എന്റെ വീട്, എന്റെ കുടുംബം, എന്റെ സുരക്ഷിത സ്ഥലം
എന്തൊക്കെ കാര്യങ്ങളാണ് കുട്ടികളെ കുടുംബത്തിൽ സൂപ്പർ സന്തോഷവാന്മാരും സുരക്ഷിതരും പൂർണ്ണമായി സ്നേഹിക്കപ്പെടുന്നവരുമാക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് വിലകൂടിയ കളിപ്പാട്ടങ്ങളോ, മധുരപലഹാരങ്ങളോ, നല്ല വസ്ത്രങ്ങളോ, വലിയ സ്കൂളുകളോ അല്ല....

- Published:
6 Jun 2025 11:50 AM IST

സ്നേഹിക്കാനും കേൾക്കാനും കരുത്തുള്ളവനാകാനും മാതാപിതാക്കൾ കുട്ടികളെ സഹായിക്കുന്നത് എങ്ങനെയാണ് ? എന്തൊക്കെ കാര്യങ്ങളാണ് കുട്ടികളെ കുടുംബത്തിൽ സൂപ്പർ സന്തോഷവാന്മാരും സുരക്ഷിതരും പൂർണ്ണമായി സ്നേഹിക്കപ്പെടുന്നവരുമാക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് വിലകൂടിയ കളിപ്പാട്ടങ്ങളോ, മധുരപലഹാരങ്ങളോ, നല്ല വസ്ത്രങ്ങളോ, വലിയ സ്കൂളുകളോ അല്ല. ഇവയൊക്കെ കുട്ടികൾക്ക് ആവശ്യമുള്ളവയാണെങ്കിലും ഓരോ ദിവസവും ഓരോ അനുഭവവും കുട്ടികളുടെ മനസ്സിൽ എന്ത് 'തോന്നൽ' ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചാണ് രക്ഷിതാക്കൾ ആലോചിക്കേണ്ടത്. കുട്ടികൾക്ക് വേണ്ടത് എന്ത് എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാൽ വീടകത്തെ ഏറ്റവും മികച്ച സ്ഥലമാക്കി മാറ്റാം. അച്ഛനമ്മമാരും ആ പദവിയാഗ്രഹിക്കുന്നവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങളുണ്ട്. നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നവ.
1. ഊഷ്മളമായ ആശ്ലേഷം( warm hugs ) :
നിങ്ങളെ ദിവസം മുഴുവൻ പൊതിഞ്ഞു നിൽക്കുന്ന ഊഷ്മളവും സുഖകരവുമായ ഒരു പുതപ്പ് സങ്കൽപ്പിച്ചു നോക്കൂ – മാതാപിതാക്കൾ കുട്ടിയെ നിരുപാധികമായി സ്നേഹിക്കുകയും സൂപ്പർ സുരക്ഷിതനാക്കുകയും ചെയ്യുമ്പോൾ അങ്ങനെയാണ് കുട്ടികൾക്ക് അനുഭവപ്പെടുക. അത് അവസാനിക്കാത്ത ഒരു ഊഷ്മളമായ ആശ്ലേഷം പോലെയാണ്. പൂർണ്ണമായി സ്നേഹിക്കപ്പെടുന്നവനും സുരക്ഷിതനുമാണ് താൻ എന്ന ചിന്ത ഇത് കുട്ടികളിലുണ്ടാക്കും.
2. കെട്ടിപ്പിടിക്കലും ഹൈ-ഫൈവും ( hugs & high - fives ):
സ്കൂൾ വിട്ട് വരുമ്പോൾ അമ്മ കെട്ടിപ്പിടിക്കുമ്പോഴോ, അച്ഛൻ തലമുടി തലോടി "my champ" എന്ന് പറയുമ്പോഴോ, അവരുടെ സ്നേഹം കുട്ടികളിലേക്ക് ഒഴുകിയെത്തും. കളിക്കുമ്പോൾ പുറത്ത് ഒന്നു ചെറുതായി തട്ടുന്നതോ റോഡ് കുറുകെ കടക്കുമ്പോൾ കൈ പിടിക്കുന്നതോ പോലും കുട്ടികളെ ഒരുപാട് അടുപ്പമുള്ളവരായും സംരക്ഷിക്കപ്പെടുന്നവരായും തോന്നിപ്പിക്കും. സങ്കടമോ പേടിയോ തോന്നുമ്പോൾ, ഒരു മൃദുലമായ കെട്ടിപ്പിടുത്തമോ, ആശ്വാസം നൽകുന്ന ഒരു സ്പർശനമോ കുട്ടികളുടെ എല്ലാ മോശം വികാരങ്ങളെയും ഇല്ലാതാക്കും. അത് താൻ ഒറ്റയ്ക്കല്ലെന്ന് കുട്ടിയെ ഓർമ്മിപ്പിക്കും. "നീ സുരക്ഷിതനാണ്, എന്ത് സംഭവിച്ചാലും ഞാൻ നിന്നോടൊപ്പം ഉണ്ട്" എന്ന് കുട്ടിയോട് പറയുന്നതിന് തുല്യമാണത്.
3. ദിന താളം ( daily rhythm) :
എല്ലാ രാത്രിയും ഉറങ്ങുന്നതിന് മുൻപ് ഒരു കഥ പയുന്നതും കുടുംബത്തോടൊപ്പം ഒന്നിച്ച് അത്താഴം കഴിക്കുന്നതും പതിവാക്കുക. അതൊക്കെ വെറും നിയമങ്ങളോ ശീലങ്ങളോ അല്ല. മറിച്ച്, കുട്ടികളുടെ ദിവസത്തെ ശാന്തമാക്കുന്ന മാന്ത്രികതകളാണ്. കുളികഴിഞ്ഞാൽ പുസ്തകങ്ങൾ വായിക്കുന്നത് പോലെ, അടുത്തത് എന്താണെന്ന് അറിയുന്നത് കുട്ടിയെ സ്ഥിരതയുള്ളവനും ഉറപ്പുള്ളവനുമാക്കും. താൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും രക്ഷിതാക്കൾ തന്നെ എപ്പോഴും പരിപാലിക്കുമെന്നും വിശ്വസിക്കാൻ ഇത് അവരെ സഹായിക്കും. അവരുടെ ദിനങ്ങൾ ഒരു ഹാപ്പി മെലഡി ആണ്. അതിലെ എല്ലാ വാക്കുകളും വരികളും ചിട്ടതെറ്റാതെ അവർക്കറിയാം. അതിനെ താളാത്മകമായി മാറ്റുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്.
4. സംസാരിക്കൂ, സംസാരിക്കൂ, സംസാരിച്ചുകൊണ്ടേയിരിക്കൂ
മാതാപിതാക്കൾ കുട്ടികളോട് എപ്പോഴും സംസാരിക്കണം. പക്ഷേ അതൊരു വെറും സംസാരമാകരുത്. കാര്യകാരണങ്ങൾ അവരെ ബോധ്യപ്പെടുത്തുന്നതായിരിക്കണം. നിയമങ്ങൾ എന്തുകൊണ്ടാണെന്നും നിയന്ത്രണങ്ങൾ എന്തിനാണെന്നും അവർക്ക് വിശദീകരിച്ചുകൊടുക്കണം. അത് കുട്ടിയെ ബുദ്ധിമാനും വീട്ടിലെ ഒരു പ്രധാനപ്പെട്ടവനുമാണ് താനെന്ന തോന്നൽ അവനിലുണ്ടാക്കും. 'എന്തുകൊണ്ട്' എന്ന് അറിയുമ്പോൾ, കാര്യങ്ങൾ മനസ്സിലാക്കാനും പിന്തുടരാനും എളുപ്പമാണ്. ഈ ചെറിയ സംഭാഷണങ്ങൾ, പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുൻപ് ഉള്ള ഇത്തരം സംഭാഷണങ്ങൾ, കുട്ടികളെയും രക്ഷിതാക്കളെയും പരസ്പരം ബന്ധിപ്പിച്ചുനിർത്തും. കുട്ടികൾക്ക് ധൈര്യവും സന്തോഷവും നൽകും. ഇതാണ് ലോകത്തിലെ ഏറ്റവും നല്ല വികാരം(emotion) എന്ന തോന്നലാണ് കുട്ടികളിൽ ഇത് സൃഷ്ടിക്കുക.
5. കൂടുതൽ പറയൂ( tell me more) :
കുട്ടികൾക്ക് വലിയ ആശയങ്ങളോ അതിലും വലിയ ഇമോഷൻസോ പലപ്പോഴും ഉണ്ടാകാറുണ്ട്. അച്ഛനമ്മമാർ കുട്ടികൾ പറയുന്നത് ശ്രദ്ധിക്കുകയും അവരുടെ ഇമോഷൻസിനെ ശരിയാംവിധം പരിഗണിക്കുകയും ചെയ്യുമ്പോൾ അത് കുട്ടികളിൽ വലിയ സുരക്ഷിത ബോധമുണ്ടാക്കും. തന്റെ ചിന്തകളും ഇമോഷൻസും രക്ഷിതാക്കൾക്ക് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നാണ് കുട്ടികൾ മനസിലാക്കുക. അവ ചിലപ്പോഴൊക്കെ ചെറുതോ വിഡ്ഢിത്തമോ വിചിത്രമോ ഒക്കെ ആണെങ്കിൽ പോലും വീണ്ടും ചിന്തിക്കാനും പുതിയ ആശയങ്ങൾ കൊണ്ടുവരാനും കുട്ടികൾക്ക് ധൈര്യം നൽകും. അവരുടെ ആത്മവിശ്വാസത്തെയും അത് ശക്തിപ്പെടുത്തും.
6. കുട്ടിയെ കേൾക്കു ( real listening):
മാതാപിതാക്കൾ വളരെ നല്ല കേൾവിക്കാരാകണം. ഡ്രോയിംഗിനെക്കുറിച്ചോ സ്കൂളിൽ കൂട്ടുകാരൻ എങ്ങനെ പെരുമാറിയെന്നോ കുട്ടികൾ പറയുമ്പോൾ, അതിന് ശ്രദ്ധയോടെ ചെവി കൊടുക്കണം. ആ സമയത്ത് നിങ്ങളുടെ ഫോൺ മാറ്റിവച്ച് കുട്ടിയെ കേൾക്കണം. അവർ പറയുന്നതിനോട് അർഥപൂർണമായി പ്രതികരിക്കുക. തലയാട്ടി "മ്മ്, ഞാൻ കേൾക്കുന്നു," അല്ലെങ്കിൽ "അതിനെക്കുറിച്ച് കൂടുതൽ പറയൂ", "എന്നിട്ട് എന്തായി ", തുടങ്ങിയ വാക്കുകളിലൂടെയെങ്കിലും മറുപടി പറയണം. ഇത് കൂടുതൽ പറയാൻ കുട്ടികൾക്ക് പ്രോത്സാഹനം നൽകും. തന്റെ വാക്കുകൾക്ക് വിലയുണ്ടെന്നും തന്റെ ശബ്ദത്തിന് പ്രാധാന്യമുണ്ടെന്നും കുട്ടികൾക്ക് തോന്നാൻ ഇത് സഹായിക്കും.
7. കുട്ടികളുടെ വികാരങ്ങൾ (my feelings):
കുട്ടികൾക്ക് ചിലപ്പോൾ ദേഷ്യം വരാം, അല്ലെങ്കിൽ വല്ലാതെ സങ്കടം വരാം, അല്ലെങ്കിൽ അതിരുകടന്ന സന്തോഷം വരാം. അതിനോടെല്ലാം രക്ഷിതാക്കൾ ക്രിയാത്മകമായി പ്രതികരിക്കണം. "സങ്കടപ്പെടരുത്!" എന്നോ "മുഖം കറുപ്പിക്കുന്നത് നിർത്തൂ!" എന്നോ വെറുതെ പറയരുത്. പകരം, അവരെ വിശ്വാസത്തിലെടുത്ത് പ്രതികരിക്കണം. "മോന് ഇപ്പോൾ വളരെ നിരാശയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു ," അല്ലെങ്കിൽ "മോൻ വളരെ സന്തോഷത്തിലാണെന്ന് തോന്നുന്നു" പോലുള്ള പ്രതികരണങ്ങൾ അവരെ സ്വാധീനിക്കും. തന്നെ രക്ഷിതാക്കൾ മനസ്സിലാക്കുന്നുവെന്ന തോന്നലാണ് അവരിൽ അത് സൃഷ്ടിക്കുക. "നിനക്ക് എന്ത് തോന്നുന്നുവോ അത് ശരിയാണ്, ഞാൻ നിന്നോടൊപ്പം ഉണ്ട്" എന്ന് അവരോട് പറയുന്നതിന് തുല്യമാണത്. എല്ലാ വികാരങ്ങളും സാധാരണമാണെന്നും, അവ വലുതോ ചെറുതോ നിസ്സാരമോ ആയാൽ പോലും പ്രകടിപ്പിക്കാതിരിക്കേണ്ടതില്ല എന്ന് ഇത് കുട്ടിയെ പഠിപ്പിക്കുന്നു.
8. എനിക്കും കഴിയും ( I can do it) :
എനിക്കും കഴിയും എന്ന തോന്നൽ കുട്ടികളിലുണ്ടാക്കാൻ കഴിയണം. കുട്ടികളെ കാര്യങ്ങൾ ചെയ്യാൻ വിശ്വസിക്കുകയും തീരുമാനങ്ങൾ എടുക്കാൻ അനുവദിക്കുകയും ചെയ്യുമ്പോൾ അത് ശരിക്കും കുട്ടിയിലുണ്ടാക്കുന്ന മാറ്റം അതിശയകരമായിരിക്കും. താൻ ശക്തനും കഴിവുള്ളവനുമാണ് എന്ന ആത്മവിശ്വാസം ഇത് കുട്ടിയിൽ നിറക്കും.
9. ഞാനും ഒരു സഹായി( being a helper):
കുട്ടികളെ ചുമതലകൾ ഏൽപിക്കുമ്പോൾ അത് കുട്ടികളിൽ വലിയ അഭിമാനബോധമുണ്ടാക്കും. കുട്ടിയോട് മേശ ഒരുക്കാനോ ചെടികൾക്ക് വെള്ളം നനക്കാനോ കാർ കഴുകാനോ ഒക്കെ കൂടെ കൂട്ടുകയോ അവരെ സ്വതന്ത്രമായി ഏൽപിക്കുകയോ ചെയ്യണം. അവർക്ക് ഇതൊന്നും വെറും ജോലികളായിരിക്കില്ല. വീട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ തനിക്ക് കഴിയുമെന്ന് കാണിക്കാനുള്ള അവസരങ്ങളാണിവ. ഏത് ഷർട്ട് ധരിക്കണം എന്ന് തിരഞ്ഞെടുക്കുന്നത് പോലുള്ള ലളിതമായ കാര്യങ്ങളിൽ പോലും കുട്ടിക്ക് അഭിപ്രായം ഉണ്ടെന്നും തന്റെ സഹായം കുടുംബത്തിന് ശരിക്കും പ്രയോജനപ്പെടുന്നുണ്ടെന്നും അറിയുന്നത് കുട്ടിയെ കരുത്തനും നേതൃഗുണമുള്ളവനുമാക്കും.
10. ചെറിയ വിജയങ്ങൾ (little victories):
കുട്ടികളുടെ ചെറിയ നേട്ടങ്ങൾ, ചുവടുവപ്പുകൾ എല്ലാം സംസാര വിഷയമാക്കി മാറ്റണം. കുട്ടി ഒരു പസിൽ (puzzle) പൂർത്തിയാക്കുന്നത് മുതൽ സ്വന്തമായി ഷൂ ലേസ് കെട്ടാൻ പഠിക്കുന്നത് വരെ എന്തുമാകാം വിഷയങ്ങൾ. അവരുടെ നേട്ടങ്ങൾ മാതാപിതാക്കളെ സന്തോഷിപ്പിക്കുമെന്ന തോന്നൽ വളരെ പ്രധാനമാണ്. മാതാപിതാക്കൾ തനിക്കുവേണ്ടി സന്തോഷിക്കാറുണ്ട്, തന്റെ നേട്ടങ്ങൾ, വലുതോ ചെറുതോ ആകട്ടെ, അത് അവർ ആഘോഷിക്കും എന്ന വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുന്നത് കുട്ടികളിൽ ലോകം കീഴടക്കിയെന്നതുപോലുള്ള തോന്നൽ ജനിപ്പിക്കും. അടുത്ത തവണ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഇത് കുട്ടികളെ പ്രേരിപ്പിക്കും.
11. ചിരിയും കളികളും(laughter & play):
കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ മിക്കവാറും രക്ഷിതാക്കളുമായി ഒരുമിച്ച് കളിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സമയങ്ങളോ, അല്ലെങ്കിൽ ഒരു കുടുംബമെന്ന നിലയിൽ പ്രത്യേക സമയം ഒരുമിച്ച് ചെലവഴിക്കുന്നതോ ആയിരിക്കും. ആ നിമിഷങ്ങൾ സന്തോഷവും സമാധാനവും ആഹ്ലാദവും കൊണ്ട് നിറക്കണം. അത് അവരുടെ വ്യക്തിത്വ രൂപീകരണത്തിന് എക്കാലത്തേക്കുമുള്ള
നിക്ഷേപമാണ്. മാതാപിതാക്കൾ കുട്ടിക്കൊപ്പം തറയിലിരുന്ന് ബ്ലോക്ക് ടവർ ഉണ്ടാക്കുന്നതോ, അല്ലെങ്കിൽ പാർക്കിൽ കളിക്കുന്നതോ, ബീച്ചിൽ തിരകളെ പിന്നിലാക്കി ഓടുന്നതോ ഒക്കെ അവർക്ക് എക്കാലത്തും ഓർമിക്കാവുന്ന സമയമായി മാറും. കുട്ടിയോടൊപ്പം സമയം ചെലവഴിക്കുന്നത് രക്ഷിതാക്കൾക്ക് പ്രധാനമാണെന്ന് ഇത് കുട്ടിയെ ബോധ്യപ്പെടുത്തും. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്ന കുട്ടിയാണ് താനെന്ന തോന്നലിലേക്കാണ് ഇതവരെ നയിക്കുക.
12. ഒരുമിച്ചിരിക്കുക(be together):
ഒരുമിച്ചിരിക്കുക, തൊട്ടുതൊട്ടിരിക്കുക എന്നതാണ് മറ്റൊന്ന്. ഒരുമിച്ചിരുന്നു ഒരു സിനിമ കാണാൻ കട്ടിലിൽ ഒതുങ്ങിക്കൂടുന്നതോ , അല്ലെങ്കിൽ നടക്കാൻ പോയി രസകരമായ കാര്യങ്ങൾ പരസ്പരം പങ്കവക്കുന്നതോ , സാമീപ്യം ആസ്വദിക്കുന്നതോ ഒക്കെ കുട്ടികളിൽ സന്തോഷം നിറക്കും. കുട്ടികൾ ഓർമ്മിക്കാൻ എന്നെന്നേക്കുമായി സൂക്ഷിക്കുന്ന ഊഷ്മളവും മനോഹരവുമായ നിമിഷങ്ങളായിരിക്കും ഇവ. ഈ നിമിഷങ്ങളാണ് പിൽക്കാലത്ത് കുടുംബത്തിൻ്റെ സന്തോഷം പടുത്തുയർത്താനുള്ള ഇന്ധനമായി മാറുന്നത്.
അതായത്, വലിയ കാര്യങ്ങളെക്കുറിച്ചല്ല രക്ഷിതാക്കൾ ആലോചിക്കേണ്ടത്. മറിച്ച്, ചെറിയചെറിയ അനുഭവങ്ങളണ്ടാക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ദിവസേനയുള്ള കെട്ടിപ്പിടിക്കലുകൾ, ശാന്തമായ ദിനചര്യകൾ, ക്ഷമയോടെയുള്ള കേൾവി, സഹായിക്കാനുള്ള അവസരങ്ങൾ, രസകരമായ കളിസമയങ്ങൾ ഇവയിലാണ് ഊന്നലെക്കേണ്ടത് . ഇതാണ് കുടുംബത്തെ ഏറ്റവും സുരക്ഷിതവും സന്തോഷകരവുമായ സ്ഥലമാക്കി മാറ്റുക. കുട്ടികളൊടൊപ്പം സന്തോഷകരമായ ഓർമ്മകൾ നിർമ്മിക്കുക.
തുടരും...
Reena VR
Sr. Psychologist
THE INSIGHT CENTRE
Trivandrum
8590043039
Adjust Story Font
16
