Quantcast

തന്റെ മരണ ശേഷമുള്ള ഒരു ഫ്രെയിം വർഷങ്ങൾക്കു മുൻപെ കംപോസ് ചെയ്ത പി.എ ബക്കർ

ബക്കർ മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആയിരുന്നു ‘സഖാവ്’. ‘മണ്ണിന്റെ മാറിൽ’ ആയിരുന്നു നേരത്തെ ചെയ്ത ചിത്രം. പാർട്ടിയുമായി ഇത്ര അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും, ധാരാളം സംസ്ഥാന, ദേശീയ അവാർഡുകൾ അദ്ദേഹം വാരിക്കൂട്ടിയെങ്കിലും, പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ, ഒരിക്കലും അദ്ദേഹത്തിന് ഔദ്യോഗികമായ സ്ഥാനമാനങ്ങൾ ഒന്നും നൽകിയിരുന്നില്ല

MediaOne Logo

ആദം അയ്യൂബ്

  • Updated:

    2025-05-28 07:58:12.0

Published:

28 May 2025 1:08 PM IST

തന്റെ മരണ ശേഷമുള്ള ഒരു ഫ്രെയിം വർഷങ്ങൾക്കു മുൻപെ കംപോസ് ചെയ്ത പി.എ ബക്കർ
X

ലീൻ ബി.ജെസ്മസ്, എലിയാസ് ജോൺ എന്നീ രണ്ട് മാധ്യമ പ്രവർത്തകർ ചേർന്ന് രൂപം കൊടുത്ത സ്ഥാപനമാണ് ‘നെറ്റ്‍വർക്ക് ടെലിവിഷൻ’ അഥവാ എൻടിവി. അവർ ആദ്യ കാലങ്ങളിൽ ദൂരദർശന് വേണ്ടിയും പിന്നീട് ഏഷ്യാനെറ്റിന് വേണ്ടിയും നിരവധി വാർത്താധിഷ്ഠിത പരിപാടികൾ നിർമിച്ചു. ‘കണ്ണാടി’, ’ജാലകം’ എന്നിവ അവയിൽ ചിലതു മാത്രം. അവർക്കു തിരുവനന്തപുരത്തു വഞ്ചിയൂരിൽ സർവസജ്ജമായ സ്റ്റുഡിയോയും ഉണ്ടായിരുന്നു. പിന്നീട് പ്രശസ്തരായ പല ദൃശ്യ മാധ്യമ പ്രവർത്തകരുടെയും പരിശീലന കളരി കൂടിയായിരുന്നു എൻടിവി.

ഞാൻ ദൂരദർശനിൽ തുടർച്ചയായി സീരിയലുകൾ ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത്. അവർക്കു വേണ്ടി ഒരു സീരിയൽ സംവിധാനം ചെയ്യാനുള്ള താല്പര്യവുമായി ലീൻ.ബി.ജെസ്മസ് എന്നെ സമീപിച്ചു. ദൂരദർശൻ അപ്പ്രൂവൽ നേടിയ, ശ്രീവത്സൻ എന്ന എഴുത്തുകാരന്റെ ഒരു തിരക്കഥ എന്റെ കൈവശം ഉണ്ടായിരുന്നു. ‘കല്പിതം’ എന്ന ആ കഥയാണ് എൻടിവി ക്കു വേണ്ടി ഞാൻ സംവിധാനം ചെയ്തത്. ശാന്തികൃഷ്ണ , ശിവജി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ. നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും തികച്ചും പ്രൊഫഷണൽ ആയിട്ടാണ് അവർ എല്ലാക്കാര്യങ്ങളും നിർവഹിച്ചിരുന്നത്. ഈ സീരിയൽ മാർക്കറ്റ് ചെയ്തതും അവർ തന്നെ ആയിരുന്നു. അവർ ചില പരസ്യചിത്രങ്ങളും നിർമ്മിക്കുന്നുണ്ടായിരുന്നു. അവരുടെ ഒരു പരസ്യ ചിത്രത്തിൽ ഞാൻ മോഡലാവുകയും ചെയ്തു.

.ശാന്തി കൃഷ്ണയും മറ്റു അഭിനേതാക്കളും ആദം അയൂബിനൊപ്പം

ഈ കാലഘട്ടത്തിൽ സംവിധായകൻ പി.എ ബക്കർ മാർക്സിസ്റ്റ് നേതാവ് സഖാവ് പി.കൃഷ്ണപിള്ളയെക്കുറിച്ചു ‘സഖാവ്’ എന്ന സിനിമ ചെയ്യുകയായിരുന്നു. ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയ പ്രേം കുമാർ ആയിരുന്നു നായകൻ. ഞാൻ സീരിയൽ രംഗത്ത് വളരെ തിരക്കിൽ ആയിരുന്നതിനാൽ ബക്കറിന്റെ ഈ അവസാന സിനിമയിൽ എനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. പക്ഷെ ഈ സിനിമ ഇടയ്ക്കു വെച്ച് മുടങ്ങിപ്പോയി. ബക്കറിന്റെ പൂർത്തിയാകാതെ പോയ ഒരേ ഒരു സിനിമയായിരുന്നു അത്. ബക്കർ മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആയിരുന്നു ‘സഖാവ്’. ‘മണ്ണിന്റെ മാറിൽ’ ആയിരുന്നു നേരത്തെ ചെയ്ത ചിത്രം. പാർട്ടിയുമായി ഇത്ര അടുത്ത ബന്ധം ഉണ്ടായിരുന്നെങ്കിലും, ധാരാളം സംസ്ഥാന, ദേശീയ അവാർഡുകൾ അദ്ദേഹം വാരിക്കൂട്ടിയെങ്കിലും, പാർട്ടി അധികാരത്തിൽ ഇരിക്കുമ്പോൾ, ഒരിക്കലും അദ്ദേഹത്തിന് ഔദ്യോഗികമായ സ്ഥാനമാനങ്ങൾ ഒന്നും നൽകിയിരുന്നില്ല. 1989 ൽ അദ്ദേഹത്തെ സംസ്ഥാന അവാർഡ് ജൂറിയിൽ ഉൽപ്പെടുത്താൻ തീരുമാനിച്ചെങ്കിലും, വി.ആർ. ഗോപിനാഥ് സംവിധാനം ചെയ്ത ‘ഉണ്ണിക്കുട്ടന് ജോലി കിട്ടി’ എന്ന സിനിമയിൽ ബുദ്ധിജീവികളുടെ ഒരു മദ്യപാന രംഗത്തിൽ, കെ.ആർ.മോഹൻ, നരേന്ദ്ര പ്രസാദ് എന്നിവരോടൊപ്പം അഭിനയിച്ചത് കാരണം അദ്ദേഹത്തിന് ആ അവസരവും നഷ്ടമായി. കാരണം ഈ സിനിമ ആ വർഷം അവാർഡിന് മത്സരിക്കാൻ ഉണ്ടായിരുന്നു. മത്സര ചിത്രവുമായി ബന്ധമുള്ള ആരും ജൂറിയിൽ അംഗമാകാൻ പാടില്ല എന്ന നിയമം അനുസരിച്ചായിരുന്നു ഇത്.

ബോംബെക്കാരനായ ബക്കറിന്റെ ഒരു സുഹൃത്ത് സീരിയൽ നിർമ്മിക്കാൻ താല്പര്യപ്പെട്ടുകൊണ്ടു അദ്ദേഹത്തെ സമീപിച്ചു. ഉടനെ ദൂരദർശന് സമർപ്പിക്കുവാനായി ഒരു സ്ക്രിപ്റ്റ് എഴുതിത്തരണം എന്ന് ബക്കർ എന്നോട് പറഞ്ഞു. സംപ്രേഷണം തുടങ്ങിക്കഴിഞ്ഞ ഒരു സീരിയലിന്റെ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നു ഞാൻ.

ബക്കർ,ആദം അയൂബ്

ഇത് മുഴുവൻ ഷൂട്ട് ചെയ്തു, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ദൂരദർശനിൽ സമർപ്പിച്ചാലേ ഞാൻ ഫ്രീ ആവുകയുള്ളൂ എന്ന് ഞാൻ പറഞ്ഞു. ഇന്ന് സീരിയൽ സംവിധായകർ ഷൂട്ടിംഗ് മാത്രമേ ചെയ്യാറുള്ളു. പോസ്റ്റ് പ്രൊഡക്ഷന്റെ മുഴുവൻ മേൽനോട്ടം വഹിക്കുന്നത് പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർമാരാണ്. പക്ഷെ അന്ന് എഡിറ്റിങ്,ഡബ്ബിങ്, റീറെക്കോർഡിങ്, മിക്സിങ്, ടൈറ്റിലിംഗ് തുടങ്ങിയ മുഴുവൻ ജോലികളും ഞാൻ തന്നെ ഇരുന്നാണ് ചെയ്തിരുന്നത്. അതുകൊണ്ടു ബക്കറിനോട് ഞാൻ എന്റെ നിസഹായത പറഞ്ഞു. നിർമ്മാതാവിന് ധൃതി ഉണ്ടായിരുന്നത് കൊണ്ട് , അവർ വയലാർ മാധവൻകുട്ടിയെ സമീപിച്ചു. അദ്ദേഹം സ്ക്രിപ്റ്റ് എഴുതുക മാത്രമല്ല സംവിധാനവും ചെയ്യാം എന്ന് പറഞ്ഞു. അങ്ങിനെ അവർ ആ ചുമതല അദ്ദേഹത്തെ ഏല്പിച്ചു. വയലാർ മാധവൻകുട്ടിയുടെ ആദ്യ സംവിധാന സംരംഭം ആയിരുന്നു അത്.

ലീൻ ബി.ജെസ്‌മസ്, ഏലിയാസ് ജോൺ

നാളുകൾക്കു ശേഷം ഒരു ദിവസം ബക്കർ എന്നെ വിളിച്ചു. 1993 നവംബർ 22 ആയിരുന്നു തിയതി. അദ്ദേഹം ഒരു ടെലിഫിലിം ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നു പറഞ്ഞു. കെ.കെ. സുധാകരന്റെ ‘സ്നേഹിത’ എന്ന കഥയാണ് തെരഞ്ഞെടുത്തത്. ബക്കർ തന്നെയാണ് നിർമ്മാതാവ്. സംവിധാനം അദ്ദേഹത്തിന്റെ ഭാര്യ അല്ലി എന്ന് വിളിക്കുന്ന അനിത ബക്കർ. സ്ക്രിപ്റ്റ് ചർച്ച ചെയ്യാൻ എന്നോട് വീട്ടിലേക്കു വരാൻ പറഞ്ഞു. അന്ന് സാമാന്യ൦ തിരക്കുള്ള ഒരു സിനിമാനടിയെ പ്രധാന വേഷത്തിലേക്ക് വേണമെന്നും പറഞ്ഞു. അന്ന് ഞാൻ ഫ്രീ ആയിരുന്നത് കൊണ്ട് ഞാൻ വീട്ടിലേക്കു വരാമെന്നു പറഞ്ഞു, ഞാൻ കുളിക്കാൻ കയറി. കുളി കഴിഞ്ഞിറങ്ങിയപ്പോഴേക്കും , ബക്കറിന്റെ ഭാര്യ, അനിതയുടെ ഫോൺ വന്നു. അവർ നിലവിളിച്ചുകൊണ്ട് പറഞ്ഞു - ‘ബക്കർജി പോയി അയൂബേ.’

ബക്കറും ഭാര്യ അനിതയും

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഏതാനും നിമിഷങ്ങൾക്ക് മുൻപ് ഞാൻ സംസാരിച്ചതേയുള്ളു. ഞാൻ ഉടനെ എത്താം എന്ന് പറഞ്ഞു. അവിടെ അനിതയെ ആശ്വസിപ്പിക്കാൻ മറ്റു സ്ത്രീകൾ ഒന്നുമില്ലായിരുത് കൊണ്ട് എന്റെ ഭാര്യയും കൂടെ വന്നു. മണക്കാട് ഉള്ള എൻറെ വീട്ടിൽ നിന്നും പട്ടത്തെ വൃന്ദാവൻ കോളനിയിലെ ബക്കറിന്റെ ഫ്ലാറ്റിലേക്ക് ഞങ്ങൾ കുതിച്ചെത്തി. മറ്റാരും എത്തിയിട്ടില്ല. അനിതയ്ക് എന്നെ കണ്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. എന്റെ ഭാര്യ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഞാൻ അദ്ദേഹത്തിൻറെ ബെഡ്റൂമിൽ കയറി നോക്കി. അലക്കിത്തേച്ച മുണ്ടും ജുബ്ബയും ധരിച്ച് അദ്ദേഹം കിടക്കയിൽ കിടക്കുന്നു . വസ്ത്രങ്ങൾക്ക് ഒരു ചുളിവ് പോലും പറ്റിയിട്ടില്ല. പുലർച്ചെ എഴുന്നേൽക്കുക അദ്ദേഹത്തിൻറെ ശീലമാണ്. കുളികഴിഞ്ഞ് എന്നും അലക്കിത്തേച്ച വസ്ത്രങ്ങളാണ് ധരിക്കുക. എന്നോട് സംസാരിച്ചതിനു ശേഷം അദ്ദേഹം കിടക്കാൻ പോയത്രേ. അനിത അടുക്കളയിലേക്കും പോയി. അല്പം കഴിഞ്ഞ് അനിത മുറിയിലേക്ക് വന്നപ്പോൾ ഒരു കൈ മാത്രം ഒരു അസ്വാഭാവിക രീതിയിൽ മടങ്ങി കിടക്കുന്നത് കണ്ടു. അവർ കൈപിടിച്ച് നേരെ വെച്ചു. അനക്കമില്ലെന്ന് കണ്ട് അവർ കുലുക്കി വിളിച്ചു. പക്ഷേ ബക്കർജിയുടെ ശ്വാസം നിലച്ചു കഴിഞ്ഞിരുന്നു. പിന്നെ അവർ അടുത്തുള്ള ഫ്ലാറ്റിൽ നിന്നും ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്ന് പരിശോധിച്ചു മരണം സ്ഥിരീകരിച്ചു. അപ്പോഴേക്കും നടക്കാൻ പോയിരുന്ന ബഹദൂർക്ക തിരിച്ചെത്തി ( നടൻ ബഹദൂർ). അദ്ദേഹം കുറച്ചു നാളായി ബക്കറിനോടൊപ്പമായിരുന്നു താമസം.

ബഹദൂർ

അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചു. അന്ന് ദൂരദർശൻ അല്ലാതെ മറ്റു ചാനലുകൾ ഒന്നുമില്ല. പത്ര പ്രവർത്തകരും എത്തി. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്ന ടി.എം ജേക്കബ് എത്തി. സിനിമ, സാഹിത്യ രാഷ്ട്രീയ മേഖലകളിലെ പല പ്രമുഖരും എത്തി. തിരുവനന്തപുരത്ത് താമസിക്കുന്ന ബക്കറിന്റെ സഹോദരിയും ഭർത്താവും എത്തി. ഇവരുടെത് ഒരു പ്രേമ വിവാഹമായിരുന്നു. രാമൻ നായരെ വിവാഹം കഴിക്കാനായി ആയിഷ മതം മാറി ഉഷ ആയിരുന്നു. പിന്നീട് അവർക്ക് കുടുംബവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. മതപരമായ വേലികെട്ടുകൾക്കതീതനായിരുന്ന ബക്കർ മാത്രമാണ് ഈ സഹോദരിയുമായി എപ്പോഴും ബന്ധ൦ നിലനിർത്തിയിരുന്നത്. അവർ വന്ന പാടേ ബക്കറിൻറെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ‘എൻറെ ബക്കറുട്ടിയേ’ എന്ന് വിളിച്ച് കരയാൻ തുടങ്ങി. എവിടെ അടക്കം ചെയ്യണം എന്ന് ചർച്ച വന്നപ്പോൾ, തിരുവനന്തപുരത്ത് തന്നെ അടക്കിയാൽ മതി എന്ന് സഹോദരി പറഞ്ഞു. അതിനുള്ള ഏർപ്പാടുകൾ ചെയ്യാൻ മന്ത്രി ടി.എം ജേക്കബ് നിർദ്ദേശിച്ചു. അതനുസരിച്ച് കേശവദാസപുരത്തുള്ള പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യാൻ തീരുമാനിക്കുകയും, അവിടെ ഖബർ വെട്ടാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു. ബക്കറിൻറെ മറ്റ് എല്ലാ ബന്ധുക്കളും തൃശ്ശൂരാണ് താമസിക്കുന്നത്. അവിടെ വിവരം അറിയിച്ചപ്പോൾ, ഒരു കാരണവശാലും തിരുവനന്തപുരത്ത് ഖബറടക്കരുത് എന്നും, മൃതദേഹം തൃശൂർ കൊണ്ടുവരണം എന്നും അദ്ദേഹത്തിൻറെ ബന്ധുക്കൾ ശഠിച്ചു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരി ഉഷക്ക്, തിരുവന്തപുരത്തു അടയ്ക്കാനായിരുന്നു താല്പര്യം. കാരണം തൃശൂരിലെ തറവാട്ടിൽ തനിക്കു യാതൊരു പരിഗണയും കിട്ടില്ല എന്നത് അവർക്കു അറിയാമായിരുന്നു. അവസാനം തൃശൂരിലേക്ക് തന്നെ കൊണ്ടുപോകാൻ തീരുമാനിച്ചു. കേശവദാസപുരത്തെ പള്ളിയിൽ വിളിച്ചു ഖബറടക്കം തൃശൂരിലേക്ക് മാറ്റിയ കാര്യം അറിയിച്ചു.

ബക്കറും സഹോദരിമാരും. മധ്യത്തിൽ ആയിഷ (ഉഷ)

മൃതദേഹം എംബാം ചെയ്യാനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. അവിടെ എംബാമിങ് റൂമിലേക്ക് കൊണ്ടുപോയതിനു ശേഷം , എന്തോ കാര്യത്തിന് എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ അകത്തു കയറിയപ്പോൾ ബക്കറിനെ നിലത്തു , ഒരു ബെഞ്ചിൽ ചാരി ഇരുത്തിയിരിക്കുകയായിരുന്നു. ഒരു തുണി മാത്രം നഗ്നത മറക്കാനായി ഇട്ടിരുന്നു. കാലുകൾ നീട്ടി, രണ്ടുകൈകളും ബെഞ്ചിൽ രണ്ടു വശത്തായി നീട്ടി വെച്ചിരുന്നു. ഏകദേശം ക്രൂശിത ക്രിസ്തുവിന്റെ രൂപം പോലെ. ഈ ദൃശ്യം കണ്ടപ്പോൾ ഒരു മിന്നല്പിണരുപോലെ മറ്റൊരു ദൃശ്യം എന്റെ മനസ്സിൽ തെളിഞ്ഞു. “കബനി നദി ചുവന്നപ്പോൾ’ എന്ന സിനിമയിൽ നായകനായ ടി.വി. ചന്ദ്രനെ, ഇതേപോലെ ഇരുത്തി, ബക്കർജി ഒരു ഷോട്ട് എടുത്തിരുന്നു. ഷോട്ടുകൾ കമ്പോസ് ചെയ്യുന്നതിൽ മിടുക്കനായ അദ്ദേഹത്തിന്റെ ഈ ഫ്രെയിം എൻറെ മനസ്സിൽ തങ്ങിനിൽപ്പുണ്ടായിരുന്നു. ഇന്ന് അതേ രീതിയിൽ ബക്കറിന്റെ കിടപ്പുകണ്ടപ്പോൾ ഞാൻ ആ ഷോട്ട് ഓർത്തുപോയി.കബനീ നദിയിലെ ചന്ദ്രന്റെ രൂപം പോലെ ബക്കറും താടിയും മുടിയും നീട്ടി വളർത്തിയിരുന്നത് കൊണ്ട്, ഈ ദൃശ്യത്തിന് ആ ഷോട്ടുമായി അസാധാരണ സാമ്യം ഉണ്ടായിരുന്നു. തന്റെ മരണശേഷം, ഈ ലോകത്തു വെച്ച് തന്നെ, ഒരു പ്രത്യേക സാഹചര്യത്തിൽ, തന്റെ ശരീരം അവലംബിക്കുന്ന ഒരു ആകാര വിന്യാസം , അദ്ദേഹത്തിന്റെ ഭാവനയിൽ വര്ഷങ്ങള്ക്കു മുൻപേ തെളിഞ്ഞതായിരുന്നോ ? അതോ താൻ വിഭാവനം ചെയ്ത, തന്റെ കഥാപാത്രത്തിന്റെ ഒരു സവിശേഷ ശാരീരിക നില അദ്ദേഹത്തിന്റെ മൃതശരീരം ആവർത്തിച്ചതാണോ ? ഞാൻ നിർന്നിമേഷനായി കുറെ നേരം ആ ഇരിപ്പ്/ കിടപ്പു നോക്കി നിന്നു, അവിടെത്തെ ജോലിക്കാർ എന്നോട് എംബാമിങ് കഴിഞ്ഞു ഞങ്ങൾ യാത്രയായി. ആംബുലൻസിൽ മൃതദേഹത്തോടൊപ്പം ഞാനും, ബക്കറിന്റെ ബാല്യകാല സുഹൃത്തായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഡേവിഡും കയറി. അല്ലിയും എന്റെ ഭാര്യയും,‘സ്നേഹിത’ യുടെ ക്യാമറാമാനും, ടെലിമാറ്റിക്സ് സ്റ്റുഡിയോ ഉടമയുമായ ബാബു ജോസഫിന്റെ വണ്ടിയിൽ കയറി. അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും കൂടെ ഉണ്ടായിരുന്നു.

ആംബുലൻസ് തൃശൂർ പടിഞ്ഞാറേകോട്ടയിലുള്ള ബക്കറിന്റെ തറവാട്ടിൽ എത്തിയപ്പോൾ, അവിടെ വമ്പിച്ചൊരു ജനാവലി കൂടിയിട്ടുണ്ടായിരുന്നു. സാംസ്കാരിക കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ അവിടെ ഉണ്ടായിരുന്നു. ടി.വി.ചന്ദ്രൻ, സംവിധായകൻ കമൽ എന്നിവരും മറ്റു ഒരു പാട് സിനിമാക്കാരും ഉണ്ടായിരുന്നു. മയ്യത്തു കുളിപ്പിച്ച് കഴിഞ്ഞു ജനാസയുമായി ഞങ്ങൾ പള്ളിയിലേക്ക് നീങ്ങി. പള്ളിയിൽ എത്തിയപ്പോൾ ശ്രീനിവാസൻ അവിടെ വന്നു. ശ്രീനിവാസനെ ജനാസ തുറന്നു മയ്യത്തിന്റെ മുഖം കാണിച്ചു. മയ്യത്തു നിസ്കാരത്തിനു വേണ്ടി, ബക്കറിന്റെ ഭൗതിക ശരീരം പള്ളിക്കകത്തേക്ക് എടുത്തപ്പോൾ, പണ്ട് ബക്കർ എന്നോടുപറഞ്ഞ ഒരു കാര്യം ഞാൻ ഓർത്തു പോയി.

‘ഒരു മുസ്‍ലിയാരുടെ മകനായ ഞാൻ ഒരിക്കലും മതപരമായ കാര്യങ്ങളിൽ തല്പരൻ ആയിരുന്നില്ല. ഞാൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ പള്ളിയുടെ ഉള്ളിൽ കയറിയിട്ടുള്ളു. അത്, പള്ളിയിൽ കിടന്ന് ഉറങ്ങിപ്പോയ എന്റെ ജ്യേഷ്ഠനെ വിളിക്കാനായിരുന്നു.”

ഇന്ന് ബക്കർ വീണ്ടും പള്ളിയിൽ കയറി, രണ്ടാമതായി- അവസാനമായി. ബക്കർ ഒരിക്കലും പള്ളിയിൽ കയറി നിസ്കരിച്ചിട്ടില്ല. ഇന്ന് മറ്റുള്ളവർ നിസ്ക്കരിച്ചു, അദ്ദേഹത്തിന് വേണ്ടി…

TAGS :

Next Story