Quantcast

കാലത്തിന്റെ ക്രീസിൽ ശ്വാസംമുട്ടുന്ന ഏകദിനങ്ങൾ; മായാതെ വാണ്ടറേഴ്‌സിലെ 'വണ്ടർ സൺ‌ഡേ'

ഓസീസിന്റെ റൺമലയും പ്രോട്ടീസിന്റെ അവിശ്വസനീയ പോരാട്ടവീര്യവും വാണ്ടറേഴ്‌സിന്റെ മണ്ണിൽ ചരിത്രമെഴുതിയ ആ അവിസ്മരണീയ പോരാട്ടത്തിന് രണ്ട് പതിറ്റാണ്ട്..!

MediaOne Logo
കാലത്തിന്റെ ക്രീസിൽ ശ്വാസംമുട്ടുന്ന ഏകദിനങ്ങൾ; മായാതെ വാണ്ടറേഴ്‌സിലെ വണ്ടർ സൺ‌ഡേ
X

ക്രിക്കറ്റിന്റെ ബേസിക് ഫോമായ ടെസ്റ്റിനും ഓരോ നിമിഷവും ഉദ്വേഗമുണർത്തുന്ന ടി20 ഫോർമാറ്റിനുമിടയിൽ ഏകദിനമത്സരങ്ങൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. നാല് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന ലോകകപ്പുകൾ മാത്രമാണിന്ന് ഏകദിനങ്ങളുടെ ഒരേയൊരു ആകർഷണം. പൂർണമായും വേരറ്റു പോകാതെ ഏകദിനങ്ങൾ ലോകത്തിന്റെ അങ്ങിങ്ങായി നടക്കുന്നുണ്ടെങ്കിലും മത്സരാവേശവും ജനപ്രീതിയും കുത്തനെയിടിഞ്ഞു. രണ്ട് വർഷത്തിലൊരിക്കൽ നടക്കേണ്ട ചാമ്പ്യൻസ് ട്രോഫി ക്രമാനുസൃതമായി സംഘടിപ്പിക്കാൻ പോലും പല കാരണങ്ങൾ കൊണ്ട് ഐ സി സിക്ക് ആവുന്നുമില്ല. 2013 ന് ശേഷം രണ്ട് തവണ മാത്രമാണ് 'ഐസിസി നോക്ക്ഔട്ട് ട്രോഫി' എന്ന പേരിൽ 1999 ലാരംഭിച്ച, പിന്നീട് ചാമ്പ്യൻസ് ട്രോഫി എന്ന് പുനർനാമകരണം ചെയ്ത ടൂർണമെന്റ് സംഘടിപ്പിക്കപ്പെട്ടത്.

ക്രിക്കറ്റിന്റെ നിർവചനം തന്നെ 'കോർപ്പറേറ്റ് സംവിധാനമെന്ന' നിലയിലേക്ക് പരിമിതപ്പെട്ടു കഴിഞ്ഞു. ഫ്രാൻഞ്ചൈസി ടൂർണമെന്റുകളും അതിൽ നിന്നുണ്ടാകുന്ന സാമ്പത്തിക ലാഭവും മാത്രം ലക്ഷ്യം വെച്ചുള്ള പരിവർത്തനങ്ങൾ ദിനംപ്രതി ക്രിക്കറ്റിൽ പതിവായി. 50 ഓവറുകളെന്ന ഏകദിന മത്സരങ്ങളുടെ അടിസ്ഥാനആശയം തന്നെ ചോദ്യം ചെയ്യപ്പെടുകയും സച്ചിൻ ടെണ്ടുൽക്കറുൾപ്പെടെയുള്ള താരങ്ങൾ ഒരു ബദൽ സംവിധാനമെന്ന നിലയ്ക്ക് 25 ഓവറുകളുടെ രണ്ട് ഇന്നിങ്‌സുകളാക്കണമെന്നും 40 ഓവറുകളായി ചുരുക്കണമെന്നുമൊക്കെയുള്ള പ്രസ്താവനകളിറക്കി.

വരും വർഷങ്ങളിൽ ഏകദിനമത്സരങ്ങൾ പാടെ നാമാവശേഷമാകുമെന്ന് ചുരുക്കം. ഒരു സൈനിങ്ങിലൂടെ കോടികൾ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന ടി20 ലീഗുകളിലേക്ക് താരങ്ങളുടെയും ശ്രദ്ധ മാറിക്കഴിഞ്ഞു. ഈയവസരത്തിലാണ് ഏറ്റവുമൊടുവിൽ സ്‌കോട്ലാൻഡും കാനഡയും തമ്മിൽ നടന്ന മത്സരത്തോടെ ഏകദിനം അതിന്റെ ഏറ്റവും വലിയ നാഴികക്കല്ല് തൊടുന്നത്. 5000 മത്സരങ്ങൾ ഈ ഫോർമാറ്റ്‌ പൂർത്തിയാക്കിയിരിക്കുന്നു..!

ഏകദിനമത്സരങ്ങൾക്ക് അതിന് മാത്രം സാധ്യമാവുന്ന ചില ആകർഷണങ്ങളുണ്ട്. നിറമുള്ള ജേഴ്സി മുതൽ,മഴ നിയമം പ്രാബല്യത്തിൽ വന്നതും, ഫ്‌ളഡ്ലൈറ്റുകൾ ഉപയോഗിച്ച് തുടങ്ങിയതും, വെള്ളപ്പന്തുകൾ മത്സരത്തിന്റെ ഭാഗമായതെല്ലാം ഏകദിന ഫോർമാറ്റിന്റെ പ്രത്യേകതകളാണ്. സമയബന്ധിതമല്ലാത്ത ടെസ്റ്റ് മത്സരങ്ങൾ ( 10 ദിവസങ്ങൾ മത്സരിച്ചിട്ടും ഫലം കാണാത്തതിനാൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നെന്നും അതിന്റെ കാരണം മത്സരത്തിൽ പങ്കാളികളായിരുന്ന ഇംഗ്ലണ്ട് ടീമിന് തിരിച്ചു നാട്ടിലേക്ക് മടങ്ങാൻ കപ്പൽ സമയമായെന്നുമുള്ള വിചിത്രമായ കാരണം) കണ്ടു മടുത്ത ക്രിക്കറ്റിന് നിശ്ചിത ഓവർ ക്രമീകരണത്തിലൂടെ കൈവന്ന ആകർഷണം എടുത്തുപറയണം. ഭാവിയിലൊരുപക്ഷേ ഈ ഫോർമാറ്റ് പൂർണമായും അപ്രത്യക്ഷമായാലും ഏകദിനങ്ങൾ നൽകിയ മുഹൂർത്തങ്ങൾ എന്നെന്നും ചരിത്രത്തിന്റെ ഭാഗമായി നിലനിൽക്കും.

5000 പിന്നിടുന്ന ഈ വേളയിൽ ഏറ്റവും മികച്ചതെന്ന് നിസ്സംശയം പറയാൻ മത്സരങ്ങളെ തിരഞ്ഞെടുക്കുക ശ്രമകരമാണെങ്കിലും ചില മത്സരമുഹൂർത്തങ്ങളെ പ്രതിപാദിക്കാതെ വയ്യ. ചരിത്രത്തിന്റെ ഭാഗമായ,ഒപ്പം വ്യക്തിപരമായി ത്രസിപ്പിക്കപ്പെട്ട ഒരു ഏകദിനമത്സരത്തെ കുറിച്ച്..

2006 ജൊഹാനസ്ബർഗ് ഏകദിനം - ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക

രണ്ടായിരങ്ങളുടെ തുടക്കത്തിലെ ഓസ്ട്രേലിയ എന്തായിരുന്നെന്നതിന് പ്രതേകിച്ചൊരു വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. സ്റ്റീവ് വോയുടെയും പിന്നീട് റിക്കി പോണ്ടിംഗിന്റെയും നായകത്വത്തിന് കീഴിൽ, മാത്യു ഹെയ്ഡൻ, ആദം ഗിൽക്രിസ്റ്റ്, ഡാമിയൻ മാർട്ടിൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരും, ഷെയ്ൻ വോൺ എന്ന സ്പിൻ മാന്ത്രികനും, ഗ്ലെൻ മഗ്രാത്ത്, ബ്രെറ്റ് ലീ എന്നിവരടങ്ങിയ മാരകമായ പേസ് നിരയും ചേർന്ന 'സ്വപ്ന ടീം.' ഒരു ടീമിലെ 11 പേരിൽ ആരാണ് ഏറ്റവും മികച്ചതെന്ന ചോദ്യത്തിന് ഓരോ ദിവസങ്ങളുടെയും പ്രകടനത്തെയാധാരമാക്കി ഓരോ ഉത്തരങ്ങൾ പറയേണ്ടി വരും.

1999 ൽ സ്റ്റീവ് വോയുടെ നായകത്വത്തിൽ ലോകകപ്പുയർത്തിയ ഓസീസ് വർഷങ്ങളോളം അതേ പ്രതാപം നിലനിർത്തി. 2006 ൽ അഞ്ച് ഏകദിനമത്സരങ്ങൾക്കായി ആഫ്രിക്ക സന്ദർശിച്ച ഓസീസിനെ ആദ്യത്തെ 2 മത്സരങ്ങളിലും പരാജയപ്പെടുത്തി സൗത്താഫ്രിക്ക 2-0 എന്ന നിലയിൽ മുൻപിലെത്തി. ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഒരു പരമ്പര കൈക്കലാക്കുക എന്ന അന്നത്തെ മറ്റ്‌ ടീമുകളുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് ഒരു മത്സരത്തിന്റെ ദൂരം. എന്നാൽ പിന്നീടുള്ള രണ്ട് മത്സരങ്ങൾ ജയിച്ചു ഓസീസ് തിരിച്ചുവരവ് നടത്തി. സെഞ്ചൂറിയനിലും കേപ്ടൗണിലും കൈവിട്ട മത്സരങ്ങൾക്ക് പോർട്ട്എലിസബത്തിലും ഡർബനിലും വമ്പൻ വിജയങ്ങൾ നേടി ഓസീസിന്റെ പ്രതികാരം.!

പരമ്പര 2-2 അഞ്ചാം മത്സരം, ജൊഹാനസ്ബർഗ് - 2006 മാർച്ച് 12

ക്രിക്കറ്റ് ലോകം അന്നേ വരെ കണ്ടിട്ടില്ലാത്ത വിധം അവിശ്വസനീയതകൾക്കാണ് ആ ഞായറാഴ്ച്ച വാണ്ടറേസ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. ഇരുന്നൂറുകൾ തരക്കേടില്ലാത്ത ടോട്ടലും ഇരുന്നൂറ്റമ്പതുകൾ ശക്തമായതും മുന്നൂറിനടുത്തുള്ളത് വിജയം സുനിശ്ചിതമാക്കുന്നതുമായ ആ കാലഘട്ടത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അടിച്ചു കൂട്ടിയത് 434 റൺസ് ആണ്..!

ഞായറാഴ്ച്ചയായതിനാൽ നിയന്ത്രണമില്ലാതെ ടി വി കാണാൻ അനുവാദമുണ്ടായിരുന്നതിനാൽ ഓരോ റൺസും അവിശ്വസനീയതയോടെ കാണാൻ ഭാഗ്യമുണ്ടായി. സൈമൺ കാറ്റിച്ചും ആഡം ഗിൽക്രിസ്റ്റും നൽകിയ മോഹതുടക്കം പിന്നീട് വന്നവരോരുത്തരായി തങ്ങളുടെ റോൾ ഭംഗിയായി നിറവേറ്റിയപ്പോൾ അക്ഷരാർത്ഥത്തിൽ സൗത്താഫ്രിക്ക ചിത്രത്തിലേയില്ലാതായി. ആറോവറിൽ എഴുപതോളം റൺസ് വഴങ്ങിയ കാലിസും ഒൻപതിന്റെ എക്കോണമിയിൽ പന്തെറിഞ്ഞ എന്റിനിയും ആൻഡ്രൂ ഹാളുമെല്ലാം എന്ത് ചെയ്യണമെന്നറിയാതെ ഉഴറി, ഒടുവിൽ ഗത്യന്തരമില്ലാതെ സ്വയം പന്തെറിഞ്ഞു തുടങ്ങിയ ഗ്രെയിം സ്മിത്തിന്റേതായിരുന്നു ഏറ്റവും മികച്ച എക്കോണമി റേറ്റ്. 7.25.!

എതിരാളികളുടെ കണ്ണുകളിൽ ഭയം നിറച്ച അക്രമണാത്മക ശൈലിയും, ഏത് പ്രതിസന്ധിയിലും ജയിച്ചുകയറാനുള്ള കഠിനമായ മനോധൈര്യവും കൊണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസങ്ങളിലൊന്നാവുകയും 2003 ലോകക്കപ്പ്‌ പ്രകടനത്തോടെ ഇന്ത്യക്കാരുടെ കണ്ണിലെ കരടുമായിത്തീർന്ന റിക്കി പോണ്ടിങ് സ്വന്തം പേരിലാക്കിയത് 160 നോടടുത്തുള്ള പ്രഹരശേഷിയിൽ 164 റൺസാണ്..!

വരാനിരിക്കുന്ന മഹാത്ഭുതങ്ങളുടെ ഒരു 'ട്രൈലെർ' മാത്രമായിരുന്നു അതെന്നത് അതേ ദിവസത്തിന്റെ രാത്രിയൊടുക്കത്തിൽ ലോകത്തെ പക്ഷെ സൗത്താഫ്രിക്ക ബോധ്യപ്പെടുത്തി. സീരീസിലുടനീളം നിലന്നിരുന്ന അടിയും തിരിച്ചടിയും ഉദ്വേഗവും അവസാന ഏകദിനത്തിന്റെ രണ്ടാമിന്നിംഗ്‌സിലും ആവർത്തിക്കപ്പെട്ടു. രണ്ടാം ഓവറിൽ തന്നെ ബോത്ത ഡിപ്പാനർ പുറത്തായെങ്കിലും സ്മിത്തും ഹെർഷൽ ഗിബ്‌സും പിന്നീട് നടത്തിയ വീര്യമുള്ള പ്രകടനങ്ങൾക്ക് അന്നേ വരെ ക്രിക്കറ്റ് ചരിത്രത്തിൽ സമാനതകളുണ്ടായിരുന്നില്ല. രണ്ടാമതൊരു വിക്കറ്റ് കൂടെ വീണെങ്കിലും വേണമെങ്കിൽ ജയിക്കാമെന്ന പ്രതീതി സൗത്താഫ്രിക്കൻ ക്യാമ്പിൽ പരന്നു തുടങ്ങിയിരുന്നു. പിന്നീട് വന്ന ഡിവില്ലേഴ്‌സ് - കാലിസ്

തുടങ്ങിയവരെ കൂട്ട്‌ പിടിച്ചു ഗിബ്‌സ് പോരാട്ടം ഓസീസ് ക്യാമ്പിലേക്ക് നയിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസീസും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ വാണ്ടറേഴ്‌സ് അക്ഷരാർത്ഥത്തിൽ 'വണ്ടേഴ്സ്' ആവുകയായിരുന്നു.

ജസ്റ്റിൻ കെമ്പിന്റെയും ഗിബ്സിന്റെയും വിക്കറ്റുകൾ വീണതോടെ മത്സരം വീണ്ടും നാടകീയമായ അവസാന ഓവറുകളിലേക്ക് നീണ്ടു. ഒരറ്റത്ത് മാർക്ക് ബൗച്ചർ പക്വതയോടെ ക്രീസിലുണ്ടായിരുന്നെങ്കിലും ബാറ്റിങ് വാലറ്റത്തിലേക്ക് കടന്നിരുന്നു..!

അവസാന ഓവറിൽ ജയിക്കാൻ 7 റൺസ്.! കൈവശം കേവലം 2 വിക്കറ്റുകൾ. പന്തുമായി എത്തിയത് സാക്ഷാൽ ബ്രെറ്റ് ലീ. ആദ്യ പന്തിൽ ബൗച്ചറിൻറെ വക സിംഗിൾ.

സൗത്താഫ്രിക്കൻ ക്യാമ്പിൽ നിരാശ. അടുത്ത പന്ത് നേരിടേണ്ടത് ബാറ്റിങ് അത്ര വശമില്ലാത്ത ആൻഡ്രൂ ഹാൾ. രണ്ടാം പന്തിൽ ബാക്ക്ഫൂട്ടിൽ നിന്ന് ആൻഡ്രൂ ഹാൾ പായിച്ച ബൗണ്ടറി സ്റ്റേഡിയത്തെ ഇളക്കിമറിച്ചു. ജയിക്കാൻ 3 പന്തിൽ 2 റൺസ് മാത്രം മതിയെന്നിരിക്കെ, മൂന്നാം പന്തിൽ ഹാൾ വീണ്ടും ഒരു വലിയ ഷോട്ടിന് മുതിർന്ന് ക്യാച്ച് നൽകി പുറത്തായി! 434/9.

സ്റ്റേഡിയത്തിൽ ശ്വാസമടക്കിപ്പിടിച്ച നിശബ്ദത. പത്താമനായി ക്രീസിലെത്തിയത് ബൗളറായ മഖായ എൻ്റിനി. നാലാം പന്തിൽ ലീയുടെ യോർക്കർ പ്രതിരോധിച്ച് എൻ്റിനി ഒരു സിംഗിൾ തപ്പിയെടുത്തതോടെ സ്കോർ സമനിലയിലായി. അതിനോടകം തന്നെ ചരിത്രത്തിന്റെ ഭാഗമായ ആ മത്സരം തോൽക്കില്ലെന്ന് ആ സിംഗിൾ ഉറപ്പ് വരുത്തി. സ്വപ്നമാണോ യാഥാർഥ്യമാണോയെന്ന നിസ്സംഗതയോടെ ഓസീസ് ക്യാമ്പിൽ അങ്ങേയറ്റം നിരാശയും.

തൊട്ടടുത്ത പന്തിൽ മിഡ് ഓണിന് മുകളിലൂടെ ബൗച്ചർ പായിച്ചൊരു ബൗണ്ടറിയിലൂടെ ചരിത്രമത്സരത്തിന് വിരാമം. ഒരു ലോകകപ്പ് ഫൈനൽ ജയിച്ചാലുണ്ടാകുന്ന അതേ ആനന്ദത്തോടെ സൗത്താഫ്രിക്കൻ താരങ്ങൾ ഗ്രൗണ്ടിൽ ആഘോഷത്തിമിർപ്പിലായി.

മത്സരത്തിന്റെ ഇടവേളയിൽ ഓസ്‌ട്രേലിയ 15 റൺസ് 'ഷോർട്' ആണെന്നും അവർക്ക്‌ 450 റൺസടിക്കാൻ സാധിച്ചില്ലെന്നും ആയതിനാൽ മത്സരത്തിൽ മുൻ‌തൂക്കം നമുക്കാണെന്നും ജാക് കാലിസ് തമാശരൂപേണ പറഞ്ഞതായും അത് മത്സരത്തിലെ പിരിമുറുക്കമയക്കാൻ സാധിച്ചെന്നും ഹെർഷൽ ഗിബ്സിന്റെ ആത്മകഥയായ 'ടു ദി പോയിന്റ് : ദി നോ ഹോൾഡ്‌സ് ബാർഡ് ഓട്ടോബയോഗ്രഫിയിൽ പരാമർശിക്കുന്നുണ്ട്. മത്സരത്തലേന്ന് നേരം വെളുക്കുവോളം 'പാർട്ടി' ആയിരുന്നെന്നും അങ്ങേയറ്റം ക്ഷീണിതനായാണ് താൻ ആ മാച്ച് പൂർത്തിയാക്കിയതെന്നുമുള്ള രസകരമായ വസ്തുതയും പിന്നീടദ്ദേഹം എഴുതി.

ഇതൊരു 'ഫ്ലൂക്ക്' അല്ലെന്നും മത്സരം ജയിക്കാൻ 'നോ ഡോട്ട് ബോൾ സ്ട്രാറ്റജി' അഥവാ ബൗണ്ടറികൾ നേടാൻ സാധിക്കാത്ത സമയത്തും ഓടി റൺസ്‌ നേടി പ്രഷർ റിലീസ് ചെയ്ത് മത്സരം സ്വന്തമാക്കാനുള്ള തന്ത്രം നടപ്പിലാക്കാൻ പരിശീലകരുടെ നിർദേശമുണ്ടായിരുമെന്നുമെല്ലാം മത്സരശേഷം ഗിബ്സിലൂടെ ലോകം കേട്ടു. മത്സരത്തിന് മുൻപ് ക്യുറേറ്റർ നൽകിയ നിർദേശം '250 വിക്കറ്റ് പിച്ച്' ആണെന്നും ആ പിച്ചിലാണ് ഇരുടീമുകളും ചേർന്ന് എണ്ണൂറ്റിഎഴുപതിലധികം റൺസ് സ്‌കോർ ചെയ്തതെന്നുമുള്ള രസകരമായ വസ്തുതയുമുണ്ട് മത്സരത്തിന്.

പത്തോവറിൽ നൂറ്റിപതിമൂന്ന് റൺസ്‌ വഴങ്ങിയ മിക്‌ ല്യൂവിസ്‌ പിന്നീടൊരു അന്താരാഷ്‌ട്ര മത്സരം കളിച്ചതേയില്ല, ഹെർഷൽ ഗിബ്‌സിനൊപ്പം 'മാൻ ഓഫ് ദി മാച്ച്' പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട റിക്കി പോണ്ടിങ് അത് നിഷേധിക്കുകയും ചെയ്തു.! ഈ മത്സരഫലം അവർക്ക് നൽകിയ ആഘാതത്തിന് ഇതിൽ കൂടുതൽ തെളിവുകൾ വേണ്ടല്ലോ..! ഏകദിന ചരിത്രത്തിലെ ഏറ്റവുമുയർന്ന ടീം ടോട്ടലെന്ന അനുപമമായ നേട്ടത്തിന് മൂന്നാല് മണിക്കൂറുകളുടെ മാത്രം ആയുസ്സ്..!

ഇന്നീ ടി20 യുഗത്തിലും അപൂർവമായി മാത്രമനുഭവിക്കാൻ കിട്ടുന്ന എല്ലാ ചേരുവകളുമടങ്ങിയ ഒരു 'കംപ്ലീറ്റ്' മാച്ച് ആണ് ഇരുപത് വർഷങ്ങൾക്കപ്പുറം സൗത്താഫ്രിക്കയും ഓസ്‌ട്രേലിയയുമൊരുമിച്ചു സമ്മാനിച്ചത്. കാലമാവശ്യപ്പെടുന്ന എന്ത് മാറ്റം ഈ ഫോര്മാറ്റിന് സംഭവിച്ചാലും , പൂർണമായി അന്യം നിന്നാലും ചരിത്രത്തിലെ വിസ്മരിക്കപ്പെടാത്ത ഒരേടായി 2006 മാർച്ച് 12 ലെ ആ ഞായറാഴ്ച്ചയും ജോഹാന്നസ്ബർഗിലെ വാണ്ടറേസ് ക്രിക്കറ്റ് ഗ്രൗണ്ടിലെ 22 വാര പിച്ചുമുണ്ടാകും..!

TAGS :

Next Story