യെച്ചൂരിയുടെ രേഖ തള്ളിയത് കോണ്‍ഗ്രസിന്‍റെ സാമ്പത്തിക നയങ്ങള്‍ ചൂണ്ടിക്കാട്ടി

യെച്ചൂരിയുടെ രേഖ തള്ളിയത് കോണ്‍ഗ്രസിന്‍റെ സാമ്പത്തിക നയങ്ങള്‍ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസിനും ബിജെപിക്കും സമാനമായ സാമ്പത്തിക നയങ്ങളാണ്. ഇതിനൊപ്പം കോണ്‍ഗ്രസിന്‍റേത് മൃദുഹിന്ദുത്വ സമീപനവുമാണെന്ന് കാരാട്ട് അനുകൂലികള്‍ വാദിച്ചു.
ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് സിപിഎമ്മിന്‍റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ രേഖയെ ഭൂരിപക്ഷം പേരും എതിര്‍ത്തത്. എന്നാല്‍ സംസ്ഥാനങ്ങളിലെ പൊതുസ്ഥിതിയും പ്രവര്‍ത്തകരുടെ വികാരവും ഉള്‍ക്കൊള്ളാതെ തീരുമാനമെടുക്കരുതെന്ന് യെച്ചൂരിയെ പിന്തുണച്ചവര്‍ വാദിച്ചു. രാഷ്ട്രീയ നിലപാട് കേന്ദ്ര കമ്മിറ്റി തള്ളിയതോടെ ജനറല്‍ സെക്രട്ടറിയെ മാറ്റാനും കാരാട്ട് പക്ഷം നീക്കം നടത്തിയേക്കും.
കേന്ദ്രകമ്മിറ്റി തന്‍റെ രാഷ്ട്രീയ നിലപാടിനെ വോട്ടിനിട്ട് തള്ളിയാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാവാത്ത സാഹചര്യമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസത്തെ പിബി യോഗത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു. വോട്ടെടുപ്പിലൂടെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടട്ടേയെന്ന് കാരാട്ട് പക്ഷം ഉറച്ചുനിന്നതോടെയായിരുന്നു ഇത്. ഇക്കാര്യം നിഷേധിക്കാന്‍ യെച്ചൂരി തയ്യാറായില്ല.
യെച്ചൂരിയുടെ രാഷ്ട്രീയ നിലപാടിനെ അതിശക്തമായാണ് കാരാട്ട് പക്ഷം ചര്‍ച്ചയില്‍ വിമര്‍ശിച്ചത്. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന വാദത്തെ രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിരോധിച്ചത്. ഇരു പാര്‍ട്ടികള്‍ക്കും സമാനമായ സാമ്പത്തിക നയങ്ങളാണ്. ഇതിനൊപ്പം കോണ്‍ഗ്രസിന്‍റേത് മൃദുഹിന്ദുത്വ സമീപനവുമാണെന്ന് കാരാട്ട് അനുകൂലികള്‍ വാദിച്ചു.
അതേസമയം വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുക്കണമെന്നും അവിടങ്ങളിലെ പ്രവര്‍ത്തകരുടെ വികാരം തിരിച്ചറിയണമെന്നും യെച്ചൂരിയെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടെങ്കിലും പിന്തുണ ലഭിച്ചില്ല. കേന്ദ്ര കമ്മിറ്റിയിലെ തിരിച്ചടിക്ക് പിന്നാലെ പിബിയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷമില്ലാതായ യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള അണിയറ നീക്കങ്ങളും ഇനി സജീവമാകും.
Adjust Story Font
16

