Quantcast

ആധാര്‍ നമ്പറുണ്ടോ ? ധൈര്യമുണ്ടേല്‍ പുറത്തുവിടൂ... മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍

ആധാറിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ പുലിവാലു പിടിച്ചത് വാര്‍ത്തയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍ 

MediaOne Logo

Web Desk

  • Published:

    29 July 2018 10:42 AM GMT

ആധാര്‍ നമ്പറുണ്ടോ ? ധൈര്യമുണ്ടേല്‍ പുറത്തുവിടൂ... മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍
X

ആധാറിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ പുലിവാലു പിടിച്ചത് വാര്‍ത്തയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍. തന്‍റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാലും സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ അത് തന്നെ ബാധിക്കില്ലെന്നായിരുന്നു ആര്‍.എസ് ശര്‍മ്മയുടെ വെല്ലുവിളി. യാതൊന്നും ആ നമ്പര്‍ വച്ച് ചോര്‍ത്താന്‍ കഴിയില്ലെന്നും ശര്‍മ്മ അവകാശപ്പെട്ടു.

എന്നാല്‍ വെല്ലുവിളി സ്വീകരിച്ച ഹാക്കര്‍മാര്‍, നിമിഷ നേരം കൊണ്ടാണ് ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്‍റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്തുവിട്ടത്. ചിലര്‍ അദ്ദേഹത്തിന്‍റെ വാട്സ്ആപ് പ്രൊഫൈല്‍ ചിത്രം വരെ പരസ്യമാക്കി. വ്യക്തി വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ നിയമനടപടി ഉണ്ടാകുമോയെന്ന് ചോദിച്ച ഹാക്കര്‍മാരോട് ഒരിക്കലും നിയമനടപടി സ്വീകരിക്കില്ലെന്ന് ആര്‍.എസ് ശര്‍മ്മ ഉറപ്പുനല്‍കിയ ശേഷമായിരുന്നു വ്യക്തിവിവരങ്ങളുടെ ഈ കുത്തൊഴുക്ക്. രാജ്യത്തിലെ പൌരന്മാരുടെ ആധാര്‍വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടുമ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വെല്ലുവിളി.

എന്നാല്‍ ഇത് ട്രായ് ചെയര്‍മാന് തന്നെ പുലിവാലായി. ഇപ്പോഴിതാ, ഇനിയും ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ ആധാര്‍ നമ്പര്‍ തരൂ... തെളിയിച്ചു തരാമെന്നാണ് ഹാക്കര്‍മാരുടെ വെല്ലുവിളി. '' നരേന്ദ്ര മോദി, നിങ്ങള്‍ക്ക് ആധാറുണ്ടെങ്കില്‍ അതിന്‍റെ നമ്പര്‍ പരസ്യപ്പെടുത്തൂ... '' എന്നാണ് ഏലിയറ്റ് ആള്‍ഡേഴ്‍സണ്‍ എന്ന പേരിലുള്ള ഹാക്കറുടെ വെല്ലുവിളി. ഹാക്കറുടെ വെല്ലുവിളിക്ക് താഴെ, മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്താന്‍ വഴിയുണ്ടോ ? എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ലാത്തത് എങ്ങനെ പരസ്യപ്പെടുത്തുമാണ് അതിന് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്. അടുത്തിടെ മോദി ഒരിടവേളക്ക് ശേഷം ട്വിറ്ററില്‍ സജീവമായിരുന്നു. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പോലും മോദി ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. ഹാക്കറുടെ പരസ്യ വെല്ലുവിളിയോട് മോദി പ്രതികരിക്കുമോയെന്നാണ് സോഷ്യല്‍മീഡിയ ഉറ്റുനോക്കുന്നത്.

ഏതായാലും ട്രായ് ചെയര്‍മാന്‍റെ സ്വകാര്യത പരസ്യപ്പെടുത്തുന്നത് അദ്ദേഹത്തിന് മാത്രമല്ല, എത്രത്തോളം ഭീഷണി സൃഷ്ടിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ഹാക്കര്‍ ചെയ്തത്.

TAGS :

Next Story