Quantcast

കേസുകള്‍ വീതിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെ: സുപ്രീം കോടതി

കേസുകള്‍ ബെഞ്ചുകള്‍ക്ക് വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി.

MediaOne Logo

Web Desk

  • Published:

    6 July 2018 7:42 AM GMT

കേസുകള്‍ വീതിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെ: സുപ്രീം കോടതി
X

സുപ്രീംകോടതിയില്‍ കേസുകള്‍ വിഭജിച്ചു നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി. കോടതിയുടെ പരമാധികാരിയും വക്താവും ചീഫ് ജസ്റ്റിസ് ആണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വിധിച്ചു. കേസുകള്‍ വിഭജിക്കാനുള്ള അധികാരം കൊളീജിയത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

കഴിഞ്ഞ ആഴ്ച വിരമിച്ച ജസ്റ്റിസ് ജെ. ചെലമേശ്വർ അടക്കം മുതിർന്ന നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ജനുവരിയിൽ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ശാന്തിഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജോലി വിഭജനത്തിൽ ചീഫ് ജസ്റ്റിസിനുള്ള അധികാരം അഥവാ മാസ്റ്റർ ഓഫ് റോസ്റ്റർ എന്നതില്‍ വ്യക്തത വേണം, സുപ്രധാന കേസുകളില്‍‌ അദ്ദേഹം തന്നിഷ്ടത്തിന് ബെഞ്ചുകളെ തീരുമാനിക്കരുത്, മുതിര്‍ന്ന ജഡ്ജിമാരുമായി കൂടി ആലോചന വേണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

ഭരണഘടനയില്‍ ചീഫ് ജസറ്റിസിന്‍റെ അധികാരം നിര്‍വ്വചിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് കോടതി വിധി. അടിയന്തര സ്വഭാവമുള്ള കേസുകളാണ് സുപ്രീം കോടതിലെത്താറുള്ളത്. ഇത് വിഭജിക്കുന്ന കാര്യത്തില്‍ എല്ലായ്പോഴും കൊളീജിയത്തിലെ മുതിര്‍ന്ന ജഡ്ജിമാരുമായി ചര്‍ച്ച സാധ്യമല്ല. ഭരണഘടനയുടെ 145 ആം വകുപ്പോ സുപ്രീം കോടതി ഭരണ നിര്‍വ്വഹണ ചട്ടമോ ചീഫ് ജസ്റ്റിസിന്‍റെ അധികാരം കൊളീജിയത്തിന് നല്‍കുന്നതിനെ തുണക്കുന്നില്ല എന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ മൂന്നംഗ ബഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി.

ഇതേ വിഷയത്തില്‍ നേരത്തെയും ചീഫ് ജസ്റ്റിസിന് അനുകൂലമായി രണ്ട് വിധി പ്രസ്താവങ്ങള്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായിരുന്നു. ഇതിലൊന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതും മറ്റൊന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതുമാണ്.

TAGS :

Next Story