ജുഡീഷ്യറി ലക്ഷ്മണ രേഖ മുറിച്ച് കടക്കരുത്; ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ മറുപടി

ജുഡീഷ്യറി ലക്ഷ്മണ രേഖ മുറിച്ച് കടക്കരുത്; ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ മറുപടി
ജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക് നീങ്ങുന്നു. ജ
ജുഡീഷ്യറിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നത തുറന്ന പോരിലേക്ക് നീങ്ങുന്നു. ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പൊതുവേദിയില്‍ വിമര്‍ശിച്ച ചീഫ് ജസ്റ്റിസ് ടി എസ് താക്കൂറിന് മറുപടിയുമായി അറ്റോര്‍ണി ജനറല്‍ രംഗത്തെത്തി. ജുഡീഷ്യറി ലക്ഷ്മണ രേഖ മുറിച്ച് കടക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അതേസമയം ജുഡീഷ്യറി ഒരിക്കലും ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് സുപ്രിം കോടതി ജസ്റ്റിസ് ജെ എസ് കഹാര്‍ അറ്റോര്‍ണി ജനറലിന് മറുപടി നല്‍കി.
ജുഡീഷ്യല്‍ നിയമനത്തിലും കൊളീജിയം പരിഷ്കരിക്കുന്നത് സംബന്ധിച്ചും കോടതി മുറികളിലും ഔദ്യോഗിക കേന്ദ്രങ്ങളിലും പ്രകടിപ്പിച്ച വിയോജിപ്പുകളാണ് പൊതുമധ്യത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. ഇന്നലെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സമ്മേളനത്തില്‍ സംസാരിക്കവേ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതില്‍ ഉണ്ടാകുന്ന കാലതാമസത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഹൈക്കോടതികളില്‍ മാത്രം 500 ജഡ്ജിമാരുടെ ഒഴിവുകളുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന നിയമമന്ത്രി ശിവശങ്കര്‍ പ്രസാദ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് മാധ്യമങ്ങളോട് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകിയുടെ പ്രതികരണം.
ജുഡീഷ്യറിക്ക് തങ്ങളുടെ ലക്ഷ്മണരേഖ തിരിച്ചറിയാന്‍ കഴിയണം. ആരും ആരുടെയും മുകളിലോ, താഴെയോ അല്ല. സ്വയം വിമര്‍ശനവും ആത്മവിമര്‍ശനവും അവര്‍ക്കും ബാധകമാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇതിനോടുള്ള മറുപടിയായാണ് സുപ്രിം കോടതിയിലെ സീനിയര്‍ ജഡ്ജി ജെ എസ് കെഹാറിന്‍റെ പ്രതികരണം. ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നത് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ കോടതികള്‍ ഒരുകാലത്തും ലക്ഷ്മണരേഖ മറികടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16

