96ന്‍റെ നിര്‍മ്മാതാവിന് തമിഴ് നടികര്‍ സംഘത്തിന്‍റെ റെഡ് കാര്‍ഡ്
വിജയ് സേതുപതി സ്വന്തം കയ്യില്‍ നിന്ന് 1.5 കോടി രൂപ നല്‍കിയത് കൊണ്ട് മാത്രമാണ് 96 റിലീസ് ചെയ്യാനായതെന്ന് വാര്‍ത്ത സ്രോതസ്സുകള്‍ പങ്ക് വക്കുന്നു
തിയേറ്ററില്‍ വന്‍ വിജയമായി മുന്നേറുന്ന വിജയ് സേതുപതിയുടെ 96ന്‍റെ നിര്‍മ്മാതാവായ നന്ദഗോപാലിനെതിരെ തമിഴ് സിനിമ അഭിനേതാക്കളുടെ കൂട്ടായ്മയായ നടിഗര്‍ സംഘത്തിന്‍റെ നടപടി. സിനിമ റിലീസ് ആയതിന് ശേഷവും നടി നടന്മാര്‍ക്ക് ശമ്പളം നല്‍കിയില്ല എന്നാരോപിച്ചാണ് നടപടി. സിനിമയുടെ നായകനായ വിജയ് സേതുപതിക്ക് ശമ്പളത്തിന്‍റെ ഒരു പങ്ക് ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്.
96ന്‍റെ റിലീസ് തന്നെ ആവശ്യമായ പണമില്ലാത്തതിനാല്‍ മുടങ്ങേണ്ടതായിരുന്നു. തമിഴിലെ മുന്‍നിര വിതരണ കമ്പനിയായ മഡ്രാസ് എന്‍റര്‍പ്രൈസേഴ്സ് മുതലാളിയാണ് നന്ദഗോപാല്‍. വിക്രം പ്രഭുവിന്‍റെ വീര ശിവാജി, വിശാല്‍ നായകനായ കത്തി സണ്ടൈ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് നന്ദഗോപാല്‍.
വിജയ് സേതുപതി സ്വന്തം കയ്യില്‍ നിന്ന് 1.5 കോടി രൂപ നല്‍കിയത് കൊണ്ട് മാത്രമാണ് 96 റിലീസ് ചെയ്യാനായതെന്ന് വാര്‍ത്ത സ്രോതസ്സുകള്‍ പങ്ക് വക്കുന്നു. എന്നാല്‍ സിനിമ തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിക്കുമ്പോഴും നിര്‍മ്മാതാവിന്‍റെ ഈ പ്രവര്‍ത്തിയാണ് താരസംഘടനയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.
മഡ്രാസ് എന്‍റര്‍പ്രൈസേഴ്സുമായും ഇത് പോലുള്ള പെരുമാറ്റങ്ങള്‍ അഭിനേതാക്കളോട് വച്ച് പുലര്‍ത്തുന്ന ഒരു പ്രൊഡക്ഷന്‍ ഹൌസുകളുമായും സഹകരിക്കില്ലെന്ന് നടികര്‍ സംഘം വ്യക്തമാക്കി. സിനിമ പരാജയപ്പെടുമ്പോള്‍ അഭിനേതാക്കള്‍ തങ്ങളുടെ ശമ്പളം പിന്നീട് മതിയെന്ന് സ്വയം പറയാറുണ്ടെങ്കിലും ഇത് പോലൊരു സാഹചര്യം നിലവില്‍ വന്നതിനാല്‍ ഇനി ആരും ഈ കമ്പനിയുമായി സഹകരിക്കാന്‍ പോകുന്നില്ലെന്നും നടികര്‍ സംഘത്തിന്‍റെ പത്ര കുറിപ്പില്‍ പറയുന്നു.
എന്നാല്‍ എല്ലാ അഭിനേതാക്കള്‍ക്കും ഇതിനോടകം തന്നെ ശമ്പളം നല്‍കിയെന്നും ആപത്ഘട്ടത്തില്‍ വിജയ് സേതുപതി സഹായിച്ചതില്‍ താന്‍ നന്ദിയുള്ളവനായിരിക്കുമെന്നും നന്ദഗോപാല്‍ പറഞ്ഞു
Adjust Story Font
16