Quantcast

ചന്തകളിൽ നിന്ന് ഇൻസ്റ്റാഗ്രാം റീൽസിലേക്ക്; നാടിബലം എന്ന നാടൻ സ്റ്റാർട്ടപ്പ് കഥ

വലിയ യന്ത്രങ്ങളില്ല, ആത്മാർത്ഥത മാത്രം കൊണ്ട് ​രണ്ടത്താണിയുടെ ബ്രാൻഡായി മാറിയ കഥ

MediaOne Logo

ശ്രീതു

  • Published:

    4 Jun 2026 5:14 PM IST

ചന്തകളിൽ നിന്ന് ഇൻസ്റ്റാഗ്രാം റീൽസിലേക്ക്; നാടിബലം എന്ന നാടൻ സ്റ്റാർട്ടപ്പ് കഥ
X

രണ്ടത്താണി വഴിയിലൂടെ പോകുന്നവർക്ക് ആ മണം പരിചിതമാണ്. ചൂടോടെ ഉണ്ടാക്കുന്ന മിഠായിയുടെ മധുരമണം. ആ മണത്തെ പിന്തുടർന്ന് ചെറിയൊരു കടയുടെ മുന്നിലെത്തുമ്പോൾ കാണുന്നത് ആളുകളുടെ തിരക്കാണ്. കൈയിൽ പൊതി വാങ്ങി പോകുന്നവരും, പഴയ ഓർമ്മകൾ പറഞ്ഞ് നിൽക്കുന്ന നാട്ടുകാരും, “ഇത് വീട്ടിലേക്കും കൊണ്ടുപോകണം” എന്ന് പറയുന്ന യാത്രക്കാരും — അവിടെയാണ് “നാടിബലം”.

ഇന്ന് രണ്ടത്താണിയുടെ ഒരു തിരിച്ചറിയലായി മാറിയ “നാടിബലം” കഥ തുടങ്ങുന്നത് വർഷങ്ങൾക്കുമുമ്പ് ഒരു സാധാരണ മനുഷ്യനായ മൂസക്കയിൽ നിന്നാണ്. വലിയ ബിസിനസുകാരൻ ഒന്നുമായിരുന്നില്ല അദ്ദേഹം. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഷ്ടപ്പെട്ടിരുന്ന ഒരു സാധാരണക്കാരൻ. പക്ഷേ, ആ മനുഷ്യന്റെ മനസ്സിലുണ്ടായ ഒരു ചെറിയ ശ്രമമാണ് പിന്നീട് നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായത്.

ബോംബെയിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് മൂസക്ക അവിടെ ഒരു പ്രത്യേക രീതിയിൽ മിഠായി ഉണ്ടാക്കുന്നത് കാണുന്നത്. ആ കാഴ്ച മനസ്സിൽ നിന്നു പോയില്ല. നാട്ടിലേക്ക് തിരികെ എത്തിയ ശേഷം, ഇവിടെ കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് അതുപോലൊരു മിഠായി ഉണ്ടാക്കാൻ അദ്ദേഹം ശ്രമിച്ചു. ശർക്കര, ചെറിയ ഉള്ളി, തേങ്ങ — ഇത്ര മാത്രം. കേൾക്കുമ്പോൾ വളരെ സാധാരണമായി തോന്നുന്ന ഈ വസ്തുക്കൾ ചേർന്നപ്പോൾ, ഒരു പ്രത്യേക രുചി പിറന്നു. വീട്ടിൽ ഉണ്ടാക്കിയ ആ മിഠായി ആദ്യം നാട്ടുകാർക്ക് കൊടുത്തു. “ഇത് നല്ലതാണല്ലോ” എന്ന അവരുടെ വാക്കുകളാണ് ആ ചെറിയ ശ്രമത്തിന് ആത്മവിശ്വാസമായത്.

അന്ന് വീട്ടിനോട് ചേർന്ന ഒരു ചെറിയ “മുട്ടായി പൊര” ഷെഡിലായിരുന്നു ഇതെല്ലാം ആരംഭിച്ചത്. വലിയ യന്ത്രങ്ങളോ വലിയ സൗകര്യങ്ങളോ ഒന്നുമില്ല. കൈകളുടെ ചൂടും മനസ്സിന്റെ ആത്മാർത്ഥതയും മാത്രം. പുലർച്ചെ മുതൽ രാത്രി വരെ നിന്നുള്ള അധ്വാനമായിരുന്നു ആ മധുരത്തിന് പിന്നിൽ.

ആദ്യകാലങ്ങളിൽ കോട്ടക്കൽ ചന്തയിലും കൽപ്പകഞ്ചേരി ചന്തയിലുമാണ് “നടിബലം” കൂടുതലായി വിറ്റിരുന്നത്. ഇന്നും ശനിയാഴ്ച കോട്ടക്കൽ ചന്തയിലും ചൊവ്വാഴ്ച കൽപ്പകഞ്ചേരി ചന്തയിലും ഈ മിഠായി കിട്ടും. വർഷങ്ങൾ കഴിഞ്ഞിട്ടും ചന്തകളുമായുള്ള ആ ബന്ധം ഇപ്പോഴും തുടരുന്നു എന്നത് തന്നെ ഈ മിഠായിയുടെ പാരമ്പര്യം എത്ര ശക്തമാണെന്ന് കാണിക്കുന്നു.'





ചെറിയൊരു കടയിൽ നിന്നാരംഭിച്ച ഈ യാത്ര, പിന്നീട് ആളുകളുടെ സ്നേഹത്തോടൊപ്പം വളർന്നു. മുപ്പത് വർഷങ്ങൾക്ക് മുമ്പ് പഴയ കട മാറ്റി “ലൈഫ് ലൈൻ നാടിബലം സ്റ്റോർ” എന്ന പേരിൽ പുതിയ സ്ഥാപനം ആരംഭിച്ചു. ഇന്ന് രണ്ടത്താണിയിൽ ആളുകൾ പ്രത്യേകമായി എത്തി “നാടിബലം” വാങ്ങി പോകുന്ന അവസ്ഥയാണ്.

ഇവിടെ എത്തുന്നവർക്ക് ഇത് ഒരു കട മാത്രമല്ല. വീട്ടിലെ ആളുകളെപ്പോലെ സംസാരിക്കുന്ന തൊഴിലാളികൾ, “എന്താ സുഖം?അച്ഛനും മോളും എങ്ങോട്ടാ?” എന്ന് ചോദിക്കുന്ന പരിചിത മുഖങ്ങൾ, പഴയ ഉപഭോക്താക്കളെ പേരുപറഞ്ഞ് വിളിക്കുന്ന സ്നേഹം — ഇതെല്ലാം ചേർന്നാണ് “നാടിബലം” നാട്ടുകാരുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നത്. ഇവിടെ വരുന്ന പലർക്കും, ഇത് ഒരു മിഠായി വാങ്ങുന്ന സ്ഥലം മാത്രമല്ല; ഓർമ്മകൾ തിരിച്ചു കിട്ടുന്ന ഒരിടമാണ്.

“നാടിബലം” ഉണ്ടാക്കുന്ന രീതിയിലും ഇന്നും പഴമയുടെ സ്പർശമുണ്ട്. കെമിക്കലുകളോ അധിക എണ്ണയോ ഒന്നുമില്ലാതെ, പഴയ രുചി നഷ്ടപ്പെടാതെയാണ് ഇത് ഇന്നും ഉണ്ടാക്കുന്നത്. അതുകൊണ്ടാണ്, ഒരു കഷണം വായിൽ വെച്ചാൽ പോലും പഴയ കാലത്തിന്റെ രുചി ഓർമ്മ വരുന്നത്.

പിന്നീട് ഈ സംരംഭം മിഠായികളിൽ മാത്രം ഒതുങ്ങിയില്ല. രണ്ടത്താണിയിൽ ബിരിയാണി അത്ര സാധാരണമല്ലാത്ത സമയത്താണ് “നാടിബലം കിച്ചൻ” ബിരിയാണി ഒരുക്കി തുടങ്ങിയത്. ഇന്ന് കല്യാണവീടുകളിലും വിവിധ പരിപാടികളിലും “നടിബലം” ബിരിയാണിയും ഒരു സ്ഥിര സാന്നിധ്യമാണ്.

ഇന്ന് സോഷ്യൽ മീഡിയ കാലമാണ്. ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും ഫുഡ്വ്ലോഗുകളിലൂടെയും “നടിബലം” കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തി. പക്ഷേ, ഇന്നും ഈ വിജയത്തിന്റെ അടിത്തറ പഴയ അതേ വിശ്വാസമാണ് — “ഇവിടെ കിട്ടുന്ന രുചി വേറെ എവിടെയും കിട്ടില്ല” എന്ന നാട്ടുകാരുടെ വിശ്വാസം.

കേരളത്തിലെ സ്റ്റാർട്ടപ്പ് കൾചറിനെകുറിച്ച് പല ചർച്ചകളും നടക്കുന്ന സമയമാണിത്. പക്ഷേ “നടിബലം” പോലുള്ള കഥകൾ പറയുന്നത്, സ്റ്റാർട്ടപ്പ് എന്നത് പുതിയ കമ്പനികൾ തുടങ്ങുന്നതിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. പഴയൊരു പാരമ്പര്യത്തെ പുതിയ തലമുറയിലേക്ക് ജീവിപ്പിച്ചുകൊണ്ടുപോകുന്നതും അതിന്റെ ഭാഗമാണ്.

ഒരു സാധാരണ മനുഷ്യന്റെ ചെറിയ ശ്രമം…

ഒരു കുടുംബത്തിന്റെ ജീവിതം മാറ്റിയ സംരംഭം…

ഒരു നാടിന്റെ ഓർമ്മയായി മാറിയ രുചി…

അതാണിന്ന് രണ്ടത്താണിയിലെ “നാടിബല൦"രണ്ടത്താണിയുടെ കാറ്റിൽ ഇന്നും ആ മധുരമണം ഉണ്ട്. ആ മണത്തിൽ കലർന്നിരിക്കുന്നത് ഒരു മിഠായിയുടെ രുചി മാത്രം അല്ല — വർഷങ്ങളായുള്ള പരിശ്രമവും, ഒരു കുടുംബത്തിന്റെ ജീവിതവും, ഒരു നാടിന്റെ ഓർമ്മകളും കൂടിയാണ്.




TAGS :

Next Story