സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയില്‍ പരിഹാരമായില്ല

സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയില്‍ പരിഹാരമായില്ല
നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യ പ്രതികരണം നടത്തിയിട്ട് ഒരാഴ്ചയായിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
സുപ്രിംകോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും നാല് മുതിര്‍ന്ന ജഡ്ജിമാരും തമ്മിലെ അഭിപ്രായ ഭിന്നത പരിഹരിക്കാനുള്ള ശ്രമം നീളുന്നു. നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യ പ്രതികരണം നടത്തിയിട്ട് ഒരാഴ്ചയായിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഇന്നും അവധിയിലായാല്‍ സമവായ ചര്‍ച്ച നടക്കില്ല. പ്രതിഷേധിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്താതെ രൂപീകരിച്ച ഭരണഘടനാ ബെഞ്ച് ആധാര്‍ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് ഇന്നും തുടരും.
ചീഫ് ജസ്റ്റിസിനെതിരെ പ്രധിഷേധിച്ച ജസ്റ്റിസുമാരില്‍ പ്രധാനിയായ ജെ ചെലമേശ്വര്‍ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ അവധിയിലാണ്. ഇതോടെ ഇന്നലെ ചീഫ് ജസ്റ്റിസും എതിരഭിപ്രായമുള്ള പ്രതിഷേധിച്ച ജഡ്ജിമാരും തമ്മിലുള്ള ചര്‍ച്ച മുടങ്ങി. ചെലമേശ്വറിന് പുറമെ തനിക്കെതിരെ പ്രതിഷേധിച്ച മറ്റ് മൂന്ന് ജസ്റ്റിസുമാരുമായി ചര്‍ച്ച നടത്താന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ കോടതിയിലേത്തിയാലേ ഇന്ന് ചര്‍ച്ച നടക്കൂ. അദ്ദേഹത്തെ ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഇന്നലെ വൈകീട്ട് വീട്ടില്‍ ചെന്ന് കണ്ടിരുന്നു.
അതേസമയം പ്രതിഷേധ ശബ്ദമുയര്‍ത്തിയ ജഡ്ജിമാരെ ഉള്‍പ്പെടുത്താതെ രൂപീകരിച്ച ഭരണഘടനാബെഞ്ച് ആധാര്‍ കേസില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും. ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നാണ് ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്. ആധാര്‍ സുരക്ഷിതമാണോ എന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.
Adjust Story Font
16

