ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മിഥുന്‍ ചക്രബര്‍ത്തിക്ക് വൈ പ്ലസ് സുരക്ഷ
സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.

ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുൻ ചക്രബർത്തിക്ക് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് വിഐപി സുരക്ഷ ഏര്‍പ്പെടുത്തി. സിഐഎസ്എഫിനാണ് സുരക്ഷാ ചുമതല.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചാരണ ക്യാമ്പെയിനുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മിഥുന്‍ ചക്രവര്‍ത്തിയെ അനുഗമിക്കും. 104 വിഐപികള്‍ക്കാണ് നിലവില്‍ സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ 104 പേരില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതുമുണ്ട്. ഝാർഖണ്ഡിലെ ബിജെപി എംപിയായ നിഷികാന്ത് ദുബെക്കും അടുത്ത കാലത്ത് കമാൻഡോ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലാണ് 70കാരനായ മിഥുൻ ചക്രബർത്തി ബിജെപിയിൽ ചേർന്നത്. മോദിയെ വാനോളം പുകഴ്ത്തിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തി സംസാരം തുടങ്ങിയത്. മോദിയുമായി വേദി പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമായ കാര്യമാണ്. താനൊരു സ്വാഭിമാനിയായ ബംഗാളിയാണെന്നും അദ്ദേഹം പറഞ്ഞു. വേദിയില്‍ വെച്ച് മിഥുന്‍ ബിജെപി പതാക ഏറ്റുവാങ്ങി. തൃണമൂല്‍ രാജ്യസഭ എം.പിയായിരുന്ന മിഥുന്‍ ചക്രബര്‍ത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാനം രാജിവെക്കുകയായിരുന്നു.
മിഥുന്‍ ചക്രബര്‍ത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടമായാണ് ബംഗാൾ തെരഞ്ഞെടുപ്പ്. മെയ് 2നാണ് വോട്ടെണ്ണല്‍.
Adjust Story Font
16

