിച്ചു. ഈ ആക്രമണ പരമ്പരയിൽ പലതും വെനസ്വേലൻ തീരത്ത് വെച്ചായിരുന്നു നടന്നത്. മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥർ പരസ്യമായി പ്രഖ്യാപിച്ച ഈ തുടർ ഓപ്പറേഷനുകളിൽ കുറഞ്ഞത് 95 പേര് കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയും മറ്റ് ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ ആക്രമണത്തെ എതിർത്തും വിമർശിച്ചും രംഗത്ത് വന്നു. അമേരിക്കയിലെ തന്നെ ഭരണ പ്രതിപക്ഷകക്ഷികളായ 'റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടികളിലെ പല സെനറ്റംഗങ്ങളും വിമർശനമുന്നയിച്ചവരിലുണ്ട്. ഇതേ സമയം തന്നെ തെക്കൻ കരീബിയനിൽ വലിയ നാവിക വിന്യാസങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി അമേരിക്ക മുന്നോട്ട് പോയി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടരെത്തുടരെ വെനിസ്വലെക്കെതിരായ കരയാക്രണ സാധ്യതകളെക്കുറിച്ച ഭീഷണി മുഴക്കിക്കൊണ്ടിരുന്നു.

അങ്ങിനെ 2025 നവംബർ 29 ന് വെനസ്വേലയുടെ മുകളിലും ചുറ്റുമുള്ള വ്യോമാതിർത്തികൾ അടച്ചതായി കണക്കാക്കണമെന്ന ട്രംപിൻ്റെ പ്രഖ്യാപനമുണ്ടായി.ഡിസംബർ ആദ്യവാരം അമേരിക്കൻ സൈന്യം വെനസ്വേലയുടെ തീരത്തുനിന്ന് വെനസ്വേലയുമായി ബന്ധപ്പെട്ട ഒരു എണ്ണ ടാങ്കർ പിടിച്ചെടുത്തു, ഈ ഓപ്പറേഷൻ സംഘർഷം ഉച്ചസ്ഥായിയിലാക്കി. പ്രസിഡണ്ട് നിക്കോളസ് മദുറെയും മന്ത്രിമാരും വെനിസ്വലെയോടൊപ്പം ഐക്യപ്പെടുന്ന ഇതര ലോകരാഷ്ട്രങ്ങളും ഈ നടപടിയെ ശക്തമായി അപലപിച്ചു കൊണ്ട് രംഗത്ത് വന്നു.

എണ്ണ ടാങ്കറുകൾ പിടിച്ചെടുത്തതിനുശേഷം ഡിസംബർ 16-ന് ട്രംപ് വെനസ്വേലയിലേക്ക് പ്രവേശിക്കുന്നതോ പുറപ്പെടുന്നതോ ആയ മുഴുവൻ ഉപരോധിത എണ്ണ ടാങ്കറുകൾക്കും നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടതോടെ സ്ഥിതി കൂടുതൽ വഷളായി. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണയുൽപ്പാദിപ്പിക്കുകയും കയറ്റിയയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലുള്ള വെനിസ്വലെയുടെ സാമ്പത്തിക അടിത്തറ തകർക്കുക എന്നതാണ് ട്രംപ് ഇതിലൂടെ ലക്ഷ്യമിട്ടത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളായത് പിന്നിൽ ചരിത്രപരമായ ചില കാരണങ്ങളുണ്ട്. അമേരിക്കയും വെനസ്വേലയും തമ്മിലുള്ള ബന്ധം എല്ലായ്പ്പോഴും അത്ര സുഖകരമായിരുന്നില്ല.വെനസ്വേലയ്ക്കെതിരായ കര ആക്രമണങ്ങളുടെ സാധ്യത ട്രംപ് ആവർത്തിച്ച് ഉന്നയിക്കുന്നതിനു പിന്നിൽ വലിയ സാമ്രാജ്യത്വ സാമ്പത്തിക താൽപര്യങ്ങളുണ്ട്. ഡൊണാൾഡ് ട്രംപ് നിരന്തരം ആരോപിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരായ പോരാട്ടം എന്ന അസംബന്ധവും വാസ്തവവിരുദ്ധവുമാണ്.

രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് ഇറാഖ് അധിനിവേശത്തിന് കാരണമായി അമേരിക്ക നിർമ്മിച്ചെടുത്ത സംഹാരാത്മക രാസായുധങ്ങളുടെ സാന്നിധ്യം പോലെ വ്യാജനിർമ്മിതിയാണ് വെനിസ്വ ലേയിലെ മയക്കുമരുന്ന് മാഫിയകൾ. ആത്യന്തികമായി അമേരിക്ക കണ്ണുവെക്കുന്നത് വെനിസ്വലെയിലെ അളവറ്റ എണ്ണ സമ്പത്തും പ്രകൃതിവിഭവങ്ങളുമാണ്. ട്രംപിന്റെ രണ്ടാം ടേമിൽ അമേരിക്കയും വെനസ്വേലയും തമ്മിലുള്ള സംഘർഷം കൂടുതൽ നാടകീയമായ വഴിത്തിരിവുകളിലേക്ക് എത്തിച്ചേർന്നെങ്കിലും രണ്ട് ദശാബ്ദങ്ങളിലേറെയായി ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല.

ഒരു ഭാഗത്ത് എണ്ണയെച്ചൊല്ലിയുള്ള തർക്കങ്ങളും വെനിസ്വലെക്കുമേൽ വർഷങ്ങളായി അമേരിക്ക അടിച്ചേൽപിച്ച ഉപരോധങ്ങളും ലാറ്റിനമേരിക്കയിലെ ആ ചെറുരാജ്യത്തെ തിരന്തരം അസ്ഥിരപ്പെടുത്തിക്കൊണ്ടിരുന്നു. അമേരിക്കൻ സാമ്രാജ്യത്വ മോഹങ്ങൾക്ക് എതിരു നിൽക്കുന്ന ഏതൊരു രാഷ്ട്രത്തോടും സ്വീകരിക്കുന്ന ഉപരോധമെന്ന ചമ്മട്ടികൊണ്ട് എഴുന്നേൽക്കാനാവാത്ത വിധം അമേരിക്ക വെനിസ്വലെയെ പ്രഹരിച്ചു.1993 മുതൽ 2013 വരെ ഭരണത്തലവനായിരുന്ന മുൻ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ കാലത്ത് ബന്ധം കൂടുതൽ വഷളായി. ഹ്യൂഗോ ചാവേസ് കടുത്ത അമേരിക്കൻ വിരുദ്ധനായിരുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ സാമ്പത്തിക ദുർമോഹങ്ങളെയും മൂന്നാം ലോക രാഷ്ട്രങ്ങളിൽ അതിക്രമിച്ച് കടന്നു കയറി നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തെയും അമേരിക്കൻ ഭരണകൂടത്തിൻ്റെ നിശൃംസതകളെയും അദ്ദേഹം നിശിതമായി വിമർശിക്കുകയും നിർഭയം നിലപാട് പറയും ചെയ്തു.

എന്നാൽ അമേരിക്ക ഹ്യൂഗോ ഷാവേസിനെ നേരിട്ടത് മറ്റൊരു ആരോപണം ഉന്നയിച്ചായിരുന്നു. അദ്ദേഹം ലാറ്റിനമേരിക്കയിൽ സാമ്രാജ്യത്വ അഭിലാഷങ്ങൾ പിന്തുടരുന്ന ഏകാധിപതിയാണെന്നും വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് പ്രതിശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും അമേരിക്ക നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. നിക്കളസ് മദുറെക്കെതിരെയും ഈ ആരോപണം പലഘട്ടത്തിലും ഉന്നയിക്കപ്പെട്ടിരുന്നു.ക്യൂബ, റഷ്യ, ഇറാൻ ഉൾപ്പടെയുള്ള അമേരിക്കൻ എതിരാളികളുമായി അക്കാലത്ത് ഷാവേസ് ശക്തിപ്പെടുത്തിയതും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

ഷാവേസിന്റെ പിൻഗാമിയായ നിക്കോളാസ് മദുറോയും അമേരിക്കൻ വിരുദ്ധ നിലപാടിൽ ഒട്ടും പിറകോട്ട് പോയില്ല. പക്ഷെ നിക്കോളസ് മദു റെയുടെ ഭരണ കാലയളവിൽ രാജ്യം സാമ്പത്തികമായി തകർന്നിരുന്നു.എണ്ണ ഉൽപ്പാദനത്തിലെ തകർച്ച അമേരിക്കയിലെ കുടിയേറ്റക്കാരുടെ ഗണ്യമായ തോതിലുള്ള തിരിച്ചു വരവ് അവിടെ സംഭവിക്കുന്നുവെന്ന് അമേരിക്ക ആരോപിക്കുന്ന വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയവ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വെനസ്വേലയെ തള്ളിയിട്ടുവെന്ന് നിരീക്ഷിക്കുന്നവരുണ്ട്.

മറു ഭാഗത്ത് അമേരിക്ക വെനിസ്വലയിലെ പ്രതിപക്ഷത്തിന് നിരന്തരം പിന്തുണ നൽകിപ്പോന്നു. ഉദാഹരണത്തിന്, 2019-ൽ ട്രംപ് ഭരണകൂടം പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വയ്‌ഡോയെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചു, ഒരു അട്ടിമറി ശ്രമമാണിതെന്ന് അന്ന് മഡുറോ പറഞ്ഞിരുന്നു. ഗ്വയ്‌ഡോയുടെ സ്വാധീനം പിന്നീട് കുറഞ്ഞെങ്കിലും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ പരിഹരിക്കപ്പെടാതെ തുടരുകയും ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ സംഘർഷങ്ങൾ രൂപപ്പെടുകയും ചെയ്തു.

2020-കളുടെ തുടക്കത്തോടെ അമേരിക്കയ്ക്കും വെനസ്വേലയ്ക്കുമിടയിൽ നയതന്ത്ര ആശയവിനിമയം വളരെ കുറവായിരുന്നു, പരസ്പരമുള്ള അവിശ്വാസവും ശത്രുതയും കൂടുതൽ സംഘർഷത്തിന് വഴിയൊരുക്കി. ഈ പശ്ചാത്തലത്തിൽ ട്രംപ് ഭരണകൂടം വെനസ്വേലയോടും അതിന്റെ രാഷ്ട്രീയ നേതൃത്വത്തോടുമുള്ള കടുത്ത നിലപാട് ആവർത്തിച്ചു. മദുറോയും അദ്ദേഹത്തിന്റെ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും മയക്കുമരുന്ന് കടത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ട്രംപ് ആവർത്തിച്ച് ആരോപിച്ചു. ട്രംപിന്റെ ആദ്യ ടേമിൽ (2017-21) മയക്കുമരുന്ന് കടത്തിൽ നിന്നും അവയുടെ കൊള്ളയിൽ നിന്നും ലാഭം നേടിയെന്ന് വിശ്വസിക്കപ്പെടുന്ന സൈനിക, ' രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ ശൃംഖലയായ കാർട്ടൽ ഡി ലോസ് സോൾസുമായി മദുറോ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് ആരോപിച്ചു.

രണ്ടാം ടേമിൽ ട്രംപ് കാർട്ടൽ ഡി ലോസ് സോൾസിനെയും വെനസ്വേലൻ ക്രിമിനൽ സംഘടനയായ ട്രെൻ ഡി അരാഗ്വയെയും വിദേശ ഭീകര സംഘടനകളായി (FTOs) പ്രഖ്യാപിച്ചുകൊണ്ട് തന്റെ നടപടി കടുത്തതാക്കി. 2025 ഓഗസ്റ്റിൽ ലാറ്റിനമേരിക്കൻ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്കെതിരെ സൈനികമായ ബലപ്രയോഗം നടത്താൻ പെന്റഗണിനെ അനുവദിക്കുന്ന രഹസ്യ നിർദ്ദേശത്തിൽ ട്രംപ് ഒപ്പുവച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. "നാർക്കോ-ടെററിസ്റ്റുകളെ" നേരിടാനുള്ള അതിശക്തമായ മയക്കുമരുന്ന് വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി കരീബിയനിൽ നാവിക കപ്പലുകൾ ബോംബറുകളും യുദ്ധക്കപ്പലുകളും വിവിധ നാവിക യൂണിറ്റുകളും വിന്യസിച്ച് അമേരിക്ക സൈനിക സാന്നിധ്യം വികസിപ്പിച്ചതോടെ 2025-ൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തി.

സെപ്റ്റംബർ ആദ്യം മുതൽ, അമേരിക്കയിലേക്ക് നിയമവിരുദ്ധമായി മയക്കുമരുന്ന് കടത്താൻ നാർക്കോട്ടിക് മാഫിയകൾ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട ബോട്ടുകൾക്കെതിരെ അമേരിക്കൻ സേന അതിശക്തമായആക്രമണ പരമ്പര നടത്തി. കുറഞ്ഞത് 95 മരണങ്ങൾക്ക് കാരണമായ ഈ ആക്രമണങ്ങൾ ദശാബ്ദങ്ങളായി മേഖലയിലെ ഏറ്റവും ശക്തമായ അമേരിക്കൻ സൈനിക നടപടികളിലൊന്നായി അടയാളപ്പെടുത്തി. ഏറ്റമൊടുവിൽ 2025 നവംബർ 29-ന് ട്രംപ് വെനസ്വേലൻ വ്യോമാതിർത്തി അടച്ചതായി പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ഇങ്ങിനെ കുറിച്ചു : "എല്ലാ എയർലൈനുകളും പൈലറ്റുമാരും മയക്കുമരുന്ന് കച്ചവടക്കാരും മനുഷ്യക്കടത്തുകാരും മുന്നിൽ വെനസ്വേലയുടെ മുകളിലും ചുറ്റുമുള്ള വ്യോമാതിർത്തികൾ പൂർണ്ണമായും അടച്ചതായി കണക്കാക്കുക."

വെനസ്വേല ഈ പ്രഖ്യാപനത്തെ അപലപിച്ചു. വെനസ്വേലൻ വിദേശകാര്യ മന്ത്രി യ്വാൻ ഗിൽ ട്രംപിന്റെ പ്രസ്താവനയെ ശത്രുതാപരവും ഏകപക്ഷീയവുമായ പ്രവൃത്തി എന്ന് വിശേഷിപ്പിച്ചു. വ്യോമാതിർത്തിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന കൊളോണിയലിസ്റ്റ് ഭീഷണി എന്നും വിശേഷിപ്പിച്ചു. അമേരിക്കയുടെ നിരന്തരമായ അക്രമണങ്ങൾക്കും ഭീഷണികൾക്കു മെതിരെ മഡുറോ സർക്കാർ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം വിളിക്കാൻ പലതവണ ആവശ്യപ്പെട്ടു. റഷ്യൻ അംബാസഡർ വാസിലി നെബെൻസിയയ്ക്ക് അയച്ച കത്തിൽ വെനിസ്വലൻ സർക്കാരിനെ ട്രംപ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും മേഖലയിലും അന്താരാഷ്ട്രതലത്തിലും സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അപകടമുണ്ടാക്കുന്ന നടപടിയാണ് അയാളുടെതെന്നും മദുറെ ആരോപിച്ചു. സമീപഭാവിയിൽ അമേരിക്ക വെനസ്വേലയ്‌ക്കെതിരെ സായുധ ആക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ചും വെനസ്വേല സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

അമേരിക്കൻ നടപടികൾക്കെതിരായി ഐക്യരാഷ്ട്രസഭ പ്രത്യേക പ്രസ്താവന പുറപ്പെടുവിച്ചു. പക്ഷെ പതിവുപോലെ അത് കൊണ്ട് ഫലമൊന്നുമുണ്ടായില്ല.ഐക്യരാഷ്ട്ര സഭയെയും അന്താരാഷ്ട്ര കരാറുകളെയും മാനിച്ച ചരിത്രം അമേരിക്കയ്ക്കില്ലല്ലോ. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വെനിസ്വലയിൽ അതിശക്തമായ ബോംബാക്രമണം നടത്തിയ അമേരിക്ക പ്രസിഡണ്ട് മദുറയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് തട്ടിക്കൊണ്ട് പോയിരിക്കുന്നുവെന്നാണ്.

ലോകം നോക്കി നിൽക്കെ ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തേക്ക് കടന്നു കയറി അവിടുത്തെ നിരപരാധികൾക്ക് മേൽ ബോംബ് മഴ വർഷിച്ച് ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരിയെ തട്ടിക്കൊണ്ടുപോകുന്ന തെമ്മാടി രാഷ്ട്രമെന്ന വിശേഷണം അമേരിക്ക പിന്നെയും ട്രംപിലൂടെ എടുത്തണിഞ്ഞിരിക്കുകയാണ്. അൽ ജസീറ കോളമിസ്റ്റായ ബെലൻ ഫെർണാണ്ടസ് പറയുന്നത് വർഷങ്ങൾക്കു മുമ്പ് ഹ്യൂഗോ ഷാവേസിനെതിരായുള്ള അട്ടിമറി ശ്രമത്തിനുശേഷം അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധ നാളുകൾ മുതൽക്ക് തന്നെ വെനിസ്വലക്കെതിരായ യുദ്ധം ആരംഭിച്ചുകഴിഞ്ഞിരുന്നു എന്നാണ്.

വാഷിംഗ്ടൺ, ഡിസി ആസ്ഥാനമായുള്ള സെന്റർ ഫോർ ഇക്കണോമിക് ആൻഡ് പോളിസി റിസേർച്ച് സെൻ്ററിൻ്റെ കണ്ടെത്തൽ പ്രകാരം ഈ ഉപരോധങ്ങൾ 2017-18 കാലഘട്ടത്തിൽ മാത്രം രാജ്യത്ത് 40,000-ത്തിലധികം മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. വെനിസ്വലയിൽ നിന്ന് അമേരിക്കയിലേക്ക് കടത്തുന്ന മയക്കുമരുന്ന് മാഫിയയുമായി മദുറോക്ക് യാതൊരു ബന്ധവുമില്ലെന്ന് ഏവർക്കു മറിയാം.ഇറാഖിലെ എണ്ണ സമ്പത്തിലും പ്രകൃതിവിഭവങ്ങളിലും കണ്ണുവെച്ച് അവിടേക്ക് അധിനിവേശം നടത്താൻ നിർമ്മിച്ചെടുത്ത നുണകൾ തന്നെയാണ് മദു റെക്കെതിരെയും ഇപ്പോൾ അമേരിക്ക പ്രയോഗിക്കുന്നത്.

ഇപ്പോഴത്തെ അമേരിക്കൻ കടന്നു കയറ്റത്തെ എഴുത്തുകാരൻ ഡാനിലൊ ഹവാ ലെഷ്ക നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: "എണ്ണക്ക് ക്ഷാമമുള്ള രാജ്യത്ത് എണ്ണ കയറ്റുമതി ചെയ്യുന്ന മറ്റൊരു രാജ്യം ഇടപെടാൻ സാധ്യതയുള്ളതിനേക്കാൾ രണ്ടിരട്ടിയിലധികം എണ്ണക്ക് ദാഹിക്കുന്ന സാമ്രാജ്യത്വ മോഹങ്ങളുള്ള രാജ്യങ്ങൾ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ സാധ്യതയുണ്ട്. സൈനിക ഇടപെടലിന് എണ്ണ എല്ലായ്പ്പോഴും ഏക പ്രചോദക ഘടകമല്ലെങ്കിലും, അത് പലപ്പോഴും വലിയ പങ്ക് വഹിക്കുന്നു. ചുരുക്കത്തിൽ അമേരിക്ക അതിൻറെ ചരിത്രവും പാരമ്പര്യവും കൂടുതൽ ഹിംസയോടെയും ദുരയോടെയും നിലനിർത്തുകയാണ്.പ്രത്യേകിച്ച് പ്രതിരോധ മന്ത്രാലയത്തെ യുദ്ധ മന്ത്രാലയം എന്ന് മാറ്റി നാമകരണം ചെയ്ത് അതിന് ഒരു സെക്രട്ടറിയെ കൂടി ഡൊണാൾഡ് ട്രംപ് നിയമിച്ചത് അമേരിക്കയുടെ യുദ്ധ ഭ്രാന്തും അധിനിവേശ സാമ്രാജ്യത്വ മോഹങ്ങളും കൃത്യമായ അനാവരണം ചെയ്യുന്നുണ്ട്.

TAGS :

Next Story