അമ്മായീ, നമ്മളെന്നാണ് സ്വർഗത്തിലേക്ക് പോവുക?; ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോദ്യം ലോകത്തിന് മുന്നിലെത്തിച്ച ഹാല
ഹാലാ അൽ ഖതീബിന്റെ വരികളോരൊന്നും നെതന്യാഹുവിനെതിരായ കുറ്റപത്രമാണ്

- Published:
20 May 2025 7:09 PM IST

അമ്മായീ, നമ്മളെന്നാണ് സ്വർഗത്തിലേക്ക് പോവുക? ഗസ്സയിലെ ഒരു കുഞ്ഞിന്റെ ഈ കനിഞ്ഞുപൊട്ടുന്ന ചോദ്യമാണ് ഹാലാ അൽ ഖതീബിന്റെ ഹൃദയത്തിൽ തറച്ചുനിൽക്കുന്നത്. അത് വെറുമൊരു ചോദ്യമല്ല, മറിച്ച് ഒരു ജനതയുടെ നിലവിളിയായിരുന്നു. ഹാല — ഗസ്സയിൽ നിന്നുള്ള വേദനകൾ ലോകത്തിന് മുന്നിലെത്തിച്ച യുവ എഴുത്തുകാരി. ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനിയുടെ വരികളിലൊക്കെയും ഗസ്സയുടെ മുറിവും വേദനയുമാണ്. യുദ്ധമെന്നത് ഹാലയുടെ ജീവിതാനുഭവമാണ്. ബോംബ് വീണ് തകർന്ന വീടകങ്ങളിൽ നിന്ന് അവളെഴുതിക്കൊണ്ടേയിരുന്നു, അതിൽ കുഞ്ഞുങ്ങളുടെ വേദനകൾ മാത്രമല്ല, കണ്ണീരുമുണ്ട്. ആകാശത്തേക്ക് നോക്കി‘നമ്മളെന്നാണ് സ്വർഗത്തിലേക്ക് പോകുന്നത്? എന്ന് ചോദിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണുകളിലൂടെയാണ് അവൾ ലോകത്തിന് മുന്നിൽ ഗസ്സയെ വായിക്കാൻ തുറന്നുവെക്കുന്നത്. ഹാലയുടെ എഴുത്ത് രക്തവായു നിറഞ്ഞ വാസ്തവങ്ങളുടെ തെളിവാണ്.
വെടിയുണ്ട നൽകുന്നവരും വെടിയുണ്ട കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിലേക്ക് തുളച്ച് കയറ്റുന്നവരും ഒറ്റക്കെട്ടാണ്, ഇത് യുദ്ധമല്ല, ഒരു ജനതയെ ഇല്ലാതാക്കുന്ന വംശഹത്യയാണെന്നും വേണം നമ്മൾ മനസ്സിലാക്കാൻ. ഈ ഭൂമിയിൽ ജനിച്ചിട്ടും ജീവിക്കാൻ അവകാശം നിഷേധിക്കപ്പെടുന്ന ഗസ്സയിലെ ജനതയുടെ ദുഃഖം ലോക മനസാക്ഷിക്ക് ഏറ്റവും വലിയ അപമാനമാണ്. മെലിഞ്ഞൊട്ടിയ കുട്ടികളെയും മരുന്നും ഭക്ഷണവുമില്ലാതെ പിടയുന്ന രോഗികളെയും മുറിവേറ്റ് കിടക്കുന്നവരെയും കണ്ടിട്ടും എങ്ങനെയാണ് ലോകത്തിന് ഇങ്ങനെ നിശബ്ദത പാലിക്കാൻ സാധിക്കുന്നത്? സകല മാർഗങ്ങളും ഉപയോഗിച്ച് ഗസ്സയിലെ ജനങ്ങളെ ഇസ്രായേൽ ക്രൂരമായി കൊന്നൊടുക്കുകയാണ്. നീതി അന്വേഷിച്ചവളുടെ വാക്കുകൾ, ചരിത്രത്തിന്റെ രേഖകളാകുന്നു. ഹാലയുടെ വാക്കുകൾ പുസ്തകത്തിനായി എഴുതിയതല്ല. അവൾ സ്വന്തം നെഞ്ചിൽ നേരിട്ട് അനുഭവിച്ച ശക്തമായ അനുഭവങ്ങളാണത്. ആ ശക്തിയെ തകർത്ത് കളയാൻ കഴിയില്ല ഒരു നുണയ്ക്കും. ഓരോ വരികളും മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ കണ്ണടച്ചിരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ്.
ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചുണ്ടുകൾ ഉണങ്ങിപ്പോയി, നാവുകൾ വരണ്ട് പോയി. ഒരു വറ്റുപോലുമില്ലാതെ അനാഥമായിപ്പോയ ആ വയറുകളുടെ നിലവിളി അത്രമേൽ വൈകാരികപരം മാത്രമല്ല രാഷ്ട്രീയപരംകൂടിയാണ്. അതിനാൽ തന്നെ പാശ്ചാത്യരാഷ്ട്രങ്ങൾ കാതും കണ്ണും പൊത്തി ഇരിക്കുന്നു. അമേരിക്കയും ഇസ്രായേലും ഗസ്സയുടെ മരണമെഴുതി തീർക്കുകയാണ്.നിന്റെ നിശബ്ദത, അവരെ മരണത്തിന് വിട്ടുകൊടുക്കാനുള്ള സമ്മതപത്രമാണ്.
ഹാല- ഒരു എഴുത്തുകാരിയല്ല, ഒരു തെളിവാണ്. അവളുടെ വാക്കുകൾ മുറിവുകൾക്കിടയിൽ രചിക്കുന്നത് രേഖകളാണ്. നിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടിയാണ് കുട്ടികൾ പട്ടിണിക്ക് ഇരയാകുന്നത്. ഇത് യുദ്ധമല്ല. ഇത് സംഘടിതമായ രാഷ്ട്രീയ വംശഹത്യയാണ്.
ലോകം മനുഷ്യാവകാശത്തെ സുവിശേഷമാക്കി ഉയർത്തുമ്പോഴും, അമേരിക്കയും ബ്രിട്ടനും, ഫ്രാൻസും ജർമ്മനിയും മനുഷ്യാവകാശത്തിന്റെ വാഗ്ദാനങ്ങൾ കൊടുത്തുകൊണ്ടിരിക്കെ, കുട്ടികളെ വരെ ഡ്രോൺ സ്ട്രൈക്കിലൂടെ ഇരകളാക്കുകയാണ് ഇസ്രായേൽ. അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്ധനായി നടിക്കുകയാണോ? ഒരാൾ പോലും ഈ കൂട്ടക്കൊല തടയുന്നില്ല. ഉണങ്ങിയ ശരീരങ്ങളുമായി ഭക്ഷണത്തിന് മണിക്കൂറോളം വരിനിന്ന് ഭക്ഷണമില്ലാതെ മടങ്ങുന്ന കുട്ടികളുടെ കണ്ണിലൂടെ കാഴ്ചകൾ കാണാനാണ് ഹാല ലോകത്തോട് ആവശ്യപ്പെടുന്നത്. എന്നിട്ടും ഒരു കഷ്ണം റൊട്ടി എങ്കിലും നൽകാൻ ആഗ്രഹിക്കാത്തത് എല്ലാ ലോക രാജ്യങ്ങളുടെയും വലിയ കഴിവുകേടാണ്.
ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ‘റിവഞ്ച്’എന്ന പേരിൽ ന്യായീകരിക്കുന്ന ഓരോ രാജ്യത്തെയും ചരിത്രം വെറുതെ വിടുകയുമില്ല.
അവളുടെ വരികൾ നെതന്യാഹുവിനുള്ള കുറ്റപത്രങ്ങളാണ്. നെതന്യാഹുവേ.., നിങ്ങൾക്ക് ശക്തിയും ആയുധവുമുണ്ടാകാം. പക്ഷേ, ഈ പാതിരാത്രികളിൽ ഗസ്സയിലെ കുട്ടികൾ ചോദിക്കുന്ന ഓരോ ചോദ്യവും നിങ്ങളുടെ പേരിനെതിരായ കുറ്റപത്രമാണ്. നിങ്ങൾ ഇപ്പോഴും മനുഷ്യാവകാശം പൂർണ്ണമായി അവഗണിക്കുമ്പോൾ, ചരിത്രം നിങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ല.
ഹാല ചോദിക്കുന്നത് ഇതാണ്. ‘നിങ്ങൾ എവിടെ? ആ വാക്കുകൾക്ക് പിന്നിൽ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ പൊള്ളുന്ന ചോദ്യങ്ങളുണ്ട്. അവളുടെ ആഹ്വാനം വ്യക്തമാണ്. നീതിക്ക് വേണ്ടി നിങ്ങൾ എവിടെയാണ്? മനുഷ്യാവകാശങ്ങൾക്കായി ഉയർത്തെഴുന്നേൽക്കുന്ന ലോകത്തിന്റെ മൗനത്തിനെതിരെ മന:സാക്ഷിയുള്ള ലോകം ചോദിച്ചുകൊണ്ടേയിരിക്കും.
Adjust Story Font
16