Quantcast

കാല്‍നൂറ്റാണ്ടിന് ശേഷം ലീഗ് ഒരു വനിതയെ കളത്തിലിറക്കുമ്പോള്‍‌...

മുസ്‌ലിംലീഗ് അധികാരത്തിന്‍റെ പങ്ക് പറ്റുംമുമ്പേ മുസ്‌ലിം വനിതകൾ സഭ കണ്ടിരുന്നു. 1957ലും 1960ലും തന്നെ.. അവരിരുന്നതോ ഡെപ്യൂട്ടി സ്പീക്കർമാരുടെ കസേരയിലും.

MediaOne Logo

  • Published:

    12 March 2021 7:52 PM IST

കാല്‍നൂറ്റാണ്ടിന് ശേഷം ലീഗ് ഒരു വനിതയെ കളത്തിലിറക്കുമ്പോള്‍‌...
X

വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂര്‍ബീനാ റഷീദാണ് കോഴിക്കോട് സൌത്തിലെ മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഒരു വനിതാ സ്ഥാനാർത്ഥിയെ മുസ്‌ലിംലീഗ് നേതൃത്വം തെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്നത്. പാണക്കാട് വെച്ച്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂര്‍ബിനാ റഷീദിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ലീഗ് ഇതിന് മുമ്പ് ഒരു വനിതയെ നിയമസഭയിലേക്ക് മത്സരിപ്പിച്ചത് 1996ലാണ്. കോഴിക്കോട് സൗത്തിൽ നിന്ന് ഖമറുന്നീസ അൻവർ- ലീഗ് സീറ്റില്‍ നൂര്‍ബീന റഷീദിന് മുമ്പ് ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ച വനിത. അന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനോട് 8766 വോട്ടുകള്‍ക്കാണ് ഖമറുന്നീസ അന്‍വര്‍ പരാജയപ്പെട്ടത്.

ഖമറുന്നീസ അന്‍വര്‍

അതിനു ശേഷം നിയമസഭയിലേക്ക് അങ്കമേറെ കഴിഞ്ഞെങ്കിലും ഒരു വനിതയെ നിർത്താൻ ലീഗ് തയ്യാറായിരുന്നില്ല. ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കണമെന്നും അത് വിജയസാധ്യത കൂടുതലുള്ള സീറ്റിലായിരിക്കണമെന്നുമുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ പാര്‍ട്ടിക്കുള്ളില്‍ സജീവമായിരുന്നു. സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി കുല്‍സു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ എന്നിവരെയാണ് നൂര്‍ബീനയെ കൂടാതെ ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിരുന്നത്.

ദൈവത്തിന് നന്ദിയെന്നും ദേശത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധയാണെന്നുമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിഞ്ഞ ശേഷം നൂര്‍ബിന റഷീദിന്‍റെ പ്രതികരണം. മൂന്നു പതിറ്റാണ്ടിലധികമായി പാര്‍ട്ടിക്ക് വേണ്ടിയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതായും കര്‍മ്മം ചെയ്യൂ, ഫലം തരേണ്ടത് മുകളില്‍ നിന്നുള്ള ആളാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും നൂര്‍ബിന റഷീദ് പ്രതികരിച്ചു.

മുസ്‍ലിം മതസംഘടനകളുടെ എതിര്‍പ്പുകള്‍ നിലനില്‍ക്കെ, ഒരു മുസ്‌ലിം വനിതയ്ക്ക് ലീഗ് സീറ്റ് നല്‍കുമോ എന്ന ചര്‍ച്ചയ്ക്ക് നൂര്‍ബീനയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ അവസാനമായിരിക്കുകയാണ്. അഹമ്മദ് ദേവർ കോവിൽ ആണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് ഘടകകക്ഷിയായ ഐഎന്‍എല്ലിന്റെ സ്ഥാനാര്‍ഥിയാണ് അഹമ്മദ് ദേവർ കോവിൽ. നൂര്‍ബിന റഷീദ് ജയിക്കുകയാണെങ്കില്‍ ഇത്തവണ, ലീഗിന്‍റെ ഒരു വനിതാ നേതാവ് ആദ്യമായി സഭ കാണും. പക്ഷേ, ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മുസ്‌ലിംലീഗ് അധികാരത്തിന്‍റെ പങ്ക് പറ്റുംമുമ്പേ മുസ്‌ലിം വനിതകൾ സഭ കണ്ടിരുന്നു. 1957ലും 1960ലും തന്നെ.. അവരിരുന്നതോ ഡെപ്യൂട്ടി സ്പീക്കർമാരുടെ കസേരയിലും.

കെ. ഒ ഐഷാബായ്

ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ഒരു വനിതയായിരുന്നു- ഒരു മുസ്‌ലിം വനിത, കെ. ഒ ഐഷാബായ്. ഒന്നും രണ്ടും കേരള നിയമസഭകളിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായിട്ടാണ് ഐഷാബായ് നിയമസഭയിലെത്തിയത്.

ചരിത്രത്താളുകളിലിടം നേടിയ ആദ്യ മുസ്‌ലിം വനിതയെന്നാണ് ഐഷാബായിയെ വിശേഷിപ്പിക്കുന്നത് പോലും. പഠനകാലത്തുതന്നെ പ്രസംഗത്തിൽ അവർ കാണിച്ച മികവാണ് അവരെ ഇടതുപക്ഷ ചേരിയിലെത്തിക്കുന്നത്. എട്ടുമക്കൾക്കും നല്ല വിദ്യാഭ്യാസം നൽകിയ ഒരു പിതാവിന്‍റെ മൂന്നാമത്തെ മകൾ, ഇന്നത്തെ എസ്എസ്എൽസിക്ക് തുല്യമായ ഇസ്എൽസി പാസ്സായത് മാവേലിക്കര ഭരണിക്കാവിലുള്ള കറ്റാനം പോപ്പ പയസ് ഹൈസ്‌കൂളിൽനിന്ന്.

തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇന്‍റർമീഡിയേറ്റും യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബിഎയും എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും. തുടർന്ന് കായംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും മുൻസിഫ് കോടതിയിലും അഭിഭാഷക. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതോടെ വക്കീൽ പണി പിന്നെ അവർ ഉപേക്ഷിക്കുകയാണ്. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഐഷാബായ് തന്‍റെ പ്രസംഗത്തിലെ മികവുമായി വേദികളിൽ നിന്ന് വേദികളിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷത്തിന്‍റെ ഭാഗമായതോടെയാണ് പിന്നെ പ്രസംഗം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി മാത്രമായി മാറുന്നത്.

1957 ൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്ന് അവർ മത്സരിക്കാൻ തയ്യാറാകുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരമാണ്. ജയിച്ചത് 13929 വോട്ടിന്. എം.എൽ.എയായി, ആദ്യ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുമായി. 1958 മാർച്ച് ഒന്നിന് സഭയുടെ പരിഗണനയ്ക്ക് വന്ന സ്ത്രീധന നിരോധന ബില്ലിനെ ശക്തമായി ന്യായീകരിച്ച് സംസാരിച്ച രണ്ടുപേരിൽ ഒരാൾ ഐഷാ ബായി ആയിരുന്നു. മറ്റൊരാൾ ജോസഫ് മുണ്ടശ്ശേരിയും. വി ആർ കൃഷ്ണയ്യരായിരുന്നു ബിൽ കൊണ്ടുവന്നത്. ആ ബിൽ അവതരണക്കാലത്ത് ഐഷാബായിയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ആ വർഷം തന്നെയാണ് അവർ വിവാഹിതയാകുന്നത്.

വിമോചനസമരത്തെ തുടർന്ന് സർക്കാർ പിരിച്ചുവിട്ട്, 1960 ൽ കേരളം വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങിയപ്പോൾ ഐഷാബായി വീണ്ടും ജനവിധി തേടി, കായംകുളം മണ്ഡലത്തിൽ നിന്നു തന്നെ. 57 ലെ തെരഞ്ഞെടുപ്പിനേക്കാൾ 3660 വോട്ടുകൾ കൂടുതൽ ലഭിച്ചെങ്കിലും ഭൂരിപക്ഷം 1260 ആയി കുറഞ്ഞു. അങ്ങനെ 1960ലെ രണ്ടാം നിയമസഭയിൽ കേരളത്തിന്‍റ ആദ്യ ഡെപ്യൂട്ടി സ്പീക്കർ എംഎൽഎ മാത്രം ആയപ്പോൾ, അത്തവണയും ഡെപ്യൂട്ടി സ്പീക്കർ കസേരയിലെത്തിയത് ഒരു മുസ്‌ലിം വനിത ആയിരുന്നു- എ. നഫീസത്ത് ബീവി.

എ. നഫീസത്ത് ബീവി

ആലപ്പുഴയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു എ. നഫീസത്ത് ബീവി. കമ്യൂണിസ്റ്റ് നേതാവ് ടി.വി തോമസിനെയാണ് അന്ന് അവർ പരാജയപ്പെടുത്തിയത്. രണ്ടാം നിയമസഭയിലെ സ്പീക്കറായിരുന്ന കെ.എം. സീതിസാഹിബ് മരിച്ചപ്പോൾ നാല്പതു ദിവസവും, പിന്നീട് സ്പീക്കറായ സി.എച്ച്. മുഹമ്മദ് കോയ രാജിവെച്ച ശേഷം മുഴുവൻ സമയവും നഫീസത്ത് ബീവി സ്പീക്കർ ചുമതല വഹിച്ചു.

മുസ്‌ലിം വനിതകൾ പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരാൻ മടിച്ചുനിന്ന കാലത്ത് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന കോൺഗ്രസുകാരിയാണ് നഫീസത്ത് ബീവി. 1953 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത നഫീസത്ത് ബീവി ആലപ്പുഴ കോടതിയിലാണ് പ്രാക്ടീസ് ചെയ്തത്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ അവർ ടി വി തോമസിനോട് പരാജയപ്പെട്ടെങ്കിലും. 60ലെ തെരഞ്ഞെടുപ്പിൽ മുൻവ്യവസായ മന്ത്രി കൂടിയായ ടി. വി തോമസിനെ പരാജയപ്പെടുത്താനും, നിയമസഭയിലെത്താനും, സഭയുടെ ഡെപ്യൂട്ടി സ്പീക്കറാകാനും അവർക്കായി.

അവരെ മന്ത്രിയാക്കണമെന്നായിരുന്നു പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ നിർദേശം. എന്നാൽ കേരളത്തിലെ കോൺഗ്രസിൽ നിലനിന്ന ഗ്രൂപ്പിസവും പുരുഷമേധാവിത്വവും അതിന് തുരങ്കം വെക്കുകയായിരുന്നു. അതിന് തെളിവാണ് സിറ്റിംഗ് എം.എൽ.എ ആയിട്ട് കൂടി 1964 ലെ തെരഞ്ഞെടുപ്പിൽ അവർക്ക് പാർട്ടി സീറ്റ് നിഷേധിച്ചത്.

എ. നഫീസത്ത് ബീവി

1967ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവരെ പാർട്ടി മഞ്ചേരിയിൽ മത്സരരംഗത്തിറക്കി. മുസ്‌ലിംലീഗ് നേതാവ് മുഹമ്മദ് ഇസ്മായിൽ സാഹിബ് ആയിരുന്നു എതിരാളി. അതിന് മുമ്പ് ലഭിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വോട്ടിന്‍റെ ഇരട്ടിയിലധികം വോട്ട് നേടിയെങ്കിലും നഫീസത്ത് ബീവി പരാജയപ്പെട്ടു. പാർട്ടി നൽകാമെന്ന് പറഞ്ഞ രാജ്യസഭാ സീറ്റും ലഭിച്ചില്ല. 1980ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടയായ വാമനപുരത്തായിരുന്നു അടുത്ത അങ്കം. അവിടെയും തോറ്റു. മഹിളാ കോൺഗ്രസ്സിന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റും വനിതാ കമ്മീഷൻ അംഗവുമായിരുന്നു അവർ.

ഷാനിമോൾ ഉസ്മാൻ

അതിനുശേഷം, ആറു പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസിന് ഒരു മുസ്‌ലിം വനിതാ എംഎൽഎയുണ്ടാകുന്നത്. ആലപ്പുഴ അരൂരിൽ നിന്ന് ഷാനിമോൾ ഉസ്മാൻ. ഇടതോരം സഞ്ചരിച്ചു നടന്നിരുന്ന അരൂരിൽ ചെങ്കൊടി അഴിച്ചു മാറ്റിയാണ് ഷാനിമോൾ ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലേക്ക് നടന്നു കയറിയത്. നിയമസഭയിലെ പ്രതിപക്ഷ നിരയിലെ ഏക വനിതാ അംഗമാണ് ഷാനിമോൾ ഉസ്മാൻ. നിയമസഭയിലെത്തുന്ന അഞ്ചാമത്തെ മുസ്‌ലിം വനിതയും. പെരുമ്പാവൂരിൽ നിന്നും ഒറ്റപ്പാലത്തു നിന്നും മത്സരിച്ചു തോറ്റ ശേഷമാണ് ഷാനിമോൾ അരൂർ വഴി സഭയിലേക്ക് ടിക്കറ്റെടുത്തത്.

പ്രൊഫ. നബീസാ ഉമ്മാള്‍

1960 നുശേഷം സിപിഎം സ്വതന്ത്രയായി കഴക്കൂട്ടത്ത് മത്സരിച്ച് ജയിച്ച പ്രൊഫ. നബീസാ ഉമ്മാളും സിപിഎം പ്രതിനിധിയായി എത്തിയ കെ എസ് സലീഖയുമാണ് മറ്റു മുസ്‌ലിം വനിതാ എംഎൽഎമാർ. 2006ൽ ശ്രീകൃഷ്ണപുരത്തു നിന്നും 2011ൽ ഷൊർണൂരിൽ നിന്നുമാണ് കെ.എസ് സലീഖ സഭയിലെത്തിയത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിൽ നിന്നുമാണ് അവർ രാഷ്ട്രീയത്തിലേക്കെത്തുന്നത്.

കെ എസ് സലീഖ

ഇത്തവണയും സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 12 വനിതകളാണ് ഇടംപിടിച്ചിട്ടുള്ളത്. കൊയിലാണ്ടി മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് കന്നിയങ്കത്തിനൊരുങ്ങുന്ന കാനത്തില്‍ ജമീലയും ആലുവയിലെ സ്ഥാനാര്‍ത്ഥി ഷെല്‍ന നിഷാദുമാണ് കൂട്ടത്തിലെ മുസ്‍ലിം സാന്നിധ്യം. അരൂരില്‍ ഇത്തവണയും ഷാനിമോള്‍ ഉസ്‍മാന്‍ തന്നെയാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

TAGS :

Next Story