Quantcast

ജലകൈമാറ്റ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറില്ല; കൂടുതല്‍ ജലം ഉപയോഗിക്കും

MediaOne Logo

Jaisy

  • Published:

    22 April 2018 4:17 PM GMT

ജലകൈമാറ്റ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറില്ല; കൂടുതല്‍ ജലം ഉപയോഗിക്കും
X

ജലകൈമാറ്റ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറില്ല; കൂടുതല്‍ ജലം ഉപയോഗിക്കും

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിരുന്നു

ഇന്ത്യ - പാക് ജലകൈമാറ്റ കരാറില്‍ നിന്ന് ഇന്ത്യ പിന്‍മാറില്ല. കരാറില്‍ നിന്ന് പിന്‍മാറുന്നത് പ്രായോഗികമല്ലെന്ന് ജലവിഭവമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയെ അറിയിച്ചു. രക്തവും വെള്ളവും ഒരേ സമയം ഒഴുക്കാനാവില്ലെന്ന് പ്രധാനമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് 1960ല്‍ പാകിസ്താനുമായി ഒപ്പിട്ട ഇന്‍ഡസ് ജല കൈമാറ്റ കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യ ശ്രമം ആരംഭിച്ചത്. ഇത് സംബന്ധിച്ച സാധ്യതകളെക്കുറിച്ച് പരിശോധിക്കാന്‍ ജലവിഭവ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കരാറില്‍ നിന്ന് പിന്‍മാറിയാലുണ്ടാകുന്ന അധികജലം ഉപയോഗപ്പെടുത്താനുള്ള സൌകര്യം രാജ്യത്തില്ലെന്ന് ജലവിഭവമന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ ഡാമുകള്‍ നിര്‍മിച്ച് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി നദിയിലെ ജലം ഉപയോഗപ്പെടുത്തണമെങ്കില്‍ വലിയ കാലതാമസം ഉണ്ടാകുമെന്നും ഇത് വെള്ളപ്പൊക്കത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടക്ക് നിലനില്‍ക്കുന്ന കരാറായതിനാല്‍ ഇന്ത്യ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്‍വാങ്ങുന്നത് ദോഷം ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഇത് ബ്രഹ്മപുത്രയടക്കം ഇന്ത്യയിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം തടഞ്ഞുനിര്‍ത്താന്‍ ചൈനയെ പ്രേരിപ്പിക്കും. അന്താരാഷ്ട്ര കരാറില്‍ നിന്ന് പിന്‍മാറുന്നത് യുഎന്‍ സെക്യൂരിറ്റി കൌണ്‍സിലില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പാകിസ്താനിലേക്ക് കൂടുതല്‍ ജലം നല്‍കുന്ന മൂന്ന് നദികളിലെ വെള്ളം അധികമായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പ്രധാനമന്ത്രി ജലവിഭവവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 6 നദികള്‍ ചേരുന്ന ഇന്‍ഡസ് ജലപ്രവാഹത്തിന്റെ 80 ശതമാനവും പാകിസ്താനാണ് ഉപയോഗിക്കുന്നത്.

TAGS :

Next Story