ബാബരി കേസില്‍ നീണ്ടകാലം നിയമ പോരാട്ടം നടത്തിയ ഹാഷിം അന്‍സാരി അന്തരിച്ചു

ബാബരി കേസില്‍ നീണ്ടകാലം നിയമ പോരാട്ടം നടത്തിയ ഹാഷിം അന്‍സാരി അന്തരിച്ചു
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അന്‍സാരി ഇന്ന് പുലര്‍ച്ചെ 5.30 ന് അയോധ്യയിലെ വീട്ടില്‍ വെച്ചാണ് മരിച്ചത്

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ നീണ്ടകാലം നിയമ പോരാട്ടം നടത്തിയ അയോധ്യ സ്വദേശി ഹാഷിം അന്‍സാരി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അന്‍സാരി ഇന്ന് പുലര്‍ച്ചെ 5.30 ന് അയോധ്യയിലെ വീട്ടില്‍ വെച്ചാണ് മരിച്ചത്. 96 വയസ്സായിരുന്നു.
1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസില്‍ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷിയായിരുന്നും ഹാഷിം അന്‍സാരി. ബാബരി മസ്ജിദിനകത്ത് അര്‍ധരാത്രിയില്‍ വിഗ്രഹം കാണുന്നതിന് മുമ്പ് അവസാനമായി ഇശാനമസ്കരിച്ചവരില്‍ ഒരാളായിരുന്നു. അയോധ്യയില്‍ ഒരിക്കലും മസ്ജിദുണ്ടായിരുന്നില്ലെന്ന് വാദിക്കുന്നവര്‍ക്കിടയില്‍ അങ്ങനെയല്ല എന്ന് സാക്ഷി പറയാനുണ്ടായിരുന്നവരില്‍ അവസാനത്തെ ആളാണ് വിടപറയുന്നത്. നമസ്കാരം നടക്കുന്ന മസ്ജിദായിരുന്നില്ലെന്നും വിഗ്രഹം ക്ഷേത്രത്തില്‍ സ്വയം ഭൂവായതാണെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ വാദം. ഇതിനെതിരെ 1961ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഏഴ് കക്ഷികളില്‍ ഒരാളാണ് മുഹമ്മദ് ഹാഷിം. മസ്ജിദില്‍ വിഗ്രഹം കൊണ്ടുവെച്ച കേസില്‍ 30ാം വയസ്സിലാണ് അന്‍സാരി കോടതി കയറുന്നത്. ബാബരി മസ്ജിദില്‍ ബാങ്ക് വിളിച്ചതിന്റെ പേരില്‍ 1952ല്‍ ഫൈസാബാദ് കോടതി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. തയ്യല്‍ക്കാരനായ ഹാഷിം അന്‍സാരി ബാബരി മസ്ജിദിനോട് ചേര്‍ന്നുളള കുടിയാപഞ്ചി തോലയിലെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. തര്‍ക്ക ഭൂമിയുടെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് രാഷട്രത്തിന് നഷ്ടമുണ്ടാകുമെന്ന് ഹാഷിം അന്‍സാരി അയോധ്യയിലെ ജനങ്ങളോട് പറഞ്ഞു. രാമജന്‍മഭൂമി പ്രസ്ഥാനത്തിന്റെ നേതാക്കളായ രാംചന്ദര്‍ പരമഹംസും, മഹന്ത് ഭാസ്കര്‍ ദാസും അന്‍സാരിയുടെ സുഹൃത്തുക്കളായിരുന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ആറ് മാസങ്ങള്‍ക്ക് മുമ്പ് അയോധ്യയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കല്ലുകള്‍ ഇറക്കിയതിനെ അന്‍സാരി വിമര്‍ശിച്ചിരുന്നു. അയോധ്യകേസിലെ ഏറ്റവും പ്രായം ചെന്ന കക്ഷിയായിരുന്നു മുഹമ്മദ് ഹാഷിം അന്‍സാരി .
Adjust Story Font
16

