Quantcast

തീന്‍മേശയിലെ തൊട്ടുകൂടായ്മക്ക് മറുപടിയുമായി ചന്ദ്രഭന്റെ 'ദലിത് ഫുഡ്സ്'

MediaOne Logo

Alwyn

  • Published:

    1 May 2018 6:04 PM GMT

തീന്‍മേശയിലെ തൊട്ടുകൂടായ്മക്ക് മറുപടിയുമായി ചന്ദ്രഭന്റെ ദലിത് ഫുഡ്സ്
X

തീന്‍മേശയിലെ തൊട്ടുകൂടായ്മക്ക് മറുപടിയുമായി ചന്ദ്രഭന്റെ 'ദലിത് ഫുഡ്സ്'

ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കഴിക്കുന്ന പാത്രത്തില്‍ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് ദലിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത് കഴിഞ്ഞ ഗാന്ധിജയന്തിയുടെ തലേന്നായിരുന്നു.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ കഴിക്കുന്ന പാത്രത്തില്‍ ഭക്ഷണം കഴിച്ചുവെന്ന് ആരോപിച്ച് ദലിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത് കഴിഞ്ഞ ഗാന്ധിജയന്തിയുടെ തലേന്നായിരുന്നു. വികസനത്തിന്റെ റോള്‍ മോഡലായി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തിലെ ഒരു സ്കൂളില്‍ ദലിത് സ്ത്രീ കഴുകിയ പാത്രത്തില്‍ ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ വിസമ്മതിച്ചതും ജാതീയതയില്‍ ഊന്നിനിര്‍ത്തിയുള്ള അയിത്തം തന്നെയായിരുന്നു കാരണം. ഉയര്‍ന്ന ജാതിക്കാര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ദലിത് യുവാവിന്റെ മൂക്ക് മുറിച്ച് പ്രാകൃതശിക്ഷ നടപ്പാക്കിയത് ഉത്തര്‍പ്രദേശില്‍. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്നാല്‍ ബിഹാറില്‍ ദലിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം വേണ്ടെന്ന് പറഞ്ഞ് കലാപമുണ്ടാക്കിയവര്‍ക്കിടയിലിരുന്ന് ഒരു യുവ കലക്ടര്‍ ആ ഭക്ഷണം കഴിച്ച് കാണിക്കേണ്ടിവന്ന ഇന്ത്യന്‍ സാഹചര്യം അയിത്തത്തിനുമപ്പുറം ഉറച്ചുപോയ ദലിത് വിരോധമാണ് ഉയര്‍ത്തിക്കാട്ടുന്നത്. പരിഷ്കൃത സമൂഹമെന്ന് വീമ്പിളക്കുന്നവര്‍ തന്നെയാണ് ഈ തൊട്ടുകൂടായ്മയും തീണ്ടലും ഭ്രഷ്ടുമെല്ലാം ഇന്നും തോളിലേറ്റി നടക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും ഈ ദലിത് വിരോധം പ്രകടമാണ്. ഭക്ഷണശീലങ്ങളിലാണ് ഇത് ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നത്. ഏതൊരു ഭക്ഷ്യവസ്തുവിന്റെയും ബ്രാന്‍ഡ് നെയിം ഉന്നതജാതീയതയില്‍ പൊതിഞ്ഞാണ് നല്‍കുന്നതെങ്കില്‍ വിപണിയില്‍ അതിന് ഒരു പ്രത്യേക സ്ഥാനമുണ്ടാകുമെന്നതും പകല്‍പോലെ വ്യക്തം.

ദലിത് സ്ത്രീയുണ്ടാക്കിയ ഭക്ഷണം വേണ്ടെന്നുവെച്ചവരുടെ നടുവിലിരുന്ന് കഴിച്ച് കാണിച്ച ആ യുവ കലക്ടറുടെ മാതൃക പിന്‍പറ്റുന്നവര്‍ നിരവധിയാണ്. ദലിത് വിരുദ്ധതക്കെതിരായ പോരാട്ടം ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. ഒടുവിലിതാ തീന്‍മേശയില്‍ ദലിതര്‍ അനുഭവിക്കുന്ന തൊട്ടുകൂടായ്മയോട് പോരടിക്കാന്‍ ചന്ദ്രഭന്‍ പ്രസാദ് എന്ന ദലിത് സംരംഭകന്‍ വിപണിയിലേക്ക് ഇറങ്ങുകയാണ്. ദലിത് ഫുഡ്സ് എന്ന ബാനറില്‍ ഭക്ഷ്യവിഭവങ്ങള്‍ വിപണിലെത്തിച്ച് ആഹാരസദസുകളിലെ അയിത്തത്തോട് മധുരപ്രതികാരം വീട്ടാനൊരുങ്ങുകയാണ് ചന്ദ്രഭന്‍. ഗുണമേന്മ നൂറു ശതമാനം ഉറപ്പുനല്‍കുന്ന ചന്ദ്രഭന്‍, ദലിത് ഫുഡ്സിന്റെ സ്വീകാര്യത എത്രത്തോളം ആകുമെന്ന് കണ്ടറിയണമെന്നും നിരീക്ഷിക്കുന്നു. ഭാഷയിലും ഭാവത്തിലും വേഷത്തിലും പരിഷ്കൃതരെന്ന് അവകാശപ്പെടുന്നവരുടെ മനുഷ്യത്വപരമായ പുരോഗമന ചിന്തയെ അളക്കാനുള്ള അവസരം കൂടിയാകുമെന്നതെന്ന് ചന്ദ്രഭന്‍ കരുതുന്നു. ദലിത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുഖ്യ ഉപദേഷ്ടാവായ ചന്ദ്രഭൻ പ്രസാദ് മാധ്യമരംഗത്തും വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു.

TAGS :

Next Story