Quantcast

അവന്‍ ഡോക്റായി, പിന്നെ ആഗ്രഹം പോലെ അവളായി; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ വി.എസ് പ്രിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

ഡോക്ടറാവുക എന്നതിലുപരി ഒരു സ്ത്രീയായി മാറുക എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ സ്വപ്നം. എന്‍റെ ജെന്‍ഡറിന് അനുസരിച്ചുള്ള ശരീരമാക്കുക എന്നതായിരുന്നു

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-05 05:39:15.0

Published:

11 Jan 2021 6:09 AM GMT

അവന്‍ ഡോക്റായി, പിന്നെ ആഗ്രഹം പോലെ അവളായി; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍    വി.എസ് പ്രിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
X

ത്രയും നാള്‍ വേറൊരാളുടെ ശരീരത്തില്‍ കഴിയുന്നതുപോലെയായിരുന്നു പ്രിയയുടെ ജീവിതം. പെണ്ണിന്‍റെ മനസും ആണിന്‍റെ ശരീരവുമായി സ്വന്തം സ്വത്വത്തെ മറച്ചുവച്ചുകൊണ്ടൊരു ജീവിതം. ഒന്നിനോടും താല്‍പര്യമില്ലാതെ കടന്നുപോയ ദിവസങ്ങള്‍.. ഇതിനിടയില്‍ വൈദ്യരത്നം കോളേജില്‍ നിന്നും ബി.എ.എം.എസ് നേടി മംഗളൂരുവില്‍ നിന്നും എം.ഡിയും. പട്ടാമ്പിയിലും കണ്ണൂരും തൃപ്പൂണിത്തുറയിലും ജോലി ചെയ്യുമ്പോള്‍ ഒരു കൂടുമാറ്റത്തിന് തയ്യാറെടുക്കുകയായിരുന്നു തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ജിനു ശശിധരന്‍ എന്ന പ്രിയ. സീതാറാം ആശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഹോര്‍മോണ്‍ ചികിത്സ തുടങ്ങി..തുടര്‍ന്ന് ശസ്ത്രക്രിയയും. ഇന്ന് താന്‍ ആഗ്രഹിച്ചപോലൊരു ജീവിതം നയിക്കുകയാണ് പ്രിയ. അതുവരെ താന്‍ കടന്നുപോയ വഴികള്‍ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നുവെന്ന് പ്രിയ പറയുന്നു. പതിയെപ്പതിയെ ആയിരുന്നു സ്ത്രീയാകാനുള്ള പ്രിയയുടെ തയ്യാറെടുപ്പുകള്‍. അതിനെക്കുറിച്ച് മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുകയാണ് പ്രിയ.

സ്വപ്നം കണ്ടൊരു ജീവിതവും ജോലിയും കയ്യിലെത്തിയപ്പോള്‍?

സന്തോഷമുണ്ട്, പക്ഷെ അതിലൊരു തിരുത്തുമുണ്ട്. ഡോക്ടറാവുക എന്നതിലുപരി ഒരു സ്ത്രീയായി മാറുക എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ സ്വപ്നം. എന്‍റെ ജെന്‍ഡറിന് അനുസരിച്ചുള്ള ശരീരമാക്കുക എന്നതായിരുന്നു ബാക്കിയെല്ലാത്തിലും കൂടുതല്‍ ഞാന്‍ പ്രാധാന്യം കൊടുത്തത്. പക്ഷെ അതൊരു സ്വപ്നമായി തന്നെ നില്‍ക്കുമെന്നാണ് ഞാന്‍ ഇത്രയും നാളും കരുതിയിരുന്നത്. അതൊരിക്കലും സാധ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേ ഇല്ല. കുട്ടിക്കാലത്ത് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്നെയൊരു പെണ്ണാക്കി മാറ്റണമേ എന്നായിരുന്നു. വേറൊന്നും എനിക്ക് പ്രാര്‍ത്ഥിക്കാനില്ലായിരുന്നു. പിന്നെ വലുതായി കഴിഞ്ഞപ്പോള്‍ ഇതൊന്നും നടക്കുന്ന കാര്യമല്ല എന്ന് തോന്നി. പിന്നെ ഇങ്ങിനെ തന്നെ ജീവിതം അങ്ങ് ജീവിച്ചു തീര്‍ക്കുക എന്ന് ചിന്തിച്ച് ഞാന്‍ എന്നിലേക്ക് തന്നെ ഒതുങ്ങി. ഡോക്ടറാവുക എന്നത് ചെറുപ്പകാലം തൊട്ടുള്ള എന്‍റെ ലക്ഷ്യമൊന്നുമായിരുന്നില്ല. പിന്നെ പഠിച്ചുവന്നപ്പോള്‍ ആ ഒരു മേഖലയിലേക്ക് എത്തിയെന്ന് മാത്രം. എന്‍റെ മാതാപിതാക്കളും മെഡിക്കല്‍ രംഗത്ത് നിന്നുള്ളവരാണ്. അവര്‍ നഴ്സുമാരാണ്. പിന്നെ എന്‍റെ സഹോദരനും ഡോക്ടറാണ്. എന്നെ സംബന്ധിച്ച് എനിക്ക് ആര്‍ട്ട്സും ലിറ്ററേച്ചറുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. സോഷ്യല്‍ സ്റ്റാറ്റസ് എന്നതിലുപരി ഒരു സേവനം എന്നതിലുപരിയാണ് മെഡിക്കല്‍ ഫീല്‍ഡ് തെരഞ്ഞെടുത്തത്.

ആയുര്‍വേദം തെരഞ്ഞെടുക്കാന്‍ കാരണം അതിനുള്ള ഹോളിസ്റ്റിക് അപ്രോച്ചാണ്. എന്‍ട്രന്‍സ് എഴുതിയത് തന്നെ ആയുര്‍വേദം കിട്ടാന്‍ വേണ്ടിയാണ്. ആയുര്‍വേദത്തെക്കുറിച്ച് അടുത്തറിയാന്‍ സാധിച്ചപ്പോള്‍ അതിനോട് കൂടുതല്‍ ഇഷ്ടം തോന്നി. പിന്നെ ഞാനെന്‍റെ പ്രൊഫഷനില്‍ നിന്നുകൊണ്ടാണ് ഞാന്‍ സ്ത്രീയായി മാറാനുള്ള ശ്രമങ്ങള്‍ നടത്തിയത്. എന്‍റെ ഡ്രീം കം ട്രൂ എന്ന് പറയുന്നത് പെണ്ണായി മാറിയെന്നതാണ്. ബാക്കിയെല്ലാം അവിടെ അപ്രസ്കതമാണ്.

ഞാന്‍ ആണല്ല, എന്നിലുറങ്ങിക്കിടക്കുന്ന ഒരു പെണ്ണുണ്ട് എന്ന തിരിച്ചറിവുണ്ടായത് എപ്പോഴാണ്?

ട്രാന്‍സ്ജെന്‍ഡറായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു ട്രാന്‍സ്‍വുമണോ,ട്രാന്‍സ്മാനോ ആകട്ടെ അവരുടെ കുട്ടിക്കാലത്ത് തന്നെ ഈ ഐഡന്‍റിക്കല്‍ ക്രൈസിസ് ഉണ്ടാകുന്നുണ്ട്. തന്‍റെ മനസിനൊത്തെ ശരീരമല്ല എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകും. തനിക്ക് പറ്റിയ ശരീരമല്ല എന്ന ചിന്ത അവരെ അലട്ടിക്കൊണ്ടിരിക്കും. കുട്ടിക്കാലത്ത് അതിന്‍റെ പേരില്‍ തന്നെ കുറെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വരും. എന്നെ സംബന്ധിച്ച് എന്‍റെ സ്കൂള്‍ കാലത്ത് തന്നെ വല്ലാത്തൊരു സ്വത്വ പ്രതിസന്ധിയിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്നെ ഒരു ആണ്‍കുട്ടിയായി കാണരുത് ഞാനൊരു പെണ്‍കുട്ടിയാണെന്ന് എന്‍റെ കൂട്ടുകാരൊടൊക്കെ ഞാന്‍ പറയാറുണ്ടായിരുന്നു. അവരത് അവരുടെ വീട്ടില്‍ പോയി പറയും. പിന്നീട് അതെന്‍റെ വീട്ടുകാരോട് ചോദിച്ച അനുഭവമൊക്കെ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് കുറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പിന്നെ പക്വത ആയപ്പോള്‍ സ്ത്രീയായി മാറുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് മനസിലായി. അതോടെ സ്വയം ചുരുങ്ങാനും എന്‍റെ മാനറിസങ്ങള്‍ നിയന്ത്രിച്ച് ഒരു ആണ്‍കുട്ടിയായി ജീവിക്കാനും ഞാന്‍ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. എന്‍റെ കുടുംബത്തിന് ഞാന്‍ കാരണം ഒരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം എന്‍റെ കുടുംബം എനിക്ക് അത്ര സപ്പോര്‍ട്ടുണ്ടായിരുന്നു. ഞാന്‍ മൂലം ഒരു ചീത്തപ്പേര് അവര്‍ക്കുണ്ടാകരുതെന്ന് ആഗ്രഹിച്ചു. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. നമ്മുടെ നടത്തം, ചിരി ഇതൊക്കെ കണ്‍ട്രോള്‍ ചെയ്യണം. ഒരു ആണ്‍കുട്ടിയായി തന്നെ മറ്റുള്ളവര്‍ക്ക് തോന്നണം. നമ്മള്‍ മറ്റുള്ളവര്‍ക്ക് ഒരു അറ്റന്‍ഷന്‍ സീക്കര്‍ ആവരുതെന്നും എനിക്ക് നിര്‍‌ബന്ധമുണ്ടായിരുന്നു. ഞാനൊരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ ആരുമെന്നെ ശ്രദ്ധിക്കരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്യശ്യനായി പോകാന്‍ പറ്റുമെങ്കില്‍ അങ്ങിനെ പോകണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. ജീവിച്ചിരിക്കുന്നു എന്ന് പോലും സംശയം തോന്നിയ ഘട്ടത്തിലാണ് ഞാന്‍ മാറിയത്. അതുവരെ മരണത്തിലേക്ക് പോകുന്നു എന്ന ചിന്താണ് എനിക്കുണ്ടായിരുന്നു. ആ സമയത്ത് സമൂഹത്തില്‍ കുറച്ചുമാറ്റങ്ങളൊക്കെ വന്നിരുന്നു. ഞാന്‍ മേരിക്കുട്ടി എന്ന സിനിമയൊക്കെ വന്ന സമയമായിരുന്നു അത്. ആ സിനിമ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് പറയുമ്പോള്‍ വേറൊരു രീതിയിലാണ് ആളുകള്‍ കണ്ടുകൊണ്ടിരുന്നത്.

സ്ത്രീയായി മാറാനുള്ള ശ്രമങ്ങളെ പതിയെപ്പതിയെ ആണ് ഞാനെന്‍റെ കുടുംബത്തെക്കൊണ്ട് സമ്മതിപ്പിച്ചെടുത്തത്. എന്‍റെ അമ്മയുടെ ഓരോ ചോദ്യങ്ങള്‍ക്കും ഡബിള്‍ ഉത്തരങ്ങള്‍ കൊടുക്കാന്‍ എനിക്ക് സാധിച്ചു. അമ്മക്കാണ് കൂടുതല്‍ പരിഗണന കൊടുക്കേണ്ടത് എനിക്ക് തോന്നിയിരുന്നു. വല്ലാതെ കണ്‍ഫ്യൂസ്ഡ് സ്റ്റാറ്റസില്‍ നില്‍ക്കുന്നത് അമ്മയായിരുന്നു. അമ്മ യെസ് പറഞ്ഞാല്‍ മാത്രമേ ഞാനിതുമായി മുന്നോട്ടുപോകുമായിരുന്നുള്ളൂ അതുകൊണ്ട് അമ്മക്ക് കുറച്ച് സമയം കൂടുതല്‍ കൊടുത്തു. ഇത് ചെയ്തില്ലെങ്കില്‍ എനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞു. ഒരിക്കലും വഴക്ക് കൂടുകയോ നിര്‍ബന്ധിക്കുകയേ ചെയ്തില്ല. ഒടുവില്‍ അമ്മയുടെ സമ്മതം കിട്ടിയ ശേഷമാണ് കൂടുമാറ്റത്തിന് ഞാന്‍ തയ്യാറെടുത്തത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയുടെ ബന്ധപ്പെട്ട നടപടികള്‍ വളരെ ഈസിയായി നടന്നു.

ജൈവികമായ സ്വത്വത്തെ മറച്ചുവച്ചപ്പോഴുണ്ടായ ബുദ്ധിമുട്ട്?

ഇപ്പോള്‍ നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളുടെ ശരീരം ഒരു പുരുഷന്‍റേതായി മാറിയാല്‍ എന്തുചെയ്യും. നിങ്ങളുടെ മനസ് പെണ്ണിന്‍റെതും. ശരിക്കും ജീവിതത്തിന് തന്നെ അര്‍ത്ഥമില്ലാത്തത് പോലെ തോന്നും. ഞാനെന്തിനാ ഇങ്ങിനെ ജീവിച്ചിരിക്കുന്നത് എന്ന് പോലും ചിന്തിച്ചുപോകും. ഈ ശരീരത്തില്‍ നിന്നും വേറിട്ടൊരു എക്സ്പീരിയന്‍സ് ഇല്ല. മൊത്തം നിരാശയായിരിക്കും. ഒരു ട്രാന്‍സ്ജെന്‍ഡര്‍ കരഞ്ഞുപോകുന്ന അവസ്ഥയാണിത്. അത്രയും ഭീകരമായ അവസ്ഥ. ഈയൊരു ശരീരം കൊണ്ട് പ്രയോജമില്ലായെന്ന് മനസിലാക്കുമ്പോള്‍ എങ്ങിനെയെങ്കിലും മരിച്ചാല്‍ മതിയെന്ന ചിന്ത വരും. കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാത്തതുകൊണ്ടാണ് ഈ അവസ്ഥയിലുള്ളവര്‍ ഭൂരിഭാഗം പേരും ആത്മഹത്യയില്‍ അഭയം തേടുന്നത്.

ഒരു ഫിസിക്കല്‍ ട്രാന്‍സിഷന്‍ നടന്നുകഴിഞ്ഞാല്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനെ സംബന്ധിച്ചിടത്തോളം 90 ശതമാനം പ്രശ്നങ്ങളും അവിടെ അവസാനിക്കും. പിന്നെ കുടുംബ ജീവിതം, കുട്ടി എന്നതിലാണ് ബാക്കി 10 ശതമാനം നില്‍ക്കുന്നത്. പക്ഷെ ഇപ്പോള്‍ പലരും കുടുംബജീവിതത്തിലേക്ക് കടക്കുന്നുണ്ട്. ചിലര്‍ കുട്ടിയെ ദത്തെടുക്കുന്നുണ്ട്. എല്ലാവരും ജീവിക്കുന്നത് പോലെ അവര്‍ക്കും ജീവിക്കാന്‍ സാധിക്കുമെന്നാണ് എന്‍റെ വിശ്വാസം. മറ്റുള്ള ട്രാന്‍സ്ജെന്‍ഡേഴ്സിന് ഒരു പ്രചോദനമാകണമെന്നാണ് എന്‍റെ ആഗ്രഹം. കുടുംബത്തിന്‍റെ സപ്പോര്‍ട്ട് കിട്ടാത്തവര്‍ അതിന് വേണ്ടി കാത്തിരിക്കണം എന്നാണ് ഞാന്‍ പറയുന്നത്. പക്ഷെ എല്ലാവരുടെയും കുടുംബ സാഹചര്യം ഒരു പോലെ ആകണമെന്നുമില്ല. എന്‍റെ വീട്ടില്‍ എന്‍റെ മൂത്ത ചേട്ടന്‍ ഡോക്ടറാണ്. ചേട്ടന്‍റെ ഭാര്യ എല്‍.എല്‍‌.ബി കഴിഞ്ഞതാണ്. അവര്‍ക്കിതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ട്രാന്‍സ്ജെന്‍ഡറുടെ അവകാശങ്ങളെക്കുറിച്ചും അവര്‍ക്ക് അവബോധമുണ്ടായിരുന്നു. അമ്മ എന്നെ മകളായി സ്വീകരിച്ചുകഴിഞ്ഞു. ചേട്ടത്തി അനിയത്തിയായും കൂട്ടുകാര്‍ കൂട്ടുകാരിയായും അംഗീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഈ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്.

ജിനു ശശിധരന്‍ പ്രിയ ആയി മാറിയപ്പോള്‍ സമൂഹം കണ്ടത് എങ്ങിനെയായിരുന്നു?

ജിനു ശശിധരന്‍ പ്രിയ ആയി മാറിയത് ഒരു ദിവസം കൊണ്ടല്ല. ജിനു എന്ന പേര് യൂണിസെക്ഷ്വല്‍ പേരാണ്. അതുകൊണ്ട് പേര് മാറ്റണോ എന്ന പലരും എന്നോട് ചോദിച്ചിരുന്നു. കാരണം പേര് മാറ്റിയില്ലെങ്കില്‍ പകുതി പണി നമുക്ക് കുറയും. എന്തായാലും ജെന്‍ഡര്‍ ചേയ്ഞ്ച് നമ്മള്‍ ഗസറ്റില്‍ കൊടുക്കണം. അപ്പോള്‍ പേര് മാറ്റിയേക്കാമെന്ന് വിചാരിച്ചു. ജിനു എന്ന പേരിനോട് പണ്ടേ എനിക്കിഷ്ടമുണ്ടായിരുന്നില്ല. പക്ഷെ എന്‍റെ കൂട്ടുകാരൊക്കെ ജിനു എന്ന് വിളിച്ചാലും ഞാന്‍ വിളി കേള്‍ക്കാറുണ്ട്. സ്നേഹം മാത്രമേ ആ വിളിയിലുള്ളൂ എന്നെനിക്കറിയാം. ജിനുവില്‍ നിന്ന് മാറിയത് വളരെ പ്ലാന്‍ ചെയ്ത് തന്നെയായിരുന്നു. രണ്ട്, മൂന്നു വര്‍ഷം ഞാനിതിനെക്കുറിച്ച് കൃത്യമായ ഗവേഷണം നടത്തിയിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമെന്താണെന്ന് വച്ചാല്‍ സോഷ്യലൈസേഷനാണ്.

നമ്മള്‍ ഒരു ദിവസം പെട്ടെന്ന് ഞാന്‍ മാറുകയാണ് എന്ന് പ്രഖ്യാപിച്ചാല്‍ അത് ശരിയായ കാര്യമല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് പണ്ടും ഇഷ്ടമുള്ള കാര്യമല്ല അറ്റന്‍ഷന്‍ സീക്കിംഗ്. സൈലന്‍റ് ആയിരിക്കാനായിരുന്നു ഇഷ്ടം. നമ്മള്‍ മാറുന്നതുപോലെ നമ്മുടെ ചുറ്റുമുള്ളവര്‍ക്കും മാറാന്‍ സമയം കൊടുക്കണമെന്നാണ് ഞാന്‍ പറയുന്നത്. എന്നാല്‍ മാത്രമേ നമ്മുടെ ട്രാന്‍‌സിഷന്‍ പൂര്‍ണ്ണമാവുകയുള്ളൂ. നാളെ എന്‍റെ ഹോര്‍മോണ്‍ ചികിത്സ, മറ്റന്നാള്‍ ശസ്ത്രക്രിയ എന്ന രീതിയില്‍ മുന്നോട്ട് പോയിട്ട് കാര്യമില്ല. ഹോര്‍മോണ്‍ ട്രീറ്റ്മെന്‍റ് എന്ന് പറയുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ആ സാഹചര്യത്തില്‍ തീര്‍ച്ചയായും ഒരു സപ്പോര്‍ട്ട് സിസ്റ്റം ആവശ്യമാണ്. ഞാന്‍ പെണ്ണായി മാറുന്ന കാര്യം എന്‍റെ കുടുംബത്തോട് പറഞ്ഞു സമ്മതം വാങ്ങി, ഏറ്റവും അടുത്ത രണ്ട്, മൂന്ന് സുഹൃത്തുക്കളോട് പറഞ്ഞു. ഞാന്‍ ജോലി സീതാറാം ആശുപത്രിയില്‍ പറഞ്ഞു. പെട്ടെന്ന് പറയുകയായിരുന്നില്ല. രണ്ട് മൂന്ന് മണിക്കൂര്‍ സമയമെടുത്ത് വിശദീകരിക്കുകയാണ് ചെയ്ത്. ജിനു ബേസിക്കലി ഒരു സ്ത്രീയാണെന്ന് ഞാനവരോട് പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയയുടെ സമയത്ത് നേരിട്ട വെല്ലുവിളികള്‍?

സെക്സ് ചേഞ്ച് എന്ന് പറഞ്ഞാല്‍ ശസ്ത്രക്രിയ കൊണ്ട് മാത്രമല്ല ഇത് സാധ്യമാകുന്നത്. ഒരു സര്‍ജറി ചെയ്താല്‍ നമ്മുടെ സെക്സ് മാറുന്നില്ല. പൂര്‍ണ്ണതയോട് അടുക്കാന്‍ വേണ്ടി എത്ര ശസ്ത്രക്രിയ വേണമെങ്കിലും ചെയ്യാം. എന്നെ സംബന്ധിച്ചിടത്തോളം എനിക്കാ കംപ്ലീറ്റ് വുമന്‍ഹുഡ് വേണമായിരുന്നു. ഒന്നുകില്‍ മരിക്കുക അല്ലെങ്കില്‍ ഞാനായി തന്നെ ജീവിക്കുക എന്നതായിരുന്നു എനിക്ക് മുന്നിലുള്ള ഓപ്ഷന്‍. അതിന് വേണ്ടി ഏതറ്റം വരെ പോകാന്‍ ഞാന്‍ തയ്യാറായിരുന്നു. പണ്ടൊക്കെ ഒരു ചെറിയ വേദന പോലും സഹിക്കാന്‍ എന്നെക്കൊണ്ട് സാധിക്കുമായിരുന്നില്ല. പക്ഷെ എന്നിട്ടും ഈ വേദനയൊക്കെ ഞാന്‍ സഹിച്ചു. ചെയ്തു തുടങ്ങുമ്പോള്‍ എന്തായി തീരുമെന്ന ആശങ്കയൊക്കെ ഉള്ളിലുണ്ടായിരുന്നു. ജീവിക്കുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ ജീവിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എല്ലാം നല്ലതായി തന്നെ സംഭവിച്ചു.

പേഷ്യന്‍സിന്‍റെ പ്രതികരണം എങ്ങിനെയായിരുന്നു?

തൃശൂര്‍ സീതാറാം ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്നു. അതിന് മുന്‍പ് തൃപ്പൂണിത്തുറ, പട്ടാമ്പി എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. സീതാറാമില്‍ ജോലി ചെയ്യുന്ന സമയത്തോട് ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് ഗൌരവമായി ചിന്തിക്കുന്നതും അതിനെക്കുറിച്ച് പഠിക്കുന്നതും. അവിടെ സ്ഥിരമായി നമ്മളെ കാണുന്ന പേഷ്യന്‍സ് ഉണ്ടായിരുന്നു. അവരോട് ഹോര്‍മോണ്‍ ചികിത്സയുടെ സമയത്ത് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കതൊരു വല്ലാത്ത ഷോക്കായിരുന്നു. മനസിലാക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ഒരു രോഗി കാണാന്‍ വന്നാല്‍ ഒരു മണിക്കൂര്‍ സമയമെടുത്തൊക്കെ അവരോട് വിശദീകരിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഞാന്‍ മാറുകയാണ് ഇനി വരുമ്പോള്‍ പഴയ ആളെ അല്ല കാണുക എന്നൊക്കെ പറഞ്ഞു. ചിലരൊക്കെ അറിയാതെ വന്നവരുണ്ട്. അവര്‍ക്കൊക്കെ കാണുമ്പോള്‍ അതിശയമായിരുന്നു. എനിക്കതൊരു തമാശയായിരുന്നു. പ്രിയയായി മാറിക്കഴിഞ്ഞ ജിനുവിനെ കാണാനെത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

സമൂഹം എത്ര മാറിയെന്ന് പറഞ്ഞാലും എന്‍റെ പ്രൊഫഷന്‍ എന്തായിത്തീരുമെന്നൊരു ശങ്കയും എനിക്ക് ഇതിനിടയിലുണ്ടായിരുന്നു. ട്രാന്‍സ്ജെന്‍ഡേഴ്സിനെക്കുറിച്ചുള്ള തെറ്റായ ധാരണ തിരുത്തേണ്ടത് നമ്മുടെ കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. അവര്‍ പരിഹസിക്കപ്പെടേണ്ടവരല്ല, പരിഗണിക്കപ്പെടേണ്ടവരാണ് എന്ന് നമ്മുടെ കുട്ടികളെ പറഞ്ഞു മനസിലാക്കണം.

TAGS :

Next Story