സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്ക് നാളെ തുടക്കം

സിപിഎം പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്ക് നാളെ തുടക്കം
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതുസ്ഥാനാർത്ഥിയെ പിന്തുണക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും
സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾക്ക് നാളെ തുടക്കം. ഇ പി ജയരാജനും ശ്രീമതി ടീച്ചർക്കുമെതിരായ ബന്ധുനിയമന വിവാദം യോഗങ്ങളിൽ ചർച്ചയാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതുസ്ഥാനാർത്ഥിയെ പിന്തുണക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും
ബന്ധുനിയമന വിവാദത്തിൽ ഇ പി ജയരാജനും ശ്രീമതി ടീച്ചർക്കും പിഴവ് സംഭവിച്ചു എന്ന് സംസ്ഥാന ഘടകം വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട് പിബി - സിസി യോഗങ്ങളിൽ ചർച്ചയാകും. ഇരുവർക്കുമെതിരെ താക്കീതോ ശാസനയോ ഉണ്ടാകാനാണ് സാധ്യത. കേരളത്തിലെ സിപിഎം - സിപിഐ തർക്കവും യോഗത്തിൽ ചർച്ചയാകും. പൊലീസിന്‍റെ നടപടികൾക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വവും രംഗത്തെത്തിയതോടെ ഈ വിഷയവും യോഗം ചർച്ച ചെയ്യും. സിപിഎം - സിപിഐ തർക്കങ്ങൾ സംസ്ഥാന തലത്തിൽ തന്നെ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം നിർത്തുന്ന പൊതുസ്ഥാനാർത്ഥിയെ പിന്തുണക്കാനുളള തീരുമാനം യോഗത്തിൽ ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം വിശദമായ ചർച്ചയാകും.
എന്നാൽ ബിജെപി വിരുദ്ധ മുന്നണിയിൽ ചേരുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ രണ്ടഭിപ്രായം നിലവിലുണ്ട്. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത് പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനത്തിന് വിരുദ്ധമായിരുന്നുവെന്ന് നേരത്തെ പിബി യോഗം വിലയിരുത്തിയിരുന്നു. ഈ ഒരു സാഹചര്യത്തിൽ പൊതുസ്ഥാനാർഥിയെ പിന്തുണക്കുക എന്ന നിലപാടിനെതിരെ ഒരു വിഭാഗം നേതാക്കൾ ശക്തമായ വിമർശം ഉന്നയിക്കും.
Adjust Story Font
16

