ഗസ്സ: റിപ്പോർട്ടർമാരെ കൊന്നാലും റിപ്പോർട്ട് ഇല്ലാതാകില്ല, ജേണലിസം എന്ന "രാജ്യദ്രോഹം"
വംശഹത്യ മറച്ചുവെക്കാൻ വാർത്ത തന്നെ ഇല്ലാതാകണം. ലോകത്തിന്‍റെ കണ്ണും കാതുമായി ഫലസ്തീനിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർമാർ ഇല്ലാതാകണം. അതുകൊണ്ടുതന്നെയാണ് ഇസ്രായേൽ ജേണലിസ്റ്റുകളെ കൊന്നൊടുക്കുന്നത്. സാക്ഷികളെ ഇല്ലാതാക്കാൻ, തെളിവു നശിപ്പിക്കാൻ, ലോകത്തിനു മുമ്പിൽ സത്യം മറച്ചു പിടിക്കാൻ.

- Updated:
2025-08-27 10:40:37.0

പ്രസ്സ് കോൺഫറൻസും സപ്രസ്സ് കോൺഫറൻസും
അധികാരം ഉറപ്പിക്കാൻ വഴി രണ്ട്. ഒന്ന്, വോട്ട്ചോരണം. രണ്ട്, എതിർ മുഖ്യന്മാരെ കള്ളക്കേസ് കൊണ്ട് പുറത്താക്കുക. ആദ്യത്തേത് അധികാരം മോഷ്ടിക്കലെങ്കിൽ മറ്റേത് ജനാധിപത്യത്തെ തള്ളിപ്പുറത്താക്കൽ. അതിനായി പുതിയൊരു ഭരണഘടനാ ഭേദഗതി ബിൽ. വോട്ടുചോരണവിഷയം രാഹുൽ ഗാന്ധി പൊതു ചർച്ചയാക്കിയതിൽ പിന്നെ വിഷയം ജനശ്രദ്ധയിൽ നിന്ന് മാറ്റാനുള്ള തന്ത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നവർ ധാരാളം.
"ഗോഡി മീഡിയ" അത്തരം ചില തന്ത്രങ്ങൾ പരീക്ഷിച്ചുനോക്കിയതാണ്. ഡൽഹിയിലെ നായശല്യവും കേസും ആ വിധേയ മാധ്യമങ്ങൾക്ക് വീണു കിട്ടിയ അവസരമായി. അവരത് മുതലെടുക്കുകയും ചെയ്തു. വോട്ടുചോരണം അന്തിച്ചർച്ചയാകേണ്ട ദിവസങ്ങളിൽ പല ചാനലുകളിലും തെരുവുനായ്ക്കളായിരുന്നു വിഷയം.
പുതിയ ഭരണഘടനാ ഭേദഗതിക്ക് രണ്ടു ലക്ഷ്യങ്ങളുണ്ട്. അധികാര വേട്ട, പ്രതിപക്ഷത്തെ തുരത്തൽ ആണ് ഒന്നെങ്കിൽ മറ്റേത്, ഭരണം തന്നെ മോഷ്ടിച്ചതാണെന്ന ആരോപണത്തിൽ നിന്ന് പൊതുജനശ്രദ്ധ മാറ്റലാണ്. പൊതുബോധത്തിലേക്ക് ചേർക്കപ്പെടുന്ന വിഷയങ്ങൾക്ക് രാഷ്ട്രീയപ്രാധാന്യം ഏറെയാണല്ലോ.
ഇവിടെയാണ്, ചില വാർത്താ സമ്മേളനങ്ങൾ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നത്. രാഹുൽ ഗാന്ധിയുടെ “വെളിപ്പെടുത്തൽ പ്രസർ”; അതിനു ബദലായി, ഇലക്ഷൻ കമിഷന്‍റെ “മറച്ചുവെക്കൽ പ്രസർ” എന്നിങ്ങനെ രണ്ടുതരം വാർത്ത സമ്മേളനങ്ങൾ
സുതാര്യതയും വസ്തുതകളുമാണ് “രാഹുൽ പ്രസറി”ന്‍റെ മുഖമുദ്ര. വെളിപ്പെടുത്തലാണ് അതിനെ വേറിട്ടു നിർത്തിയത്. മറിച്ച് തെരഞ്ഞെടുപ്പു കമിഷന്‍റെ പ്രതികരണമോ? ആദ്യം അവർ മൗനം പാലിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോൾ വാർത്താ സമ്മേളനം വിളിച്ചു. രാഹുലിന്‍റെ ന്യൂസ് കോൺഫറൻസിന്‍റെ നേർ വിപരീതമായി അത്. കണക്കുകളില്ല, വിശദീകരണമില്ല. രാഹുൽ ഓരോ ചോദ്യത്തിനും കൃത്യമായി മറുപടി പറഞ്ഞു. കമിഷനാകട്ടെ, കുറെ ചോദ്യങ്ങൾ ഒന്നിച്ച് ചുരുട്ടിക്കൂട്ടി പൊതു പ്രസ്താവനകൾ നടത്തി. രാഹുൽ വെളിപ്പെടുത്തി, കമിഷൻ മറച്ചുവെച്ചു.
സുതാര്യതയാണ് ജനാധിപത്യത്തിന്‍റെ മർമം. തെരഞ്ഞെടുപ്പിന്‍റെ ജീവവായുവാണ് സുതാര്യത. ടി.എൻ ശേഷൻ മുതലുള്ളവർ അതാണ് ഉറപ്പുവരുത്തിയത്. പക്ഷേ ഇന്നത്തെ കമിഷൻ കാര്യങ്ങൾ മറച്ചു വെക്കുന്നു. വസ്തുതകളോട് പുറംതിരിയൽ, വസ്തുതകൾ മറച്ചു പിടിക്കൽ, ഒക്കെയാണ് ഇലക്ഷൻ കമിഷന്‍റെ വാർത്താസമ്മേളനത്തിന്‍റെ സവിശേഷത.
അങ്ങനെ, വാർത്താസമ്മേളനത്തിന്‍റെ രണ്ട് വിപരീത മാതൃകകൾ നമ്മൾ കണ്ടു. ഒന്ന് ലക്ഷണമൊത്ത പ്രസ് കോൺഫറൻസ് (Press Conference). മറ്റേത് ലക്ഷണമൊത്ത സപ്രസ് കോൺഫറൻസ് (Suppress Conference).
ഗസ്സ: റിപ്പോർട്ടർമാരെ കൊന്നാലും റിപ്പോർട്ട് ഇല്ലാതാകില്ല
വംശഹത്യ മറച്ചുവെക്കാൻ വാർത്ത തന്നെ ഇല്ലാതാകണം. ലോകത്തിന്‍റെ കണ്ണും കാതുമായി ഫലസ്തീനിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർമാർ ഇല്ലാതാകണം. അതുകൊണ്ടുതന്നെയാണ് ഇസ്രായേൽ ജേണലിസ്റ്റുകളെ കൊന്നൊടുക്കുന്നത്. സാക്ഷികളെ ഇല്ലാതാക്കാൻ, തെളിവു നശിപ്പിക്കാൻ, ലോകത്തിനു മുമ്പിൽ സത്യം മറച്ചു പിടിക്കാൻ.
പക്ഷേ ഗസ്സക്കാർക്കറിയാം, ഈ പോരാട്ടത്തിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നത് ചെറുത്തുനില്പാണെന്ന്; അതിജീവനമാണെന്ന്; അതുകൊണ്ട്, ഇസ്രായേലിന്‍റെ കണക്ക് തെറ്റിച്ച്, ഓരോ തവണയും പുതിയ ജേണലിസ്റ്റുകൾ രംഗത്തുവരുന്നു. ഈയിടെ അനസ് അൽ ശരീഫ് മരിച്ചു വീണ അതേ സ്ഥലത്ത്, അതേപോലെ തമ്പ് പണിത് പുതിയ റിപ്പോർട്ടർമാർ എത്തിക്കഴിഞ്ഞു. അനസിനു പിന്നാലെ അൽ ജസീറക്കു വേണ്ടി പുതിയൊരു ലേഖിക രംഗത്തുവന്നു – മറാം ഹുമൈദ്. ഇസ്രായേൽ വായടപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നു. ജീവൻ പോയാലേ വായടങ്ങൂ എന്ന മട്ടിൽ ഫലസ്തീൻ ജേണലിസ്റ്റുകളും.
അമേരിക്കൻ മാധ്യമപ്രവർത്തകനായ റിച്ചഡ് സാൻഡേഴ്സ് ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. ഗസ്സയിൽ കൊല്ലപ്പെട്ട ജേണലിസ്റ്റുകളുടെ എണ്ണം, അമേരിക്കൻ ആഭ്യന്തരയുദ്ധം, ലോകയുദ്ധം ഒന്ന്, ലോകയുദ്ധം രണ്ട്, കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം, കമ്പോഡിയൻ യുദ്ധം, യൂഗോസ്ലാവ്യ യുദ്ധം, അഫ്ഗാൻ യുദ്ധം, യുക്രെയ്ൻ യുദ്ധം എന്നിവയിലെല്ലാം കൂടി മൊത്തം കൊല്ലപ്പെട്ടവരെക്കാൾ കൂടുതലാണ്.
മരണമുഖത്തു നിന്നുകൊണ്ട് വംശഹത്യ റിപ്പോർട്ട് ചെയ്യുന്ന ധീരരായ ജേണലിസ്റ്റുകൾ മാത്രമല്ല ഫലസ്തീനെപ്പറ്റി ലോകത്തിനു പറഞ്ഞു കൊടുക്കുന്നത്. റിപ്പോർട്ടുകളെയും സ്വതന്ത്ര അന്വേഷണങ്ങളെയും ആധാരമാക്കി അനേകം സ്വതന്ത്ര മാധ്യമങ്ങൾ ഇസ്രായേലി നുണകൾ പൊളിച്ചുകാട്ടുകയും ചരിത്ര സത്യങ്ങൾ വസ്തുതാപരമായി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. അത്തരം വീഡിയോ റിപ്പോർട്ടുകളെപ്പറ്റിയും ഡോക്യൂമെന്‍ററികളെപ്പറ്റിയും നാമറിയണം. അവയിൽ ഒന്നാണ്, ഫലസ്തീനി-അമേരിക്കൻ മാധ്യമപ്രവർത്തക ഷിറീൻ അബൂ ആഖ് ല കൊല്ലപ്പെട്ടതെങ്ങനെ എന്ന അന്വേഷണാത്മക റിപ്പോർട്ട്. തയാറാക്കിയത് മെഹ്ദി ഹസന്‍റെ സെറ്റേയോ (Zeteo) എന്ന ഓൺലൈൻ പോർട്ടൽ.
ആരാണ് ആ വെടി ഉതിർത്തത്? ഇസ്രായേലോ അമേരിക്കയോ അതന്വേഷിക്കുന്നില്ലെന്ന് വന്നപ്പോൾ സെറ്റേയോ സംഘം അതേറ്റെടുത്തു. അന്വേഷണത്തിൽ കൊലയാളിയെ കണ്ടെത്തി.
ജേണലിസം എന്ന "രാജ്യദ്രോഹം"
മാധ്യമപ്രവർത്തനം രാജ്യദ്രോഹമാകുമോ? ഭരണാധികാരികളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നത് രാജ്യദ്രോഹമാകുമോ? ദി വയർ എന്ന ഇന്ത്യൻ മാധ്യമ പോർട്ടലിന്റെ എഡിറ്റർ സിദ്ധാർത്ഥ വരദരാജനും അഭിമുഖകാരൻ കരൺ ഥാപ്പർക്കും, യുട്യൂബ് ജേണലിസ്റ്റ് അഭിസാർ ശർമക്കുമെതിരെ രാജ്യദ്രോഹക്കേസുകൾ കൊണ്ടുവന്ന ഭരണകൂട നീക്കം മാധ്യമ സ്വാതന്ത്ര്യത്തെ ഭീഷണിയുടെ ഇല്ലാതാക്കാനുള്ള ശ്രമമാണ്.
മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യ സ്വാതന്ത്ര്യത്തിന്‍റെ ഭാഗം തന്നെയാണ്. അതിന് പരിക്കേൽക്കുന്നത് മാധ്യമങ്ങളുടെയോ വ്യക്‌തികളുടെയോ മാത്രം പ്രശ്നമല്ല. രാജ്യത്തിന്‍റെ പ്രശ്നമാണ്.
Adjust Story Font
16
