പെട്രോളിന് നൂറാകാമെങ്കിൽ പാലിനും നൂറാകാം; വില ഉയർത്താനൊരുങ്ങി ക്ഷീരകർഷകർ
കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ചാണ് കർഷകരുടെ തീരുമാനം

കേന്ദ്രസർക്കാറിന്‍റെ പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് പാൽ ലിറ്ററിന് നൂറുരുപയാക്കി ഉയർത്തുമെന്ന് കർഷകർ. പെട്രോൾ വില വിവിധ നഗരങ്ങളിൽ 100 കടന്നതിനെ തുടർന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. മാർച്ച് ഒന്നുമുതൽ പാൽ ലിറ്ററിന് നൂറുരുപയാക്കി ഉയർത്താനാണ് കർഷകര്‍ തീരുമാനിച്ചിരിക്കുന്നത്. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനം. ന്യൂസ് പോർട്ടലായ ലോക്മതാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
പെട്രോൾ, ഡീസൽ വില ഉയർന്നതോടെ ഗതാഗത ചെലവ് കുത്തനെ ഉയർന്നു. കൂടാതെ മൃഗങ്ങൾക്കുള്ള തീറ്റ, മറ്റു ചെലവുകൾ തുടങ്ങിയവയും വർധിച്ചു. ഇതിനാലാണ് പാൽവില ഉയർത്താൻ തീരുമാനിച്ചതെന്നും സംയുക്ത കിസാൻ മോർച്ച പറഞ്ഞു.
നിലവിൽ ലിറ്ററിന് 50 രൂപക്കാണ് പാൽ വിൽക്കുന്നത്. മാർച്ച് ഒന്നുമുതൽ ഇരട്ടിവിലയാക്കും. കർഷകർ ഇതുസംബന്ധിച്ച് തീരുമാനം എടുത്തതായും ഭാരതീയ കിസാൻ യൂനിയൻ പറഞ്ഞു.
പാലിന്‍റെ വില വർധിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ കേന്ദ്രം എല്ലാവഴിയും സ്വീകരിക്കുമെന്ന് അറിയാം. എന്നാൽ തീരുമാനത്തിൽനിന്ന് കർഷകർ പിന്നോട്ട് പോകില്ല. വില ഇരട്ടിയാക്കാനാണ് തീരുമാനമെന്നും കിസാൻ യൂനിയൻ വ്യക്തമാക്കി.
കർഷകരുടെ നീക്കത്തെ എതിർക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനമെങ്കിൽ വരും ദിവസങ്ങളിൽ പച്ചക്കറി വില ഉയർത്തുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

