ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് പ്രാമുഖ്യമെന്ന് സുപ്രിം കോടതി

ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് പ്രാമുഖ്യമെന്ന് സുപ്രിം കോടതി
അതേസമയം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന ഫയലുകളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു
ഡല്‍ഹിയില്‍ ഭരണഘടനപരമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് പ്രാമുഖ്യമെന്ന് സുപ്രിം കോടതി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയോടെയാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും, പല മേഖലകളില്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമേയില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന ഫയലുകളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു. അധികാരത്തര്‍ക്കവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പരിഗണിക്കവേ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയത് മുതല്‍ നിലവിലുള്ളതാണ് ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം. ഇക്കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഡല്‍ഹിയുടെ അഡ്മിനിസ്ട്രേറ്റീവ് ബോഡി മാത്രമാണ് സര്‍ക്കാരെന്നും, പരമാധികാരം ഭരണഘടനപരമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്നുമായിരുന്നു ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്ന് വാദം കേള്‍ക്കല്‍ ആരംഭിച്ചു. ഇതിനിടയിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.
ഡല്‍ഹിയുടെ അധികാരത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് പ്രാമുഖ്യമെന്നും, ഭരണഘടനപരമായി ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരമില്ലാതെ സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹി സര്‍ക്കാരിനുള്ള അധികാരത്തില്‍ ഭരണഘടനപരമായി തന്നെ പരിമിതികളുണ്ട്. ചില മേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമേ ഇല്ലെന്നും കോടതി പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ ഫയലുകളില്‍ തീരുമാനമെടുക്കാതെ അടയിരിക്കാന്‍ ഗവര്‍ണര്‍ക്കാകില്ലെന്നും, സമയബന്ധിതമായും യുക്തവുമായ തീരുമാനങ്ങള്‍ ഫയലുകളില്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
Adjust Story Font
16

