Quantcast

അദാനിഗ്രൂപ്പിന്റെ ഹജീറ തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കി

MediaOne Logo

admin

  • Published:

    12 Feb 2016 3:47 PM IST

അദാനിഗ്രൂപ്പിന്റെ ഗുജറാത്തിലെ ഹജീറ തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദ് ചെയ്തു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടക്കിയ അദാനി ഗ്രൂപ്പ് 25 കോടി രൂപയുടെ പിഴ നല്‍കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു.

അദാനിഗ്രൂപ്പിന്റെ ഗുജറാത്തിലെ ഹജീറ തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദ് ചെയ്തു. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടക്കിയ അദാനി ഗ്രൂപ്പ് 25 കോടി രൂപയുടെ പിഴ നല്‍കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ കരാര്‍ അദാനിഗ്രൂപ്പിന് കൈമാറിയ സാഹചര്യത്തില്‍ ഹരിത ട്രൈബ്യൂണല്‍ വിധി ശ്രദ്ധേയമാണ്.

2003 ലാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ ഹജീറ തുറമുഖത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം അദാനി ഗ്രൂപ്പ് ആരംഭിക്കുന്നത്. എന്നാല്‍ 2003 ല്‍ ലഭിച്ച പാരിസ്ഥിതിക അനുമതിയുടെയും തീരദേശ പരിപാലന നിയമപ്രകാരമുള്ള അനുമതിയുടെയും കാലാവധി കഴിഞ്ഞ ശേഷം, തുറമുഖത്തിന്റെ വിപുലീകരണ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക ആഘാതപഠനമോ, പൊതു തെളിവെടുപ്പോ നടത്താതെ 2013 ല്‍ നല്‍കിയ പുതിയ പാരിസ്ഥിതിക അനുമതിയാണ് ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത്. 2013ല്‍ അനുമതി ലഭിക്കും മുമ്പ് 2010ല്‍ തന്നെ വിപുലീകരണ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഈ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടക്കിയെന്നും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കിയെന്നും വിധിയില്‍ പറയുന്നു.

പാരിസ്ഥിതിക പുനസ്ഥാപനത്തിനും പരമ്പരാഗതമത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനുമായി 25 കോടി രൂപ പിഴ നല്‍കണമെന്നും ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നു. അദാനി ഗ്രൂപ്പിനെതിരായ കേസ് നടത്തിയ ഓരോരുത്തര്‍ക്കും 2 ലക്ഷം രൂപ വീതം നല്‍കണം. പാരിസ്ഥിതികാനുമതി ഇല്ലാതെ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കാനും ഹരിതട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പേരില്‍ അദാനി ഗ്രൂപ്പ് കണ്ടല്‍കാടുകള്‍ക്കും മറ്റുമുണ്ടാക്കിയ നാശനഷ്ടം വരുത്തിയതായി കണ്ടെത്തിയാല്‍ തുറമുഖത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനവും നിര്‍ത്തിവെക്കാനും ട്രൈബ്യൂണല്‍ വിധിയില്‍ പറയുന്നു.

Next Story