Quantcast

ചിട്ടയോടെ ജീവിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെ ഇന്നത്തെ കാലം ഏകാധിപതികളാക്കുന്നുവെന്ന് നരേന്ദ്രമോദി

‘’ചിട്ടയോടെ ജീവിക്കണമെന്ന് മറ്റാരോടെങ്കിലും ആവശ്യപ്പെടുന്നവര്‍ ഇവിടെ ഏകാധിപതികളായി മുദ്രകുത്തപ്പെടുന്നു. രാജ്യത്ത് അച്ചടക്കമെന്നത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.’’

MediaOne Logo

Web Desk

  • Published:

    3 Sep 2018 2:46 AM GMT

ചിട്ടയോടെ ജീവിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെ ഇന്നത്തെ കാലം ഏകാധിപതികളാക്കുന്നുവെന്ന് നരേന്ദ്രമോദി
X

അച്ചടക്കത്തോടെ ജീവിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെ ഈ കാലം ഏകാധിപതികളായി മുദ്രകുത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരത്തില്‍ അച്ചടക്കജീവിതം നയിക്കുന്ന വ്യക്തിയെന്ന് പറഞ്ഞ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ അഭിനന്ദിക്കാനും മോദി മറന്നില്ല. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനും എന്ന നിലയിലുള്ള വെങ്കയ്യനായിഡുവിന്റെ ഒരു വര്‍ഷത്തെ അനുഭവങ്ങളുടെ സമാഹാരം പുറത്തിറങ്ങുന്ന ചടങ്ങിലായിരുന്നു മോദിയുടെ വിമര്‍ശം.

ജീവിതത്തില്‍ ചിട്ടയോടെ ജീവിക്കുന്ന വ്യക്തിയാണ് വെങ്കയ്യനായിഡു. അത് പിന്തുടരുക എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരുന്നു. പക്ഷേ, അതുപോലെ ചിട്ടയോടെ ജീവിക്കണമെന്ന് മറ്റാരോടെങ്കിലും ആവശ്യപ്പെടുന്നവര്‍ ഇവിടെ ഏകാധിപതികളായി മുദ്രകുത്തപ്പെടുന്നു. രാജ്യത്ത് അച്ചടക്കമെന്നത് ജനാധിപത്യവിരുദ്ധമെന്ന് വിളിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ജീവിതത്തില്‍ അച്ചടക്കം പ്രാവര്‍ത്തികമാക്കിയ വെങ്കയ്യ നായിഡു ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴെല്ലാം ദീര്‍ഘവീക്ഷണം പുലര്‍ത്തിയിരുന്നതായി നരേന്ദ്ര മോദി പറഞ്ഞു. 50 വര്‍ഷത്തെ പൊതുജീവിതമാണ് നായിഡുവിന് ഉള്ളത്. അതില്‍ 10 വര്‍ഷം പ്രവര്‍ത്തിച്ചത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലായിരുന്നു, ബാക്കിയുള്ള നാല്‍പത് വര്‍ഷത്തെ കാലയളവില്‍ ദേശീയ രാഷ്ട്രീയത്തിലടക്കം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് വെങ്കയ്യ നായിഡുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വെങ്കയ്യാജി ഹൃദയം കൊണ്ട് ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന്റെ ജീവിതാഭിലാഷം തന്നെ കര്‍ഷകരുടെയും കൃഷിയുടെയും അഭിവൃദ്ധിയാണെന്നും അതുകൊണ്ടുതന്നെ അടല്‍ബിഹാരി വാജ്പേയ് തന്റെ മന്ത്രിസഭയിലേക്ക് വിളിച്ചപ്പോള്‍ ഗ്രാമവികസന മന്ത്രിയാകാനാണ് നായിഡു താത്പര്യപ്പെട്ടത് എന്നും മോദി പറഞ്ഞു.

ഉപരാഷ്ട്രപതിയായും രാജ്യസഭ അധ്യക്ഷനുമായുള്ള ഒരുവർഷത്തെ അനുഭവത്തെക്കുറിച്ചുള്ള വെങ്കയ്യ നായിഡുവിന്റെ ‘മൂവിങ് ഓൺ, മൂവിങ് ഫോർവേഡ്: എ ഇയർ ഇൻ ഓഫിസ്’ എന്ന പുസ്തകമാണ് മോദി പ്രകാശനം ചെയ്തത്. 245 പേജാണ് പുസ്തകത്തിന്.

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. ദേവഗൗഡ, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ തുടങ്ങിയവരും ചടങ്ങിനെത്തി.

TAGS :

Next Story