Quantcast

ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കില്ല

MediaOne Logo

admin

  • Published:

    12 May 2018 1:07 PM IST

ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കില്ല
X

ജഡ്ജിമാരുടെ നിയമനം: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കില്ല

ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രിം കോടതി കൊളീജിയം നല്‍കുന്ന ശിപാര്‍ശ തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിം കോടതി ആംഗീകരിക്കില്ല.

ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രിം കോടതി കൊളീജിയം നല്‍കുന്ന ശിപാര്‍ശ തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിം കോടതി ആംഗീകരിക്കില്ല. അറ്റോര്‍ണി ജനറലിനും അഡ്വക്കേറ്റ് ജനറലിനും ജഡ്ജിമാരുടെ നിയമനത്തില്‍ അഭിപ്രായം പറയാനുള്ള അധികാരം നല്‍കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളിയതായാണ് സൂചന.

ജുഡീഷ്യല്‍ നിയമനത്തിനായുള്ള കൊളീജിയം സംവിധാനം കാര്യക്ഷമമാക്കാനാണ് ജഡ്ജിമാരുടെ നിയമനത്തിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന് മുന്നില്‍ സമര്‍പ്പിച്ചു. ഇതിലെ രണ്ട് മാനദണ്ഡങ്ങളിലാണ് സുപ്രിം കോടതി കൊളീജിയം വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊളീജിയം നല്‍കുന്ന ശിപാര്‍ശകള്‍ രാജ്യത്തിന്റെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തി തിരിച്ചയക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കണമെന്നും ഇങ്ങനെ തിരിച്ചയക്കുന്ന ശിപാര്‍ശകള്‍ വീണ്ടും പരിഗണിക്കാന്‍ കൊളീജിയത്തിന് അധികാരം നല്‍കരുതെന്നുമാണ് ഒരു മാനദണ്ഡം. ഈ മാനദണ്ഡത്തിന് അംഗീകാരം നല്‍കിയാല്‍ കൊളീജിയം സംവിധാനത്തിന്റെ സ്വതന്ത്ര്യം ഇല്ലാതാക്കപ്പെടുമെന്നും ജുഡീഷ്യല്‍ നിയമനത്തില്‍ സര്‍ക്കാരുകളുടെ താല്‍പര്യങ്ങള്‍ സ്വാധീനിക്കപ്പെടുമെന്നുമാണ് സുപ്രിം കോടതിയുടെ വിലയിരുത്തല്‍. സുപ്രിം കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ അറ്റോര്‍ണി ജനറലിനും, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലും, സ്ഥാനക്കയറ്റങ്ങളിലും അഡ്വക്കേറ്റ് ജനറല്‍മാര്‍ക്കും അഭിപ്രായം പറയാനുള്ള അധികാരം നല്‍കണമെന്നതാണ് പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്ന മറ്റൊരു മാനദണ്ഡം. ഇതും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജുഡീഷ്യല്‍ നിയമനത്തില്‍ നേരിട്ട് ഇടപെടാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് കൊളീജിയത്തിന്റെ വിലയിരുത്തല്‍.

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ കൊണ്ട് വന്ന് ജൂഡീഷ്യല്‍ നിയമനത്തില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം നേരത്തെ സുപ്രിം കോടതി തടഞ്ഞിരുന്നു. നിയമനത്തില്‍ ഇടപെടാനുള്ള കേന്ദ്രത്തിന്റെ പുതിയ ശ്രമമാണ് സുപ്രിം കോടതിക്ക് മുന്നില്‍ വീണ്ടും ഇല്ലാതായത്.

TAGS :

Next Story