Quantcast

വിഴിഞ്ഞം പദ്ധതി: നഷ്ടപരിഹാരം നല്‍കില്ലെന്ന് അദാനി ഗ്രൂപ്പ്

MediaOne Logo

Khasida

  • Published:

    12 May 2018 7:36 PM IST

വിഴിഞ്ഞം പദ്ധതി: നഷ്ടപരിഹാരം നല്‍കില്ലെന്ന് അദാനി ഗ്രൂപ്പ്
X

വിഴിഞ്ഞം പദ്ധതി: നഷ്ടപരിഹാരം നല്‍കില്ലെന്ന് അദാനി ഗ്രൂപ്പ്

കാലതാമസം ഉണ്ടായെന്ന സര്‍ക്കാര്‍ വാദത്തിന് നിയമപരമായി മറുപടി നല്‍കും

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 25 ശതമാനം നിശ്ചിത സമയത്ത് പൂര്‍ത്തിയാകാത്തതില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം അദാനി പോര്‍ട്സ് തള്ളി. കരാറില്‍ പറയുന്ന പ്രകാരം ഒക്ടോബര്‍ 24ഓടെ പദ്ധതിയുടെ 25 ശതമാനം പൂര്‍ത്തിയായില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് കാട്ടി അദാനി ഗ്രൂപ്പ് സര്‍ക്കാരിന് മറുപടി നല്‍കും. നിര്‍മ്മാണ പുരോഗതി കണക്കാക്കിയ സര്‍ക്കാര്‍ രീതി തെറ്റാണെന്നും അദാനി പോര്‍ട്സ് വാദിക്കുന്നു.

വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരം 25 ശതമാനം നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത് 2017 ഒക്ടോബര്‍ 24 ന് ആയിരുന്നു. തുറമുഖ നിര്‍മാണം വൈകിയാല്‍ ഒരു ദിവസം 12 ലക്ഷം രൂപ എന്ന നിലയില്‍ നഷ്ടപരിഹാരം നല്‍കണമെന്നതും കരാറിന്‍റ ഭാഗമായിരുന്നു. ഒക്ടോബര്‍ 24 ന് പദ്ധതിയുടെ 25 ശത്മാനം പൂര്‍ത്തിയാകാത്തത് കൊണ്ട് 2018 മാര്‍ച്ച് 31 വരെയുള്ള ദിവസത്തെ വൈകല്‍ കണക്കാക്കി 18.36 കോടി രൂപയാണ് വിഴിഞ്ഞ തുറമുഖ കമ്പനി അദാനി പോര്‍ട്സിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ നഷ്ടപരിഹാരം നല്‍കേണ്ടെന്നാണ് അദാനി പോര്‍ട്സിന്‍റെ തീരുമാനം. അതിന് ചില വാദങ്ങളും അവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വിദേശത്ത് നിന്ന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ബാങ്കില്‍ നിന്ന് ലഭിച്ച ലെറ്റര്‍ ഓഫ് ക്രെഡിറ്റ്സര്‍ക്കാര്‍ ചെലവായി കണക്കാക്കിയിട്ടില്ല. ഇത് ചെലവായി കണക്കാക്കി നിര്‍മ്മാണ പുരോഗതി വിലയിരുത്തിയാല്‍ പദ്ധതിയുടെ 30 ശതമാനത്തിലധികം ചെലവായതായി ബോധ്യപ്പെടുമെന്നും അദാനി ഗ്രൂപ്പ് വാദിക്കുന്നുണ്ട്.

ഇത്തരത്തില്‍ പല കാര്യങ്ങളും സര്‍ക്കാര്‍ വിലയിരുത്തിയതില്‍ തെറ്റുണ്ടെന്ന് കാട്ടി രേഖാമൂലം മറുപടി നല്‍കാന്‍ ഒരുങ്ങുകയാണ് അദാനി പോര്‍ട്സ്. പദ്ധതി പൂര്‍ത്തികരിക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് അദാനി പോര്‍ട്സ് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇതോടെ കരാറില്‍ പറയുന്ന ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമോ എന്ന ആശങ്ക ഉയര്‍ന്ന് വന്നിട്ടുണ്ട്.

Next Story