Quantcast

അരിജിത് സിങ്; ഹൃദയങ്ങളെ തൊട്ട ശബ്ദം

പ്രായഭേദമന്യേ പ്രണയവും വേ‍‍‍‍‍ർപാടും വിരഹവും വേദനയുമൊക്കെ സംഗീതപ്രേമികളുടെ ഉള്ളിൽ നിറച്ച ഒരു ശബ്ദം ഇന്ത്യൻ സംഗീതലോകത്തുണ്ടെങ്കിൽ അത് അരിജിത് സിങ്ങിന്റെയാണ്.

MediaOne Logo

മിർഷ ഇ.ടി

  • Updated:

    2026-01-29 15:44:34.0

Published:

29 Jan 2026 8:58 PM IST

അരിജിത് സിങ്; ഹൃദയങ്ങളെ തൊട്ട ശബ്ദം
X

ചില ശബ്ദങ്ങൾ അങ്ങനെയാണ്, അവ നമ്മളെ നിശബ്ദരാക്കും, ഓർമകളുടേതടക്കം ഒരായിരം വികാരങ്ങൾ നമ്മുടെ ഉള്ളിലേക്ക് നിറച്ചുവയ്ക്കും. പ്രായഭേദമന്യേ പ്രണയവും വേ‍‍‍‍‍ർപാടും വിരഹവും വേദനയുമൊക്കെ സംഗീതപ്രേമികളുടെ ഉള്ളിൽ നിറച്ച ഒരു ശബ്ദം ഇന്ത്യൻ സംഗീതലോകത്തുണ്ടെങ്കിൽ അത് അരിജിത് സിങ്ങിന്റെയാണ്. ആ അതുല്യ ശബ്ദത്തിനുടമ പ്ലേ ബാക്ക് സിങ്ങിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ സംഗീത ആരാധകർ ഒന്നടങ്കം ചർച്ച ചെയ്യുന്നത് ഒരൊറ്റക്കാര്യമാണ്- ഇനി ഇങ്ങനെ ശ്രോതാക്കളുടെ മനസറിയുന്ന ഒരു ഗായകൻ നമുക്കുണ്ടാകുമോ എന്ന്. അദ്ദേഹം പാടുമ്പോൾ കേൾക്കുന്നവർ അനുഭവിക്കുന്നത് ഒരു പാട്ടല്ല, നമ്മളുടെ പ്രണയങ്ങളെയും വിട്ടുപോയവരെയും ആരോടും പറയാതെ ഉള്ളിലൊളിപ്പിച്ച വേദനകളെയുമാണ്. ‘ചന്നാ മേര‘യിലൂടെ വിങ്ങൽ, ‘ഇലാഹി‘യിലൂടെ സ്വാതന്ത്ര്യം, ‘അഗർ തും സാത് ഹോ‘യിലെ വേദന- ഇങ്ങനെ ശ്രോതാക്കൾ അരിജിത്തിന്റെ മാസ്മരിക ശബ്ദത്തിലൂടെ അറിഞ്ഞത് അവരെ തന്നെയാണ്.

മൂന്നാം വയസിൽ ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം ആരംഭിച്ച സിങ് ഹസാരി സഹോദരങ്ങൾക്ക് കീഴിൽ തബല, രബീന്ദ്ര സംഗീതം തുടങ്ങിയവ അഭ്യസിച്ചു. സംഗീതം ജീവിതവായുവായിരുന്ന കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ ഒരോ ചുവടിലും സംഗീതമൊപ്പമുണ്ടായിരുന്നു. എന്നിട്ടും പോപ്പുലർ സംഗീതത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.​​ ഒരു പക്ഷെ അത്തരമൊരു സെലിബ്രിറ്റി സ്റ്റാറ്റസ് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്ന് തന്നെ പറയാം. 2005ൽ Fame Gurukul എന്ന റിയാലിറ്റി ഷോയിലൂടെയാണ് അരിജിത് എന്ന പേര് സംഗീത പ്രേമികൾക്കിടയിൽ പതിയുന്നത്. ആ റിയാലിറ്റി ഷോയിൽ ശ്രദ്ധേയമായ ​പ്രകടനം കാഴ്ചവച്ചെങ്കിലും വിജയം അദ്ദേഹത്തിനൊപ്പമായിരുന്നില്ല. എന്നാൽ ആ പരാജയം അദ്ദേഹത്തെ തളർത്തിയില്ല. സംഗീതത്തിൽ കൂടുതൽ ആഴത്തിലലിയുകയായിരുന്നു അദ്ദേഹം. റിയാലിറ്റി ഷോയ്ക്കു ശേഷം അരിജിത് പലതരത്തിൽ സംഗീതലോകത്ത് സജീവമായി. സഞ്ജയ് ലീല ബൻസാലിയുടെ സാവറിയയിൽ പാടിയെങ്കിലും ആൽബത്തിൽ അരിജിത്തിൻ്റെ ഗാനമുണ്ടായിരുന്നില്ല.

ഒറ്റപ്പാട്ട്, ജീവിതത്തിൽ വഴിത്തിരിവ്

2011ൽ റിലീസായ Murder 2വിലെ ‘ഫിർ മൊഹോബത്’ എന്ന ഗാനത്തിലൂടെയാണ് സിനിമാ സംഗീതലോകത്തിന്റെ ശ്രദ്ധ ആ പുതിയ ശബ്ദത്തിൽ പതിയുന്നത്. എന്നാൽ അരിജിത് സിങ്ങിനെ റൊമാൻസ് ഗാനങ്ങളുടെ രാജാവാക്കിയത് 2013ൽ പുറത്തിറങ്ങിയ ‘ആഷിഖി 2‘ എന്ന ചിത്രത്തിലെ ‘തും ഹി ഹോ’ എന്ന ഗാനമാണ്. ആ പാട്ടിറങ്ങിയതോടെ ആ ശബ്ദം ഇന്ത്യയുടെ വികാരമായി. ആ പാട്ട് പ്രണയനഷ്ടം അനുഭവിച്ച ഓരോരുത്തരുടെയും സ്വകാര്യ സംഭാഷണമായി മാറി. അതിനുശേഷം അരിജിത് സിങ് പാടിയതൊക്കെ ഓരോ കഥകളായിരുന്നു. 2016ൽ പുറത്തിറങ്ങിയ ‘ഏ ദിൽ ഹേ മുശ്ക്കിൽ‘ എന്ന ചിത്രത്തിലെ ചന്നാ മേരേയാ, എ.ആർ റഹ്മാൻ്റെ സംഗീത സംവിധാനത്തിൽ ‘തമാശ‘ എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ‘അഗർ തും സാത് ഹോ‘, ‘ബേഫിക്രേ‘യിലെ ‘നശേ സി ചട് ഗയീ‘, ‘ഏജന്റ് വിനോദി‘ലെ ‘റാബ്ത‘ തുടങ്ങിയ ഗാനങ്ങളെല്ലാം ജീവിതഗന്ധികളായിരുന്നു.

ഇന്ത്യയിൽ മുൻ നിരയിലുള്ള പ്രീതം, വിശാൽ-ശേഖർ, അമിത് ത്രിവേദി, എ.ആർ റഹ്മാൻ എന്നീ എല്ലാ സംഗീത സംവിധായകർക്കൊപ്പം അരിജിത് ഹിറ്റ് ഗാനങ്ങളുമായെത്തി. ‘അപ്നാ ബനാ ലേ‘, ‘തുജേ കിത്നാ ഛാഹ്നേ ലഗേ‘, ‘തെരാ യാർ ഹൂ മേ‘ തുടങ്ങി അരിജിത്തിൻ്റെ എല്ലാ ഗാനങ്ങളും കേൾവിക്കാരുടെ ഹൃദയം കവർന്നു. ഹിന്ദി സിനിമയുടെ അതിരുകൾ കടന്ന ആ ശബ്ദം Spotify, YouTube പോലുള്ള പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിങ്ങുകൾ ബില്യണുകൾ കവിഞ്ഞു​.

Spotify, YouTube പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ അരിജിത് സിങ്ങിനെ ആഗോളതലത്തിൽ എത്തിച്ചു. ബില്യൺ കണക്കിന് സ്ട്രീമുകൾ, ലോകമെമ്പാടുമുള്ള കൺസർട്ടുകൾ ഭാഷാ അതിരുകൾപ്പുറം ലോകമനുഷ്യരുടെ വികാരമായി. 2024ൽ സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ശ്രോതാക്കൾ ഉണ്ടായിരുന്ന ഗായകരിലൊരാളായി അരിജിത് സിങ് മാറി. അതേസമയം, വ്യക്തി ജീവിതത്തെ ലൈംലൈറ്റിൽ നിന്നും അകറ്റിനിർത്തിയ ഗായകനാണ് അരിജിത്. നടൻ സൽമാൻ ഖാനുമായി വർഷങ്ങളോളം നീണ്ടുനിന്ന ഒരു തർക്കം ബജ്റംഗി ഭായ്ജാൻ, സുൽത്താൻ എന്നീ ചിത്രങ്ങളിൽ നിന്നും അരിജിതിൻ്റെ ഗാനങ്ങൾ പുറത്താകാൻപോലും കാരണമായി. ഷാരൂഖ് ഖാന് ഉദിത് നാരായൺ എന്ന പോലെ നടൻ റൺബീർ കപൂറിൻ്റെ ശബ്ദമായി മാറിയ ഗായകനാണ് അരിജിത് സിങ്. രൺബീറിൻ്റെ ‘യെ ജവാനി ഹേ ദിവാനി’, ’ബർഫി’, ’ബ്രഹ്മാസ്ത്ര’ തുടങ്ങി നിരവിധി ഹിറ്റ് ചിത്രങ്ങളിൽ അരിജിത് ഗാനം ആലപിച്ചിട്ടുണ്ട്.

അരിജിത് സിങ്ങിന് അങ്ങനെ അവസാനിപ്പിക്കാനാവില്ല. കാരണം, അദ്ദേഹത്തിന്റെ ശബ്ദം നമ്മൾ മറക്കാൻ ശ്രമിച്ച നിമിഷങ്ങളെ തിരികെ തന്നു. അദ്ദേഹത്തിന്റെ പാട്ടുകളിൽ നമുക്ക് പറയാനുള്ളതെല്ലാമുണ്ടായിരുന്നു. അരിജിത് പാടുമ്പോൾ, നമ്മൾ നമ്മളെ തിരിച്ചറിയുകയാണ്. അതിനാലാണ് അരിജിത് ഒരു ഗായകൻ മാത്രമല്ല അദ്ദേഹം ഒരു വികാരമാണെന്ന പോലെ ആ വിരമിക്കലിനോട് ലോകം പ്രതികരിച്ചത്.

TAGS :

Next Story