അദാനിക്കെതിരായ ലേഖനങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം; എഡിറ്റര്‍ രാജിവെച്ചു

അദാനിക്കെതിരായ ലേഖനങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധം; എഡിറ്റര്‍ രാജിവെച്ചു
അദാനി ഗ്രൂപ്പിനെതിരായ ലേഖനങ്ങള്‍ പിന്‍വലിച്ച എക്‌ണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്ക്‍ലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത രാജിവെച്ചു
അദാനി ഗ്രൂപ്പിനെതിരായ ലേഖനങ്ങള്‍ പിന്‍വലിച്ച എക്‌ണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്ക്‍ലിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ തകുര്‍ത രാജിവെച്ചു. അദാനി ഗ്രൂപ്പിന്‍റെ 1000 കോടിയുടെ നികുതി വെട്ടിപ്പ്, അദാനി ഗ്രൂപ്പിന് മോദി സര്‍ക്കാര്‍ വക 500 കോടി എന്നീ ലേഖനങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പരഞ്ജോയ് ഗുഹ രാജി വെച്ചത്.
ലേഖനങ്ങള്‍ അപകീര്‍ത്തികരമാണെന്ന് കാട്ടി അദാനി ഗ്രൂപ്പ് എക്‌ണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്ക്‌ലിക്ക് നോട്ടീസ് അയച്ചിരുന്നു. ഇരുലേഖനങ്ങളും നീക്കം ചെയ്ത് നിരുപാധികം ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു ആവശ്യം. വീക്ക്‌ലിയുടെ ഉടമസ്ഥതയുള്ള സമീക്ഷ ട്രസ്റ്റിനും നാല് ലേഖകര്‍ക്കുമെതിരെയായിരുന്നു നോട്ടീസ്. ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ അപകീര്‍ത്തി കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. നോട്ടീസ് ലഭിച്ച പശ്ചാത്തലത്തില്‍ സമീക്ഷ ട്രസ്റ്റ് ബോര്‍ഡ് യോഗം ചേര്‍ന്നു. രണ്ടു ലേഖനങ്ങളും പിന്‍വലിക്കാന്‍ തീരുമാനമായി. പിന്നാലെയാണ് എഡിറ്റര്‍ തകുര്‍ത്ത രാജിവെച്ചത്.
രാജി സ്ഥിരീകരിച്ചെങ്കിലും രാജിയുടെ കാരണത്തെ കുറിച്ച് തകുര്‍ത്ത പരസ്യ പ്രതികരണം നടത്തിയിട്ടില്ല. 15 മാസം എക്‌ണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്ക്‍ലിയുടെ എഡിറ്ററായിരുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16

