Quantcast

തീയേറ്ററുകളില്‍ പടരുന്ന വൈറസ്

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2021-07-17 18:36:21.0

Published:

7 Jun 2019 3:25 PM GMT

തീയേറ്ററുകളില്‍ പടരുന്ന വൈറസ്
X

നിപ്പ കോഴിക്കോടിനെ വിറപ്പിച്ച് കൃത്യം ഒരു വർഷമായ സമയത്താണ് അതെ പശ്ചാത്തലത്തിൽ സിനിമ വരുന്നതും എറണാകുളം ജില്ലയിൽ നിപ്പ പുനരവതിരിക്കുന്നതും. ഏറെ ആശങ്കകൾ ബാക്കി വെച്ച് ഭീതിയിൽ നിൽക്കുന്ന സന്ദർഭത്തിൽ ആഷിഖ് അബു സംവിധാനം ചെയ്തുള്ള വൈറസ് തിയേറ്ററുകളിൽ എത്തുമ്പോൾ അത് പ്രേക്ഷകന് നൽകുന്നത് ഉള്ള് പൊള്ളുന്ന ത്രില്ലർ അനുഭവമാണ്. ആദ്യമന്ത്യം ഹൈപ്പർലിങ്ക് ഫോർമാറ്റിലാണ് സിനിമ കഥ പറയുന്നത്. ഒരു കഥാപാത്രങ്ങളിലും ചേർന്ന് നിൽക്കാതെ ഒഴുകി നീങ്ങുന്ന കഥക്ക് കൃത്യമായ പ്ലസ് തന്നെയായിരുന്നു താരങ്ങളായി നില്‍ക്കാത്ത കഥാ പാത്രങ്ങള്‍. കഥയിലെ ഒന്നും തന്നെ യാഥാർത്യത്തിലൂന്നിയുള്ളതല്ലെന്നും യാദൃശ്ചിക കഥാ പരിസരമാണെന്നും തുടങ്ങി ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളെല്ലാം തന്നെ നിപ്പ കേരളത്തിൽ ഭീതിയിലാക്കിയ സമയത്തുള്ളതാണെന്നു തിരിച്ചറിയാൻ മിനിമം മലബാറില്‍ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടിലെന്നു വ്യക്തമാണ്. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ വേഷത്തിൽ രേവതിയെത്തുമ്പോൾ കലക്റ്റർ യു.വി ജോസിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ടോവിനോ തോമസാണ്. നഴ്‌സ് ലിനിയുടെ വേഷം ഭംഗിയായി നിർവഹിച്ചത് റിമ കല്ലിങ്കലും ആശുപത്രിയിൽ ക്ലീനിംഗ് തൊഴിലാളിയായി സേവനമനുഷ്ഠിച്ച കെ.യു ശശിധരനായി ജോജുവും സിനിമയിൽ തകർത്തഭിനയിച്ചിട്ടുണ്ട്. മണിപ്പാൽ വൈറോളജി സെന്ററിലെ ഡോക്ടർ അരുൺ കുമാറിന്റെ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. സിനിമയില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഓഫീസറായ ഡോ. ആര്‍. എസ്. ഗോപകുമാറിന്റെ വേഷം ചെയ്ത് കൈയ്യടി നേടിയിരിക്കുന്നത് നടന്‍ ഇന്ദ്രജിത്താണ്. നേരത്തെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ മുഹ്‌സിൻ പരാരി സൂചിപ്പിച്ച, കൺടേജ്യൺ ( contagion (2011) ) എന്ന സ്റ്റീഫൻ സോഡർബർഗിന്റെ സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ആദ്യ പകുതി സഞ്ചരിക്കുന്നത്. സുഷിന്‍ ശ്യാം എന്ന സംഗീത സംവിധായകന്റെ അടയാളപ്പെടുത്തുന്ന പെര്‍ഫൊമന്‍സ് എന്ന് വേണം വൈറസിലേത്. സിനിമയുടെ ആകെയുള്ള പെയ്സിനെ നിയന്ത്രിക്കുന്നതും ത്രില്ലിംഗ് അനുഭവം കൊണ്ടുവരുന്നതും സുഷിന്റെ സംഗീതമാണ്.

അപരിചിതമായ പനികളോടെയുള്ള അവസ്ഥകളോടെ ഒരു കൂട്ടം പേരെ നിരവധി ഘട്ടങ്ങളിലായി കോഴിക്കോട്ടെ രണ്ട് ആശുപത്രികളിലെത്തിക്കുന്നതും അസാധാരണമായി ഇവരെയെല്ലാം ബാധിച്ച അസുഖത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നതുമാണ് ആദ്യ പകുതി. സംവിധായകൻ സകരിയ അതേ പേരിൽ 'വൈറസി'ന്റെ ഉത്ഭവമാവുന്നു. സകരിയയിൽ നിന്നും പിന്നീട് ഇതേ രോഗ ലക്ഷങ്ങളോടെ കണ്ടെത്തുന്ന 21 പേരെ ബന്ധപ്പെടുത്തുന്ന കൃത്യമായ വഴി കണ്ടെത്തുന്നതാണ് തുടർന്നുള്ള പകുതി. നിഗുഢമായ രീതിയിലുള്ള സിനിമയുടെ അവതരണ സ്വഭാവം രണ്ടാം പകുതി ആവേശഭരിതമാക്കുന്നുണ്ട്.

സൌബിന്‍ ഷാഹിര്‍ എന്ന അസാധ്യ നടന്‍ തിയേറ്റര്‍ സ്ക്രീനില്‍ വരുമ്പോള്‍ ലഭിക്കുന്ന കൈയ്യടി അതിശയകരമാണ്. സൌബിന്റെ മികവുറ്റ അഭിനയം ആ താരത്തിന്റെ മുന്‍ചിത്രങ്ങളുടെ ഒന്നും തന്നെ നിഴല്‍ പതിഞ്ഞിട്ടില്ല എന്നതും സൌബിന് മാത്രം നല്‍കാന്‍ കഴിയുന്ന സംഭാവനയാണ്. കാളിദാസ് ജയറാമിന് പകരക്കാരനായി എത്തിയ ആബിദ് എന്ന കഥാപാത്രമായെത്തിയ പി.ജി ഡോക്ടര്‍ ശ്രീനാഥ് ഭാസിയും ഞെട്ടിക്കുന്ന അഭിനയവുമായാണ് ചിത്രത്തിലെത്തുന്നത്. ആസിഫ് അലി എന്ന നടന്റെ തെരഞ്ഞെടുപ്പിലെ കൃത്യത ബോധ്യപ്പെടുത്തി തരുന്ന അടുത്ത സിനിമ കൂടിയാണ് വൈറസ്. ഉയരെക്ക് ശേഷം ‌മികച്ച വേഷം ചെയ്തെന്നതില്‍ വൈറസിലൂടെ ആസിഫിലെ താരത്തിന് അഭിമാനിക്കാം. ജോജു ജോര്‍ജ്ജ് പതിവ് പോലെ ആയാസരഹിതമായി തന്നെ വേഷം ഭംഗിയായി അവതരിപ്പിച്ചു. മഡോണ സെബാസ്റ്റ്യന്‍, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീഷന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്.

സിനിമ പുറത്തിറങ്ങും മുമ്പ് സംവിധായകന്‍ ആഷിഖ് അബു നേരിട്ട പ്രധാന വിമര്‍ശനമായിരുന്നു സിനിമ 'ഇടതുപക്ഷത്തിന്റെ ഉറി'യായി അറിയപ്പെടുമോയെന്നത്. കേരളത്തിന്റെ ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചറെ അവതരിപ്പിക്കുമ്പോഴും പതിവ് പാര്‍ട്ടി സിനിമകളുടെ പാത പിന്തുടരാതെ സുക്ഷിച്ചിട്ടുണ്ട് വൈറസ്. ഇതിനിടയിൽ വളരെ ബുദ്ധിപൂർവ്വം തന്നെ ആഷിഖ് അബുവും സംഘവും തങ്ങളുടെ രാഷ്ട്രീയം കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട് വൈറസില്‍.

മായാനദിക്ക് ശേഷം ആഷിഖ് അബു എന്ന സംവിധായകന്റെ വളര്‍ച്ച സൂചിപ്പിക്കുന്ന ചിത്രം കൂടിയാണ് വൈറസ്. ഇത്ര വൈഡില്‍ താരങ്ങളെ കൃത്യമായി അണിനിരത്തുക എന്നതും കേരളം ചര്‍ച്ച ചെയ്ത വലിയ വിഷയം ആരെയും ബാധിക്കാതെ സ്ക്രീനിലെത്തിക്കുക എന്നതും അനായാസമായി തന്നെ ആഷിഖ് അബുവും തിരക്കഥാകൃത്തുക്കളായ മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവരും ഭംഗിയായി ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തിലെ ആരെയും ബാധിക്കാതെയായിരിക്കും തങ്ങളുടെ സിനിമയെന്ന് പുറത്തിറങ്ങും മുമ്പ് സംവിധായകനും തിരക്കഥാകൃത്തുകളും പ്രഖ്യാപിച്ചതുമാണ്. താരങ്ങളെ അവരുടെ താരമോടികളില്ലാതെ വിഷയതീവ്രതയോടെ തന്നെ സ്ക്രീനിലെത്തിച്ചുവെന്നതില്‍ അണിയറക്കാര്‍ക്ക് അഭിമാനിക്കാം. രാജീവ് രവിയുടെ ക്യാമറ പതിവ് പോലെ ഗംഭീരമാണ്. മെഡിക്കല്‍ ത്രില്ലര്‍ സ്വഭാവത്തില്‍ മലയാളത്തില്‍ ഇറങ്ങിയ മികച്ച സിനിമ എന്ന രൂപത്തില്‍ ഒട്ടും ഭയപ്പെടാതെ തന്നെ തിയേറ്ററുകളില്‍ പോയി കാണാവുന്ന സിനിമയാണ് വൈറസ്.

TAGS :

Next Story