Quantcast

ബെഞ്ചു സാംസണിൽ നിന്ന് സഞ്ജു സ്പെഷ്യൽ സാംസണിലേക്കുള്ള ദൂരം

വിഴിഞ്ഞത്തുകാരൻ വിശ്വകിരീടം ആകാശത്തേക്കുയർത്തുന്നതും നോക്കി മലയാളി ആനന്ദക്കണ്ണീർ പൊഴിച്ചു. വിമർശകരുടെ വായടഞ്ഞു. ആ 31 കാരൻ അപ്പോഴും ശാന്തനായിത്തന്നെ നിന്നു. 2011-ൽ ശ്രീലങ്കക്കെതിരായ ലോകകപ്പ് ഫൈനലിൽ ഇതുപോലൊരു പെർഫോമൻസുമായി ഇന്ത്യയെ വിജയത്തിലേക്ക് കരകയറ്റിയ ഗംഭീറപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു

MediaOne Logo

എൻ. കെ ഷാദിയ

  • Published:

    12 March 2026 3:15 PM IST

ബെഞ്ചു സാംസണിൽ നിന്ന് സഞ്ജു സ്പെഷ്യൽ സാംസണിലേക്കുള്ള ദൂരം
X

ഒടുവിൽ രോഹിത് ശർമ പറഞ്ഞ ആ അവസരം വന്നെത്തി. അതിനുവേണ്ടി അയാൾ കാത്തിരുന്നത് ഒന്നും രണ്ടുമല്ല, പത്തു വർഷമാണ്. വിമർശനങ്ങളും പരിഹാസങ്ങളും നിഴലായി കൂടെ നിന്നപ്പോഴും അദ്ദേഹം ശാന്തനായി തന്നെ കാത്തിരുന്നു. കാലം അയാൾക്കുവേണ്ടി കാത്തുവെച്ച അവസരത്തിനായി കൂടുതൽ പരിശ്രമിച്ചു. ഒരു മലയാളി താരത്തിന്റെ ചിറകിലേറി ഇന്ത്യ കുട്ടിക്രിക്കറ്റിന്റെ ലോകകിരീടം ചൂടുന്നത് മലയാളി കൺനിറയെ കണ്ടു. മലയാളി മാത്രമല്ല, വാംഖഡെയിലെ വിഐപി റൂമിലിരുന്ന് ധോണിയും രോഹിത്തും കോഹ്‌ലിയും കണ്ടു. ലോകം മുഴുവൻ കണ്ടു. മലയാളി അയാളിലർപ്പിച്ച വിശ്വാസത്തിന് ഇതിൽകൂടുതൽ അയാൾക്കെങ്ങനെ നന്ദിപറയാൻ കഴിയും?

അഭിഷേകിനും തിലകിനും പകരമായി സഞ്ചുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിനു മുമ്പുള്ള വാർത്താസമ്മേളനത്തിൽ സൂര്യ മാധ്യമപ്രവർത്തരോട് പരിഹാസത്തോടെ ഇങ്ങനെ ചോദിച്ചു. കളിക്കാനിറങ്ങിയപ്പോൾ ഇന്ത്യ എട്ടുനിലയിൽ പൊട്ടുന്നതാണ് നമ്മൾ കണ്ടത്. ആ കളിയോടുകൂടി പ്ലേയിങ് ഇലവനിൽ മാറ്റം വരുത്താൻ സൂര്യകുമാറും സംഘവും നിർബന്ധിതരായി. അങ്ങനെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജുവിന് അവസരം വീണുകിട്ടുന്നത്. ആ ചാൻസ് മുതലാക്കാൻ അയാൾക്ക് കഴിഞ്ഞപ്പോൾ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

ലോകകപ്പിന് ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു ടീമിലൊരു അധികപ്പറ്റാണെന്ന രീതിയിലായിരുന്നു വിലയിരുത്തൽ. നമീബിയക്കെതിരായ മത്സരത്തിൽ അസുഖം കാരണം അഭിഷേകിന് പകരക്കാരനായി ഇറങ്ങിയെങ്കിലും ഫോം കണ്ടെത്താനായില്ല. ആ ഭാരം മുഴുവൻ ബാറ്റിലേന്തിയാണ് വെസ്റ്റ് ഇൻഡീസിനെതിരെ അയാൾ ക്രീസിലിറങ്ങുന്നത്. 50 പന്തിൽ 97 റൺസുമായി മിന്നുന്ന പ്രകടനം. 12 ഫോറും 4 സിക്സുമടങ്ങിയ ആരെയും കൊതിപ്പിക്കുന്ന ഇന്നിങ്സ്. സഞ്ജു ടീമിലുണ്ടാകുമെന്ന് സൂര്യ പറയുമ്പോൾ ഗ്യാലറിയിൽ നിന്നുയരുന്ന ആരവത്തിന്റെ തോതളന്നാൽ മതി, ക്രിക്കറ്റ്‌ പ്രേമികൾക്ക് അയാളെത്രത്തോളം പ്രിയപ്പെട്ടവനാണ് എന്നറിയാൻ. കളി നടക്കുമ്പോൾ ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തുന്ന ‘ചേട്ടാ ’ വിളികൾക്ക് കാതോർത്താൽ മതി, കാണികൾ അയാളിലർപ്പിക്കുന്ന വിശ്വാസം എത്രയെന്നറിയാൻ. അവസരം കിട്ടിയ ആദ്യകളിയിൽ പരാജിതനായി പരിഹാസപാത്രമായെങ്കിലും ഒടുവിൽ സൂര്യ തന്നെ കുമ്പിട്ടുവണങ്ങുന്ന രീതിയിലെത്തി കാര്യങ്ങൾ. പിച്ചും ബോളും ക്രീസുമെല്ലാം തനിക്കെതിരാണെങ്കിലും നീലവിരിച്ച ഗ്യാലറിക്ക് തിരികെ നൽകാൻ തന്റെ കയ്യിൽ കാര്യമായിട്ടെന്തോ വേണമെന്ന ബോധം അയാൾക്കുള്ളതിനാലാവാം, ഈഡൻ ഗാർഡനു ശേഷം വാംഖഡെയിലും അഹമ്മദാബാദിലും അയാൾ ആളിക്കത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 42 പന്തിൽ 7 സിക്സും 8 ഫോറുമടക്കം 89 റൺസ്. ഫൈനലിൽ 46 പന്തിൽ 89. നോക്ക് ഔട്ട്‌ റൗണ്ടിൽ തുടർച്ചയായ 3 അർദ്ധശതകം നേടുന്ന ആദ്യ താരം. ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ. ടൂർണമെന്റ് കഴിയുന്നതോടെ അയാൾ തന്റെ കുപ്പായത്തിൽ തുന്നിച്ചേർത്ത റെക്കോർഡുകൾ പലതാണ്.

ഫൈനൽ മാച്ചിൽ പൂർണ ആധിപത്യത്തോടെത്തന്നെയാണ് ഇന്ത്യ തുടങ്ങിയത്. സഞ്ജുവും അഭിഷേകും ഇഷനും നിറഞ്ഞാടിയപ്പോൾ ടീം സ്കോർ മുകളിലേക്ക് കുതിച്ചു. ഇടക്ക് സൂര്യ വന്നപോലെ തിരിച്ചുപോയതൊന്നും ആരും കണ്ടതേയില്ല. മറുപടി ബാറ്റിങ്ങിൽ കീവീസിനെ അധികമൊന്നും ക്രീസിൽ നിൽക്കാൻ ബുംറ സമ്മതിച്ചില്ല. 4 വിക്കറ്റുകൾ കീശയിലാക്കി കാര്യങ്ങൾ ബുംറ എളുപ്പമാക്കി. വന്നവർ വന്നവർ ബാറ്റും തോളിലേന്തി പവലിയനിലേക്ക് മടങ്ങി. 20-20 യിൽ തുടർച്ചയായ 2 കിരീടങ്ങൾ ഇന്ത്യൻ ടീമിന്റെ വരുതിയിലായി. ഒരു ദേശം മുഴുവൻ കാത്തിരുന്ന ദിവസം. ഒരു വിഴിഞ്ഞത്തുകാരൻ വിശ്വകിരീടം ആകാശത്തേക്കുയർത്തുന്നതും നോക്കി മലയാളി ആനന്ദക്കണ്ണീർ പൊഴിച്ചു. വിമർശകരുടെ വായടഞ്ഞു. ആ 31 കാരൻ അപ്പോഴും ശാന്തനായിത്തന്നെ നിന്നു. 2011-ൽ ശ്രീലങ്കക്കെതിരായ ലോകകപ്പ് ഫൈനലിൽ ഇതുപോലൊരു പെർഫോമൻസുമായി ഇന്ത്യയെ വിജയത്തിലേക്ക് കരകയറ്റിയ ഗംഭീറപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു.

2015- ലാണ് സഞ്ജു സാംസൺ എന്ന തിരുവനന്തപുരം സ്വദേശി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ടീമിലിടം നേടിയാലും മിക്കവാറും ബെഞ്ചിലിരിക്കാൻ തന്നെയായിരുന്നു വിധി. ഫോമിലാണെങ്കിൽ പോലും പ്ലേയിങ് ഇലവനിൽ എത്ര പരതിയാലും ആ പേര് മാത്രം കാണാൻ പറ്റില്ലായിരുന്നു. ആരോടും പരാതിയില്ല. പരിഭവമില്ല.

ഇന്നിപ്പോൾ ഒരു ടൂർണമെന്റിന്റെ പകുതിയോളം പുറത്തിരുന്ന അയാളാണ് പ്ലേയർ ഓഫ് ദി ടൂർണമെന്റ്. വിമർശിച്ചവരും പരിഹസിച്ചവരും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുമായെത്തി. കുറഞ്ഞ കളികളിൽ നിന്ന് പല റെക്കോർഡും തച്ചുടച്ചു. ഇനി അയാൾക്ക് സന്തോഷത്തോടെ മടങ്ങിപ്പോകാം. അഹമ്മദാബാദിന്റെ മണ്ണിൽ വിജയകിരീടമണിഞ്ഞ നീലക്കുപ്പായക്കാർക്കൊപ്പം ആനന്ദച്ചുവട് വെക്കുമ്പോൾ ഇക്കാലമത്രയും താൻ കൊണ്ട വെയിലും മഴയും കണ്ണീരും കിനാവുമെല്ലാം അയാളുടെ മനസ്സിൽ മിന്നിമറഞ്ഞിട്ടുണ്ടാവും. അങ്ങനെയൊക്കെയാണ് ബെഞ്ചു സാംസൺ ഇന്ത്യക്കാരുടെ സ്വന്തം സഞ്ജു സ്പെഷ്യൽ സാംസൺ ആവുന്നത്. നമ്മളൊക്കെ കഥകളിൽ മാത്രം പറഞ്ഞുകേട്ട അവിസ്മരണീയ വിജയകഥകളുടെ കൂട്ടത്തിൽ ഇനി അയാളുടെ കഥയുമുണ്ടാകും.

എത്രയൊക്കെ തഴയപ്പെട്ടാലും ക്ഷമയോടെ കാത്തിരിക്കുന്നവർക്കേ ഒടുവിൽ വിജയത്തിന്റെ മധു നുകരാനാവൂ എന്ന വലിയൊരു പാഠത്തിന്റെ ഉദാഹരണമാണയാൾ.

TAGS :

Next Story