Quantcast

ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ‘കാലന്‍’

ഹാലസുരു ഗേറ്റ് ട്രാഫിക് പൊലീസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് യമരാജന്‍

MediaOne Logo

Web Desk

  • Published:

    11 July 2018 7:29 AM GMT

ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ‘കാലന്‍’
X

ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നവരെ ബോധവത്ക്കരിക്കാനായി യമരാജനെ അഥവാ കാലനെ ഇറക്കിയിരിക്കുകയാണ് ബംഗളൂരുവിലെ ഹാലസുരു ഗേറ്റ് ട്രാഫിക് പൊലീസ്. യമന്റെ പരമ്പരാഗത വസ്ത്രമൊക്കെ ധരിച്ച് കയ്യില്‍ ആയുധവുമായിട്ടാണ് ഇദ്ദേഹം ആളുകളെ ബോധവത്കരിക്കാന്‍ റോഡില്‍ ഇറങ്ങിയിരിക്കുന്നത്. ഹാലസുരു ഗേറ്റ് ട്രാഫിക് പൊലീസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് യമരാജന്‍.

ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെല്ലാം ഈ യമരാജന്‍ മുന്നറിയിപ്പ് നല്‍കും. മാത്രമല്ല ബോധവത്ക്കരണ സന്ദേശവുമായി ഇദ്ദേഹം ബംഗളൂരു നഗരത്തിലെ വീടുകളിലുമെത്താറുണ്ട്. തിയറ്റര്‍ ആര്‍ട്ടിസ്റ്റായ വീരേഷ് ആണ് യമരാജനായി വേഷമിട്ടിരിക്കുന്നത്.

ജൂലൈ മാസം റോഡ് സുരക്ഷാ മാസമായിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും ക്ലാസുകള്‍, തെരുവ് നാടകങ്ങള്‍ എന്നിവയും നടത്തുന്നുണ്ടെന്ന് ട്രാഫിക് പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. യുവാക്കളാണ് കൂടുതലും ഹെല്‍മെറ്റില്ലാതെ വാഹനമോടിക്കുന്നത്. അമിത വേഗതയും ഇവര്‍ക്ക് കൂടുതലാണ്. മുന്നറിയിപ്പ് നല്‍കുക അല്ലാതെ യാത്രക്കാരെ ഒരിക്കലും ശാസിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുകയാണ് ഇത്തരം ബോധവത്കരണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗളൂരുവില്‍ ഈ വര്‍ഷം ജൂണ്‍ വരെ 2,336 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 330 പേരുടെ ജീവന്‍ നഷ്ടമായി. 2017ല്‍ 5, 064 അപകടങ്ങളാണ് ഉണ്ടായത്. 609 അപകട മരണങ്ങളും. 2016ല്‍ 7,506 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 754 മരണങ്ങളും.

TAGS :

Next Story