Quantcast

ഇസ്രായേല്‍ സൈന്യത്തിന് 'ചരമഗീതം' പാടിയ ബോബ് വിലന്‍; ഗ്ലാസ്റ്റന്‍ബറിയില്‍ സംഭവിച്ചതെന്ത്?

എന്നും പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് വിലന്‍ ബാന്‍ഡിന്റെ സംഗീതത്തിന്. വര്‍ണവിവേചനം, കോളനിവല്‍ക്കരണം, മുതലാളിത്തം, സാമ്രാജ്യത്വം, അസമത്വം തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരുന്നു എന്നും അവരുടെ സംഗീതത്തിന്റെ കാതല്‍

MediaOne Logo

Shaheer

  • Published:

    2 July 2025 4:30 PM IST

ഇസ്രായേല്‍ സൈന്യത്തിന് ചരമഗീതം പാടിയ ബോബ് വിലന്‍; ഗ്ലാസ്റ്റന്‍ബറിയില്‍ സംഭവിച്ചതെന്ത്?
X

ജൂണ്‍ 28ന് ലോകപ്രശസ്തമായ ഗ്ലാസ്റ്റന്‍ബറി മ്യൂസിക് ഫെസ്റ്റിവലിന്റെ വെസ്റ്റ് ഹോള്‍ട്ട്‌സ് സ്റ്റേജില്‍ വലിയൊരു രാഷ്ട്രീയ പ്രഖ്യാപനം നടത്തി വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പങ്ക്-റാപ് ജോഡിയായ ബോബ് വിലന്‍. ബിബിസിയിലൂടെ ലോകം തത്സമയം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു പരിപാടിയില്‍, സ്വതന്ത്ര ഫലസ്തീനു വേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിയത്. ലോകമെങ്ങും അലയടിക്കുന്ന ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന്റെ ഏറ്റവും വലിയ പ്രദര്‍ശനമായിരുന്നു ഗ്ലാസ്റ്റന്‍ബറിയില്‍, ബോബ് വിലനിലൂടെ കണ്ടത്. ചെറുതല്ല, അതിന്റെ അനുരണനങ്ങളെന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നു വരുന്ന പ്രതികരണങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ വരെ ഉറക്കംകെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ ചില്ലറക്കാരാകില്ലല്ലോ...

ഗസ്സയിലെ മനുഷ്യക്കുരുതിയും ഫലസ്തീനികളുടെ തീരാദുരിതങ്ങളും ഒരിക്കല്‍കൂടി ലോകശ്രദ്ധയിലെത്തിച്ച, ബോബ് വിലന്‍ റാപ്പ് സംഘം ആരാണ്? എന്തുകൊണ്ട് അവര്‍ ഇത്രയും വലിയൊരു സംഗീതമാമാങ്കം രാഷ്ട്രീയം പറയാനുള്ള വേദിയാക്കി? അവരുടെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം എന്താണ്? വിശദമായി അറിയാം...

ബോബി വിലന്‍ എന്നു പേരുള്ള രണ്ട് യുവാക്കള്‍ ചേര്‍ന്ന് 2017ല്‍ ഇംഗ്ലണ്ടിലെ ഇപ്‌സ്വിച്ചില്‍ രൂപീകരിച്ച പങ്ക്-റാപ് ബാന്‍ഡാണ് ബോബ വിലന്‍. ഒരാള്‍ വോക്കലിസ്റ്റും ഗിറ്റാറിസ്റ്റുമായി ടീമിന്റെ ശബ്ദമാകുമ്പോള്‍, മറ്റൊരാള്‍ ഡ്രമ്മിലൂടെ അതിനു താളം പകരുകയും ചെയ്യുന്നു. ലണ്ടനില്‍ ജനിച്ചുവളര്‍ന്ന ഗ്രൈം-പങ്ക് ആര്‍ട്ടിസ്റ്റുകളാണു രണ്ടുപേരും. തങ്ങളുടെ ജീവിതാനുഭവങ്ങളാണ് അവരെ ഇത്തരമൊരു സംഗീതധാരയിലെത്തിക്കുന്നത്. പ്രത്യേകിച്ചും ബ്രിട്ടനില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനവും സാമൂഹിക അസമത്വവുമെല്ലാം ചെറിയ പ്രായത്തില്‍ തന്നെ അവരെ രാഷ്ട്രീയമായി പ്രബുദ്ധരാക്കി. അത് അവരുടെ സംഗീതത്തിന്റെ ആത്മാവായി മാറുകയും ചെയ്തു. ബോബി ബ്ലാക്, ഡ്രമ്മിംഗിലൂടെ ബാന്‍ഡിന്റെ ശക്തമായ താളം നല്‍കുന്നു.

എന്നും പ്രതിഷേധത്തിന്റെ സ്വരമായിരുന്നു ബോബ് വിലന്‍ ബാന്‍ഡിന്റെ സംഗീതത്തിന്. വര്‍ണവിവേചനം, കോളനിവല്‍ക്കരണം, മുതലാളിത്തം, സാമ്രാജ്യത്വം, പൊലീസ് ഭീകരത, അസമത്വം തുടങ്ങിയ സാമൂഹിക വിഷയങ്ങളായിരുന്നു എന്നും അവരുടെ സംഗീതത്തിന്റെ കാതല്‍. 2020ല്‍ പുറത്തിറങ്ങിയ 'വി ലിവ് ഹിയര്‍' എന്ന ആല്‍ബം വലിയ കോളിളക്കം സൃഷ്ടിച്ചത് വെറുതെയല്ല. പ്രത്യേകിച്ചും 'ഇംഗ്ലണ്ട് ഈസ് എന്‍ഡിങ്' എന്ന റാപ്പ്. ബ്രിട്ടനിലെ സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ആല്‍ബം.

2022ല്‍ പുറത്തിറങ്ങിയ ബാന്‍ഡിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആല്‍ബം 'ബോബ് വിലന്‍ പ്രസന്റ്‌സ് ദി പ്രൈസ് ഓഫ് ലൈഫ്' ആണ് അവര്‍ക്ക് ബ്രിട്ടീഷ് സംഗീത ലോകത്തും ആഗോളതലത്തിലും വലിയ പേരുണ്ടാക്കിക്കൊടുത്തത്. 2022ലെ മെര്‍ക്കുറി പ്രൈസിന് ആല്‍ബം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. യുകെ ആല്‍ബംസ് ചാര്‍ട്ടില്‍ 18-ാമത്തെ ആല്‍ബമായും ഇടംപിടിച്ചു. വലിയ ആരാധകരെയും അതവര്‍ക്ക് നേടിക്കൊടുത്തു. 2024ലാണ് 'ഹംബ്ള്‍ ഏസ് ദി സണ്‍' എന്ന പേരില്‍ മൂന്നാമത്തെ ആല്‍ബം പുറത്തിറങ്ങുന്നത്. ബോബ് വിലന്റെ സംഗീതപാത കൂടുതല്‍ വികാസവും രാഷ്ട്രീയപ്രബുദ്ധതയും കൈവരിക്കുന്നതാണു ആല്‍ബത്തില്‍ കണ്ടത്.

'ഞങ്ങള്‍ ഒരിക്കലും നിശബ്ദരാകില്ല. ഈ സംഗീതം ഞങ്ങളുടെ ആയുധമാണ്' എന്നാണ് ബോബി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. പീഡിതസമൂഹത്തിന്റെ, അനീതിക്കിരയാകുന്നവരുടെ, അധികൃത സമൂഹത്തിന്റെ ശബ്ദമാണു തങ്ങളെന്ന് അവര്‍ അഭിമാനപൂര്‍വം ഏറ്റുപറയുന്നു. ലോകമെങ്ങുമുള്ള വേദികളില്‍നിന്ന് വേദികളിലേക്ക് പാറിനടന്ന് അവരത് ഏറ്റുപാടുകയും ചെയ്യുന്നു. അവരുടെ രാഷ്ട്രീയവും സംഗീതത്തിന്റെ സ്വഭാവവും മനസിലാക്കാന്‍ ഇപ്പോള്‍ നമുക്ക് പ്രയാസമില്ല. നമുക്ക് മുന്നില്‍ ഒരു വേടന്‍ കത്തില്‍നില്‍ക്കുന്നുണ്ടല്ലോ...! വേടനും ബോബ് വിലനും ശബ്ദം നല്‍കുന്നത് ഒരേ സമൂഹത്തിനാണ്. അവര്‍ മുഖ്യധാരയില്‍ സ്വന്തമായൊരു ഇരിപ്പിടം വലിച്ചിട്ടിരിക്കുന്നത് ഒരേ ജനതയുടെ പ്രതിനിധികളായാണ്.

അപ്പോള്‍, ഗസ്സയില്‍ നടക്കുന്ന വംശഹത്യയെ ലോകം മുഴുവന്‍ അവഗണിച്ചാലും അവര്‍ക്ക് കാണാതെ പോകാനാകില്ലല്ലോ... വേടന്‍ നമ്മുടെ നാട്ടിലും ഫലസ്തീനികളുടെ ശബ്ദമുയര്‍ത്തുന്നുണ്ട്. അതു പല കോണുകളിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുമുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ സംഗീത ഉത്സവങ്ങളിലൊന്നായ ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍, ബോബ് വിലന്‍ ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും അതേ അപസ്വരങ്ങള്‍ ഉയരുന്നത് സ്വാഭാവികമല്ലേ...

ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വേദി, ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഒരു വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള അവസരമാക്കുകയായിരുന്നു അവര്‍ ചെയ്തത്. 'ഫ്രീ ഫലസ്തീന്‍' മുദ്രാവാക്യം മുഴക്കിയ ബോബ് വിലന്‍, 'ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ നാശത്തിനായി' പ്രാര്‍ഥിക്കുകയും ചെയ്തു. 'ജോര്‍ദാന്‍ നദി മുതല്‍ മധ്യാധരണ്യാഴി വരെ' സ്വതന്ത്രമാകുന്ന ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചു. ഫെസ്റ്റിവലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ ബിബിസി ചടങ്ങ് തത്സമയം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കെയായിരുന്നു ബോബിയുടെ സര്‍പ്രൈസ്. വംശഹത്യയ്ക്കു കൂട്ടുനില്‍ക്കുന്ന ബിബിസിക്ക് ഇത് താങ്ങില്ലെന്ന ഒരു കുത്തും ബോബി വേദിയില്‍ നല്‍കുന്നുണ്ട്.

ഗ്ലാസ്റ്റന്‍ബറിയില്‍ തടിച്ചുകൂടിയ പതിനായിരങ്ങളാണ് ബോബ് വിലന്റെ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിച്ചത്. യുകെയിലെ മാത്രമല്ല, ലോകത്തിന്റെ യുവത്വമാണ് അവരുടെ വരികള്‍ ഏറ്റുപാടിയത്. അവിടെ ഉയര്‍ന്ന ശബ്ദം സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ജനലക്ഷങ്ങളിലേക്ക് പടരുകയാണ്. ഇതെല്ലാമാകുമ്പോള്‍ ബോബ് വിലന്റെ ഇടപെടല്‍ പല കേന്ദ്രങ്ങളെയും ചൊടിപ്പിക്കുന്നതില്‍ അതിശയപ്പെടാനില്ലല്ലോ... ഇസ്രായേല്‍ എംബസിയാണ് ആദ്യമായി എതിര്‍പ്പ് പരസ്യമാക്കിയ പ്രധാന ഔദ്യോഗിക സംവിധാനങ്ങളിലൊന്ന്. ജൂതവിരുദ്ധത, സെമിറ്റിക് വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. ബ്രിട്ടനിലെ വലതുപക്ഷം അത് ഏറ്റുപിടിച്ചു. ഒടുവില്‍ ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മറിന് പോലും അതില്‍ നടുക്കം രേഖപ്പെടുത്തേണ്ടിവന്നു. ബിബിസിയും ഗ്ലാസ്റ്റന്‍ബറി മ്യൂസിക് ഫെസ്റ്റിവല്‍ സംഘാടകരുമെല്ലാം ബാന്‍ഡിന്റെ നടപടിയെ തള്ളിപ്പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

ഒടുവില്‍, ബ്രിട്ടീഷ് പൊലീസും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബോബ് വിലന്‍ പെര്‍ഫോമന്‍സിന്റെ വിഡിയോ ഫൂട്ടേജുകള്‍ പരിശോധിക്കുകയാണത്രെ അവര്‍. 'വിദ്വേഷപ്രസംഗം' അല്ലെങ്കില്‍ 'അക്രമത്തിന് പ്രേരണ നല്‍കല്‍' തുടങ്ങിയ കുറ്റം സംഗീതജ്ഞര്‍ക്കെതിരെ ചുമത്തപ്പെടാന്‍ വകുപ്പുണ്ടോ എന്നാണ് അവര്‍ അന്വേഷിക്കുന്നത്.

എന്നാല്‍, ബോബ് വിലന്‍ അതിലൊന്നും കുലുങ്ങില്ല. അല്‍പം പോലും നിരാശയോ മനഃസ്ഥാപമോ ഇല്ല. ഇനിയും പാടിയും പറഞ്ഞും കൊണ്ടിരിക്കും എന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തെ ബഹളങ്ങളോട് പ്രതികരിച്ച് ബോബി വിലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു: 'സയണിസ്റ്റുകള്‍ കരയുമ്പോള്‍, ഞാന്‍ ഇവിടെ വീഗന്‍ ഐസ്‌ക്രീം നുണയുകയാണ്.' അതെ, ഫലസ്തീനികളുടെ പക്ഷം പിടിക്കുന്നതും, അവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നതും ഇനിയും തുടരുമെന്നാണ് ബോബ് വിലന്‍ പ്രഖ്യാപിക്കുന്നത്.

TAGS :

Next Story