Quantcast

സിപിഎം പിബിയില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി തര്‍ക്കം തുടരുന്നു

MediaOne Logo

Subin

  • Published:

    26 April 2018 1:10 AM IST

ഇരുപക്ഷങ്ങളും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും കരട് സംബന്ധിച്ച് പിബി ധാരണയില്‍ എത്താതിരിക്കുകയും ചെയ്താല്‍ വീണ്ടും രണ്ട് രേഖകളും അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിന്റെ പരിഗണനയ്ക്ക് വിടും.

രാഷ്ട്രീയപ്രമേയത്തിന്റെ കരട് തയ്യാറാക്കാനായി ചേര്‍ന്ന സിപിഎം പിബിയില്‍ കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി തര്‍ക്കം തുടരുന്നു. ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസടക്കമുള്ള മതേതര പാര്‍ട്ടികളുമായി സാഹചര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുപ്പ് അടവുനയം സ്വീകരിക്കണമെന്നാണ് യെച്ചൂരി പക്ഷത്തിന്റെ വാദം. എന്നാല്‍ കോണ്‍ഗ്രസുമായി ധാരണ പോലും പാടില്ലെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്.

ബിജെപിയാണ് മുഖ്യ ശത്രുവാണെന്ന കാര്യത്തില്‍ യെച്ചൂരിപക്ഷത്തിനോ കാരാട്ട് പക്ഷത്തിനോ രണ്ടഭിപ്രായമില്ല. പക്ഷെ ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ 'പിബിയില്‍ ഭിന്നത തുടരുകയാണ്. ഇന്ന് തുടങ്ങിയ പോളിറ്റ് ബ്യൂറോ യോഗത്തില്‍ രാഷ്ട്രീയപ്രമേയത്തിന്റെ കരടിനായി തയ്യാറാക്കിയ പുതുക്കിയ രേഖ സീതാറാം യെച്ചൂരി അവതരിപ്പിച്ചു. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമോ മുന്നണിയോ വേണ്ടന്നും എന്നാല്‍ ബിജെപിയെ നേരിടാന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് അടവുനയം സ്വീകരിക്കണമെന്നുമാണ് യച്ചൂരിയുടെ രേഖയില്‍ ഉള്ളത്.

കോണ്‍ഗ്രസടക്കുള്ള എല്ലാ മതേതര പാര്‍ട്ടികളുമായി ധാരണയെങ്കിലും ഉണ്ടാക്കാനുള്ള വാതിലുകള്‍ പൂര്‍ണമായി അടക്കരുതെന്ന് യച്ചൂരി വാദിക്കുന്നു. അതേസമയം, കോണ്‍ഗ്രസ് ബൂര്‍ഷാ പാര്‍ട്ടിയാണെന്നും അവരുമായി ധാരണ പോലും പാടില്ലെന്നുമുള്ള കടുത്ത നിലപാടാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. സീതാറാം യച്ചൂരിക്ക് ഭൂരിപക്ഷ പിന്തുണയില്ലാത്ത പിബിയില്‍ കൂടുതല്‍ പേരും കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടിലാണ്. അതേസമയം കോണ്‍ഗ്രസുമായി സഹകരണം വേണമെന്ന മുന്‍ നിലപാട് ബംഗാള്‍ നേതാക്കള്‍ ആവര്‍ത്തിച്ചു. ഇരുപക്ഷങ്ങളും നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും കരട് സംബന്ധിച്ച് പിബി ധാരണയില്‍ എത്താതിരിക്കുകയും ചെയ്താല്‍ വീണ്ടും രണ്ട് രേഖകളും അടുത്ത കേന്ദ്ര കമ്മറ്റി യോഗത്തിന്റെ പരിഗണനയ്ക്ക് വിടും.

TAGS :

Next Story