Quantcast

രാജ്നാഥ് സിങിനെ ഫേസ് ബുക്ക് വീഡിയോയില്‍ വിമര്‍ശിച്ച ജവാന്‍ കീഴടങ്ങി

MediaOne Logo

Sithara

  • Published:

    3 May 2018 3:12 PM GMT

രാജ്നാഥ് സിങിനെ ഫേസ് ബുക്ക് വീഡിയോയില്‍ വിമര്‍ശിച്ച ജവാന്‍ കീഴടങ്ങി
X

രാജ്നാഥ് സിങിനെ ഫേസ് ബുക്ക് വീഡിയോയില്‍ വിമര്‍ശിച്ച ജവാന്‍ കീഴടങ്ങി

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെതിരെ ഫേസ് ബുക്ക് വീഡിയോയിലൂടെ രൂക്ഷവിമര്‍ശമുന്നയിച്ച ജവാന്‍ പങ്കജ് മിശ്ര സിആര്‍പിഎഫ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മുമ്പാകെ കീഴടങ്ങി

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെതിരെ ഫേസ് ബുക്ക് വീഡിയോയിലൂടെ രൂക്ഷവിമര്‍ശമുന്നയിച്ച ജവാന്‍ പങ്കജ് മിശ്ര സിആര്‍പിഎഫ് അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ മുമ്പാകെ കീഴടങ്ങി. കീഴടങ്ങിയാല്‍ തന്‍റെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ പങ്കജ് മിശ്ര ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് ജവാന്‍ കീഴടങ്ങാനെത്തിയത്. സിആര്‍പിഎഫ് ചീഫ് ഛത്തിസ്ഗഡില്‍ ഔദ്യോഗികാവശ്യത്തിന് പോയതിനാല്‍ എഡിജി മുന്‍പാകെ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച ചീഫിന് മുന്‍പില്‍ ഹാജരാക്കും.

പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ 221 ബറ്റാലിയനിലാണ് പങ്കജ് മിശ്ര. രാജ്നാഥ് സിങിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് വീഡിയോ വൈറലായതോടെ തന്നെ സിആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപദ്രവിച്ചെന്ന് പങ്കജ് മിശ്ര ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.

ഛത്തീസ്ഗഡിലെ സുഖ്മയില്‍ മാവോയിസ്റ്റുകളുമായുളള ഏറ്റുമുട്ടലില്‍ 26 ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പങ്കജ് മിശ്ര രാജ്നാഥ് സിങിനെ വിമര്‍ശിച്ചത്. അല്‍പമെങ്കിലും നാണമുണ്ടെങ്കില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കരുതെന്ന് പങ്കജ് മിശ്ര രാജ്‌നാഥ് സിങിനോട് പറഞ്ഞു. താങ്കള്‍ ഒരു നല്ല നേതാവല്ല. താങ്കളുടെ നേതൃത്വത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ രക്തസാക്ഷികളാകുകയാണ്. അമിത് ഷാ ഉള്‍പ്പെടെയുള്ള വിഐപി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത് സിആര്‍പിഎഫ് ജവാന്‍മാര്‍ ആണെന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജ് നാഥ് സിങ് ജി, താങ്കള്‍ക്കോ ബിജെപിക്കോ ഞങ്ങള്‍ വോട്ട് ചെയ്തിട്ടില്ല. മോദിക്കാണ് ഞങ്ങള്‍ വോട്ട് ചെയ്തത്. ജവാന്‍മാരുടെ തല പാകിസ്താന്‍ അറക്കുമ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പ്രതിരോധം? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടപ്പോഴും എവിടെയായിരുന്നു? ഫേസ് ബുക്ക് വീഡിയോയില്‍ പങ്കജ് മിശ്ര ചോദിച്ചു.

അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ജവാന്മാരോട് ആഹ്വാനം ചെയ്താണ് പങ്കജ് മിശ്ര വീഡിയോ അവസാനിപ്പിച്ചത്. മരണത്തെ ഭയക്കുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക, ഒരുദിനം എല്ലാവരും ഏതെങ്കിലും വിധേന മരിക്കുമെന്നും പങ്കജ് മിശ്ര പറഞ്ഞു.

TAGS :

Next Story