Quantcast

വിധവയെ വിവാഹം ചെയ്താല്‍ 2 ലക്ഷം; പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

MediaOne Logo

Muhsina

  • Published:

    28 May 2018 6:09 AM GMT

വിധവയെ വിവാഹം ചെയ്താല്‍ 2 ലക്ഷം; പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍
X

വിധവയെ വിവാഹം ചെയ്താല്‍ 2 ലക്ഷം; പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

മധ്യപ്രദേശില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകളെ വിവാഹം ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ. വിധവാ പുനരധിവാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മധ്യപ്രദേശ് സാമൂഹ്യനീതി വകുപ്പിന്റെ പുതിയ പദ്ധതി..

മധ്യപ്രദേശില്‍ ഭര്‍ത്താവ് മരിച്ച സ്ത്രീകളെ വിവാഹം ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ. വിധവാ പുനരധിവാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മധ്യപ്രദേശ് സാമൂഹ്യനീതി വകുപ്പിന്റെ പുതിയ പദ്ധതി പ്രകാരമാണ് രണ്ട് ലക്ഷം രൂപ നല്‍കുന്നത്. 45 വയസ്സിന് താഴെയുള്ള വിധവകളെ വിവാഹം ചെയ്യുന്നവര്‍ക്കാണ് തുക ലഭിക്കുക.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം നടക്കുന്നത്. ഓരോ വർഷവും കുറഞ്ഞത് ആയിരം വിധവാ വിവാഹങ്ങളെങ്കിലും നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ എത്ര വിധവകള്‍ വിവാഹിതരാവുന്നു എന്നതിന് കൃത്യമായ കണക്കില്ല.

വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ പദ്ധതി തയ്യാറാക്കുവാന്‍ കഴിഞ്ഞ ജൂലൈയിൽ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മധ്യപ്രദേശ് ഗവണ്‍മെന്റ് പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. 1856 മുതൽ മധ്യപ്രദേശില്‍ വിധവാ വിവാഹം നിയമപരമാക്കിയിരുന്നു. പുതിയ പദ്ധതിക്കായി പ്രതിവർഷം 20 കോടി രൂപയാണ് കണക്കാക്കുന്നത്. പദ്ധതി പ്രകാരം 18നും 45നും ഇടയിൽ പ്രായമുള്ള ഒരു വിധവയെ വിവാഹം ചെയ്യാൻ തയ്യാറാവുന്ന വ്യക്തിക്ക് 2ലക്ഷം രൂപ ലഭിക്കും. പദ്ധതി പ്രപോസല്‍ ഉടന്‍ ധനമന്ത്രാലയത്തിന് അയക്കും. അതിനുശേഷം മന്ത്രിസഭയ്ക്ക് മുന്നിലെത്തും. മൂന്ന് മാസത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

പദ്ധതി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചില വ്യവസ്ഥകൾ ഉണ്ട്. വിവാഹത്തിന് സന്നദ്ധനാവുന്ന പുരുഷന്റെ ആദ്യ വിവാഹമായിരിക്കണം എന്നതാണ് ഏറ്റവും പ്രാധാനപ്പെട്ടത്. രണ്ടാമതായി, ദമ്പതികൾ വിവാഹം ജില്ലാ കളക്ടറേറ്റിൽ രജിസ്റ്റർ ചെയ്യണം. ഗ്രാമപഞ്ചായത്തുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നല്‍കുന്ന തെളിവുകൾ സ്വീകരിക്കില്ല.

TAGS :

Next Story